എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ പൂണിത്തുറ വില്ലേജില്‍ തൈക്കൂടത്തുള്ള ശ്രീ എന്ന വീട്ടില്‍ ഞാനും ഭാര്യയുമാണ് താമസം. വല്ലപ്പോഴും മാത്രം എത്തുന്ന ഞങ്ങളുടെ സഹോദരങ്ങളോ ബന്ധുക്കളോ ചങ്ങാതികളോ കഴിഞ്ഞാല്‍ പിന്നെ ഇവിടെ താമസിച്ചിട്ടുള്ളത് ശയ്യാവലംബയായിരുന്ന അമ്മയും അവരുടെ ശുശ്രൂഷയ്ക്കു നിന്ന നാല് ഹോംനഴ്സുമാരും മാത്രം.
അങ്ങനെയുള്ള എന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ഒരു കുടുംബം ഇതാ വേറേ കൂരവച്ചു പൊറുതി തുടങ്ങിയിരിക്കുന്നു! മാത്രമല്ല, കൈവശാവകാശം പതിച്ചുകിട്ടിയമാതിരി എന്നെയും സുനിതയേയും തുറിച്ചു നോക്കി പേടിപ്പിക്കുന്നു. പാവം ഞങ്ങള്‍ മേല്‍പ്പടി കയ്യേറ്റക്കാര്‍ കുടിപാര്‍ക്കുന്ന ഇടത്തേക്കു നോക്കുവാന്‍ പോലും ഭയപ്പെട്ടും, അതിനടുത്തു നിന്നു ഉറക്കെയൊന്നു സംസാരിക്കാന്‍ പോലും കഴിയാതെയും ശ്വാസം മുട്ടി ജീവിക്കുന്നു. വയസ് 50 തികയും വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു പ്രതിമാസം വലിയൊരു തുക തിരിച്ചടയ്ക്കേണ്ട ലോണ്‍ ബാധ്യതയുണ്ടെങ്കിലും ഈ വീട്ടില്‍ വളരെസമാധാനത്തോടെ കഴിഞ്ഞവരാണു ഞങ്ങള്‍. പക്ഷേ ഇപ്പോഴിതാ അടുക്കളയില്‍ മിക്സി ഒന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പോലും കയ്യേറ്റക്കാരുടെ തഞ്ചവുംതായവും നോക്കേണ്ട ഗതിയാണ്. എന്തിന് ഒച്ചപൊക്കി ഒന്നു വഴക്കിടാന്‍ പോലും തരമില്ല. എന്തു ചെയ്യും?
ഒരാഴ്ച മുന്‍പാണ് കയ്യേറ്റ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കുടിക്കാനുള്ള വെള്ളം തിളപ്പിച്ച രാമച്ച വേരുകളാണ് ആദ്യം അപ്രത്യക്ഷമായി തുടങ്ങിയത്. നാട്ടില്‍ നിന്നു ചികിത്സകള്‍ക്ക് എത്തിയ കുഞ്ഞമ്മമാരും സുനിതയും മുടി കോതുമ്പോള്‍ ഊരിപ്പോരുന്ന മുടിച്ചുരുളുകളും സന്ധ്യാദീപം തെളിച്ചതിന്‍റെ തിരിശീലത്തുണ്ടും രാജുവിന്‍റെ കടയില്‍ നിന്നു പഞ്ചസാര പൊതിഞ്ഞു കൊണ്ടു വന്ന ചണച്ചരടും ഒക്കെ കാണാതായപ്പോഴെ ഏതോ അദൃശ്യ ശക്തി ‘ശ്രീ’ക്കെതിരേ പ്രവര്‍ത്തിക്കുന്നതായി ഞാന്‍ സുനിതയോടു പറയുകയും ചെയ്തു. മുറ്റത്തു വളര്‍ത്തുന്ന കറുകപ്പുല്ലിന്‍റെ ഉണങ്ങിയ നാമ്പുകളും കൂടി കാണാതായതോടെ ശരിക്കും പേടിയായി. കറുകഹോമത്തിന്‍റെ ഏതോ സൂപ്പര്‍ വേര്‍ഷന്‍ ആഭിചാരം ആ അജ്ഞാതശക്തി ചെയ്യുന്നെന്ന് ഉറപ്പ്.പക്ഷേ അതാര്? അവനെവിടെ?
ഇന്നലെ ചെടികള്‍ക്കു വെള്ളം ഒഴിക്കുന്നതിന് ഇടയിലാണ് പ്രതികളെ കണ്ടത്. അടുക്കളയ്ക്കു പിന്നില്‍ മതിലിനോടു ചേര്‍ന്നു വളരുന്ന ചെറുമരത്തിന്‍റെ ഉണങ്ങിയ ചില്ലയില്‍ അവര്‍ വീടുണ്ടാക്കിയിരിക്കുന്നു. കാണാന്‍ വലിയ ചന്തമൊന്നും ഇല്ലാത്ത ഒരു കുരുവിക്കൂട്. ശ്ശെടാ വെറും ഒരു കിളിക്കൂടിനെ കുറിച്ചാണോ ഇയാളിത്ര കൂണാരം അടിക്കുന്നതെന്നു പറയാന്‍ വരട്ടെ. അതിനകത്ത് ഇരിക്കുന്ന കക്ഷിയുടെയും പുറത്ത് കാവലുമായി കറങ്ങുന്ന ഇണയുടെയും മട്ടും ഭാവവും കണ്ടാല്‍ ഈ പറഞ്ഞതു കുറഞ്ഞുപോയെന്നു തോന്നും.
എന്‍റമ്മോ ഈ കുരുവിക്കൊക്കെ ശരീരം മൊത്തം ബുദ്ധിയാണെന്നു തോന്നും ഓരോ വേലത്തരങ്ങള്‍ കണ്ടാല്‍. മരത്തിനും സണ്‍ഷേഡിനും ഇടയില്‍ എക്സ് ഹോസ്റ്റ് ഫാനിന് അടുത്താണ് കൂട്. ഒറ്റനോട്ടത്തില്‍ അങ്ങനൊരു സാധനം അവിടുണ്ടെന്ന് തോന്നുകയേയില്ല. കഴിഞ്ഞില്ല, ചുറ്റുവട്ടത്തെ പോക്കിരിരാജകളായ പൂച്ചകള്‍ക്കും ആകാശഭീകരരായ കാക്കകള്‍ക്കും ആക്രമിക്കാന്‍ കഴിയാത്ത വിധമാണ് കൂടിന്‍റെ വാസ്തുശാസ്ത്രം. കറിവേപ്പിന്‍റെയും മറ്റും ചില്ലകള്‍ കടന്നു വന്ന് കൂടിനും ഭിത്തിക്കും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് എണ്‍പതു ഡിഗ്രി വെട്ടിത്തിരിഞ്ഞു വേണം അകത്തേക്കു കയറാന്‍. ഈ ഏടാകൂടത്തിന് ഇടയിലുടെയെല്ലാം കിളി അനായാസം വന്നു കൂട്ടില്‍ കയറുന്നതു കണ്ടാല്‍ നമ്മള്‍ അന്തംവിട്ടു നില്‍ക്കും.
ഇനി കയറിക്കഴിഞ്ഞാലോ? എന്തോരു ഗമയിലാ ഇരിപ്പ്. ഹൊ മലയാളം സിനിമ ഗോഡ്ഫാദറില്‍ അഞ്ഞൂറാന്‍ മുതലാളിയായി യശശരീരനായ നാടകാചാര്യന്‍ എന്‍.എന്‍.പിള്ള ചാരുകസേരയില്‍ ഇരിക്കുന്നത് ഓര്‍മയില്ലേ? അതിന്‍റെ നാലിരട്ടി പവറു വരും. പുറത്തേക്കു നീട്ടി വച്ചിരിക്കുന്ന കുഞ്ഞിച്ചുണ്ട് ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാചന്ദ്രന്‍റെ തുമ്പിക്കൈക്കു തുല്യമാണെന്നാണ് കക്ഷിയുടെ ഭാവം. അറിയാതെങ്ങാനും കൂടിന്‍റെ ഏഴയലത്തു ചെന്നാലോ? ഈശ്വരാ എന്തൊക്കെ ചീത്തയാണാവോ പറയുന്നത്. ഇതു കാരണം ഞങ്ങളിപ്പോള്‍ ആ ഭഗത്തേക്കു പോകാറേയില്ല. നമ്മളെന്തിനാണെന്നേ വല്ല കിളിയുടേം വായിലിരിക്കുന്നതു കേള്‍ക്കുന്നത്. കിളിപ്പേച്ചു കേള്‍ക്കമാട്ടേന്‍.
കുരുവിവിലാസം ബംഗ്ലാവിന്‍റെ ഗൃഹപ്രവേശം കഴിഞ്ഞതോടെ ഞങ്ങളുടെ അടുക്കളയുടെ തെക്കുഭാഗത്തെ ജനലിന്‍റെ ഇടതുപാളി തുറക്കാന്‍ കഴിയാതെയായി. ആ വശത്തു വച്ചിരുന്ന വച്ചിരുന്ന മിക്സി സുനിത നീക്കിവച്ചു. എന്നാലും വല്ലതും അരയ്ക്കുകയോ പൊടിക്കുകയോ ചെയ്യുമ്പോള്‍ ‘‘ദെന്താദ് സ്വൈര്യം തരില്ലേ’’ എന്നമട്ടില്‍ ചില പ്രതിഷേധ സ്വരങ്ങളൊക്കെ കേള്‍ക്കാം. ഇനി നനച്ച തുണി വിരിക്കാന്‍ ടെറസില്‍ കയറിയാലോ? അവിടേം എത്തും ഒരു സിഐഡി. ‘‘ഹും മര്യാദയ്ക്കു തുണി വിരിച്ചിട്ടു പൊക്കോണം, എനിക്കു പണിയുണ്ടാക്കരുത്’’ എന്ന മട്ടില്‍ ഒരു ചരിഞ്ഞ നോട്ടവുമായി അയകെട്ടിയ ഇരുമ്പു പൈപ്പില്‍ ഇരിക്കും.
ചിലപ്പോഴൊക്കെ ഭാര്യക്കുരുവി ഭര്‍തൃക്കുരുവിയോടു ദീര്‍ഘമായ ചര്‍ച്ച നടത്തുന്നതും കേള്‍ക്കാം. അടയിരിക്കുന്നതിന്‍റെ പ്രയാസമൊക്കെയായിരിക്കും കുണുകുണാന്നു പറയുന്നത്. ആര്‍ക്കറിയാം.
ഇടയ്ക്കു കാക്കയും പൂച്ചയുമൊക്കെ കൂടിനു നേര്‍ക്കു കണ്ണുവയ്ക്കുമ്പോള്‍ ദമ്പതികള്‍ സഹായ അഭ്യര്‍ഥന നടത്താറുണ്ട്. ഞാന്‍ ചെന്ന് ശത്രുക്കളെ തുരത്തും. പക്ഷേ അതു കഴിഞ്ഞാല്‍ ആലുവ മണപ്പുറത്തു വച്ചു കണ്ട പരിചയംപോലും കാണിക്കില്ല. അടുക്കളയില്‍ മീന്‍ പൊരിക്കുന്നതിന്‍റെയും കടല വറുക്കുന്നതിന്‍റെയും മണമൊക്കെ കൃത്യമായി വലിച്ചു പുറത്തു കളഞ്ഞിരുന്ന എക്സ് ഹോസ്റ്റ് ഫാന്‍ കഴിഞ്ഞ കുറച്ചു ദിവസമായി അനങ്ങുന്നില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ചുണ്ടുകള്‍ ആ ആതംഗവാദികളുടേതാണോ എന്ന് എനിക്കു സംശയമുണ്ട്. എന്തായാലും ഇനി മാഡംകിളിയുടെ പേറ്റുകുളിയും മുട്ടവിരിക്കലുമൊക്കെ കഴിഞ്ഞ് ഫാന്‍ ശരിയാക്കിയാല്‍മതി എന്ന തീരുമാനത്തിലാണ് ഞാനും സുനിതയും. അല്ലെങ്കില്‍ കിളിയാവകാശ പ്രവര്‍ത്തകര്‍ കൂടോടെ ഇളകി വന്നാലോ?
ഇതു കൂടാതെയും ചില സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഉപയോഗശൂന്യമായ കടലാസ്, കരിയില എന്നിവ കുട്ടിയിട്ടു കത്തിക്കുന്ന പരിപാടി തല്‍ക്കാലം വേണ്ടെന്നു വച്ചു. ഉഷ്ണകാലമായതിനാല്‍ കിളിവീടിന് അടുത്ത് ഒരു പാത്രത്തില്‍ വെള്ളവുംവച്ചു കൊടുത്തു.
പക്ഷേ രണ്ടാളോടും ഞാന്‍ ഒരു കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ മാസം ഒടുവോടു കൂടി പിള്ളേരേം പറക്കമുറ്റിച്ച് കൂടും കുടുക്കേമൊക്കെ എടുത്ത് സ്ഥലം വിട്ടോണമെന്ന്. വീട് പെയിന്‍റ് ചെയ്യാന്‍ മോഹനന്‍ ചേട്ടനും പണിക്കാരും അപ്പോഴേക്കും എത്തും. പരിസ്ഥിതി വാദികളും വസുധൈവകുടുംബക വിശ്വാസികളുമായ ഞങ്ങളോടു കാണിക്കുന്ന മുഷ്ക് ഒന്നും അവരുടെ അടുത്ത് വിലപ്പോകില്ല കൂടു വലിച്ചുപറിച്ചു കളഞ്ഞ് വെള്ളവലിച്ച് അവര്‍ പാട്ടിനു പോകും.അന്നേരം കുടിയൊഴിപ്പിച്ചേ, പുനരധിവാസം വേണേ എന്നെല്ലാം പറഞ്ഞ് ഞങ്ങളോടു വഴക്കിനു വരരുത്. പാക്കേജ് ഒന്നും തരാന്‍ പാങ്ങില്ലാത്ത നിലയിലാണ് പാവങ്ങളായ ഞങ്ങള്‍. വീടു പോയാല്‍ എല്ലാരും കൂടെ റോഡിലേക്ക് ഇറങ്ങിക്കോണം. അല്ലേലും അങ്ങാടിക്കുരുവികള്‍ എന്നൊരു ദുഷ്പേരും നിങ്ങള്‍ക്കുണ്ടല്ലോ. അല്ലേ? അതുകൊണ്ട് പ്രിയ ഖഗങ്ങളേ കാര്യങ്ങളൊക്കെവേഗത്തിലാകട്ടെ. അതുവരെ നിങ്ങളുടെ കയ്യേറ്റം ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു.
vow......
ReplyDeletevayichathu manoharam.....
ReplyDeleteKazhinja aazcha oru kili poye poyennu karanjittu ee aazhcha kilikaleyppatti complaintanallo..hmm whatever your writing reminded me that i am losing control over my mother tongue..pala vakkukalum entey cognitive skillsiney velluvilikkunnathayirunnu...hmm.. nice...i loved it.
ReplyDeletenice family story...vivaham vendennu vechavarude manassu polum ilakuna reethiyil onnatharam kudumba kathai...akhil
ReplyDeleteProf. S Sivadas wrote a book 'Keeyo, keeyo...' obseving a family like this in a nest just outside his window. What can we expect from you, dear?
ReplyDelete