Saturday, March 7, 2015

മോട്ടു എന്ന നായ്ക്കുട്ടി (വിരുന്നു വന്ന സന്തോഷം)




മോട്ടു എന്ന നായ്ക്കുട്ടി

(വിരുന്നു വന്ന സന്തോഷം)


കുറച്ചു ദിവസം മുന്‍പാണ് സംഭവം. സുനിതയെ കോടതിയില്‍ വിട്ടിട്ട് വന്നു ഗേറ്റ് അടച്ചു ഞാന്‍ വീട്ടിലേക്ക് കയറാന്‍ ഒരുങ്ങുകയായിരുന്നു. ‘‘ബഫ്’’ പെട്ടെന്നൊരു ശബ്ദം. ഗേറ്റിനു മുന്നിലൊരു സുന്ദരന്‍ നായ്ക്കുട്ടി. അവന്‍ ഗേറ്റിന്‍റെ അഴികള്‍ക്കിടയിലൂടെ അകത്തേക്കു വലിഞ്ഞു കയറാനുള്ള ബദ്ധപ്പാടിലാണ്. ഞാന്‍ ചെന്നു ഗേറ്റിന്‍റെ പാളി തുറന്നു കൊടുത്തു. ഒരൊറ്റക്കുതിപ്പിന് അവന്‍ അകത്തു കയറി.
ഞാന്‍ വീണ്ടും ഗേറ്റ് അടച്ച അതേ നിമിഷം വലിയ രണ്ടു തെരുവുനായ്ക്കള്‍ കുരച്ചു കൊണ്ടു പാഞ്ഞെത്തി.
പാവം നമ്മുടെ കുഞ്ഞന്‍ നായ പേടിച്ചോടി. മൂളിക്കരഞ്ഞ് സിറ്റ് ഔട്ടിലെ ചാരുബെഞ്ചിന് അടിയിലേക്ക് ഓടിക്കയറിയ പാവത്താന്‍ അവിടെ മൂത്രമൊഴിച്ചു പോയി.
കല്ലെടുത്ത് എറിഞ്ഞതോടെ തെരുവു പട്ടികള്‍ സ്ഥലം വിട്ടു. പിന്നെ ഞാനും കുഞ്ഞനും തനിച്ചായി.
നല്ല ഭംഗിയുള്ള നായ്ക്കുട്ടി. തീരെ കുഞ്ഞാണ്. വെളുപ്പും തവിട്ടും നിറം. ചെവികളുടെ പകുതി ഭാഗവും വാലും മാത്രമേയുള്ളൂ തവിട്ടു നിറത്തില്‍. കറുത്ത മുത്തുകള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍. ഞാവല്‍പ്പഴം മുറിച്ചു വച്ചതുമാതിരിയുള്ള മൂക്ക്. മുഖത്ത് സദാ ദീനഭാവം. കഴുത്തില്‍ നീല നിറമുള്ള പപ്പി ബാന്‍ഡ്. മുന്തിയ ഇനമാണെന്ന് ഉറപ്പ്.  ആരോ നന്നായി വളര്‍ത്തുന്നതാണ്. ചാടിപ്പോന്നതാകും എന്നു കരുതി.
ഞാനവന്‍റെ അടുത്തു ചെന്നിരുന്നു. തല തറയില്‍ മുട്ടിച്ചു വച്ച് കിതയ്ക്കുകയാണ് പാവം. ഞാനൊന്നു തൊട്ടുനോക്കി. ഒന്നു മൂളിയതല്ലാതെ അനിഷ്ടമൊന്നും പ്രകടിപ്പിച്ചില്ല. പക്ഷേ അവന്‍റെ ഹൃദയമിടിപ്പ് എനിക്ക് കയ്യില്‍ അറിയാമായിരുന്നു. കഷ്ടം തോന്നി. തെരുവു നായ്ക്കള്‍ വല്ലാതെ പേടിപ്പിച്ചിരിക്കുന്നു.
ഓടിപ്പോയ തെരുവുനായ്ക്കള്‍ വീണ്ടും ഗേറ്റിലെത്തി. അതോടെ കുഞ്ഞനെ എടുത്തു ഞാന്‍ വീടിനകത്തേക്കു പോയി. വാതില്‍ക്കലിട്ടിരുന്ന ചവിട്ടിയില്‍ അവനെ എടുത്തു വച്ചു. തലയുയര്‍ത്തി അവനെന്നെ ദീനമായി നോക്കി. ആ കുഞ്ഞിത്തലയില്‍ കൈവച്ച് ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
പെട്ടെന്ന് അവന്‍ കരഞ്ഞു തുടങ്ങി. ഞാന്‍ ധര്‍മസങ്കടത്തിലുമായി. എന്തു ചെയ്യാന്‍?
വിശന്നിട്ടാകാമെന്നു കരുതി അടുക്കളയില്‍ മിച്ചമുണ്ടായിരുന്ന അരഗ്ലാസ് കാച്ചിയപാല്‍ കുറച്ച് തിളപ്പിച്ചാറ്റിയ വെള്ളവും ചേര്‍ത്ത് ചെറുതായി ചൂടാക്കി  കൊടുത്തു. ഒന്നു മണപ്പിച്ചിട്ട് കക്ഷി എന്നെയൊന്നു നോക്കി.. ഇത് എന്‍റെ പട്ടി കുടിക്കും എന്ന ഭാവത്തില്‍.
‘‘ഡാ ജാഡക്കാരാ’’ എന്നു തന്നെ ഞാന്‍ മനസില്‍ പറഞ്ഞു. അവന്‍ വീണ്ടും എന്നെ നോക്കി കരയാന്‍ തുടങ്ങി. അവന്‍റെ മുഖത്തെ ദീനത എന്നെ സങ്കടപ്പെടുത്തി.
‘‘ദൈവമേ കെണിയായല്ലോ’’ എന്ന് ആത്മഗതം ചെയ്ത് ഒരറ്റകൈ പ്രയോഗം നടത്തി. പാലുംവെള്ളത്തില്‍ രണ്ടു ഗുഡ് ഡേ ബിസ്കറ്റുകള്‍ അലിയിച്ചു. കുഴമ്പു പോലെയുള്ള ആ മിശ്രിതം അവനു നല്‍കിയത് ചെറിയൊരു വിരട്ടലോടെയായിരുന്നു. ‘‘ദേ ഇതു തിന്നില്ലെങ്കില്‍ നിന്നെ ഞാന്‍ മറ്റവന്മാര്‍ക്ക് ഇട്ടുകൊടുക്കും ഹല്ലപിന്നെ..’’
എന്തായാലും പുതിയ പ്രിപ്പറേഷന്‍ കുഞ്ഞന്‍സ് നീറ്റായിട്ട് അകത്താക്കി. നാലു കാലില്‍ നിന്നു. വാല് 90 ഡിഗ്രി പൊക്കി പൂച്ചയെപ്പോലെ എന്‍റെ കാലിനു ചുറ്റും രണ്ടു മൂന്നു തവണ കറങ്ങി. സന്തോഷത്തോടെയാകാം മൂളിക്കൊണ്ടുമിരുന്നു.  
ഞാന്‍ പാത്രം കഴുകുമ്പോള്‍ അവനെന്‍റെ കാല്‍ച്ചുവട്ടില്‍ തന്നെ നിന്നു. ഞാന്‍ അകത്തേ മുറിയിലേക്കു പോയപ്പോള്‍ നടന്നും ഓടിയുമൊക്കെ എന്‍റെ പിന്നാലെ വന്നു. ഇടയ്ക്ക് ഞാന്‍ അവനെ പറ്റിക്കാന്‍ ഒന്നൊളിച്ചിരുന്നു നോക്കി. ഞാനിരുന്ന മുറിയുടെ കൊതുകുവലപ്പാളിക്കു മുന്നിലെത്തി കുഞ്ഞന്‍ അയ്യോ വായോ എന്നമട്ടില്‍ നിലവിളിയും തുടങ്ങി.
വെറും അരമണിക്കൂറിനകം അവന് എന്നോടു തോന്നുന്ന അടുപ്പം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഞാനവനെ ചേര്‍ത്തു പിടിച്ച് സെറ്റിയിലിരുന്നു. നിമിഷങ്ങള്‍ക്കകം കക്ഷി  ഉറങ്ങിത്തുടങ്ങി. തല്‍ക്കാലത്തേക്ക് ചവിട്ടിയില്‍ ഇറക്കിക്കിടത്തി. പിന്നെ കാറു തുടയ്ക്കാന്‍ വാങ്ങി വയ്ക്കാറുള്ള മഞ്ഞത്തുണി, മുന്‍പ് ഷൂസു വാങ്ങിയ പെട്ടിയില്‍ മടക്കി വച്ച് അവനൊരു താല്‍ക്കാലിക ബെഡ് ഉണ്ടാക്കി. ഞാന്‍ എടുത്ത് പെട്ടിയില്‍ വച്ചതൊന്നും അവന്‍ അറിഞ്ഞതേയില്ല. ക്ഷീണം കൊണ്ടാകും ഗാഢനിദ്ര. ഉണ്ണിക്കുടവയര്‍ താളത്തില്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നതു കാണാന്‍ നല്ല ചന്തമായിരുന്നു. കാണക്കാണെ എനിക്ക് അവനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു.
പക്ഷേ ഇനി എന്തു ചെയ്യും? നാലര മണിക്ക് ആപ്പീസില്‍ പോകണം. എനിക്ക് ആശങ്കയായി. തെറുവു പട്ടികള്‍ അപ്പോഴൊക്കെയും ഗേറ്റില്‍ ചുറ്റിപ്പറ്റി നിന്നിരുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായം തേടാറുള്ള അയല്‍വാസി ഷാമ്പുച്ചേട്ടനെത്തേടി ഞാന്‍ വീടിനു പുറത്തേക്കിറങ്ങുമ്പോഴാണ് ദീനമായ ഒരു വിളികേട്ടത്.
‘‘മോട്ടൂ.... മോട്ടൂ... വെയര്‍ ആര്‍ യൂ.. പ്ലീസ് കം.’’
രണ്ടു ചെറിയ കുട്ടികള്‍. മൂത്ത പെണ്‍കുട്ടിക്ക് ആറു വയസ് കാണും. അനിയന് നാല്- നാലര. രണ്ടാളും മാറി മാറി വിളിക്കുകയാണ്. രണ്ടു പേരും കരച്ചിലിന്‍റെ വക്കിലാണ്.
അകത്ത് കിടന്നുറങ്ങുന്ന ഉണ്ണിക്കുടവയറന്‍റെ ഉടമകളാണ് ഇവരെന്ന് എനിക്ക് തോന്നി. മോട്ടു അവന് പറ്റിയ പേര്.
എങ്കിലും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അടുത്ത വീട്ടില്‍ വിരുന്ന വന്നതാണെന്നും കാറില്‍ നിന്ന് അവരുടെ ലാബ്രഡോര്‍ പപ്പി പുറത്തിറങ്ങിപ്പോയത് കണ്ടില്ലെന്നും പപ്പയും മമ്മിയും അങ്കിളും ആന്‍റിയുമൊക്കെ മോട്ടു എന്ന പട്ടിക്കുട്ടിയെ തേടി നടക്കുകയാണെന്നുമൊക്കെ ഒറ്റശ്വാസത്തിലാണ് ആ പെണ്‍കുഞ്ഞ് വിവരിച്ചത്.
പിന്നെ വൈകിയില്ല. വീട്ടില്‍ നിന്നു ഞാന്‍ പെട്ടിയോടെ കക്ഷിയെ കൊണ്ടു വന്നു കാണിച്ചു കൊടുത്തു.
ദൈവമേ.... ആ കുഞ്ഞുങ്ങളുടെ ഒരു സന്തോഷം! അവരുടെ വിളികേട്ട് അവന്‍ കണ്ണു തുറന്നു. പതിവുപോലെ ‘‘ബഫ്’’ എന്ന് ഒച്ചയുണ്ടാക്കി. അപ്പോഴേക്കും പെണ്‍കുട്ടി ഓടിപ്പോയി മാതാപിതാക്കളെയും എന്‍റെ അയല്‍വാസികളായ ബന്ധുക്കളെയും വിളിച്ചുകൊണ്ടു വന്നു. നടന്ന കാര്യങ്ങളൊക്കെ ഞാന്‍ അവരോടു പറയുമ്പോള്‍ കടലാസ് പെട്ടിക്കുള്ളില്‍ വീണ്ടും ഉറക്കമായ കുഞ്ഞന്‍ നായ ഞങ്ങളെയെല്ലാം ഒരുപാട് സന്തോഷിപ്പിച്ചു. പെട്ടിയോടുകൂടി അവനെ ആ കുഞ്ഞുങ്ങള്‍ക്കു കൈമാറി. അതിനുമുന്‍പ് ഒവന്‍റെ കുഞ്ഞുനെറ്റിയിലൊരുമ്മ കൊടുക്കാന്‍ ഞാന്‍ മറന്നില്ല.
അവരുടെ മോട്ടുവിനെ നന്നായി കെയര്‍‍ ചെയ്തതിന് ചേച്ചിയും അനിയനും എന്‍റെ നരച്ച താടിയില്‍ ഓരോ ഉമ്മ തിരിച്ചു നല്‍കി. കളിചിരികളോടെ അവര്‍ യാത്രയായി.
ആഹ്ലാദം അക്ഷരാര്‍ഥത്തില്‍ തുടികൊട്ടുന്നത് എങ്ങനെയെന്ന് അപ്പോള്‍ ഞാനറിഞ്ഞു. നിനച്ചിരിക്കാതെ കടന്നു വരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍. പളുങ്കു കണ്ണുകളുള്ള ആ നായക്കുഞ്ഞന്‍ ഇപ്പോഴും എനിക്ക് ഓര്‍മകളില്‍ അളവില്ലാത്ത സന്തോഷം നല്‍കുന്നു. 
താങ്ക് യൂ മോട്ടൂ.

Friday, August 3, 2012

നിലച്ചുപോയ വേണുനാദം


നിലച്ചുപോയ വേണുനാദം

‘‘തലയില്ലെങ്കില്‍ പിന്നെ ആളെ കാണാന്‍ ഒരു ഭംഗിയും ഉണ്ടാവില്ല’’ പത്രഭാഷയിലും വാര്‍ത്താ വിന്യാസത്തിലും തലക്കെട്ടിന്‍റെ പ്രസക്തി എന്തെന്നു വ്യക്തമാക്കാന്‍ ഇതിലപ്പുറം ഒരു വാചകത്തിനു കഴിയുമെന്നു തോന്നുന്നില്ല. ടി. വേണുഗോപാലനാണ് ഈ വാചകം എഴുതിയത്. ഇന്നു വെളുപ്പിന് ഈ ലോകം വിട്ടുപോയ മഹാനായ പത്രപ്രവര്‍ത്തകന്‍. മൂന്നു പതിറ്റാണ്ടു മുന്‍പ് പ്രസ് അക്കാദമി നടത്തിയ പത്രഭാഷാ സെമിനാറിലായിരുന്നു വേണുക്കുറുപ്പെന്നു ചങ്ങാതിമാര്‍ വിളിച്ചിരുന്ന അദ്ദേഹത്തിന്‍റെ ഈ രസികന്‍ ഇന്‍‍ട്രോ വന്നു വീണത്.
ഞങ്ങളുടെ പ്രസ് അക്കാദമി പഠനകാലത്തെ അധ്യാപകരുടെ കൂട്ടത്തില്‍ താരം ആരായിരുന്നു എന്നു ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളൂ. വേണുക്കുറുപ്പുസാര്‍. 11 മാസം നീണ്ട കോഴ്സില്‍ രണ്ടു തവണയായി വെറും ആറു ക്ലാസുകള്‍ എടുത്ത ആളെയാണ് ഇങ്ങനെ കരുതിയതെന്നും എടുത്തു പറയേണ്ടതുണ്ട്.
20 കൊല്ലം മുന്‍പ്. കോഴ്സ് ഡയറക്ടര്‍ വി.പി. രാമചന്ദ്രനാണ് ടി. വേണുഗോപാലന്‍ എന്ന അദ്ഭുത പ്രതിഭാസത്തെ ക്ലാസില്‍ പരിചയപ്പെടുത്തിയത്. സത്യത്തില്‍ ഔപചാരിക പരിചയപ്പെടുത്തലിന്‍റെ ആവശ്യമേ ഇല്ലായിരുന്നു. പത്ര ഭാഷ, നാട്ടു വിശേഷം തുടങ്ങിയ പുസ്തകങ്ങളിലൂടെ ടി. വേണുഗോപാലന്‍ ആ ക്ലാസില്‍ എല്ലാവര്‍ക്കും പരിചിതനായിരുന്നു.
തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് വെളുത്തു തടിച്ചു പൊക്കംകുറഞ്ഞ മനുഷ്യന്‍ ഞങ്ങളെ നോക്കി ചിരിച്ച നിഷ്കളങ്കമായ പുഞ്ചിരി ഇന്നും കണ്‍മുന്നിലുണ്ട്. ഒരിക്കലെങ്കിലും  ഈ മനുഷ്യനെ കണ്ടിട്ടുള്ള ആരും മറക്കില്ല സുന്ദരമായ ആ ചിരി.
എ‍ഡിറ്റിങിലെ ലേ-ഔട്ട്, പിക്ചര്‍ സെലക്ഷന്‍ ആന്‍ഡ് ക്രോപ്പിങ്, സ്പെഷല്‍ പേജസ് തുടങ്ങിയവയായിരുന്നു അദ്ദേഹം പഠിപ്പിച്ച വിഷയങ്ങള്‍. ലാപ് ടോപ്പും, പവര്‍ പോയിന്‍റ് പ്രസന്‍റേഷനും വെബ് എ‍ഡീഷനും ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് സാങ്കേതിക കാര്യങ്ങള്‍ വിശദീകരിച്ച് വേണുക്കുറുപ്പുസാര്‍ ഞങ്ങള്‍ക്കു തന്നത് ക്ലാസുകള്‍ ആയിരുന്നില്ല; അവ ക്ലാസിക്കലുകള്‍ ആയിരുന്നു.
ഉദാഹരണങ്ങള്‍ അവതരിപ്പിക്കാനായി കെട്ടുകണക്കിനു പത്രങ്ങളും മാസികകളുമായി ആണ് അദ്ദേഹം ക്ലാസില്‍ എത്തിയിരുന്നത്. ലേ ഔട്ട് സംബന്ധിച്ച തത്വങ്ങള്‍ ഓരോന്നും വിശദമായി പറഞ്ഞശേഷം പത്രക്ലിപ്പിങുകളോ പേജുകളോ കാണിച്ച് ബോധ്യപ്പെടുത്തുന്ന അനുപമമായ ആ അധ്യാപന ശൈലിയുടെ ആരാധകരായിരുന്നു ഞങ്ങളെല്ലാം.
തുടരെ രണ്ടു ദിവസമായിരുന്നു ക്ലാസുകള്‍. ആദ്യദിവസം രാത്രി ഹോസ്റ്റലിലെ ഗസ്റ്റ് റൂമിലായിരുന്നു അദ്ദേഹം തങ്ങിയത്. അടുത്ത മുറികളില്‍ കയറിവന്ന് സാര്‍ വന്ന് കുശലം പറഞ്ഞതോടെ തലമുറകളുടെ അകലം ഇല്ലാതാകുന്നത് എങ്ങനെ എന്നു ഞങ്ങളറിഞ്ഞു. രാത്രി ഞങ്ങളോടൊപ്പം അയോധ്യാ ഹോട്ടലില്‍ വന്നു കഞ്ഞികുടിച്ച ഈ മനുഷ്യനാണോ പത്രപ്രവര്‍ത്തന പഠനരംഗത്തെ എണ്ണപ്പെട്ട ഗുരുനാഥന്‍ എന്നുപോലും സംശയം തോന്നി. ഒന്നില്‍ നിന്ന് ഒന്ന് എന്നവണ്ണം കൊളുത്തിയിരുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റുകള്‍ അന്തരീക്ഷത്തില്‍ തീര്‍ത്ത പുകപടലത്തിനിടയില്‍ ഇരുന്ന് വേണുസാര്‍ അനുഭവങ്ങളും പത്രപ്രവര്‍ത്തന രംഗത്തെ കഥകളും പറഞ്ഞു. രാത്രി പതിനൊന്നരയ്ക്കു ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോഴാണ് അദ്ദേഹം ഉറങ്ങാന്‍ പോയത്. പിറ്റേന്ന് ക്ലാസു കഴിഞ്ഞ് അദ്ദേഹം യാത്ര പറഞ്ഞു പോയപ്പോള്‍ വലിയ നഷ്ടബോധം തോന്നി. പിന്നെ കുറേ നാളുകള്‍ക്കു ശേഷം രണ്ടു ക്ലാസുകള്‍ കൂടി ഉണ്ടായിരുന്നു. ആ ക്ലാസില്‍ കാണിച്ച രണ്ടു ക്ലിപ്പിങ്ങുകള്‍ എന്‍റെ കയ്യില്‍ കിട്ടിയിരുന്നത് സാറിനു കോഴിക്കോട്ടേക്ക് അയച്ചു കൊടുത്തതാണ് ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ അടുപ്പമുണ്ടാക്കിയത്. കത്തുകള്‍ക്ക് പോസ്റ്റ് കാര്‍ഡുകളില്‍ ചെറിയ കുറിപ്പുകളായി സാര്‍ മറുപടികളയച്ചു.
കാര്യവട്ടത്ത് ഞാന്‍ എംസിജെയ്ക്കു ചേര്‍ന്ന കാലത്താണ് വി. പി. രാമചന്ദ്രനും ടി. വേണുഗോപാലനും തൃശൂര്‍ എക്സ്പ്രസില്‍ യാഥാക്രമം ചീഫ് എഡിറ്ററും എഡിറ്ററുമായി ചുമതലയേറ്റ വിവരം അറിഞ്ഞത്. ഡോ. സുബ്രഹ്മണ്യം സ്വാമിക്ക് ഇവരെന്തിനു തലവച്ചു എന്ന സംശയത്തില്‍ ഞാന്‍ വേണുസാറിനൊരു ആശംസാ സന്ദേശം അയച്ചു. (വിപിആറിന് ഒരു ആശംസ അയയ്ക്കാന്‍ ഇന്നും എനിക്കത്ര ധൈര്യം പോരാ). കാര്‍ഡ് അല്ല രാമലക്ഷ്മണന്മാര്‍ സീതാസമേതം കാട്ടിലേക്കുപോകുന്ന ഒരു ചിത്രം തമ്പാനൂരില്‍ നിന്നു വാങ്ങിയത്. പിന്നില്‍ നില്‍ക്കുന്ന സീതയുടെ പടം വെട്ടിക്കളഞ്ഞു. പുതിയ ദൗത്യമേല്‍ക്കുന്ന ഗുരുനാഥന്മാര്‍ക്ക് ഭാവുകങ്ങള്‍ എന്നെഴുതിയാണു വിട്ടത്. ഒരാഴ്ച കഴിഞ്ഞു മറുപടി വന്നു.
ഹരിക്ക്..
ആശംസകള്‍ സസന്തോഷം കൈപ്പറ്റി. നന്ദി.
പക്ഷേ പടത്തില്‍ നിന്നു സീതയെ ക്രോപ് ചെയ്തുകളഞ്ഞത് നന്നായില്ല..
സ്നേഹപൂര്‍വം....വേണു.

റോയിട്ടര്‍ഫൗണ്ടേഷന്‍റെ സ്കോളര്‍ഷിപ്പോടെ 1998-ല്‍ ഓക്സ്ഫഡില്‍ പരിസ്ഥിതി മാധ്യമപ്രവര്‍ത്തനം പഠിക്കാന്‍ പോയകാലത്ത് ഞാന്‍ അനുരാധ വിറ്റാച്ചി എന്ന സ്ത്രീയെ പരിചയപ്പെട്ടിരുന്നു. 1958-ല്‍ മലയാള പത്രപ്രവര്‍ത്തകരെ പ്രഫഷനലിസം പഠിപ്പിക്കാന്‍ വന്ന വിഖ്യാത മീഡിയ കണ്‍സല്‍ട്ടന്‍റ് ടാര്‍സി വിറ്റാച്ചിയുടെ മകളായിരുന്നു അനുരാധ. ലണ്ടനില്‍ വണ്‍വേള്‍ഡ്. ഓര്‍ഗ് എന്ന വെബ് പ്രസ്ഥാനത്തിന്‍റെ നടത്തിപ്പിലായിരുന്നു അവര്‍. തിരിച്ചുവന്നശേഷം ഒരിക്കല്‍ സാറിനെ കണ്ടപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചു. വിറ്റാച്ചിയെ ആദരിച്ചിരുന്ന അദ്ദേഹം മകളുടെ വിലാസം ചോദിച്ചു വാങ്ങി. കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ അനുരാധയക്ക് ഒരു ഇമെയില്‍ അയച്ചപ്പോള്‍ അതില്‍ വേണുസാര്‍ അഡ്രസ് വാങ്ങിയകാര്യവും സൂചിപ്പിച്ചിച്ചിരുന്നു. അവരുടെ മറുപടി വന്നു. വേണു എന്ന എഡിറ്റര്‍ കത്തയച്ചിരുന്നതായും അവര്‍ക്കത് എവിടെയോ നഷ്ടപ്പെട്ടതായും എഴുതിയിരുന്നു. 40 വര്‍ഷം മുന്‍പ് വന്ന കണ്‍സല്‍ട്ടന്‍റിനെ ഇപ്പോഴും ഒര്‍മിക്കുന്ന വെറ്ററന്‍ ജേണലിസ്റ്റിന് അന്വേഷണങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഈമെയില്‍ അവസാനിച്ചത്. ഫോണിലൂടെ  ഇതു വായിച്ചു കേട്ട സാര്‍ പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു ‘‘അപ്പോ വിറ്റാച്ചിയുടെ മകള്‍ തനി ബ്രിട്ടീഷുകാരിതന്നെ.. അല്ലേടോ?’’
വല്ലപ്പോലും തമ്മില്‍ കണ്ടു. ആ മനസു നിറയെ എന്നും സ്നേഹമായിരുന്നു. പ്രഫഷനല്‍ അനുഭവങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ തനി വള്ളുവനാടന്‍ ഭഷയില്‍ സാര്‍ പറയുന്നത് മണിക്കൂറുകള്‍ കേട്ടിരുന്നാലും മടുപ്പ് എന്നൊന്ന് തോന്നുമായിരുന്നില്ല. (അന്തരിച്ച എന്‍. എന്‍. സത്യവ്രതന്‍ സാര്‍ പഴയ സഹപ്രവര്‍ത്തകന്‍റെ സംഭാഷണത്തെ വിശേഷിപ്പിച്ചിച്ചിരുന്നത് വേണുനാദം എന്നായിരുന്നു.)
ടി. വേണുഗോപാലന്‍റെ സവിഷേഷതകള്‍ അക്കമിട്ടു പറയുന്ന ലേഖനങ്ങള്‍ നാളെ പത്രങ്ങളില്‍ ഉണ്ടാകും. പൊന്നാനിക്കളരിയുടെയും ന്യൂസ് ക്രാഫ്ടിന്‍റെയും പ്രസ്അക്കാദമിയുടെയും പുസ്തകങ്ങളുടെയുമൊക്കെ വിശദാംശങ്ങള്‍. അവാര്‍ഡുകളുടെ തിളക്കങ്ങള്‍. പത്രപ്രവര്‍ത്തക യൂണിയനിലെ സംഘാടക മികവിന്‍റെ ചരിത്രങ്ങള്‍. സാഹിത്യ വിമര്‍ശനത്തിലെ കര്‍ക്കശമായ നിലപാടുകളുടെ കഥകള്‍. അവിടേക്കൊന്നും പോകാന്‍ മനസു  തോന്നുന്നില്ല. എനിക്കു വല്ലാത്ത ഒരു ശൂന്യത തോന്നുന്നു. മാവൂര്‍ റോഡ് ശ്മശാനത്തില്‍ ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ആ ചിത എരിഞ്ഞടങ്ങും. ബൈബിളില്‍ പറയുംപോലെ ‘നല്ല പോര്‍ പൊരുതി ഓട്ടംതികച്ച’ വന്ദ്യ ഗുരുനാഥന്‍റെ വിയോഗത്തില്‍ കണ്ണീരൊഴുക്കാന്‍ തോന്നുന്നില്ല. ഇടറിയ സ്വരത്തോടെയാണെങ്കിലും ഞാനൊന്നു പറഞ്ഞോട്ടെ.... ഗുഡ് ബൈ സര്‍..


Thursday, August 2, 2012

ധന്വന്തരം മണക്കുന്ന പിറന്നാള്‍ സമ്മാനം


ധന്വന്തരം മണക്കുന്ന
പിറന്നാള്‍ സമ്മാനം

അങ്ങനെ അപ്രതീക്ഷിതമായി ഒരു ഹര്‍ത്താല്‍. ഇന്ന് സുനിതയെ ഹൈക്കോടതിയില്‍ വിട്ടിട്ടു തിരികെ വരുമ്പോള്‍ മേനകയില്‍നിന്ന് ഒരു പരിചയക്കാരന്‍ റയില്‍വേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് ചോദിച്ചു. രമേഷിനെ സ്റ്റേഷനില്‍ ഇറക്കി സ്കൂട്ടര്‍ തിരിക്കുമ്പോഴാണ് 60-65 വയസുള്ള ഒരമ്മ ചോദിച്ചത് ‘‘വൈറ്റില വഴിക്കാണോ?’’ അതേ എന്ന മറുപടിക്ക് ഒപ്പം എത്തി അടുത്ത ചോദ്യം. ‘‘എന്നെ അവിടം വരെ ഒന്നു വിടാമോ?’’ ആ അമ്മ ചെന്നൈ ആലപ്പുഴ ട്രെയിനില്‍ വന്നതാണ്. മുളംതുരുത്തിക്കു സപീപമുള്ള സ്ഥലത്തെ കുടുംബ വീട്ടില്‍ പോകണം. വൈറ്റിലയില്‍ ചെന്നാല്‍ ഏതേലും വാഹനം കിട്ടുമെന്ന് ആരോ ഉപദേശിച്ചതാണ് എന്നോടുള്ള ചോദ്യത്തിന് അടിസ്ഥാനം.
വിധവയാണ്. മകളോടൊപ്പം ഇപ്പോള്‍ ചെന്നൈയില്‍ താമസം. നാട്ടിലെ വീട്ടില്‍ 90 വയസുള്ള അമ്മയുണ്ട്. ആ അമ്മയ്ക്കു സുഖമില്ല എന്നറിഞ്ഞ് വരികയാണ്. കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനിലേക്കു വരാന്‍ വീട്ടിലോ ബന്ധുക്കളുടെ കൂട്ടത്തിലോ ആരുമില്ല. നാട്ടിലെ ഒരു ഓട്ടോക്കാരനോട് പറഞ്ഞപ്പോള്‍ ഹര്‍ത്താല്‍ തീരുന്ന വൈകിട്ട് ആറുമണി വരെ സ്റ്റഷനില്‍ ഇരുന്നാല്‍ പിന്നെ വന്നു കൂട്ടിക്കൊണ്ടു പോകാം എന്നായിരുന്നു മറുപടി. അതിനുള്ള പ്രയാസമാണ് അവരെക്കൊണ്ടു ലിഫ്റ്റ് ചോദിപ്പിച്ചത്.
കയ്യില്‍ സാമാന്യം വലിയ ഒരു ബാഗും ഉണ്ട്. അമ്മയ്ക്ക് സ്കൂട്ടറില്‍ ഇരുന്നു ശീലമുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ‘‘പത്തു പതിനഞ്ചു കൊല്ലമായി. ചേട്ടന് (ഭര്‍ത്താവിന്) വണ്ടി ഉണ്ടായിരുന്നപ്പോള്‍ കയറിയിട്ടുണ്ട്. പിന്നെ ഇല്ല. ചിലപ്പോ തലകറങ്ങുമോ എന്ന പേടിയും ഉണ്ട്’’
അല്‍പ്പമൊരു ശങ്ക തോന്നിയെങ്കിലും ഞാനവരെ വണ്ടിയില്‍ കൊണ്ടുപോകാന്‍ തന്നെ തീരുമാനിച്ചു. അപ്പോള്‍ ചെന്നൈയിലെ മകളുടെ ഫോണ്‍. അപരിചിതനായ ഒരാളോടൊപ്പം അമ്മ സ്കൂട്ടറില്‍ അത്ര ദൂരം പോകുന്നതിലെ ആശങ്ക. ഞാന്‍ അവരോട് സംസാരിച്ചു. ആരാണ് എന്താണ് എന്നതിനൊക്കെ മറുപടി നല്‍കിയിട്ടും അവര്‍ പറഞ്ഞു ‘‘ഞാന്‍ വിശ്വസിക്കുന്നു; അമ്മയ്ക്ക് അപകടമൊന്നും വരുത്തല്ലേ.’’
വൈറ്റിലയില്‍നിന്നു വാഹനമൊന്നും കിട്ടില്ലെന്ന സത്യം ഞാന്‍ അമ്മയോടു പറഞ്ഞു. അമ്മ ധൈര്യമായി ഇരുന്നാല്‍ വീട്ടില്‍ത്തന്നെ കൊണ്ടു വിടാമെന്നും. ‘‘അമ്മച്ചി ധൈര്യമായി പോന്നേ. ഞങ്ങള്‍ക്കും അറിയാവുന്ന സാറാ. ഉടനേ വേറെ വണ്ടിയൊന്നും ഇനി കിട്ടില്ല.’’ പൊലീസ് എയ്ഡ് പോസ്റ്റിലെ എന്‍റെ പരിചയക്കാരനായ പൊലീസുകാരന്‍ അജിത്തിന്‍റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അമ്മ യാത്രയക്കു തയാറായി. ബാഗ് വണ്ടിയുടെ മുന്‍വശത്തെ പ്ലാറ്റ് ഫോമില്‍ കുത്തനെ വച്ചു. എല്ലാ ദൈവങ്ങളെയും വിളിച്ച് അവര്‍ പിന്‍സീറ്റില്‍ കയറി ഇരുന്നു. ഞങ്ങള്‍ യാത്ര തുടങ്ങി. ‘‘ഒരുപാട് വേഗം പോകല്ലേ മോനേ’’ എന്നൊരു അപേക്ഷ കൂടി ഉണ്ടായിരുന്നു.
പ്രതീക്ഷിച്ച പോലെ വൈറ്റില ജങ്ഷന്‍ ശൂന്യമായിരുന്നു. യാത്ര മുന്നോട്ട്. റോഡില്‍ തിരക്കേ ഉണ്ടായിരുന്നില്ല. വേഗം കുറവെങ്കിലും സുഗമമായ യാത്ര. തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു. ‘‘ചെറുതായി തല കറങ്ങുന്നു മോനേ. വണ്ടി ഒന്നു നിര്‍ത്താമോ?’’ വാഹനം തണലില്‍ ഒതുക്കി നിര്‍ത്തി. അടുത്ത കടത്തിണ്ണയിലെ തൂണില്‍ചാരി അവര്‍ ഇരുന്നു. മൂന്നിലൊന്നു ദൂരമേ പിന്നിട്ടിട്ടുള്ളൂ എങ്കിലും എനിക്കു പേടിയൊന്നും തോന്നിയില്ല. കാരണം വീട്ടിലെത്താനുള്ള നിശ്ചയദാര്‍ഢ്യം ആ അമ്മയുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.
അല്‍പ്പസമയം കഴിഞ്ഞു. സൈക്കിളില്‍ചായ വില്‍ക്കാന്‍ നടക്കുന്ന ഒരാള്‍ അതു വഴി വന്നു. രണ്ടു ചായ വാങ്ങി. ആദ്യം മടിച്ചെങ്കിലും അവരത് കുടിച്ചു. അല്‍പ്പസമയം കൂടി കഴിഞ്ഞപ്പോള്‍ ‘‘ഇനി പോകാം’’ എന്നായി അമ്മ. വീണ്ടും യാത്ര.  20 മിനിറ്റു കൊണ്ട് ഞങ്ങള്‍ അവരുടെ വീട്ടിലെത്തി. അവിടെ അമ്മയുടെ അമ്മയും സഹോദര ഭാര്യയും ഒരു ഹോംനഴ്സുമായിരുന്നു ഉണ്ടായിരുന്നത്.
വലിയ പ്രയാസമില്ലാതെ വീടെത്തിയതില്‍ അവരെല്ലാം സന്തോഷിച്ചു. ആ അമ്മ ഔപചാരികമായ ഒരു നന്ദി പ്രകടനത്തിന് മുതിരാതിരുന്നത് എന്നെയും ഏറെ സന്തോഷിപ്പിച്ചു. അവര്‍ തന്ന നാടന്‍ പഴവും ചായയും കഴിച്ച് തിരിച്ചിറങ്ങുമ്പോഴാണ് ആ വീട്ടിലെ വലിയ അമ്മ എന്നെ അടുത്തേക്കു വിളിച്ചത്. വിറയ്ക്കുന്ന കൈകള്‍ എന്‍റെ തോളില്‍ അമര്‍ത്തിപ്പിടിച്ച് എന്‍റെ നെറ്റിയില്‍ ഒരുമ്മ. ആ അമ്മയ്ക്ക് ഏതോ ആയുര്‍ വേദ തൈലത്തിന്‍റെ മണമുണ്ടായിരുന്നു. എനിക്ക് പെട്ടെന്ന് എന്‍റെ അമ്മൂമ്മയെ ആണ് ഓര്‍മ വന്നത്. അതേ.. അത് ധന്വന്തരം തൈലത്തിന്‍റെ ഗന്ധമായിരുന്നു. ഞാന്‍ അത് ചോദിച്ചത് വലിയ സന്തോഷമായി. ആ വകയില്‍ ഒരു സ്പെഷല്‍ ഉമ്മ കൂടി. ‘‘എന്നാ മോന്‍ പോയിട്ടു വാ’’ എന്ന യാത്രാമൊഴിയും.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഇന്നെന്‍റെ പിറന്നാളാണ്. കര്‍ക്കടകത്തിലെ തിരുവോണം. മുന്നറിയിപ്പില്ലാതെ വന്ന ഹര്‍ത്താല്‍ കാരണം എനിക്കു മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം കിട്ടി. ധന്വന്തരം മണക്കുന്ന സ്നേഹം. രാവിലെ രവിപുരത്തെ ഉണ്ണിക്കണ്ണനെ മുഴുക്കാപ്പ് ചാര്‍ത്തി കണ്ടതിലും എത്ര സുന്ദരമായ അനുഭവമാണിത്!
മടക്കയാത്രയിലെ പതിനെട്ടു കിലോമീറ്റര്‍ ദൂരം പിന്നിട്ടത് ഞാന്‍ അറിഞ്ഞതേയില്ല. ഓര്‍മകളിലെ ധന്വന്തരത്തിന് അത്ര നല്ല സുഗന്ധമായിരുന്നു.

Tuesday, July 3, 2012

സഹയാത്രിക.. (കുമളി- കട്ടപ്പന)


(ബ്ലോഗ് മുടങ്ങിയിട്ട് ഇപ്പോള്‍ എട്ടു മാസത്തോളമായി. 
ഒരു പുനരാരംഭം ആകാം എന്നു കരുതി. )


സഹയാത്രിക.. (കുമളി- കട്ടപ്പന)

കൊല്ലം പത്തു പതിമൂന്നു  കഴിയുന്നു. നല്ലൊരു മഴക്കാലത്ത് തേക്കടി ഉള്‍ക്കാട്ടില്‍ രണ്ടു ദിവസം  മഴ കണ്ട് മതിയാവാതെ എറണാകുളത്തേക്കുള്ള മടക്കം. കുമളിയില്‍ നിന്നു പുളിയന്മല, കട്ടപ്പന വഴി കോതമംഗലത്തേക്കു പോകുന്ന ബസാണ് കിട്ടിയത്. അത്യാവശ്യം തിരക്കും ഉണ്ടായിരുന്നു.
എവിടെ വരെ നില്‍ക്കേണ്ടി വരും എന്ന ശങ്കയില്‍ മുന്നോട്ടു നീങ്ങുമ്പോള്‍ രണ്ടു പേര്‍ക്കുള്ള ജനറല്‍ സീറ്റില്‍ ഒരു സ്ത്രീ മാത്രം. നില്‍ക്കുന്നവര്‍ ഒന്നും ബാക്കിയിടത്ത് ഇരിക്കുന്നില്ല. ഇനി കൂടെയുള്ള ആള്‍ എന്തേലും വാങ്ങാന്‍ പോയതാണോ എന്നു ശങ്കിച്ചെങ്കിലും ഹൈറേഞ്ചിലൂടെ ദീര്‍ഘ ദൂരം നിന്നു യാത്ര ചെയ്യുന്നതിലുള്ള പ്രയാസം ആലോചിച്ച് ഞാന്‍ മടിച്ചു മടിച്ച് അവരോട് ചോദിച്ചു. ‘‘ ഇവിടെ ആളുണ്ടോ?’’
ഇല്ല എന്ന മറുപടിയുമായി അവര്‍ അല്‍പ്പം നീങ്ങിയിരുന്നു. ആശ്വാസത്തോടെ ഞാനവിടെ ഇരുന്നു.
ഷോള്‍ഡര്‍ ബാഗ് ലഗേജ് റാക്കില്‍ വച്ച് ഞാന്‍ ഇരിപ്പ് ഉറപ്പിക്കുമ്പോള്‍ മുന്നില്‍ നിന്നൊരു കമന്‍റ് ‘‘ങാ.. അപ്പോ കൂട്ടായി...’’. തീര്‍ന്നില്ല .. അടുത്തുള്ള സീറ്റുകളില്‍ ഇരിക്കുകയും  അങ്ങിങ്ങ് നില്ക്കുകയും ചെയ്തിരുന്നവര്‍ എന്തോ വിചിത്ര ജന്തുവിനെപ്പോലെ എന്നെ നോക്കി. ചില്ലറ കുശുകുശുപ്പുകള്‍. പെട്ടെന്ന് ഒരാള്‍ ചോദിച്ചു. ‘‘ഇവിടെങ്ങും ഒള്ള ആളല്ല.. ല്ല്യോ?’’ എറണാകുളത്തു നിന്നാണ് എന്നു ഞാന്‍ പറഞ്ഞു തീരും മുന്‍പ് അദ്ദേഹം എന്നെ അടുത്തേക്കു വിളിച്ചു. ‘‘അതേ...  അടുത്തിരിക്കുന്ന സാധനം ഏതെന്ന് അറിയാമോ? കട്ടപ്പന .......... എന്നു പറയും. ഹൈറേഞ്ചിലെ പര ........യാ.’’
‘‘അതിന് എനിക്കെന്താ’’ എന്‍റെ സംശയം. ‘‘അവടെ അടുത്ത് ഇരിക്കുന്നത് ശരിയല്ല.’’ കോതമംഗതലം വരെ പോകേണ്ട എനിക്ക് ഇരിക്കാന്‍ ചേട്ടന്‍റെ സീറ്റ് ഇങ്ങു തന്നേരെ. മാറി ഇരുന്നോളാം എന്നു ഞാന്‍. ചേട്ടനു മറുപടിയില്ല. അപ്പോള്‍ അടുത്തിരുന്ന ഒരു പാഷാണം ഇടപെടുകയായി. ‘‘ ഓ ചെലര്‍ക്ക് ഇവളുമാരുടെ മണമടിച്ചാലേ ഇരുപ്പുവരൂ.’’ ശബ്ദം കൊണ്ട് ആദ്യത്തെ കമന്‍റും അവന്‍റേതാണെന്നു മനസിലായി. ‘‘ഞാന്‍ ആ സ്ത്രീയുടെ അടുത്ത് ബസില്‍ ഇരിക്കുകയല്ലേ, അല്ലാതെ കിടക്കുകയല്ലല്ലോ? താന്‍ തന്‍റെ പണി നോക്ക്’’ എന്നു പറഞ്ഞ് ഞാന്‍ സീറ്റിലേക്കു മടങ്ങി.
സീറ്റിലെത്തിയ പാട് സഹയാത്രിക എന്നോടു ചോദിച്ചു. ‘‘എന്താ ചേട്ടാ അവന്മാര്‍ക്ക്?’’ ഒന്നുമില്ല എന്ന എന്‍റെ മറുപടി മുഖം ചുളിച്ച് ശ്ശൂ എന്ന ശബ്ദമുണ്ടാക്കി അവര്‍ നിസ്സാരവല്‍ക്കരിച്ചു കളഞ്ഞു. ‘‘ ചേട്ടന്‍ ഇവിടിരുന്നതിന്‍റെ സൂക്കേടാ അവന്മാര്‍ക്ക്. അവനൊക്കെ എന്‍റടുത്തു വരണേല്‍ ഇരുട്ടു വീഴണം, ലോഡ്ജ് വേണം’’.. ഥൂ.... ഞാന്‍ ഞെട്ടിയിരിക്കെ ബസിന്‍റെ ജനലിലൂടെ അവര്‍ പുറത്തേക്കു നീട്ടിത്തുപ്പി....
പിറുപിറുക്കലുകള്‍ നിലച്ചു. ആരും പിന്നെ ഞങ്ങളുടെ സീറ്റിലേക്കു പോലും നോക്കാതെയായി. ഒരു കൂട്ടം നരാധമന്മാരുടെ വരട്ടു കാമം അവളുടെ ഒരൊറ്റ കാറിത്തുപ്പലില്‍ പത്തിതാഴ്ത്തി.
ബസ് നീങ്ങിത്തുടങ്ങി. ടിക്കറ്റെടുക്കാന്‍ കുറച്ചു നേരം തുറന്നു പിടിച്ച പഴ്സിന്‍റെ  മുകളില്‍ വച്ചിരുന്ന പ്രസ് കാര്‍ഡ് കണ്ടിട്ടാകാം അവര്‍ ചോദിച്ചു ‘‘ ഓ.. പത്രക്കാരനാന്നോ?’’ ഞാന്‍ തലയാട്ടി. ‘‘ സാറിനിനി കട്ടപ്പന --------- യെ മുട്ടിയിരിക്കാന്‍ നാണക്കേടൊന്നും ഇല്ലല്ലോ. അല്ലേ?’’ ഞാന്‍ ചിരിച്ചു.
‘‘ അവരു പറഞ്ഞതു ശരിയാ സാറേ. ഞാന്‍ പിഴച്ച പെണ്ണു തന്നെയാ. ദേ ഇപ്പോ കമ്പത്ത് ഒരു എസ്റ്റേറ്റു മോലാളിയുടെ കൂടെ 10 ദിവസം പൊറുത്തേച്ചു വരുവാ. എനിക്കതു പറയാന്‍ മടിയൊന്നുമില്ല. അതേ.. എന്‍റെ പണിയാ. ഇങ്ങനൊന്നും ആവണമെന്നു വിചാരിച്ചതല്ല. ആയിപ്പോയി. എന്നു വച്ച് മരിക്കാന്‍ പറ്റുവോ. ഇല്ല.. ജീവിക്കും. എങ്ങനേം ജീവിക്കണം. അല്ലാതെ ഇവന്മാരൊന്നും പറയുന്നതു കേട്ടു ചുളുങ്ങാന്‍ എന്നെ കിട്ടത്തില്ല’’ എനിക്ക് ആ വാക്കുകളോട് മതിപ്പു തോന്നി.
‘‘ പിഴച്ചേന്‍റെ കഥയൊന്നും പറയുന്നില്ല. പിഴച്ചുപോയ എല്ലാപെണ്ണിനും ഒരു കഥയേ ഉള്ളൂ. സ്ഥലോം പിഴപ്പിച്ചവരുടെ പേരുമൊക്കേ മാറൂ. നിങ്ങളു പത്രക്കാര്‍ക്ക് അതൊക്കെ അറിയാമാരിക്കുമല്ലോ’’ അവളുടെ ഓരോ വാക്കും സാമൂഹത്തിനു  നേരേ എറിയുന്ന കല്ലുകളായി തോന്നി. ‘‘ പിഴച്ചവള്‍ക്കു പേരാ... പിഴപ്പിച്ചവനൊന്നും ഒരു കുഴപ്പോമില്ല. സാറു വഴക്കു പറഞ്ഞില്ലേ ആ നീല ഷര്‍ട്ടുകാരന്‍ നാറിയെ. അവനു ചുണയുണ്ടല്‍ എന്‍റെ മുഖത്തു നോക്കി പറയട്ടെ. ഇവിടെങ്ങും  സ്ഥലമില്ലാത്തതുപോലെ തേനീല്‍ കൊണ്ടുപോയാ അവനെന്നെ..... അന്നേരം അതെനിക്കു പറയാന്‍ അറിയാമ്മേലാഞ്ഞല്ല. ബസില്‍ അവന്‍റെ ഭാര്യയോ മക്കളോ ഒക്കെ കാണുമെന്നു കരുതിയാ. കുടുമ്മം കലക്കല്‍ എന്‍റെ പണിയല്ല സാറേ..’’ അവളുടെ മനസിന്‍റെ നന്മയില്‍ ഞാന്‍ നടുങ്ങിപ്പോയി.
‘‘ ഇവര് പറയുന്നതൊന്നുമല്ല എന്‍റെ പേര്. ഞാന്‍ ------- യാ. നാടകക്കാരെ പോലാ ഞങ്ങളും. സ്ഥലത്തിന്‍റെ പേരൊക്കെ വച്ച് അങ്ങു ഫേമസാക്കും.’’ അവള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ കൂടെ ച്ചിരിക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അപ്പോള്‍ ചുറ്റുവട്ടത്ത് അസ്വസ്ഥതയുടെ മുളകള്‍ പൊട്ടുന്നുണ്ടായിരുന്നു.
പിന്നെയും അവള്‍ ഓരോന്നു പറഞ്ഞുകൊണ്ടേയിരുന്നു. അപമാനിക്കപ്പെട്ടതിന്‍റെയും ആള്‍ക്കാര്‍ മനസാക്ഷി ഇല്ലാതെ പെരുമാറിയതിന്‍റെയും നടുക്കുന്ന അനുഭവ കഥകള്‍.. മനുഷ്യനായതില്‍, പുരുഷനായതില്‍, മലയാളിയായതില്‍ എനിക്ക് അപകര്‍ഷം  തോന്നിയ കഥകള്‍.
ബസ് കട്ടപ്പനയോട് അടുക്കുകയായി. ‘‘ഞാന്‍ ഇവിടെ എറങ്ങും’’. അവള്‍ പറഞ്ഞു. ഞാന്‍ തലയാട്ടി. ‘‘ കൂടെ കിടന്നവന്മാരെ ഒന്നും ഞാന്‍ ഓര്‍ക്കാറില്ല. പക്ഷേ സാറിന്‍റെ മുഖം ഞാന്‍ മറക്കത്തില്ല.  കാരുണ്യത്തോടെയാ സാറെന്നെ നോക്കിയത്. നിങ്ങടെ പ്രായമുള്ള ആണുങ്ങളാരും അങ്ങനെ എന്നെ ഇന്നോളം നോക്കീട്ടില്ല.’’ ഇപ്പോള്‍ ഞാനവളെ നോക്കിയത് അവിശ്വസനീയതയോടെ ആയിരുന്നു. അവള്‍ ചിരിച്ചു. ‘‘ ഈ സര്‍വത്ര കൂത്തിച്ചിക്ക് നല്ല വാക്കൊക്കെ എവിടെന്നു കിട്ടിയെന്നാണോ സാറു വിചാരിച്ചെ? പത്തു കൊല്ലം വേദപാഠം ക്ലാസില്‍ മുടങ്ങാതെ പോയവളാ സാറേ.. എന്നാ ഞാന്‍ പോട്ടെ.. ’’ ഞാന്‍ തലയാട്ടുമ്പോഴേക്കും ബാഗുമെടുത്ത് അവള്‍ വാതിലിന് അരികിലേക്ക് നടന്നിരുന്നു.
ബസില്‍ നിന്ന് ഇറങ്ങി അവളൊന്നു തിരിഞ്ഞു നോക്കുമെന്നു ഞാന്‍ കരുതി. അതുണ്ടായില്ല. ആദ്യം കണ്ട ഓട്ടോയില്‍ ചാടിക്കയറി അവള്‍ പോയി. മൂടിക്കെട്ടി നിന്ന അന്തരീക്ഷം ചാറ്റല്‍ മഴയിലേക്ക് മാറി. ഷട്ടറില്‍ തലചായ്ച് ഞാന്‍ ഉറങ്ങി. കനത്ത മഴയില്‍ ബസ് ചെറുതോണിയും കരിമ്പനും ചേലച്ചുവടും ഒക്കെ പിന്നിടുന്നതറിയാതെ കോതമംഗലം വരെയും ഞാന്‍ ഉറക്കമായിരുന്നു.

Monday, October 31, 2011

നിധിചാല സുഖമാ...യും പ്രിയപ്പെട്ട രാമനാഥനും


കണ്ണൂര്‍ സെന്‍റ് ആഞ്ചലോ കോട്ടയുടെ പിന്നില്‍ കടലോരത്ത് നിരനിരയായി നല്‍ക്കുന്ന വയസന്‍ കാറ്റാടി മരങ്ങള്‍ക്കു താഴെ ചിന്താമഗ്നനായി ഇരിക്കുകയാണ് പപ്പേട്ടന്‍; മലയാള കഥാ ലോകത്തെ കാലഭൈരവനായ ടി. പത്മനാഭന്‍. 1996-ല്‍ ഞായറാഴ്ചപ്പതിപ്പിനു വേണ്ടി നടത്തിയ ദീര്‍ഘ സംഭാഷണത്തിലായിരുന്നു ഞങ്ങള്‍.
ആ കാറ്റാടി മരങ്ങള്‍ക്കു ചുവട്ടില്‍ നിന്നാണ് പ്രത്യാശ എന്ന മഹത്തായ സന്ദേശത്തിന്‍റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി മലയാള കഥയിലേക്ക് ഒരിളം കാറ്റുപോലെ കടന്നു വന്നത്. അവളുടെ കഥാകാരന്‍ ക്ഷിപ്രകോപിയാണ്. നല്ല അടുപ്പമുണ്ടെങ്കിലും ചെറിയ ഭയം തോന്നി. എന്‍റെ ചോദ്യത്തിനു മറുപടി പറയാതെ ഏറെ നേരമായി എന്നതാണ് എന്‍റെ അസ്വസ്ഥതയ്ക്കു കാരണം.
വ്യക്തിപരമായി അടുപ്പമുള്ളവരുമായി നടത്തുന്ന അഭിമുഖങ്ങളില്‍ പലപ്പോഴും ജേണലിസ്റ്റിക് അല്ലാത്ത വര്‍ത്തമാനങ്ങള്‍ ഉണ്ടാകാറുണ്ട്. പത്രത്താളുകളില്‍ അച്ചടിച്ചു വരാത്ത അത്തരം ആശയവിനിമയങ്ങളില്‍ അടുപ്പത്തിന്‍റെയും പരസ്പരവിശ്വാസത്തിന്‍റെയും കയ്യൊപ്പുണ്ടാകും.
ഒരു കഥ എഴുതിക്കഴിയുമ്പോള്‍ മനസിനു തോന്നുന്ന ലാഘവത്വത്തെ കുറിച്ച് പപ്പേട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. പെട്ടെന്നു തോന്നിയ ചോദ്യം ‘‘ആ ലാഘവത്വം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട കഥ ഏത്?’’ എന്നായിരുന്നു. അപ്പോഴാണ് കഥാകാരന്‍റെ ദീര്‍ഘ മൗനം. എന്‍റെ സംശയം ഒരു എഴുത്തുകാരനെ സംബന്ധിച്ച് അസംബന്ധമാണ്. 10 മക്കളെ പെറ്റ ഒരമ്മയോട് ഏതു പ്രസവം കഴിഞ്ഞാണ് കൂടുതല്‍ ആശ്വാസം തോന്നിയത് എന്നു ചോദിക്കും പോലെ ഒരു മണ്ടത്തരം.
മൗനം മുറിഞ്ഞു. പപ്പേട്ടന്‍ ഒന്നല്ല ഒരുപാട് കഥകളെ കുറിച്ചു പറഞ്ഞു. സാക്ഷിയും കടലും ഗൗരിയും വീടു നഷ്ടപ്പെട്ട കുട്ടിയും കടയനെല്ലൂരിലെ ഒരു സ്ത്രീയും സുനന്ദയുടെ അച്ഛനും കാലഭൈരവനും പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയും ശേഖൂട്ടിയും ആത്മാവിന്‍റെ മുറിവുകളും അമ്മയും മഖന്‍സിങ്ങിന്‍റെ മരണവും കത്തുന്ന ഒരു രഥചക്രവും ഒക്കെ പരാമര്‍ശിക്കപ്പെട്ടു. എങ്കിലും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു പേര് ആ നാവില്‍ നിന്ന് വന്നില്ല. ചോദിക്കേണ്ടി വന്നു ‘‘അപ്പോള്‍ നിധിചാല സുഖമാ?’’ കഥാകാരന്‍റെ മുഖത്ത് പെട്ടെന്ന് പുഞ്ചിരിയുടെ പ്രകാശം പരന്നു.
‘‘ഹരി അത് ചോദിക്കുമോ എന്നു നോക്കിയതാണ്. എനക്ക് ഏറ്റവും സന്തോഷം തന്ന കഥ; അല്ല കഥകളില്‍ ഒന്ന്’’ ആ മറുപടി എന്നെ പൊട്ടിച്ചിരിപ്പിച്ചു. പിന്നെ പപ്പേട്ടന്‍ തന്‍റെ ഫാക്ട് ഉദ്യോഗകാലത്തെ ഓര്‍മകളിലേക്കു മടങ്ങി. ആ സായാഹ്നത്തില്‍ ഞങ്ങള്‍ക്ക് ഇടയില്‍ രാമനാഥന്‍റെ അദൃശ്യ സാന്നിധ്യം ഞാനറിഞ്ഞു.
നിധി ചാല സുഖമാ അടക്കമുള്ള ഏതാനും പദ്മനാഭന്‍ കഥകള്‍ ഫാക്ടിലെ അന്തരീക്ഷം അനുഭവപ്പെടുന്നവയാണ്. പക്ഷേ ഈ കഥ വ്യത്യസ്തമാണ്. ഇതിനു തഞ്ചാവൂരിലെ അതി വിസ്തൃതമായ നെല്‍വയലുകളുടെ സൗന്ദര്യമുണ്ട്. ത്യാഗരാജസ്വാമികളുടെ സംഗീത മാധുര്യമുണ്ട്. ആത്മസംഘര്‍ഷത്തിന്‍റെ നിഴലുണ്ടെങ്കിലും നിസ്വാര്‍ഥമായ ജീവിതത്തിന്‍റെ ശാന്തതയുണ്ട്. ജീവിതത്തിന് ഏറ്റവും ലളിതമായ അര്‍ഥം കണ്ടെത്തുന്നവരുടെ നൈര്‍മല്യമുണ്ട്.
കഥയിലെ നായകനാണ് രാമനാഥന്‍. വലിയൊരു കമ്പനിയിലേക്ക് ക്ഷണിച്ചു വരുത്തപ്പെട്ട അതിവിദഗ്ധനായ മെക്കാനിക്കല്‍ എന്‍ജിനീയര്‍. അദ്ദേഹം നിസ്വനായിരുന്നു. സാത്വികനായിരുന്നു. തികഞ്ഞ പ്രഫഷനല്‍ എന്ന് ഖ്യാതി നേടിയ ആള്‍. വിദേശ പരിശീലനം നേടിയിട്ടും ലോകബാങ്ക് അടക്കമുള്ള വലിയ ഓഫറുകളിലൊന്നും സ്വീകരിക്കാതെ നാട്ടിലേക്കു മടങ്ങി. പണം ജീവിക്കാന്‍ മാത്രം ആവശ്യമുള്ളതെന്നു കരുതി. തന്‍റെ അറിവ് ചെറുപ്പക്കാരായ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു. അവരെ പ്രോത്സാഹിപ്പിച്ചു. ഒഴിവു വേളകളില്‍ പുസ്തകങ്ങള്‍ വായിച്ചു. കര്‍ണാടക സംഗീതം ആസ്വദിച്ചു.
ഇല്ലാതെ പോയ കുടുംബജീവിതത്തെകുറിച്ച് ആശങ്കപ്പെട്ടില്ല. ജോലി ചെയ്ത സ്ഥാപനത്തിലെ ചില തീരുമാനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെവന്നപ്പോള്‍ കരാര്‍ കലാവധിക്കും മുന്‍പ് രാജിവച്ച് പോയി. അയവില്ലാത്ത നയങ്ങളും കര്‍ക്കശ നിലപാടുകളും കാരണം കമ്പനി മേലാളന്മാര്‍ക്ക് രാമനാഥന്‍ കണ്ണിലെ കരട് ആയിരുന്നു. പക്ഷേ കൂടെ ജോലിചെയ്ത ചെറുപ്പക്കാര്‍ക്ക് അദ്ദേഹം ആരാധനാപാത്രമായിരുന്നു.  ഏറെ നാളുകള്‍ക്കുശേഷം സ്ഥാപനത്തിന്‍റെയും തൊഴിലാളികളുടെയും നിലനില്‍പ്പിനെ പോലും ബാധിച്ചേക്കാവുന്ന അതീവ ഗുരുതരമായ ഒരു സാങ്കേതിക  പ്രതിസന്ധിയില്‍ പഴയ കമ്പനി രാമനാഥന്‍റെ സഹായം തേടുന്നതും അദ്ദേഹത്തിന്‍റെ ഉപദേശം ഫലപ്രദമാകുന്നതും അതിനു ലഭിക്കുന്ന കനത്തപ്രതിഫലത്തെ നിരസിച്ച് തന്‍റേതു മാത്രമായ ഒരുലോകത്തേക്ക് രാമനാഥന്‍ ഉള്‍വലിയുന്നതുമാണ് നിധി ചാല സുഖമാ യുടെ രത്നച്ചുരുക്കം.
പഴയ സഹപ്രവര്‍ത്തകനായ കുമാര്‍ എന്ന എന്‍ജിനീയര്‍ രാമനാഥനെ വീണ്ടും കണ്ടെത്തുമ്പോള്‍ അദ്ദേഹം മദ്രാസിലെ പാരീസ് കോര്‍ണറില്‍  സുഹൃത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കടയില്‍ പകരക്കാരനായി ഇരിക്കുകയായിരുന്നു; ഇന്ത്യയിലും വിദേശത്തും പേരെടുത്ത മെക്കാനിക്കല്‍ എന്‍ജിനീയര്‍ രാമനാഥന്‍! പപ്പേട്ടന്‍ തന്‍റെ കഥാപാത്രത്തെ കുറിച്ചു പറഞ്ഞ ഒരു വാചകമുണ്ട്: രാമനാഥനെ ഏറ്റവും മനസിലാക്കിയതും അംഗീകരിച്ചതും രാമനാഥന്‍ തന്നെയായിരുന്നു, അതുകൊണ്ട് രാമനാഥന് ജീവിതത്തില്‍ പൂര്‍ണ സംതൃപ്തിയും ഉണ്ടായിരുന്നു.
സിലിണ്ടര്‍ പൊട്ടിയ, മൂവായിരം കുതിരശേഷിയുള്ള കംപ്രസറിന്‍റെ കുഴപ്പം പിടിച്ച വെല്‍ഡിങ്ങും നിസംഗതയോടെ ജീവിതത്തെ കാണുന്ന ഒരു മഹാപ്രതിഭയുടെ മനസും ത്യാഗരാജ സ്വാമികളുടെ തത്വചിന്ത നിറഞ്ഞു നില്‍ക്കുന്ന കല്യാണി രാഗ കൃതിയും ഇങ്ങനെ മനോഹരമായി ഇഴചേര്‍ക്കാന്‍ പപ്പേട്ടനല്ലാതെ മറ്റാര്‍ക്കു കഴിയും? നിധിചാല സുഖമാ യില്‍
തനിക്കുമാത്രം കഴിയുന്ന അനിതരസാധാരണമായ ആഖ്യാനപാടവത്തിലൂടെ ടി. പത്മനാഭന്‍ എന്‍റെ മനസില്‍ വരച്ചത് അതിമനോഹരമായ ഒരു തഞ്ചാവൂര്‍ ചുവര്‍ചിത്രം തന്നെയാണ്. അവിടെ രാമനാഥന്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു; എന്നും എപ്പോഴും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കഥയുടെ ആദ്യ വായനയില്‍ തന്നെ ഞാന്‍ രാമനാഥന്‍റെ ആരാധകനായി മാറിയിരുന്നു. ആരെയും ഭയപ്പെടാതിരുന്ന, ആരുടെ മുന്നിലും ഓച്ഛാനിച്ചു നില്‍ക്കാതിരുന്ന, പറയേണ്ടത് എവിടെയും വെട്ടിത്തുറന്നു പറഞ്ഞിരിരുന്ന പരുക്കനായ രാനാഥന്‍. രാമനാഥനില്‍ ഞാന്‍ പലപ്പോഴും പപ്പേട്ടനെത്തന്നെ കണ്ടിട്ടുണ്ട്.
കഥ വായിക്കും മുന്‍പേ കേട്ടു പരിചയപ്പെട്ടതാണ് ‘‘നിധിചാല സുഖമാ’’ എന്ന കൃതിയെ. തന്നെ സ്തുതിച്ചു കീര്‍ത്തനമെഴുതണമെന്ന ആവശ്യവുമായി ത്യാഗരാജ സ്വാമികളുടെ അടുത്തേക്ക് സേവകരെ പറഞ്ഞയച്ച രാജാവിനു കിട്ടിയ ചുട്ട മറുപടിയാണത്രേ ആ ഗംഭീര കീര്‍ത്തനം.
തെലുങ്ക് ഭാഷയിലുള്ള കീര്‍ത്തനത്തിന്‍റെ സാരാംശം മനസിലാക്കിയപ്പോഴാണ് അതിന്‍റെ മാഹാത്മ്യം പൂര്‍ണ അര്‍ഥത്തില്‍ ഗ്രഹിക്കാനായത്. ത്യാഗരാജസ്വാമികള്‍ കൃതിയിലൂടെ ചോദിക്കുകയാണ്:
‘‘മനസേ.. ധനവും സമ്പത്തും വാരിക്കൂട്ടുക അല്ലെങ്കില്‍ ഭഗവാന്‍ ശ്രീരാമനെ സേവിക്കാന്‍ ഒരവസരം ലഭിക്കുക; ഇതില്‍ ഏതാണ് മെച്ചമായതെന്ന് തുറന്നു പറയൂ.
പാല്, നെയ്യ്, തൈര് എന്നിവ ഒരു ഭാഗത്തും ശ്രീരാമ ധ്യാനവും പൂജയുമാകുന്ന അമൃത് മറുഭാഗത്തും; ഏതാണ് വിശിഷ്ടമായത്?
പരിശുദ്ധ ഗംഗാ സ്നാനം പോലെ മോഹങ്ങളോട് ആത്മനിയന്ത്രണം പാലിക്കുന്നതോ ചേറും ദുര്‍ഗന്ധവുമുള്ള കിണര്‍ വെള്ളത്തില്‍  കുളിക്കും പോലെ സംസാര സുഖങ്ങളില്‍ മുഴുകി കഴിയുന്നതോ; ഏതാണ് സുഖം?
അഹങ്കാരം, വഞ്ചന എന്നിവയില്‍ മദിച്ചു ചീര്‍ത്ത മനുഷ്യര്‍ക്കു മുഖസ്തുതി പാടുന്നതോ അതോ ത്യാഗരാജനെ പോലുള്ളവര്‍ ചെയ്യുന്നതുപോലെ കരുണാമയനായ ഭഗവാനെ സ്തുതിച്ചു പാടുന്നതോ അഭികാമ്യം’’ എത്ര ഉദാത്തമായ ചിന്തകള്‍.
ഇതു തന്നെയല്ലേ തഞ്ചാവൂരുകാരനായ രാമനാഥന്‍റെ മനോഭാവവും. അപ്പോള്‍ ഞാനെങ്ങനെ പരുക്കനായ അയാളെയും അതേ പ്രകൃതക്കാരനായ അയാളുടെ കഥാകാരനെയും സ്നേഹിക്കാതിരിക്കും?
കമ്പനി നല്‍കിയ കനത്ത പ്രതിഫലം നിരസിച്ച രാമനാഥന്‍റെ അടുത്തുനിന്ന് നിരാശനായ കുമാര്‍ യാത്രപറയുമ്പോള്‍ കഥ അവസാനിക്കുന്നത് ഇങ്ങനെ: ‘‘അയാള്‍ക്ക് നിശ്ചയമില്ലാത്ത ഏതോ ഒരു കര്‍ണാടക രാഗത്തിന്‍റെ മധുരമായ അലകള്‍ രാമാഥന്‍റെ മുറിയില്‍ നിന്നു പുറത്തുവരുന്നുണ്ടായിരുന്നു.’’
എനിക്ക് ഉറപ്പാണ്. അത് കല്യാണി രാഗമാണ്. ചാപ്പ് താളം.
ഈ മുറിയിലും ഇപ്പോള്‍ ആ കീര്‍ത്തനം കേള്‍ക്കാം. തേച്ചുമിനുക്കിയെടുത്ത സുന്ദര ശബ്ദത്തില്‍ എനിക്കായി പാടുന്നത് മഹാരാജപുരം സന്താനം.

‘‘മമതാ ബന്ധന യുത നരസ്തുതി സുഖമാ?
സുമതി ത്യാഗരാജ നുതുനി കീര്‍ത്തന സുഖമാ? (നിധിചാല..)’’

ഓരോ തവണ ഇതു കേള്‍ക്കുമ്പോഴും രാമനാഥനോട് ഞാന്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്. എന്‍റെ മനസിലേക്ക് രാമനാഥനെ പറഞ്ഞുവിട്ട പ്രിയപ്പെട്ട പപ്പേട്ടനോട് ഞാനെങ്ങനെ നന്ദി പറയും?.

Sunday, October 23, 2011

മനസുണര്‍ത്തുന്ന മാന്ത്രിക സംഗീതം



തൃപ്പൂണിത്തുറ സംസ്കൃത കോളജ് ഓഡിറ്റോറിയം. കാത്തിരിക്കുന്ന സംഗീതാസ്വാദകരെ അക്ഷമരാക്കി സൗണ്ട് സിസ്റ്റത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയാണ് കദ്രി ഗോപാല്‍നാഥ്. ഓപ്പറേറ്ററുമായുള്ള തര്‍ക്കവും ഔട്ട്പുട്ട് ലെവല്‍ അഡ്ജസ്റ്റ്മെന്‍റും അനന്തമായി നീളുമ്പോള്‍ എന്‍റെ മനസ് കാലത്തിലൂടെ പിന്നിലേക്ക് പോകുകയായിരുന്നു.
മുപ്പതു വര്‍ഷം മുന്‍പ് ഒരു മധ്യവേനല്‍ അവധി. ഹരിപ്പാട് എട്ടാം ഉത്സവം. പ്രോഗ്രാം നോട്ടീസില്‍ വൈകിട്ട് ആറിന് സാക്സോഫോണ്‍ കച്ചേരി: കദ്രി ഗോപാല്‍നാഥ് ആന്‍ഡ് പാര്‍ട്ടി. സംഗീതത്തില്‍ നല്ല ജ്ഞാനം ഉണ്ടായിരുന്ന അച്ഛന്‍ പറഞ്ഞു ‘‘ഇതുകൊണ്ട് എങ്ങനെ കച്ചേരി വായിക്കും. എന്തായാലും ഒന്നു കേള്‍ക്കണം’’. അതിന് രണ്ടു വര്‍ഷം മുന്‍പ് അച്ഛന്‍ രക്തസമ്മര്‍ദം കൂടി സ്ട്രോക്കിന്‍റെ പടിവാതില്‍ വരെ പോയിരുന്നു. ഇക്കാരണത്താല്‍ കച്ചേരി കേള്‍ക്കാന്‍ എന്നെയും കൂട്ടി.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു പുറത്തെ ആനക്കൊട്ടിലിനു സമീപമുള്ള പഴയ ഓപ്പണ്‍ സ്റ്റേജില്‍ കച്ചേരി തുടങ്ങുമ്പോള്‍ മുന്നില്‍ വളരെ കുറച്ച് കേഴ്‍വിക്കാര്‍ മാത്രം. വര്‍ണം ആയിരുന്നിരിക്കണം ആദ്യം. പക്ഷേ കേട്ട നാദം അനുപമമായിരുന്നു. കദ്രി ഗോപാല്‍നാഥ് എന്ന യുവസംഗീതജ്ഞന്‍റെ മാസ്മരിക പ്രകടനത്തില്‍ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്ത അന്നത്തെ 12 വയസുകാരന്‍ അന്തം വിട്ടിരുന്നു. തൊട്ടടുത്ത് ആ നാദധാരയില്‍ പൂര്‍ണമായി ലയിച്ചിരിക്കുകയായിരുന്നു അച്ഛന്‍.
രണ്ടാമത്തെ കീര്‍ത്തനത്തിന്‍റെ നിരവല്‍ ആയപ്പോഴേക്കും ജനം സ്റ്റേജിനു മുന്നിലേക്ക് ഒഴുകി എത്തുകയായി. ഉജ്വല സംഗീത പാരമ്പര്യമുള്ള ക്ഷേത്ര നഗരിയാണ് ഹരിപ്പാട്. നല്ല സംഗീത്തെ ഉള്ളുതുറന്ന് പ്രോത്സാഹിപ്പിക്കുന്നവരാണ് അവിടത്തെ ആസ്വാദകര്‍.
അന്നത്തെ ഒരു കീര്‍ത്തനം ഇന്നും ഓര്‍ക്കുന്നു. സ്വാതി തിരുനാള്‍ കൃതിയായ സ്മര സദാ മാനസ ബാലഗോപാലം അച്ഛന്‍ പറഞ്ഞു തന്നു ‘‘നിന്‍റെ പേരുള്ള രാഗമാ; ബിലഹരി’’ അതോടെ എനിക്കത് വലിയ ഇഷ്ടമായി. അതായിരുന്നെന്നു തോന്നുന്നു മുഖ്യ ഇനമായി വായിച്ചത്. എന്തായിലും മംഗളം വായിച്ച് സദസിനെ തൊഴുത് കദ്രി വിടവാങ്ങുമ്പോള്‍ എഴുനേറ്റു നിന്ന് കരഘോഷം മുഴക്കിയാണ് ആസ്വാദകര്‍ ആ പ്രതിഭയെ നമിച്ചത്.
വര്‍ഷങ്ങള്‍ പിന്നീട് ഏറെ കടന്നുപോയി. അച്ഛന്‍ ലോകം വിട്ടുപോയി. മകന്‍ പത്രപ്രവര്‍ത്തകനായി. ഇതിനിടെ എത്രയെത്രവേദികളില്‍ കദ്രിയുടെ സംഗീതം കേട്ടു. കണ്ണൂരില്‍, കാഞ്ഞങ്ങാട്ട്, കോഴിക്കോട്ട്, തിരുവനന്തപുരത്ത്....1997-ല്‍ കോട്ടയം തിരുനക്കരയില്‍ കച്ചേരിക്കു വരുമ്പോഴാണ് കദ്രിയുടെ ഒരഭിമുഖം മനോരമയുടെ ഞായറാഴ്ചപ്പതിപ്പിനു വേണ്ടി തയാറാക്കിയത്. അപ്പോഴേക്കും കദ്രി ഗോപാല്‍നാഥ് കീഴടക്കാത്ത സംഗീത കൊടുമുടികള്‍ ഇല്ലായിരുന്നു.
കച്ചേരി ദിവസം രാവിലെ അഞ്ജലി ഹോട്ടലിലേക്ക് ഫോണ്‍ ചെയ്താണ് അഭിമുഖം ചോദിച്ചത്. തിരിച്ചൊരു ചോദ്യം ‘‘എന്‍റെ കച്ചേരി എന്തെങ്കിലും കേട്ടിട്ടിട്ടുണ്ടോ?’’ 15 വര്‍ഷമായി കേള്‍ക്കുന്നു എന്നു പറഞ്ഞപ്പോള്‍ അല്‍പ്പം വിശ്വാസക്കുറവ് പോലെ. ഹരിപ്പാട്ടെ പഴയ കച്ചേരിയുടെ കഥ പറഞ്ഞപ്പോള്‍ വലിയസന്തോഷമായി. ഉടനേ ഹോട്ടലിലേക്കു ചെല്ലാനായിരുന്നു പറഞ്ഞത്. അന്തരിച്ച ഫോട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജും ഞാനും കൂടി ഹോട്ടലിലേക്ക്.
കണ്ടപാടെ പറഞ്ഞത് ഹരിപ്പാട്ടെ കച്ചേരിയെക്കുറിച്ച്. പത്രങ്ങള്‍ ലേഖനമൊന്നും കൊടുക്കാത്ത അക്കാലത്ത് അത്തരം കച്ചേരികള്‍ കേട്ട ജനം തമ്മില്‍ പറഞ്ഞാണ് തന്നെപ്പോലുള്ളവര്‍ പേരെടുത്തതെന്ന് സമ്മതിച്ച് ഒരു ദീര്‍ഘ സംഭാഷണത്തിലേക്കും സാക്സോഫോണ്‍ സോദാഹരണ പ്രഭാഷണത്തിലേക്കും കടക്കുകയായിരുന്നു കദ്രി.
മംഗലാപുരത്തിനടുത്ത് കദ്രിയെന്ന ഗ്രാമത്തില്‍ നിന്ന് മൈസൂര്‍ കൊട്ടാരത്തില്‍ വിനോദയാത്ര പോയ പയ്യന്‍ പാലസ് ബാന്‍ഡിലെ സക്സോഫോണ്‍ കണ്ട് ആകൃഷ്ടനായതും പിന്നെ ആരാധകനായതും ഒടുവില്‍ വിശിപിടിച്ച് ഹൈദരാബാദിലെ വാസന്‍ ആന്‍ഡ് കമ്പനിയില്‍ നിന്ന് ഒരുപകരണം വരുത്തി പഠിച്ചതും..... അങ്ങനെയങ്ങനെ കര്‍ണാടക സംഗീതത്തില്‍ പുതിയൊരു ഇതിഹാസം പിറന്നതും ഞങ്ങള്‍ ആസ്വദിച്ചറിഞ്ഞു. മേമ്പൊടിയായി തമാശകള്‍, രസികന്‍ അനുഭവങ്ങള്‍, ചില്ലറ മിമിക്രി..... നേരം പോയത് അറിഞ്ഞതേയില്ല.
ഇതിനിടയില്‍ ഊണ്. പിന്നെയും സംഭാഷണം. വിക്ടറിന്‍റെ ക്യാമറയ്ക്ക് വിശ്രമമേ ഇല്ലായിരുന്നു. ഫോട്ടോഗ്രഫറുടെ ആവശ്യത്തിനനുസരിച്ച് പോസ് ചെയ്യാന്‍ സംഗീതജ്ഞനും റെഡി. അഭിമുഖം അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുമ്പോള്‍ മണി നാല് കഴിഞ്ഞിരുന്നു. ആറു മണിക്ക് കച്ചേരി. ആ വേദിയില്‍ നിന്നു വിക്ടര്‍ കുറേ ചിത്രങ്ങള്‍ കൂടി എടുത്തു. തുടര്‍ന്ന് രണ്ടാമത്തെ ഞായറാഴ്ച അത് കവര്‍ സ്റ്റോറിയായി. കഥാകൃത്ത് ബി. മുരളി മനോഹരമായ തലക്കെട്ടിട്ടു; കാലാതീതം കദ്രിയുടെ സംഗീതം.
പത്രത്തിന്‍റെ ക്ലിപ്പിങ്ങും ഇംഗ്ലീഷ് പരിഭാഷയും വിക്ടര്‍ എടുത്ത ചിത്രങ്ങളുടെ ഒരു സെറ്റും കദ്രിയുടെ ചെന്നൈ ക്യാംപിലേക്ക് അയച്ചുകൊടുത്തു. അതു കൈപ്പറ്റിയതിന് അടുത്ത ദിവസം കോട്ടയം ഓഫിസിലേക്കു വിളിച്ച് അദ്ദേഹം നന്ദി അറിയിച്ചു. അന്ന് താഴത്തങ്ങാടിയിലെ ഞങ്ങളുടെ സങ്കേതത്തിലിരുന്ന് വിക്ടര്‍ പറഞ്ഞു ‘‘ഉഗ്രന്‍ കക്ഷി. നമ്മടെ നാട്ടിലെ ലോക്കല്‍ ഊത്തുകാരൊക്കെ ഇങ്ങേരെ കണ്ടു പഠിക്കണം.’’
വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോഗ്രഫറുടെ ചിത്രങ്ങള്‍ പിന്നീട് ഏറെക്കാലം കദ്രിയുടെ ബ്രോഷറുകളെ അലങ്കരിച്ചു.
പിന്നീടും പല പല വേദികളില്‍ കണ്ടു പരിചയം പുതുക്കി. അപ്പോഴെല്ലാം ‘‘വെയര്‍ ഈസ് ഔവര്‍ ഫന്‍റാസ്റ്റിക് ലെന്‍സ്മാന്‍! ഹൗ ഈസ് ഹി’’ എന്ന ചോദ്യം ആവര്‍ത്തിച്ചു.
എറണാകുളത്ത് ആറു വര്‍ഷം മുന്‍പ് ഒരു കച്ചേരിക്കു വന്നപ്പോഴും ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. അതിനു മൂന്നു വര്‍ഷം മുന്‍പ് വെണ്ണിയാനിയിലെ ഉരുള്‍ പൊട്ടല്‍ വികിടറിനെ കൊണ്ടുപോയ വിവരം ഞാന്‍ പറഞ്ഞു. എന്‍റെ കയ്യില്‍ പിടിച്ച് കുറച്ചു സമയം നിശബ്ദനായി നിന്നു. ‘‘സ്വാമീ’’ എന്നു മാത്രം പറഞ്ഞു. പിന്നെ കൈവിട്ട് മുന്നോട്ടു നീങ്ങി. എന്തോ ഓര്‍ത്തപോലെ ഒന്നു നിന്നു. എന്‍റെ അടുത്തേക്കു വീണ്ടും വന്നിട്ടു പറഞ്ഞു. ‘‘ഐ വില്‍ പ്ലേ സംതിങ് ഫോര്‍ ഹിം ടുനൈറ്റ്.’’ ഒന്നു നിര്‍ത്തിയിട്ട് ചോദിച്ചു. ‘‘വാട്ട് ഡു യു തിങ്ക്?’’ എനിക്കൊന്നും പറയാനില്ലായിരുന്നു. ഒന്നോരണ്ടോ നിമിഷങ്ങള്‍ ‘‘ഓകെ. സാരമതി വില്‍ ഡു. മോക്ഷമു ഗലദാ.. ഓള്‍ റൈറ്റ്?’’ ഞാന്‍ തലയാട്ടിയതേയുള്ളൂ. കദ്രി വേദിയിലേക്കും ഞാന്‍ സദസിലേക്കും മടങ്ങി.
കച്ചേരിയില്‍ മൂന്നാമത്തെ ഇനം ദീക്ഷിതരുടെ കൃതിയായ അഖിലാണ്ഡേശ്വരി... ആയിരുന്നു. ദ്വിജാവന്തി രാഗത്തിലെ ഈ മനോഹരകൃതി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. എന്‍റെ പ്രാണന്‍ ദേഹം വിട്ടു പോകുന്ന വേളയില്‍ കേള്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്ന മൂന്നു കൃതികളില്‍ ഒന്ന്. എങ്കിലും എനിക്കതു പൂര്‍ണമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ മനസ് സാരമതി എന്ന സ്രണാഞ്ജലിക്കായി കാത്തിരിക്കുകയായിരുന്നു.
തൊട്ടു പിന്നാലെ അതു വന്നു. ശോകം നിറഞ്ഞു നില്‍ക്കുന്ന സുദീര്‍ഘമായ രാഗാലാപനം. തുടര്‍ന്ന് ഇന്നോളം കേട്ടിട്ടില്ലാത്ത ഒരു സംഗീതാനുഭവമായി ത്യാഗരാജ സ്വാമികളുടെ മോക്ഷമു ഗലദാ.. എന്‍റെ മനസു നിറഞ്ഞതും കണ്ണുകള്‍ നിറഞ്ഞൊഴുകിയതുമൊന്നും ഞാന്‍ അറിഞ്ഞേയില്ല.
ഞാനപ്പോള്‍ മൂന്നാറിലെ വാഗുവരൈ മലയില്‍ നിന്ന് ഒരു തണുത്ത സായാഹ്നത്തില്‍ താഴേക്ക് ഇറങ്ങുകയായിരുന്നു.  മുന്നില്‍ ക്യാമറയും തോളിലിട്ട് ശ്രദ്ധാപൂര്‍വം ഓരോ ചുവടും വച്ച് തമാശ പറഞ്ഞ് തല അല്‍പം ചരിച്ച് ഒരു കുസൃതിച്ചിരിയുമായി ഒരാള്‍ മലയിറങ്ങുന്നുണ്ടായിരുന്നു.
സ്ഥലകാല ബോധത്തിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് സാക്സോഫോണ്‍ മൃദു നാദം തന്നെ. മറ്റൊരു ക്ഷേത്ര, സംഗീത നഗരിയായ തൃപ്പൂണിത്തുറയിലെ വേദിയില്‍ മുരളീധരനും ഹരികുമാറും മാഞ്ഞൂര്‍ ഉണ്ണികൃഷ്ണനും ബാംഗ്ലൂര്‍ രാജശേഖരനുമെല്ലാം തയാറായിക്കഴിഞ്ഞു. കദ്രി ഗോപാല്‍നാഥ് മറ്റൊരു കച്ചേരിയിലേക്കു കടക്കുകയാണ്. വെള്ളിത്തിളക്കമുള്ള സാക്സോഫോണില്‍ നിന്നു സുവര്‍ണ നാദവീചികള്‍ ഇതാ വരികയായി.

Sunday, July 17, 2011

അമ്മ, കര്‍ക്കടകം, ജന്മമാസം, രാമായണം, മഴ പിന്നെ കുറേ കണ്ണീര്‍കണങ്ങളും



അമ്മ, കര്‍ക്കടകം, ജന്മമാസം, രാമായണം,
മഴ പിന്നെ കുറേ കണ്ണീര്‍കണങ്ങളും

ര്‍ക്കടകം എനിക്കു ജന്മമാസം. കുട്ടനാട്ടിലെ കാരിച്ചാലില്‍   വെള്ളം പൊങ്ങി നിന്ന ഒരു കള്ളക്കര്‍ക്കടകത്തിലെ പെരുമഴയ്ക്കിടെ തിരുവോണനാളില്‍ രാവിലെ ആറേകാലിന് ഞാന്‍ ലോകം കണ്ടു കരഞ്ഞു എന്ന് പറഞ്ഞു തന്നത് സാവിത്രിയമ്മയാണ്; എന്‍റെ അമ്മ. കര്‍ക്കടകവുമായുള്ള ജന്മ ബന്ധം തുടങ്ങിയിട്ട് കൊല്ലം 41.
നാടൊട്ടുക്ക് രാമയണമാസം ഒരു പ്രത്യേക സീസണാകുന്നതിനു വളരെ മുന്പുതന്നെ കര്‍ക്കടകത്തില്‍ രാമായണം കേട്ടു വളരാന്‍ എന്‍റെ ബാല്യത്തിനു ഭാഗ്യം ഉണ്ടായി. തന്‍റേതായ ഒരു ഈണത്തിലും താളത്തിലും അതി മനോഹരമായ ശബ്ദത്തിലും അമ്മ രാമായണം വായിക്കുന്നത് ഓര്‍മകളില്‍ ഇന്നും കേള്‍ക്കുന്നു....

വന്ദിച്ചു നില്‍ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണര്‍ന്നീടിനാള്‍
എന്തെന്മകനേ! മുഖാംബുജം വാടുവാന്‍
ബന്ധമുണ്ടായതു പാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിനാശു നീ-
യെന്നു മാതാവു പറഞ്ഞോരനന്തരം
വന്ന ശോകത്തെയടക്കി രഘുവരന്‍
തന്നുടെ മാതവിനോടരളിച്ചെയ്തു:

കൈകേയിയുടെ കുതന്ത്രത്തിന് ഇരയായി രാജ്യം നഷ്ടപ്പെട്ടു വനവാസത്തിനു പോകുന്ന ശ്രീരാമന്‍ യാത്രചോദിക്കാന്‍ മാതാവ് കൗസല്യയെ കാണാനെത്തുന്ന രംഗം. ആത്മസംഘര്‍ഷം നിറഞ്ഞ ഈ കഥാ ഗതിയിലൂടെ വായന നീളുമ്പോള്‍ എന്‍റെ അമ്മയുടെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ ധാരധാരയായി ഒഴുകുമായിരുന്നു. പക്ഷേ അപ്പോഴും അവരുടെ കണ്ഠം ഇടറുമായിരുന്നില്ല. ആ പുരാണ പ്രവാഹം അനര്‍ഗളമായി തുടര്‍ന്നു.
അന്നൊന്നും അമ്മയുടെ ആ കണ്ണീരിന്‍റെ അര്‍ഥം അറിയില്ലായിരുന്നു. നാളെ രാജാവാകാന്‍ പോകുന്ന മകന്‍ കാണാനെത്തുമ്പോള്‍ പോലും മടിയില്‍ പിടിച്ചിരുത്തി ‘‘എന്താ മുഖം വാടിയിരിക്കുന്നത്, നീയൊന്നും കഴിച്ചില്ലേ? വാ..മോനേ വന്നു വല്ലതും കഴിക്ക്’’ എന്നു പറയാന്‍ ഒരമ്മയ്ക്കു മാത്രമേ കഴിയൂ എന്നു മനസിലാക്കാന്‍ പിന്നെയും കാലം കുറേ വേണ്ടി വന്നു.
ഓരോ കര്‍ക്കടകത്തിലും അമ്മ ഓര്‍മിപ്പിക്കുമായിരുന്നു. ‘‘ജന്മമാസമാണ്; വഴിപാടൊക്കെ ഞാന്‍ കഴിച്ചോളാം, പക്ഷേ നീയൊന്ന് അമ്പലത്തില്‍ വരെ പോ..’’ എന്ന്. ഈശ്വര വിശ്വാസം ഉണ്ടെങ്കിലും ക്ഷേത്രദര്‍ശനം നടത്താത്ത കൊച്ചുമോനെ ഓര്‍ത്ത് അമ്മ വീണ്ടും കണ്ണീരൊഴുക്കിയിട്ടുണ്ടാകാം. എങ്കിലും ജന്മമാസവും പിറനാളും ഓര്‍മിപ്പിക്കുന്ന പതിവ് അമ്മ തുടര്‍ന്നു കൊണ്ടേയിരുന്നു; കഴിഞ്ഞ വര്‍ഷം ജൂണില്‍ അമ്മ എന്നെവിട്ടു പോകുന്നതിന് മുമ്പുള്ള പിറനാള്‍ വരെ. (ഞാന്‍ ജനിക്കുന്നത് അമ്മയുടെ നാല്‍പ്പത്തിരണ്ടാം വയസിലാണ്. അതും പത്തു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം അവസാന സന്തതിയായി. വീട്ടിലെ ചെറിയകുട്ടി എന്ന നിലയില്‍ വീണതാണ് കൊച്ചുമോന്‍ എന്ന വിളിപ്പേര്. എന്നെക്കുറിച്ച് അമ്മ എന്നും അകാരണമായി ആശങ്കപ്പെട്ടിരുന്നു. ആ അമ്മയ്ക്ക് ആശങ്കകളില്ലാത്ത, ഏറക്കുറേ സമാധാനം നിറഞ്ഞ ഒരു വാര്‍ധക്യം കൊടുത്തു എന്നതുമാത്രമാണ് മകന്‍റെ ജീവിതത്തിലെ ഏക സംതൃപ്തി)
എന്‍റെ കുഞ്ഞു നാളില്‍ അമ്മയെ ആസ്ത്മ രോഗം വല്ലാതെ അലട്ടിയിരുന്നു. മഴക്കാല രാത്രികളില്‍ രോഗം കലശലാകും. ശ്വാസം കിട്ടാതെ അമ്മ പ്രയാസപ്പെടുന്നത് കാണുമ്പോള്‍ ഒരഞ്ചുവയസുകാരന്‍ മകന്‍ വിങ്ങിവിങ്ങി കരഞ്ഞ് ഉറങ്ങിപ്പോകുമായിരുന്നത്രേ. എന്നോ മയങ്ങിപ്പോയ ഈ സ്മരണയെ പിന്നീടെന്നോ ഉണര്‍ത്തിയതു ചേച്ചിമാരായ ജയശ്രിയും ശോഭനയും.
രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. പിറ്റേന്ന് എന്‍റെ പിറനാളാണ്. തലേന്നു രാത്രിയില്‍ അമ്മയ്ക്ക് കടുത്ത ആസ്ത്മ. ശ്വാസം കിട്ടാതെ പിടയുന്ന അമ്മ. പായസമില്ലാത്ത പിറനാള്‍....?  എന്‍റെ സങ്കടം ഏറെയായിരുന്നു. പക്ഷേ നേരം പുലര്‍ന്നപ്പോള്‍ പിറനാളുണ്ണിയെ വിളിച്ചുണര്‍ത്തിയത് അമ്മതന്നെയായിരുന്നു. അന്ന് ഉച്ചയൂണിനു ശേഷം അമ്മയുടെ അടുത്ത് പോയി ഞാനൊരു രഹസ്യം പറഞ്ഞു. ‘‘അമ്മയ്ക്ക് എത്ര ശ്വാസം കിട്ടിയില്ലേലും അമ്മ മരിച്ചേക്കല്ലേ.. പിന്നെനിക്ക് ആരും ഉണ്ടാകില്ല’’ ഇതു പറഞ്ഞു തീര്‍ന്നതും ഞാന്‍ കരഞ്ഞുപോയി. എന്താണ് ഒരേഴുവയസുകരനെ കൊണ്ട് അന്ന് അതു പറയിച്ചതെന്ന് ഇന്നും എനിക്ക് അറിയില്ല. ‘‘ഇല്ല മക്കളേ’’  എന്നു പറഞ്ഞ് അമ്മ എന്‍റെ നെറ്റിയില്‍ ഒരുപാട് ഉമ്മവച്ചു. എന്‍റെ നെറ്റിയും മുഖവുമെല്ലാം അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്നിരുന്നു.
രണ്ടു മൂന്നു വര്‍ഷം മുന്‍പ് അമ്മ ഈ സംഭവം ഓര്‍ത്തു പറഞ്ഞപ്പോള്‍ അത് മറന്നിരുന്ന ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ചിരിയൊന്നടങ്ങി ഞാന്‍ നോക്കുമ്പോള്‍ അമ്മ കരയുകയാണ്. അമ്മ അങ്ങനെ ആയിരുന്നു; സങ്കടം വന്നാലും സന്തോഷം വന്നാലും കരയും. സന്തോഷമാണെങ്കില്‍ ആദ്യം ഒന്നു ചിരിക്കും എന്നിട്ടേ കണ്ണീരു വരൂ.
 ജന്മമാസമായതിനാല്‍ കര്‍ക്കടകത്തില്‍ മുടിവെട്ടിക്കാന്‍ ബാല്യകാലത്ത് അനുവാദം ഉണ്ടായിരുന്നില്ല. ഒന്നുകില്‍ മിഥുനമാസത്തില്‍ വെട്ടിച്ചോണം അല്ലെങ്കില്‍ ചിങ്ങം പിറന്നിട്ട്. പത്താം ക്ലാസ് വരെയൊക്കെ അമ്മ ഈ ചിട്ട കര്‍ശനമായിത്തന്നെ നടപ്പാക്കിയിരുന്നു. പിന്നീടെല്ലാം തോന്നുംപടിയായി. കര്‍ക്കടകത്തിലെ സസ്യാഹാര ശൈലിയൊക്കെ എന്നോ കൈവിട്ടു.
ജോലി കിട്ടിയശേഷം അമ്മയ്ക്ക് ആദ്യം വാങ്ങി നല്‍കിയത് ഒരു രാമായണം ആയിരുന്നു. 1993 ഓഗസ്റ്റില്‍ ട്രെയിനിങ് കാലത്തെ ആദ്യ സ്റ്റൈപ്പന്‍ഡില്‍ നിന്ന്. പൊതുവേ സമ്മാനങ്ങളോട് അനിഷ്ടം പ്രകടിപ്പിക്കാറുള്ള അമ്മ പക്ഷേ വലിയ സന്തോഷത്തോടെയാണത് സ്വീകരിച്ചത്.
ജീവിതത്തിലെ ഏറ്റും സംഘര്‍ഷ നിര്‍ഭരമായ ഒരവസ്ഥയിലൂടെ കടന്നുപോകുന്നകാലത്താണ് 1995 ലെ പിറന്നാള്‍. അത് അമ്മയ്ക്കൊപ്പം ആകാമെന്നു തീരുമാനിച്ചു. അന്നു വൈകിട്ടത്തെ ട്രെയിനിന് കണ്ണൂരിലേക്കു മടങ്ങുന്ന വിധമാണ് യാത്ര. വീട്ടില്‍ അമ്മ എന്‍റെ പേരില്‍ ഗണപതിഹോമം നടത്തിയിരുന്നു. പൂജ നടത്താന്‍ വന്ന കുടുംബസുഹൃത്തായ ബ്രാഹ്മണനാണ് അന്നേദിവസം പിറനാളുകാരന്‍ ദീര്‍ഘയാത്ര നടത്തുന്നത് വളരെ ദോഷകരമാണെന്ന് അമ്മയോട് പറഞ്ഞത്. പാവം വല്ലാതെ ഭയന്നു പോയി. എനിക്കു തിരിച്ചുപോകാതെ തരവും ഇല്ലായിരുന്നു.   
വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അന്നാദ്യമായി അമ്മ പറഞ്ഞു ‘‘വളരെ സൂക്ഷിക്കണേ മക്കളേ’’ അമ്മ കരയുകയായിരിക്കും എന്ന് ഉറപ്പായതിനാല്‍ മുഖത്തേക്കു നോക്കിയില്ല. ആ തോളിലൊന്നു തൊട്ട് ഞാനിറങ്ങി. മലബാര്‍ എക്സ്പ്രസ് കണ്ണൂരില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ വീട്ടിലേക്കു വിളിച്ചു. സെക്കന്‍ഡ് റിങിനു മുന്‍പേ പോണെടുത്ത അമ്മയുടെ ചോദ്യം ‘‘എത്തിയോ മക്കളേ’’ എന്ന്. അടുത്ത അവധിക്ക് ചെന്നപ്പോള്‍ അമ്മൂമ്മയാണ് പറഞ്ഞത്. ‘‘മോന്‍ രാവിലെ വിളിക്കും വരെ നിന്‍റമ്മ ഉറങ്ങിയിട്ടില്ല, ഒരുപാട് ഇരുട്ടും വരെ രാമായണം വായിച്ച് ഇരിക്കുകയായിരുന്നു. ഞാനും ഉറങ്ങിയില്ല മക്കളേ, എന്‍റെ മോള് ആധിപിടിച്ചിരിക്കുമ്പോള്‍ എനിക്കെങ്ങനെ ഉറക്കംവരും’’ അമ്മമാരുടെ മനസിനെ അളക്കാന്‍ നമ്മുടെ പഠിപ്പും ലോകപരിചയവും ഒന്നും ഒരിക്കലും മതിയാകില്ലെന്ന് അന്നു മനസിലായി.
രണ്ടു വര്‍ഷം മുന്‍പാണ് അമ്മയുമൊത്തുള്ള അവസാനത്തെ പിറനാള്‍. അവശത ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഉണ്ണുമ്പോള്‍ അടുത്തു വന്നിരുന്നു. ഗ്ലോക്കോമ കണ്ണിനെ ബാധിച്ചിരുന്നതിനാല്‍ ഒന്നോ രണ്ടോ വര്‍ഷം മുന്‍പേ അമ്മ രാമായണം വായന അവസാനിപ്പിച്ചിരുന്നു. കുഞ്ഞമ്മ വായിക്കുന്നത് അടുത്തിരുന്ന് കേള്‍ക്കും. എറണാകുളത്തേക്കു മടങ്ങും മുന്‍പ് അമ്മപറഞ്ഞു. ‘‘മോനൊന്നു ശബരിമലയില്‍ പോകണം.’’ മുന്‍പും പലതവണ ഇത് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ശബരിമല തീര്‍ഥാടനത്തോട് മനസിനു പൊരുത്തമില്ലാത്തതു കൊണ്ട് പോക്കു മാത്രം നടന്നില്ല. ഇത്തവണ കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ചിങ്ങം ഒന്ന് വളരെ അടുത്തായിരുന്നതിനാല്‍ തൊട്ടടുത്തമാസത്തേക്ക് ഞാന്‍ മാലയിട്ടു. അങ്ങനെ അക്കൊല്ലം കന്നി നാലിന് അമ്മയ്ക്കുവേണ്ടി ഞാന്‍ കന്നിമല ചവിട്ടി. ധര്‍ശാസ്താവിനോട് പ്രാര്‍ഥിച്ചത് ഒന്നു മാത്രം: അമ്മയെ കഷ്ടപ്പെടുത്തരുതേ എന്ന്.
തിരിച്ചിറങ്ങുമ്പോള്‍ അപ്പാച്ചിമേടിന് താഴെ അല്‍പം വിശ്രമിക്കാനിരുന്നപ്പോഴാണ് അടുത്ത് വളരെ പ്രായം ചെന്ന ഒരമ്മയെ കണ്ടത്. എന്നില്‍ നിന്ന് അവരെന്തോ പ്രതീക്ഷിക്കുന്നെന്നു തോന്നി. പോക്കറ്റില്‍ നിന്ന് കിട്ടിയ നോട്ടെടുത്തു കൊടുത്തു. അവരൊരു പുസ്തകം എനിക്കു നീട്ടി. ‘‘സ്വാമി ഇതൊന്നു തുറന്നു തന്നാട്ടെ’’ എന്നു പറഞ്ഞു. ഫലശ്രുതിയാണ്. ഒന്നു മടിച്ചെങ്കിലും ഞാനാ പുസ്തകം തുറന്നു. അവസാന ഭാഗമാണ് ഞാനെടുത്തു കൊടുത്ത്. പേജുകളും വരികളും അക്ഷരങ്ങളും തള്ളി അവര്‍ വായിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ നടുങ്ങി: അത് സീതാവിലാപമായിരുന്നു.

........ വെടിഞ്ഞായോ മാം വൃഥാ ബലാല്‍
നീയെന്നെയുപേക്ഷിച്ചതെന്തുകാരണം നാഥാ!
ഞാന്‍മുന്നമനേകം മാനുഷരെദ്ദുഖിപ്പിച്ചു
കാമ്യദാരങ്ങളോടു വേര്‍പെടുത്തതിന്‍ഫലം
ഞാനിപ്പോളനുഭവിച്ചീടുന്ന,തിനിമേലില്‍
ദീനത്വമെത്രകാലം ഭുജിച്ചീടുകവേണം?
സന്തതം മുനികളും താപസപത്നിമാരു-
മെന്തിനു വെടിഞ്ഞിതു രാഘവന്‍നിന്നെയെന്നു
സന്തതം ചോദിച്ചാല്‍ഞാനെന്തവരോടു ചൊല്ലും?

തലയുയര്‍ത്തി അവര്‍ ഫലം പറയാന്‍ ആരംഭിച്ചപ്പോഴേക്കും തലതാഴ്ത്തി കെട്ടും തോളിലേറ്റി ഞാന്‍ മലയിറങ്ങി തുടങ്ങിയിരുന്നു.
അമ്മ പോയിട്ട് ഒരു കര്‍ക്കടകം നിശബ്ദം കടന്നു പോയി. വീണ്ടും ഇതാ ഒരു രാമായണ മാസം. അമര്‍ന്നു ചെയ്യുന്ന മഴയ്ക്കുപോലും ഒഴുക്കിക്കളയാനാകാതെ ഒരു ഫലശ്രുതി എന്‍റെ നെഞ്ചിലിരുന്നു വിങ്ങുകയാണല്ലോ എന്‍റെ രാമാ. ഇതില്‍ നിന്നെല്ലാം മോചനമേകി എന്നാണെനിക്കൊരു മഹാപ്രസ്ഥാനം?
എട്ടു വയസില്‍ അച്ഛന്‍ ഉരുവിട്ടു തന്നനാള്‍ തൊട്ട് നിന്‍റെ നാമമാണ് എന്‍റെ ബലം. ഒരിക്കല്‍ക്കൂടി ഞാന്‍ അങ്ങോട്ട് ആശ്രയിച്ചു കൊള്ളട്ടെ:

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ


*******