അമ്മ, കര്‍ക്കടകം, ജന്മമാസം, രാമായണം,
മഴ പിന്നെ കുറേ കണ്ണീര്‍കണങ്ങളും
കര്‍ക്കടകം എനിക്കു ജന്മമാസം. കുട്ടനാട്ടിലെ കാരിച്ചാലില്‍ വെള്ളം പൊങ്ങി നിന്ന ഒരു കള്ളക്കര്‍ക്കടകത്തിലെ പെരുമഴയ്ക്കിടെ തിരുവോണനാളില്‍ രാവിലെ ആറേകാലിന് ഞാന്‍ ലോകം കണ്ടു കരഞ്ഞു എന്ന് പറഞ്ഞു തന്നത് സാവിത്രിയമ്മയാണ്; എന്‍റെ അമ്മ. കര്‍ക്കടകവുമായുള്ള ജന്മ ബന്ധം തുടങ്ങിയിട്ട് കൊല്ലം 41.
നാടൊട്ടുക്ക് രാമയണമാസം ഒരു പ്രത്യേക സീസണാകുന്നതിനു വളരെ മുന്പുതന്നെ കര്‍ക്കടകത്തില്‍ രാമായണം കേട്ടു വളരാന്‍ എന്‍റെ ബാല്യത്തിനു ഭാഗ്യം ഉണ്ടായി. തന്‍റേതായ ഒരു ഈണത്തിലും താളത്തിലും അതി മനോഹരമായ ശബ്ദത്തിലും അമ്മ രാമായണം വായിക്കുന്നത് ഓര്‍മകളില്‍ ഇന്നും കേള്‍ക്കുന്നു....
വന്ദിച്ചു നില്‍ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണര്‍ന്നീടിനാള്‍
‘എന്തെന്മകനേ! മുഖാംബുജം വാടുവാന്‍
ബന്ധമുണ്ടായതു പാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിനാശു നീ’-
യെന്നു മാതാവു പറഞ്ഞോരനന്തരം
വന്ന ശോകത്തെയടക്കി രഘുവരന്‍
തന്നുടെ മാതവിനോടരളിച്ചെയ്തു:
കൈകേയിയുടെ കുതന്ത്രത്തിന് ഇരയായി രാജ്യം നഷ്ടപ്പെട്ടു വനവാസത്തിനു പോകുന്ന ശ്രീരാമന്‍ യാത്രചോദിക്കാന്‍ മാതാവ് കൗസല്യയെ കാണാനെത്തുന്ന രംഗം. ആത്മസംഘര്‍ഷം നിറഞ്ഞ ഈ കഥാ ഗതിയിലൂടെ വായന നീളുമ്പോള്‍ എന്‍റെ അമ്മയുടെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ ധാരധാരയായി ഒഴുകുമായിരുന്നു. പക്ഷേ അപ്പോഴും അവരുടെ കണ്ഠം ഇടറുമായിരുന്നില്ല. ആ പുരാണ പ്രവാഹം അനര്‍ഗളമായി തുടര്‍ന്നു.
അന്നൊന്നും അമ്മയുടെ ആ കണ്ണീരിന്‍റെ അര്‍ഥം അറിയില്ലായിരുന്നു. നാളെ രാജാവാകാന്‍ പോകുന്ന മകന്‍ കാണാനെത്തുമ്പോള്‍ പോലും മടിയില്‍ പിടിച്ചിരുത്തി ‘‘എന്താ മുഖം വാടിയിരിക്കുന്നത്, നീയൊന്നും കഴിച്ചില്ലേ? വാ..മോനേ വന്നു വല്ലതും കഴിക്ക്’’ എന്നു പറയാന്‍ ഒരമ്മയ്ക്കു മാത്രമേ കഴിയൂ എന്നു മനസിലാക്കാന്‍ പിന്നെയും കാലം കുറേ വേണ്ടി വന്നു.
ഓരോ കര്‍ക്കടകത്തിലും അമ്മ ഓര്‍മിപ്പിക്കുമായിരുന്നു. ‘‘ജന്മമാസമാണ്; വഴിപാടൊക്കെ ഞാന്‍ കഴിച്ചോളാം, പക്ഷേ നീയൊന്ന് അമ്പലത്തില്‍ വരെ പോ..’’ എന്ന്. ഈശ്വര വിശ്വാസം ഉണ്ടെങ്കിലും ക്ഷേത്രദര്‍ശനം നടത്താത്ത കൊച്ചുമോനെ ഓര്‍ത്ത് അമ്മ വീണ്ടും കണ്ണീരൊഴുക്കിയിട്ടുണ്ടാകാം. എങ്കിലും ജന്മമാസവും പിറനാളും ഓര്‍മിപ്പിക്കുന്ന പതിവ് അമ്മ തുടര്‍ന്നു കൊണ്ടേയിരുന്നു; കഴിഞ്ഞ വര്‍ഷം ജൂണില്‍ അമ്മ എന്നെവിട്ടു പോകുന്നതിന് മുമ്പുള്ള പിറനാള്‍ വരെ. (ഞാന്‍ ജനിക്കുന്നത് അമ്മയുടെ നാല്‍പ്പത്തിരണ്ടാം വയസിലാണ്. അതും പത്തു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം അവസാന സന്തതിയായി. വീട്ടിലെ ചെറിയകുട്ടി എന്ന നിലയില്‍ വീണതാണ് കൊച്ചുമോന്‍ എന്ന വിളിപ്പേര്. എന്നെക്കുറിച്ച് അമ്മ എന്നും അകാരണമായി ആശങ്കപ്പെട്ടിരുന്നു. ആ അമ്മയ്ക്ക് ആശങ്കകളില്ലാത്ത, ഏറക്കുറേ സമാധാനം നിറഞ്ഞ ഒരു വാര്‍ധക്യം കൊടുത്തു എന്നതുമാത്രമാണ് മകന്‍റെ ജീവിതത്തിലെ ഏക സംതൃപ്തി)
എന്‍റെ കുഞ്ഞു നാളില്‍ അമ്മയെ ആസ്ത്മ രോഗം വല്ലാതെ അലട്ടിയിരുന്നു. മഴക്കാല രാത്രികളില്‍ രോഗം കലശലാകും. ശ്വാസം കിട്ടാതെ അമ്മ പ്രയാസപ്പെടുന്നത് കാണുമ്പോള്‍ ഒരഞ്ചുവയസുകാരന്‍ മകന്‍ വിങ്ങിവിങ്ങി കരഞ്ഞ് ഉറങ്ങിപ്പോകുമായിരുന്നത്രേ. എന്നോ മയങ്ങിപ്പോയ ഈ സ്മരണയെ പിന്നീടെന്നോ ഉണര്‍ത്തിയതു ചേച്ചിമാരായ ജയശ്രിയും ശോഭനയും.
രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. പിറ്റേന്ന് എന്‍റെ പിറനാളാണ്. തലേന്നു രാത്രിയില്‍ അമ്മയ്ക്ക് കടുത്ത ആസ്ത്മ. ശ്വാസം കിട്ടാതെ പിടയുന്ന അമ്മ. പായസമില്ലാത്ത പിറനാള്‍....? എന്‍റെ സങ്കടം ഏറെയായിരുന്നു. പക്ഷേ നേരം പുലര്‍ന്നപ്പോള്‍ പിറനാളുണ്ണിയെ വിളിച്ചുണര്‍ത്തിയത് അമ്മതന്നെയായിരുന്നു. അന്ന് ഉച്ചയൂണിനു ശേഷം അമ്മയുടെ അടുത്ത് പോയി ഞാനൊരു രഹസ്യം പറഞ്ഞു. ‘‘അമ്മയ്ക്ക് എത്ര ശ്വാസം കിട്ടിയില്ലേലും അമ്മ മരിച്ചേക്കല്ലേ.. പിന്നെനിക്ക് ആരും ഉണ്ടാകില്ല’’ ഇതു പറഞ്ഞു തീര്‍ന്നതും ഞാന്‍ കരഞ്ഞുപോയി. എന്താണ് ഒരേഴുവയസുകരനെ കൊണ്ട് അന്ന് അതു പറയിച്ചതെന്ന് ഇന്നും എനിക്ക് അറിയില്ല. ‘‘ഇല്ല മക്കളേ’’ എന്നു പറഞ്ഞ് അമ്മ എന്‍റെ നെറ്റിയില്‍ ഒരുപാട് ഉമ്മവച്ചു. എന്‍റെ നെറ്റിയും മുഖവുമെല്ലാം അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്നിരുന്നു.
രണ്ടു മൂന്നു വര്‍ഷം മുന്‍പ് അമ്മ ഈ സംഭവം ഓര്‍ത്തു പറഞ്ഞപ്പോള്‍ അത് മറന്നിരുന്ന ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ചിരിയൊന്നടങ്ങി ഞാന്‍ നോക്കുമ്പോള്‍ അമ്മ കരയുകയാണ്. അമ്മ അങ്ങനെ ആയിരുന്നു; സങ്കടം വന്നാലും സന്തോഷം വന്നാലും കരയും. സന്തോഷമാണെങ്കില്‍ ആദ്യം ഒന്നു ചിരിക്കും എന്നിട്ടേ കണ്ണീരു വരൂ.
ജന്മമാസമായതിനാല്‍ കര്‍ക്കടകത്തില്‍ മുടിവെട്ടിക്കാന്‍ ബാല്യകാലത്ത് അനുവാദം ഉണ്ടായിരുന്നില്ല. ഒന്നുകില്‍ മിഥുനമാസത്തില്‍ വെട്ടിച്ചോണം അല്ലെങ്കില്‍ ചിങ്ങം പിറന്നിട്ട്. പത്താം ക്ലാസ് വരെയൊക്കെ അമ്മ ഈ ചിട്ട കര്‍ശനമായിത്തന്നെ നടപ്പാക്കിയിരുന്നു. പിന്നീടെല്ലാം തോന്നുംപടിയായി. കര്‍ക്കടകത്തിലെ സസ്യാഹാര ശൈലിയൊക്കെ എന്നോ കൈവിട്ടു.
ജോലി കിട്ടിയശേഷം അമ്മയ്ക്ക് ആദ്യം വാങ്ങി നല്‍കിയത് ഒരു രാമായണം ആയിരുന്നു. 1993 ഓഗസ്റ്റില്‍ ട്രെയിനിങ് കാലത്തെ ആദ്യ സ്റ്റൈപ്പന്‍ഡില്‍ നിന്ന്. പൊതുവേ സമ്മാനങ്ങളോട് അനിഷ്ടം പ്രകടിപ്പിക്കാറുള്ള അമ്മ പക്ഷേ വലിയ സന്തോഷത്തോടെയാണത് സ്വീകരിച്ചത്.
ജീവിതത്തിലെ ഏറ്റും സംഘര്‍ഷ നിര്‍ഭരമായ ഒരവസ്ഥയിലൂടെ കടന്നുപോകുന്നകാലത്താണ് 1995 ലെ പിറന്നാള്‍. അത് അമ്മയ്ക്കൊപ്പം ആകാമെന്നു തീരുമാനിച്ചു. അന്നു വൈകിട്ടത്തെ ട്രെയിനിന് കണ്ണൂരിലേക്കു മടങ്ങുന്ന വിധമാണ് യാത്ര. വീട്ടില്‍ അമ്മ എന്‍റെ പേരില്‍ ഗണപതിഹോമം നടത്തിയിരുന്നു. പൂജ നടത്താന്‍ വന്ന കുടുംബസുഹൃത്തായ ബ്രാഹ്മണനാണ് അന്നേദിവസം പിറനാളുകാരന്‍ ദീര്‍ഘയാത്ര നടത്തുന്നത് വളരെ ദോഷകരമാണെന്ന് അമ്മയോട് പറഞ്ഞത്. പാവം വല്ലാതെ ഭയന്നു പോയി. എനിക്കു തിരിച്ചുപോകാതെ തരവും ഇല്ലായിരുന്നു.
വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അന്നാദ്യമായി അമ്മ പറഞ്ഞു ‘‘വളരെ സൂക്ഷിക്കണേ മക്കളേ’’ അമ്മ കരയുകയായിരിക്കും എന്ന് ഉറപ്പായതിനാല്‍ മുഖത്തേക്കു നോക്കിയില്ല. ആ തോളിലൊന്നു തൊട്ട് ഞാനിറങ്ങി. മലബാര്‍ എക്സ്പ്രസ് കണ്ണൂരില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ വീട്ടിലേക്കു വിളിച്ചു. സെക്കന്‍ഡ് റിങിനു മുന്‍പേ പോണെടുത്ത അമ്മയുടെ ചോദ്യം ‘‘എത്തിയോ മക്കളേ’’ എന്ന്. അടുത്ത അവധിക്ക് ചെന്നപ്പോള്‍ അമ്മൂമ്മയാണ് പറഞ്ഞത്. ‘‘മോന്‍ രാവിലെ വിളിക്കും വരെ നിന്‍റമ്മ ഉറങ്ങിയിട്ടില്ല, ഒരുപാട് ഇരുട്ടും വരെ രാമായണം വായിച്ച് ഇരിക്കുകയായിരുന്നു. ഞാനും ഉറങ്ങിയില്ല മക്കളേ, എന്‍റെ മോള് ആധിപിടിച്ചിരിക്കുമ്പോള്‍ എനിക്കെങ്ങനെ ഉറക്കംവരും’’ അമ്മമാരുടെ മനസിനെ അളക്കാന്‍ നമ്മുടെ പഠിപ്പും ലോകപരിചയവും ഒന്നും ഒരിക്കലും മതിയാകില്ലെന്ന് അന്നു മനസിലായി.
രണ്ടു വര്‍ഷം മുന്‍പാണ് അമ്മയുമൊത്തുള്ള അവസാനത്തെ പിറനാള്‍. അവശത ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഉണ്ണുമ്പോള്‍ അടുത്തു വന്നിരുന്നു. ഗ്ലോക്കോമ കണ്ണിനെ ബാധിച്ചിരുന്നതിനാല്‍ ഒന്നോ രണ്ടോ വര്‍ഷം മുന്‍പേ അമ്മ രാമായണം വായന അവസാനിപ്പിച്ചിരുന്നു. കുഞ്ഞമ്മ വായിക്കുന്നത് അടുത്തിരുന്ന് കേള്‍ക്കും. എറണാകുളത്തേക്കു മടങ്ങും മുന്‍പ് അമ്മപറഞ്ഞു. ‘‘മോനൊന്നു ശബരിമലയില്‍ പോകണം.’’ മുന്‍പും പലതവണ ഇത് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ശബരിമല തീര്‍ഥാടനത്തോട് മനസിനു പൊരുത്തമില്ലാത്തതു കൊണ്ട് പോക്കു മാത്രം നടന്നില്ല. ഇത്തവണ കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ചിങ്ങം ഒന്ന് വളരെ അടുത്തായിരുന്നതിനാല്‍ തൊട്ടടുത്തമാസത്തേക്ക് ഞാന്‍ മാലയിട്ടു. അങ്ങനെ അക്കൊല്ലം കന്നി നാലിന് അമ്മയ്ക്കുവേണ്ടി ഞാന്‍ കന്നിമല ചവിട്ടി. ധര്‍ശാസ്താവിനോട് പ്രാര്‍ഥിച്ചത് ഒന്നു മാത്രം: അമ്മയെ കഷ്ടപ്പെടുത്തരുതേ എന്ന്.
തിരിച്ചിറങ്ങുമ്പോള്‍ അപ്പാച്ചിമേടിന് താഴെ അല്‍പം വിശ്രമിക്കാനിരുന്നപ്പോഴാണ് അടുത്ത് വളരെ പ്രായം ചെന്ന ഒരമ്മയെ കണ്ടത്. എന്നില്‍ നിന്ന് അവരെന്തോ പ്രതീക്ഷിക്കുന്നെന്നു തോന്നി. പോക്കറ്റില്‍ നിന്ന് കിട്ടിയ നോട്ടെടുത്തു കൊടുത്തു. അവരൊരു പുസ്തകം എനിക്കു നീട്ടി. ‘‘സ്വാമി ഇതൊന്നു തുറന്നു തന്നാട്ടെ’’ എന്നു പറഞ്ഞു. ഫലശ്രുതിയാണ്. ഒന്നു മടിച്ചെങ്കിലും ഞാനാ പുസ്തകം തുറന്നു. അവസാന ഭാഗമാണ് ഞാനെടുത്തു കൊടുത്ത്. പേജുകളും വരികളും അക്ഷരങ്ങളും തള്ളി അവര്‍ വായിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ നടുങ്ങി: അത് സീതാവിലാപമായിരുന്നു.
........ വെടിഞ്ഞായോ മാം വൃഥാ ബലാല്‍
നീയെന്നെയുപേക്ഷിച്ചതെന്തുകാരണം നാഥാ!
ഞാന്‍മുന്നമനേകം മാനുഷരെദ്ദുഖിപ്പിച്ചു
കാമ്യദാരങ്ങളോടു വേര്‍പെടുത്തതിന്‍ഫലം
ഞാനിപ്പോളനുഭവിച്ചീടുന്ന,തിനിമേലില്‍
ദീനത്വമെത്രകാലം ഭുജിച്ചീടുകവേണം?
സന്തതം മുനികളും താപസപത്നിമാരു-
മെന്തിനു വെടിഞ്ഞിതു രാഘവന്‍നിന്നെയെന്നു
സന്തതം ചോദിച്ചാല്‍ഞാനെന്തവരോടു ചൊല്ലും?
തലയുയര്‍ത്തി അവര്‍ ഫലം പറയാന്‍ ആരംഭിച്ചപ്പോഴേക്കും തലതാഴ്ത്തി കെട്ടും തോളിലേറ്റി ഞാന്‍ മലയിറങ്ങി തുടങ്ങിയിരുന്നു.
അമ്മ പോയിട്ട് ഒരു കര്‍ക്കടകം നിശബ്ദം കടന്നു പോയി. വീണ്ടും ഇതാ ഒരു രാമായണ മാസം. അമര്‍ന്നു ചെയ്യുന്ന മഴയ്ക്കുപോലും ഒഴുക്കിക്കളയാനാകാതെ ഒരു ഫലശ്രുതി എന്‍റെ നെഞ്ചിലിരുന്നു വിങ്ങുകയാണല്ലോ എന്‍റെ രാമാ. ഇതില്‍ നിന്നെല്ലാം മോചനമേകി എന്നാണെനിക്കൊരു മഹാപ്രസ്ഥാനം?
എട്ടു വയസില്‍ അച്ഛന്‍ ഉരുവിട്ടു തന്നനാള്‍ തൊട്ട് നിന്‍റെ നാമമാണ് എന്‍റെ ബലം. ഒരിക്കല്‍ക്കൂടി ഞാന്‍ അങ്ങോട്ട് ആശ്രയിച്ചു കൊള്ളട്ടെ:
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
*******
tears in my eyes..dnt know why!!!!!!!!!
ReplyDeleteammaye kandathu orkkunnu. pranamam.
ReplyDeleteഹരീ...സൌമ്യമായ് ഒരു സ്പർശം കിട്ടിയപോലെ....
ReplyDeleteജോലി കിട്ടിയശേഷം അമ്മയ്ക്ക് ആദ്യം വാങ്ങി നല്‍കിയത് ഒരു രാമായണം ആയിരുന്നു. 1993 ഓഗസ്റ്റില്‍ ട്രെയിനിങ് കാലത്തെ ആദ്യ സ്റ്റൈപ്പന്‍ഡില്‍ നിന്ന്............
ReplyDeleteഫെയ്സ് ബുക്കില്‍ ലിങ്ക് കണ്ടപ്പോളേ ഇക്കാര്യം ഞാനോര്‍ത്തു. അത് കഴിഞ്ഞു ബ്ലോഗില്‍ ഈ വരികള്‍ വായിച്ചപ്പോള്‍ അന്ന് അതെക്കുറിച്ച് പറഞ്ഞപ്പോഴത്തെ ഹരിയുടെ മുഖവും ഓര്‍മ്മ വന്നു. തോമസ്സ് ചേട്ടന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയ ശേഷമുള്ള ആദ്യ ലീവ് കഴിഞ്ഞു തിരിച്ചു വന്ന ദിവസമായിരുന്നു അത്. ഡിസിയില്‍ നിന്ന് വാങ്ങി എന്നായിരുന്നു പറഞ്ഞത്.
ബാല്യകാലം, അമ്മയുടെ സ്നേഹം, വാത്സല്യം.......എത്ര മനോഹരവും ഹൃദയ സ്പര്സവുംയിരിക്കുന്നു.....
ReplyDeleteവായിച്ചു തീര്‍ന്നപ്പോള്‍ കണ്ണില്‍ തുളുമ്പിയ കണ്ണുനീര്‍ ഒളിക്കാന്‍ പാടുപെട്ടു......
ReplyDeleteOne of the best elegies on the Mother. Please find others like your beautiful piece and publish them as an anthology. KEraLam deserves a Scripture celebrating our real mothers, who are nothing but terrestrial forms of the Divine Mother. Sri Aurobindo already wrote the best book on THAT Amma. All the best, DKM Kartha
ReplyDelete