തൃപ്പൂണിത്തുറ സംസ്കൃത കോളജ് ഓഡിറ്റോറിയം. കാത്തിരിക്കുന്ന സംഗീതാസ്വാദകരെ അക്ഷമരാക്കി സൗണ്ട് സിസ്റ്റത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയാണ് കദ്രി ഗോപാല്‍നാഥ്. ഓപ്പറേറ്ററുമായുള്ള തര്‍ക്കവും ഔട്ട്പുട്ട് ലെവല്‍ അഡ്ജസ്റ്റ്മെന്‍റും അനന്തമായി നീളുമ്പോള്‍ എന്‍റെ മനസ് കാലത്തിലൂടെ പിന്നിലേക്ക് പോകുകയായിരുന്നു.
മുപ്പതു വര്‍ഷം മുന്‍പ് ഒരു മധ്യവേനല്‍ അവധി. ഹരിപ്പാട് എട്ടാം ഉത്സവം. പ്രോഗ്രാം നോട്ടീസില്‍ വൈകിട്ട് ആറിന് സാക്സോഫോണ്‍ കച്ചേരി: കദ്രി ഗോപാല്‍നാഥ് ആന്‍ഡ് പാര്‍ട്ടി. സംഗീതത്തില്‍ നല്ല ജ്ഞാനം ഉണ്ടായിരുന്ന അച്ഛന്‍ പറഞ്ഞു ‘‘ഇതുകൊണ്ട് എങ്ങനെ കച്ചേരി വായിക്കും. എന്തായാലും ഒന്നു കേള്‍ക്കണം’’. അതിന് രണ്ടു വര്‍ഷം മുന്‍പ് അച്ഛന്‍ രക്തസമ്മര്‍ദം കൂടി സ്ട്രോക്കിന്‍റെ പടിവാതില്‍ വരെ പോയിരുന്നു. ഇക്കാരണത്താല്‍ കച്ചേരി കേള്‍ക്കാന്‍ എന്നെയും കൂട്ടി.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു പുറത്തെ ആനക്കൊട്ടിലിനു സമീപമുള്ള പഴയ ഓപ്പണ്‍ സ്റ്റേജില്‍ കച്ചേരി തുടങ്ങുമ്പോള്‍ മുന്നില്‍ വളരെ കുറച്ച് കേഴ്‍വിക്കാര്‍ മാത്രം. വര്‍ണം ആയിരുന്നിരിക്കണം ആദ്യം. പക്ഷേ കേട്ട നാദം അനുപമമായിരുന്നു. കദ്രി ഗോപാല്‍നാഥ് എന്ന യുവസംഗീതജ്ഞന്‍റെ മാസ്മരിക പ്രകടനത്തില്‍ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്ത അന്നത്തെ 12 വയസുകാരന്‍ അന്തം വിട്ടിരുന്നു. തൊട്ടടുത്ത് ആ നാദധാരയില്‍ പൂര്‍ണമായി ലയിച്ചിരിക്കുകയായിരുന്നു അച്ഛന്‍.
രണ്ടാമത്തെ കീര്‍ത്തനത്തിന്‍റെ നിരവല്‍ ആയപ്പോഴേക്കും ജനം സ്റ്റേജിനു മുന്നിലേക്ക് ഒഴുകി എത്തുകയായി. ഉജ്വല സംഗീത പാരമ്പര്യമുള്ള ക്ഷേത്ര നഗരിയാണ് ഹരിപ്പാട്. നല്ല സംഗീത്തെ ഉള്ളുതുറന്ന് പ്രോത്സാഹിപ്പിക്കുന്നവരാണ് അവിടത്തെ ആസ്വാദകര്‍.
അന്നത്തെ ഒരു കീര്‍ത്തനം ഇന്നും ഓര്‍ക്കുന്നു. സ്വാതി തിരുനാള്‍ കൃതിയായ ‘സ്മര സദാ മാനസ ബാലഗോപാലം’ അച്ഛന്‍ പറഞ്ഞു തന്നു ‘‘നിന്‍റെ പേരുള്ള രാഗമാ; ബിലഹരി’’ അതോടെ എനിക്കത് വലിയ ഇഷ്ടമായി. അതായിരുന്നെന്നു തോന്നുന്നു മുഖ്യ ഇനമായി വായിച്ചത്. എന്തായിലും മംഗളം വായിച്ച് സദസിനെ തൊഴുത് കദ്രി വിടവാങ്ങുമ്പോള്‍ എഴുനേറ്റു നിന്ന് കരഘോഷം മുഴക്കിയാണ് ആസ്വാദകര്‍ ആ പ്രതിഭയെ നമിച്ചത്.
വര്‍ഷങ്ങള്‍ പിന്നീട് ഏറെ കടന്നുപോയി. അച്ഛന്‍ ലോകം വിട്ടുപോയി. മകന്‍ പത്രപ്രവര്‍ത്തകനായി. ഇതിനിടെ എത്രയെത്രവേദികളില്‍ കദ്രിയുടെ സംഗീതം കേട്ടു. കണ്ണൂരില്‍, കാഞ്ഞങ്ങാട്ട്, കോഴിക്കോട്ട്, തിരുവനന്തപുരത്ത്....1997-ല്‍ കോട്ടയം തിരുനക്കരയില്‍ കച്ചേരിക്കു വരുമ്പോഴാണ് കദ്രിയുടെ ഒരഭിമുഖം മനോരമയുടെ ഞായറാഴ്ചപ്പതിപ്പിനു വേണ്ടി തയാറാക്കിയത്. അപ്പോഴേക്കും കദ്രി ഗോപാല്‍നാഥ് കീഴടക്കാത്ത സംഗീത കൊടുമുടികള്‍ ഇല്ലായിരുന്നു.
കച്ചേരി ദിവസം രാവിലെ അഞ്ജലി ഹോട്ടലിലേക്ക് ഫോണ്‍ ചെയ്താണ് അഭിമുഖം ചോദിച്ചത്. തിരിച്ചൊരു ചോദ്യം ‘‘എന്‍റെ കച്ചേരി എന്തെങ്കിലും കേട്ടിട്ടിട്ടുണ്ടോ?’’ 15 വര്‍ഷമായി കേള്‍ക്കുന്നു എന്നു പറഞ്ഞപ്പോള്‍ അല്‍പ്പം വിശ്വാസക്കുറവ് പോലെ. ഹരിപ്പാട്ടെ പഴയ കച്ചേരിയുടെ കഥ പറഞ്ഞപ്പോള്‍ വലിയസന്തോഷമായി. ഉടനേ ഹോട്ടലിലേക്കു ചെല്ലാനായിരുന്നു പറഞ്ഞത്. അന്തരിച്ച ഫോട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജും ഞാനും കൂടി ഹോട്ടലിലേക്ക്.
കണ്ടപാടെ പറഞ്ഞത് ഹരിപ്പാട്ടെ കച്ചേരിയെക്കുറിച്ച്. പത്രങ്ങള്‍ ലേഖനമൊന്നും കൊടുക്കാത്ത അക്കാലത്ത് അത്തരം കച്ചേരികള്‍ കേട്ട ജനം തമ്മില്‍ പറഞ്ഞാണ് തന്നെപ്പോലുള്ളവര്‍ പേരെടുത്തതെന്ന് സമ്മതിച്ച് ഒരു ദീര്‍ഘ സംഭാഷണത്തിലേക്കും സാക്സോഫോണ്‍ സോദാഹരണ പ്രഭാഷണത്തിലേക്കും കടക്കുകയായിരുന്നു കദ്രി.
മംഗലാപുരത്തിനടുത്ത് കദ്രിയെന്ന ഗ്രാമത്തില്‍ നിന്ന് മൈസൂര്‍ കൊട്ടാരത്തില്‍ വിനോദയാത്ര പോയ പയ്യന്‍ പാലസ് ബാന്‍ഡിലെ സക്സോഫോണ്‍ കണ്ട് ആകൃഷ്ടനായതും പിന്നെ ആരാധകനായതും ഒടുവില്‍ വിശിപിടിച്ച് ഹൈദരാബാദിലെ വാസന്‍ ആന്‍ഡ് കമ്പനിയില്‍ നിന്ന് ഒരുപകരണം വരുത്തി പഠിച്ചതും..... അങ്ങനെയങ്ങനെ കര്‍ണാടക സംഗീതത്തില്‍ പുതിയൊരു ഇതിഹാസം പിറന്നതും ഞങ്ങള്‍ ആസ്വദിച്ചറിഞ്ഞു. മേമ്പൊടിയായി തമാശകള്‍, രസികന്‍ അനുഭവങ്ങള്‍, ചില്ലറ മിമിക്രി..... നേരം പോയത് അറിഞ്ഞതേയില്ല.
ഇതിനിടയില്‍ ഊണ്. പിന്നെയും സംഭാഷണം. വിക്ടറിന്‍റെ ക്യാമറയ്ക്ക് വിശ്രമമേ ഇല്ലായിരുന്നു. ഫോട്ടോഗ്രഫറുടെ ആവശ്യത്തിനനുസരിച്ച് പോസ് ചെയ്യാന്‍ സംഗീതജ്ഞനും റെഡി. അഭിമുഖം അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുമ്പോള്‍ മണി നാല് കഴിഞ്ഞിരുന്നു. ആറു മണിക്ക് കച്ചേരി. ആ വേദിയില്‍ നിന്നു വിക്ടര്‍ കുറേ ചിത്രങ്ങള്‍ കൂടി എടുത്തു. തുടര്‍ന്ന് രണ്ടാമത്തെ ഞായറാഴ്ച അത് കവര്‍ സ്റ്റോറിയായി. കഥാകൃത്ത് ബി. മുരളി മനോഹരമായ തലക്കെട്ടിട്ടു; കാലാതീതം കദ്രിയുടെ സംഗീതം.
പത്രത്തിന്‍റെ ക്ലിപ്പിങ്ങും ഇംഗ്ലീഷ് പരിഭാഷയും വിക്ടര്‍ എടുത്ത ചിത്രങ്ങളുടെ ഒരു സെറ്റും കദ്രിയുടെ ചെന്നൈ ക്യാംപിലേക്ക് അയച്ചുകൊടുത്തു. അതു കൈപ്പറ്റിയതിന് അടുത്ത ദിവസം കോട്ടയം ഓഫിസിലേക്കു വിളിച്ച് അദ്ദേഹം നന്ദി അറിയിച്ചു. അന്ന് താഴത്തങ്ങാടിയിലെ ഞങ്ങളുടെ സങ്കേതത്തിലിരുന്ന് വിക്ടര്‍ പറഞ്ഞു ‘‘ഉഗ്രന്‍ കക്ഷി. നമ്മടെ നാട്ടിലെ ലോക്കല്‍ ഊത്തുകാരൊക്കെ ഇങ്ങേരെ കണ്ടു പഠിക്കണം.’’
വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോഗ്രഫറുടെ ചിത്രങ്ങള്‍ പിന്നീട് ഏറെക്കാലം കദ്രിയുടെ ബ്രോഷറുകളെ അലങ്കരിച്ചു.
പിന്നീടും പല പല വേദികളില്‍ കണ്ടു പരിചയം പുതുക്കി. അപ്പോഴെല്ലാം ‘‘വെയര്‍ ഈസ് ഔവര്‍ ഫന്‍റാസ്റ്റിക് ലെന്‍സ്മാന്‍! ഹൗ ഈസ് ഹി’’ എന്ന ചോദ്യം ആവര്‍ത്തിച്ചു.
എറണാകുളത്ത് ആറു വര്‍ഷം മുന്‍പ് ഒരു കച്ചേരിക്കു വന്നപ്പോഴും ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. അതിനു മൂന്നു വര്‍ഷം മുന്‍പ് വെണ്ണിയാനിയിലെ ഉരുള്‍ പൊട്ടല്‍ വികിടറിനെ കൊണ്ടുപോയ വിവരം ഞാന്‍ പറഞ്ഞു. എന്‍റെ കയ്യില്‍ പിടിച്ച് കുറച്ചു സമയം നിശബ്ദനായി നിന്നു. ‘‘സ്വാമീ’’ എന്നു മാത്രം പറഞ്ഞു. പിന്നെ കൈവിട്ട് മുന്നോട്ടു നീങ്ങി. എന്തോ ഓര്‍ത്തപോലെ ഒന്നു നിന്നു. എന്‍റെ അടുത്തേക്കു വീണ്ടും വന്നിട്ടു പറഞ്ഞു. ‘‘ഐ വില്‍ പ്ലേ സംതിങ് ഫോര്‍ ഹിം ടുനൈറ്റ്.’’ ഒന്നു നിര്‍ത്തിയിട്ട് ചോദിച്ചു. ‘‘വാട്ട് ഡു യു തിങ്ക്?’’ എനിക്കൊന്നും പറയാനില്ലായിരുന്നു. ഒന്നോരണ്ടോ നിമിഷങ്ങള്‍ ‘‘ഓകെ. സാരമതി വില്‍ ഡു. മോക്ഷമു ഗലദാ.. ഓള്‍ റൈറ്റ്?’’ ഞാന്‍ തലയാട്ടിയതേയുള്ളൂ. കദ്രി വേദിയിലേക്കും ഞാന്‍ സദസിലേക്കും മടങ്ങി.
കച്ചേരിയില്‍ മൂന്നാമത്തെ ഇനം ദീക്ഷിതരുടെ കൃതിയായ അഖിലാണ്ഡേശ്വരി... ആയിരുന്നു. ദ്വിജാവന്തി രാഗത്തിലെ ഈ മനോഹരകൃതി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. എന്‍റെ പ്രാണന്‍ ദേഹം വിട്ടു പോകുന്ന വേളയില്‍ കേള്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്ന മൂന്നു കൃതികളില്‍ ഒന്ന്. എങ്കിലും എനിക്കതു പൂര്‍ണമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ മനസ് സാരമതി എന്ന സ്രണാഞ്ജലിക്കായി കാത്തിരിക്കുകയായിരുന്നു.
തൊട്ടു പിന്നാലെ അതു വന്നു. ശോകം നിറഞ്ഞു നില്‍ക്കുന്ന സുദീര്‍ഘമായ രാഗാലാപനം. തുടര്‍ന്ന് ഇന്നോളം കേട്ടിട്ടില്ലാത്ത ഒരു സംഗീതാനുഭവമായി ത്യാഗരാജ സ്വാമികളുടെ മോക്ഷമു ഗലദാ.. എന്‍റെ മനസു നിറഞ്ഞതും കണ്ണുകള്‍ നിറഞ്ഞൊഴുകിയതുമൊന്നും ഞാന്‍ അറിഞ്ഞേയില്ല.
ഞാനപ്പോള്‍ മൂന്നാറിലെ വാഗുവരൈ മലയില്‍ നിന്ന് ഒരു തണുത്ത സായാഹ്നത്തില്‍ താഴേക്ക് ഇറങ്ങുകയായിരുന്നു. മുന്നില്‍ ക്യാമറയും തോളിലിട്ട് ശ്രദ്ധാപൂര്‍വം ഓരോ ചുവടും വച്ച് തമാശ പറഞ്ഞ് തല അല്‍പം ചരിച്ച് ഒരു കുസൃതിച്ചിരിയുമായി ഒരാള്‍ മലയിറങ്ങുന്നുണ്ടായിരുന്നു.
സ്ഥലകാല ബോധത്തിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് സാക്സോഫോണ്‍ മൃദു നാദം തന്നെ. മറ്റൊരു ക്ഷേത്ര, സംഗീത നഗരിയായ തൃപ്പൂണിത്തുറയിലെ വേദിയില്‍ മുരളീധരനും ഹരികുമാറും മാഞ്ഞൂര്‍ ഉണ്ണികൃഷ്ണനും ബാംഗ്ലൂര്‍ രാജശേഖരനുമെല്ലാം തയാറായിക്കഴിഞ്ഞു. കദ്രി ഗോപാല്‍നാഥ് മറ്റൊരു കച്ചേരിയിലേക്കു കടക്കുകയാണ്. വെള്ളിത്തിളക്കമുള്ള സാക്സോഫോണില്‍ നിന്നു സുവര്‍ണ നാദവീചികള്‍ ഇതാ വരികയായി.
Your writing is highly poetic just like Kadree's music.I happened to watch one or two of his performances in TV and I liked it very much. I remember to have read your feature on kadree in manorama weekend. I liked it also.........I prefer to write in malayalam. Sorry, don't know mal-typing.
ReplyDeleteis three any link available to ur story on Kadri? And Voctors images?
ReplyDeleteI love the way u tell a story Hari.
Sorry Manoj. No Link available. Not even a copy of it is with me
ReplyDeleteപലതവണ ഹരിപ്പാട് അമ്പലത്തില്‍ കച്ചേരികള്‍ കേള്‍ക്കുന്ന കാലത്തിലേക്ക് കൊണ്ടുപോയി എന്നെ...അവസാനമായി കദ്രി യുടെ കച്ചേരി കേട്ടത് 2002 ലെ ഉത്സവത്തിനാനെന്നു തോന്നുന്നു.....
ReplyDeleteStupendous expression!
ReplyDeleteഹരിചേട്ടാ മനോഹരം .....
ReplyDelete