ജീവനില്ലാത്ത തെളിവ്
വാര്‍ത്താ തിരക്കുകളില്ലാത്ത ദിവസമാണെങ്കില്‍ പത്രത്തിലെ നൈറ്റ് എഡിറ്റര്‍ ഡ്യൂട്ടി ആസ്വാദ്യമാണ്. രാത്രിയുടെ നിശബ്ദ ശൂന്യതയില്‍ ഏകാന്തത ആസ്വദിക്കാം. വായിക്കാം. നല്ല യൂറോപ്യന്‍ സോക്കര്‍ ടിവിയില്‍ കാണാം. ചിലപ്പോള്‍ ഒന്നു മയങ്ങുകയുമാകാം.
ഇതിനു പലപ്പോഴും ഭംഗം വരുത്തുക മരണമാണ്. എഡിറ്ററുടേതല്ല, രാത്രി ഏതെങ്കിലും കുടുംബത്തിലോ ആശുപത്രിയിലോ വിടപറയുന്ന ഏതോ ഒരു ജീവന്‍. തുടര്‍ന്ന് ചരമക്കുറിപ്പുമായി ന്യൂസ് ഡസ്കില്‍ എത്തുന്ന ബന്ധുക്കളില്‍
ചിലര്‍ വളരെ ഇമോഷണലാകും. ഭൂരിപക്ഷവും നിസംഗതയോടെ വിവരങ്ങള്‍ പറഞ്ഞോ എഴുതിയോ തരും. വേറേ ചിലര്‍ നമുക്കൊരു ഒന്നൊന്നര പണിയുമായി ആകും വരിക. മരണം ആഘോഷിച്ച് തരിമ്പു വെളിവില്ലാതെ എത്തുന്ന ഇത്തരക്കാര്‍ ഉണ്ടാക്കുന്ന അലമ്പിനു കണക്കില്ല. അത്തരമൊരു കാളരാത്രിയുടെ ഓര്‍മയിലൂടെ...
കാസില്‍ റോക്ക് ബാറിലെ മണം സഹോദരന്‍ അയ്യപ്പന്‍ റോഡു കുറുകെ കടന്ന് എഡിറ്റോറിയല്‍ ഡസ്കില്‍ എത്തിയോ എന്ന ഞെട്ടലോടെയാണ് മയക്കത്തില്‍ നിന്നുണര്‍ന്നത്. സംഗതി ഏതാണ്ട് ശരിയായിരുന്നു. മണത്തിനൊപ്പം മുന്നില്‍ രണ്ടു മനുഷ്യരൂപങ്ങള്‍.
‘‘ദേയ് എഡിട്ടറല്ലേ, ഒര് ചരമം പത്രത്തീ കൊടുക്കണല്ലോ’’
ഞാന്‍ കര്‍മനിരതനായി. കുറിപ്പുണ്ടോ എന്നു ചോദിച്ചപ്പോള്‍ എഴുതി തരാം എന്നു മറുപടി. റൈറ്റിങ് പാഡ് നല്‍കിയപ്പോള്‍ കൂട്ടത്തിലെ മുതിര്‍ന്ന ആള്‍ സ്വകാര്യം പറഞ്ഞു. ‘‘അതേ.. സാറേ ഞങ്ങള്‍ ഇച്ചിരി കഴിച്ചതാ. മക്കളാണേ.. സങ്കടം കൊണ്ടല്യോ. ഇപ്പം എഴുത്തൊന്നും വരികേല. പറഞ്ഞു തരാം. സാറൊന്ന് എഴുതണം. മരിച്ചത് ഞങ്ങടപ്പനാ. ഇതാ പടം’’ ഇതു പറഞ്ഞ് ഒരു തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മേശപ്പുറത്തു വച്ചു.
‘‘ലേശമല്ല സാറേ.. ഡീസന്‍റായി കഴിച്ചു. അപ്പന്‍ ഫുള്‍ ടാങ്കാര്‍ന്നു. അടിച്ചച്ചടിച്ചു മരിച്ചതാന്നേ. ഞങ്ങള്‍ മക്കളും മോശക്കാരല്ല. അപ്പന്‍റെ മക്കളല്ലേ. (ചിരി) ഒന്നും തോന്നരുത്. സാറെഴുതിയാട്ട്..’’ ഇത് അനുജന്‍ വക.
ഞാന്‍ എഴുത്തു തുടങ്ങി. സ്ഥലം മേല്‍വിലാസം എന്നിവയൊക്കെ കഴിഞ്ഞ് പേരിലെത്തിയപ്പോള്‍ ചേട്ടനും അനിയനും തമ്മില്‍ തെറ്റി. അപ്പന്‍റെ പേര് ആദ്യവും വിളിപ്പേര് ബ്രാക്കറ്റിലും കൊടുക്കണമെന്ന് ചേട്ടന്‍. അപ്പനെ നാട്ടുകാര്‍ അറിയുന്നത് വിളിപ്പേരിലാണെന്നും അതിനാല്‍ തിരിച്ചുവേണം കൊടുക്കാനെന്നും അനുജന്‍. പത്രത്തിന്‍റെ രീതിയോക്കെ പറഞ്ഞ് തര്‍ക്കം ഒരുവിധം പരിഹരിച്ചു. പ്രായം? അതത്ര ഉറപ്പില്ല. ‘‘സാധാരണ ആള്‍ക്കാര് മരിക്കണ ഒരു പ്രായം എഴുതിക്കോന്നേ. ഞങ്ങളു വഴക്കിനൊന്നും വരികേല’’ ഇളയമകന്‍ ഉദാരശീലനായി. എന്തായാലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് പ്രായം തപ്പിയെടുത്ത് എഴുതി. 80 വയസ്. ‘‘അപ്പനതു പോരല്ലോടാ..കൊറച്ചൂടെ കാണത്തില്യോ’’ ചേട്ടന്‍ ചോദിച്ചപ്പോള്‍ അനിയന്‍റെ ക്ലാസിക് മറുപടി വന്നു ‘‘ശകലം കൊറഞ്ഞാലും ഇനി അപ്പന്‍ വന്ന് തല്ലുംപിടീം ഒണ്ടാക്കുകേലല്ലോ. അതുമതി. എമ്പതെങ്കീ എമ്പത്’’ ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ടു. ഇനി സംസ്കാരസമയവും സ്ഥലവുമാണ്. ഭാഗ്യം! തര്‍ക്കം കൂടാതെ വിവരം കിട്ടി. പക്ഷേ അതു വരാനിരിക്കുന്ന കൊടുങ്കാറ്റിനു മുന്‍പിലെ ശാന്തതയായിരുന്നു.
മരിച്ചുപോയ അമ്മയുടെ പേരിലായിരുന്നു അടിയുടെ തുടക്കം. മൂത്തമകന്‍ ഒരുപേരു പറഞ്ഞു. അതിന്‍റെ കൂടെ ‘കുട്ടി’ എന്നു ചേര്‍ത്താണ് അനുജന്‍ പറഞ്ഞ പേര്. പക്ഷേ ഇതിലേതെങ്കിലും ഒന്നു കൊടുക്കാന്‍ അപരന്‍ സമ്മതിക്കില്ല. ഇടപെടാതെ നിര്‍വാഹമില്ലല്ലോ. ആ അമ്മച്ചിയുടെ പേരിനു പിന്നില്‍ ‘അമ്മ’ എന്നു ചേര്‍ത്ത് അപ്പന്‍റെ പേരും കൂടി വാല്യൂ ആഡ് ചെയ്ത് ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടാള്‍ക്കും ബോധിച്ചു. ‘‘കലക്കി സാറേ ഇപ്പം അമ്മച്ചി ഡീസന്‍റായി’’ അനുജന്‍റെ കമന്‍റ്.
ദമ്പതികള്‍ക്കു മക്കള്‍ 12 പേരുണ്ട് എന്നു കേട്ടതോടെ എന്‍റെ സപ്തനാഡികളും തളര്‍ന്നു. അവരവരുടേത് ഒഴികെ ബാക്കി 10 പേരുടെ കാര്യത്തില്‍ തീരുമാനമാക്കാന്‍ പാമ്പുകള്‍ രണ്ടും പുലരും വരെ തര്‍ക്കിക്കുമെന്ന സംശയം അസ്ഥാനത്തായിരുന്നില്ല.
ഓരോ പേരിനും അടി. അനുജന്‍ പറഞ്ഞ മൂത്ത പെങ്ങടെ പേര് മൂന്നാമത്തെ പെങ്ങളുടേതെന്ന് ചേട്ടന്‍, ആണുങ്ങളില്‍ നാലമത്തേതെന്ന് ചേട്ടന്‍ പറഞ്ഞത് തന്‍റെ പേരെന്ന് അനുജന്‍. അദ്ദേഹം അഞ്ചാമനാണത്രേ! ആ ദേഷ്യത്തില്‍ അനുജന്‍ ചേട്ടനെ ഉപദേശിച്ചു; ഒരുമാതിരി തന്തയില്ലായ്ക പറയരുത്. ചേട്ടന്‍റെ മറുപടി ഒരു നിമിഷം വൈകിയില്ല. ‘‘ഭാ.. നായീന്‍റെ മോനേ തറുതല പറേന്നോടാ.’’ പാവം അപ്പന്‍റെ ആത്മാവ് കടന്നല്‍ കുത്തേറ്റവണ്ണം പുളഞ്ഞിട്ടുണ്ടാകും.
എന്‍റെ ക്ഷമ നശിച്ചു. ഈ നിലയ്ക്ക് ചരമവാര്‍ത്ത കൊടുക്കുന്ന പ്രശ്നമില്ലെന്നു പറഞ്ഞതോടെ പാമ്പുകള്‍ പത്തിതാഴ്ത്തി.
അനുജന്‍ പോംവഴി പറഞ്ഞു. ‘‘വീട്ടി വിളിക്കാം സാറേ.. ചേട്ടത്തിയുണ്ട്. ദേ ഇയാടെ (ചേട്ടന്‍റെ) കെട്ട്യോള്. ശെരിക്ക് പറഞ്ഞുതരും’’ ചേട്ടന്‍ നമ്പര്‍ പറഞ്ഞു; ഞാന്‍ വിളിച്ചു. ഉറക്കച്ചടവോടെ ഒരു സ്ത്രീ ശബ്ദം. കാര്യം പറഞ്ഞു. ‘‘ദൈവമേ അപ്പന്‍ മരിച്ചോ’’ അവരുടെ വാക്കുകളില്‍ അവിശ്വസനീയത. അപ്പന്‍റെ മക്കള്‍ ചരമവാര്‍ത്തയുമായി വന്ന വിവരം കേട്ടപ്പോള്‍ ഫോണ്‍ അവര്‍ക്കു കൊടുക്കാനായിരുന്നു വീട്ടമ്മയുടെ അഭ്യര്‍ഥന. ഫോണ്‍ അവരുടെ ഭര്‍ത്താവിനു കൈമാറി. പിന്നങ്ങോട്ട് മോണോലോഗ് മാത്രം.
‘‘അതേടീ.. അപ്പന്‍ പോയി. അതിനിപ്പം എന്താന്നേ? ഞങ്ങളങ്ങോട്ടു പോരുവല്യോ? അങ്ങോട്ടു തന്നാ വരുന്നേ. അല്ലാതെ ശവം വഴീലിട്ടേച്ചു വരികേലാ.. നീയൊരുപാട് മൂക്കല്ലേ.. ഇതു ഞങ്ങടപ്പനാണേ അങ്ങേരേ നാളെ പള്ളീ കൊണ്ടോയി കുഴിച്ചിടാനും ഞങ്ങക്കറിയാം. അതിനു വന്നു കേറിയവളുമാരുടെ ഓശാരൊന്നും വേണ്ടാടീ മറുതേ.. നീ മര്യാദയ്ക്ക് അപ്പന്‍റെ മക്കടേം മരുമക്കടേം വിവരങ്ങളൊക്കെ ഈ സാറിനു പറഞ്ഞുകൊട്.. വാക്കി ഞാനങ്ങ് വന്നിട്ടു പറഞ്ഞു തരാം.. കഴു.......മോള്‍....’’
ഫോണ്‍ വീണ്ടും എന്‍റെ കയ്യില്‍. ‘‘സാറു കേട്ടല്ലോ. ഇതാ പരുവം. അപ്പന്‍റെ ശരീരം കൊണ്ടുവരുമ്പോള്‍ ഇവിടൊന്നു തൂത്തുവൃത്തിയാക്കുക എങ്കിലും ചെയ്യണ്ടായോ. വൈകിട്ടു വിളിച്ചപ്പോഴും കുഴപ്പമൊന്നും ഇല്ലെന്നാ പറഞ്ഞത്....’’ കരച്ചിലിന്‍റെ അകമ്പടിയോടെ പരിദേവനങ്ങളുടെ കെട്ടഴിയുകയാണ്. പേരു വിവരങ്ങള്‍ വീണ്ടും ചോദിക്കേണ്ടി വന്നു. വിവേകമതിയായ ആ വീട്ടമ്മ പരാതിക്കെട്ടഴിക്കല്‍ നിര്‍ത്തി പരേതന്‍റെ 12 മക്കളുടെയും മരുമക്കളുടെയും പേരും ഉദ്യോഗവുമെല്ലാം കൃത്യമായി പറഞ്ഞു തന്നു.
അങ്ങനെ ചരമ വാര്‍ത്ത പൂര്‍ണമായി. ഏതു ചരമവും നടന്നൂ എന്ന് ഉറപ്പാക്കിയശേഷമേ അച്ചടിക്കാവൂ എന്നാണ് പത്രങ്ങളുടെ നയം. ഇവിടെ അതൊരു കീറാമുട്ടിയാണ്. വെളിവില്ലാ പാമ്പുകള്‍ വിവരം വീട്ടില്‍ പറഞ്ഞിരുന്നുമില്ല. ഞാന്‍ വെട്ടിലായി. സാധാരണയായി ആശുപത്രിക്കാര്‍ കൊടുക്കുന്ന ഡെത്ത് ഡിക്ലറേഷന്‍ കാണണം. ഇവിടെ അങ്ങനൊരു സാധനമേയില്ല. അപ്പന്‍ മരിച്ചെന്നു മക്കളു പറഞ്ഞാല്‍ പോരേ പിന്നെ കൂടുതല്‍ കടലാസൊക്കെ എന്തിനാണെന്നു മൂത്തമകന്‍.
‘‘അപ്പന്‍റെ മരണം സാറിന് ഒറപ്പാക്കണമെന്നല്ലേ ഉള്ളൂ, ദാ ഇപ്പം ശരിയാക്കാം ഇങ്ങോട്ടു വാ..’’ നിനച്ചിരിക്കാതെ അയാള്‍ എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടൊരു പോക്ക്. ഫ്ലോറില്‍ ആരുമില്ല. എനിക്ക് ഭയവുമുണ്ട്. റോഡരികിലെ ജനാലയ്ക്ക് അടുത്തേക്കു ചെന്ന് താഴേക്കു ചൂണ്ടി. അവിടെ ഓഫിസിന്‍റെ ഗേറ്റിനു വട്ടംകിടക്കുകയാണ് ഒരു ആംബുലന്‍സ് വാന്‍. ‘‘ദേ അപ്പന്‍റെ ശവം അതിലുണ്ട്. ഇനീം ഉറപ്പിക്കണേ സാര്‍ അവിടെ ചെന്ന് നോക്ക്. അല്ലേ ഞങ്ങളതിങ്ങ് എടുത്തോണ്ടു വന്നേക്കാം’’
‘‘ അയ്യോ.. വേണ്ട’’ എന്ന് തികച്ചും ആത്മാര്‍ഥമായാണ് ഞാന്‍ പറഞ്ഞത്. കാരണമുണ്ട്; കയറിവന്ന മക്കള്‍ വെറും പാമ്പുകളെങ്കില്‍ താഴെ നിന്ന മൂന്നു ബന്ധുക്കള്‍ രാജവെമ്പാലകളായിരുന്നു.
‘‘ അപ്പ ശരി ചരമം കൊടുത്തേക്കൂട്ടോ’’ എന്ന ആഹ്വാനത്തോടെ പാമ്പുകള്‍ താഴേക്ക് ഇഴഞ്ഞു. പടം തിരിച്ചു വേണ്ടേ എന്ന ചോദ്യത്തിന് കിട്ടിയത് ക്ലാസിക് മറുപടി: ‘‘ അപ്പന് ഇനി എന്തോത്തിനാ തിരിച്ചറിയല്‍ കാര്‍ഡ്. സാറു വച്ചോ..’’ ആംബുലന്‍സ് വിട്ടുപോയതോടെ വാര്‍ത്ത വരുത്താനുള്ള പങ്കപ്പാടായി. എന്തായാലും ആ നാട്ടില്‍ പോകുന്ന എഡീഷനില്‍ ആ വാര്‍ത്ത പടം സഹിതം കയറി എന്ന് ഉറപ്പാക്കിയപ്പോഴാണ് എന്‍റെ ശ്വാസം നേരേ വീണത്.
പിറ്റേന്ന് രാത്രി എട്ടുമണിക്ക് ഒരു ഫോണ്‍. ഇന്നലെ രാത്രി ഇരുന്ന എഡിറ്ററേ വേണം. ഞാന്‍ ലൈനിലെത്തി. ‘‘ സാറേ അതു കലക്കീട്ടാ.. അപ്പന്‍റെ ചരമം ഡീസന്‍റായി വന്നു’’ എനിക്ക് ആ നിമിഷം ആളെ പിടികിട്ടി. കഴിഞ്ഞ രാത്രിയിലെ രസികന്‍ അനുജന്‍. ‘‘അപ്പന്‍റെ അടക്ക് അടിപൊളി ഓക്കെയായി. പിന്നേ നമുക്കൊന്ന് കൂടണോട്ടോ’’ ശരി സന്തോഷം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. പക്ഷേ മനസില്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. ‘‘നിങ്ങള്‍ ചേട്ടനോടും അനിയനോടും കൂടാനുള്ള കപ്പാസിറ്റിയൊന്നും ഈ പാവത്തിനില്ലേ.. സോറി ഡീസന്‍റ് ബ്രദര്‍’’
ഭാഗ്യവശാല്‍ അവര്‍ ഇതുവരെ കൂടാന്‍ വന്നിട്ടില്ല.
അങ്ങനെ സരൊരു പാമ്പാട്ടി ആയി!!!!!!!!!!
ReplyDeletekidu
ReplyDeletesaptha nadikalum thalrnathu anubhava vedymakununudu..akhil
ReplyDeleteThakarpapn..!
ReplyDeleteHari sir, reading it brought a sincere smile to my face. Anyway, thanks to those ‘spirited sons of the dead’ who woke you up from your lonely reveries, and gave you a life-time memory. Salute to your lucid narrative
ReplyDeleteരസമായിട്ടുണ്ട്... രാജവെമ്പാലകള്‍!!
ReplyDeleteithrem kshama undayittano annu nanulpadeyulla chila sishyaganangal alpam apasabadamundakkiyappol clasil ninnum paper valichu chadi irangipoyathu
ReplyDeleteThis comment has been removed by the author.
ReplyDeleteഹരി അണ്ണാ , അടുത്ത കാലത്ത് നടന്നതാണോ? മരണകഥ വായിച്ചിട്ട് ചിരിയടക്കാനാവുന്നില്ല.
ReplyDeleteരണ്ടു ഉപകഥകലക്കൂടി ചേർത്തോട്ടെ - തൃശൂർ ഡെസ്കിൽ ഇത്തരത്തിൽ ചരമ വാർത്തയുമായി വരുന്നവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാവണം ഒരു 'ചരമ'മണം ഉണ്ടല്ലോ എന്നാണ് സാധാരണ 'ഫിറ്റ്'കാരെ വിശേഷിപ്പിക്കാറ്.
നമ്മുടെ ഡി. അരുണ്‍കുമാർ ഒരിക്കൽ ഇത്തരത്തിൽ ഒരു സംഘത്തിൽനിന്ന് ചരമ വാർത്ത എടുക്കുന്നു. മക്കളുടെ പേര് അറിയാമോ എന്ന് ചോദിച്ചു- പിന്നേ... ശാന്തേച്ചി, ഗോപിയേട്ടൻ, ലളിതക്കുഞ്ഞ്…. ഇങ്ങനെ പോയി ലിസ്റ്റ്. ഓർക്കുന്പോൾ ചിരിവരുന്ന ചരമക്കഥ പങ്കുവെയ്ക്കുന്നു എന്നുമാത്രം.
രസകരം
ReplyDelete