Saturday, March 7, 2015

മോട്ടു എന്ന നായ്ക്കുട്ടി (വിരുന്നു വന്ന സന്തോഷം)




മോട്ടു എന്ന നായ്ക്കുട്ടി

(വിരുന്നു വന്ന സന്തോഷം)


കുറച്ചു ദിവസം മുന്‍പാണ് സംഭവം. സുനിതയെ കോടതിയില്‍ വിട്ടിട്ട് വന്നു ഗേറ്റ് അടച്ചു ഞാന്‍ വീട്ടിലേക്ക് കയറാന്‍ ഒരുങ്ങുകയായിരുന്നു. ‘‘ബഫ്’’ പെട്ടെന്നൊരു ശബ്ദം. ഗേറ്റിനു മുന്നിലൊരു സുന്ദരന്‍ നായ്ക്കുട്ടി. അവന്‍ ഗേറ്റിന്‍റെ അഴികള്‍ക്കിടയിലൂടെ അകത്തേക്കു വലിഞ്ഞു കയറാനുള്ള ബദ്ധപ്പാടിലാണ്. ഞാന്‍ ചെന്നു ഗേറ്റിന്‍റെ പാളി തുറന്നു കൊടുത്തു. ഒരൊറ്റക്കുതിപ്പിന് അവന്‍ അകത്തു കയറി.
ഞാന്‍ വീണ്ടും ഗേറ്റ് അടച്ച അതേ നിമിഷം വലിയ രണ്ടു തെരുവുനായ്ക്കള്‍ കുരച്ചു കൊണ്ടു പാഞ്ഞെത്തി.
പാവം നമ്മുടെ കുഞ്ഞന്‍ നായ പേടിച്ചോടി. മൂളിക്കരഞ്ഞ് സിറ്റ് ഔട്ടിലെ ചാരുബെഞ്ചിന് അടിയിലേക്ക് ഓടിക്കയറിയ പാവത്താന്‍ അവിടെ മൂത്രമൊഴിച്ചു പോയി.
കല്ലെടുത്ത് എറിഞ്ഞതോടെ തെരുവു പട്ടികള്‍ സ്ഥലം വിട്ടു. പിന്നെ ഞാനും കുഞ്ഞനും തനിച്ചായി.
നല്ല ഭംഗിയുള്ള നായ്ക്കുട്ടി. തീരെ കുഞ്ഞാണ്. വെളുപ്പും തവിട്ടും നിറം. ചെവികളുടെ പകുതി ഭാഗവും വാലും മാത്രമേയുള്ളൂ തവിട്ടു നിറത്തില്‍. കറുത്ത മുത്തുകള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍. ഞാവല്‍പ്പഴം മുറിച്ചു വച്ചതുമാതിരിയുള്ള മൂക്ക്. മുഖത്ത് സദാ ദീനഭാവം. കഴുത്തില്‍ നീല നിറമുള്ള പപ്പി ബാന്‍ഡ്. മുന്തിയ ഇനമാണെന്ന് ഉറപ്പ്.  ആരോ നന്നായി വളര്‍ത്തുന്നതാണ്. ചാടിപ്പോന്നതാകും എന്നു കരുതി.
ഞാനവന്‍റെ അടുത്തു ചെന്നിരുന്നു. തല തറയില്‍ മുട്ടിച്ചു വച്ച് കിതയ്ക്കുകയാണ് പാവം. ഞാനൊന്നു തൊട്ടുനോക്കി. ഒന്നു മൂളിയതല്ലാതെ അനിഷ്ടമൊന്നും പ്രകടിപ്പിച്ചില്ല. പക്ഷേ അവന്‍റെ ഹൃദയമിടിപ്പ് എനിക്ക് കയ്യില്‍ അറിയാമായിരുന്നു. കഷ്ടം തോന്നി. തെരുവു നായ്ക്കള്‍ വല്ലാതെ പേടിപ്പിച്ചിരിക്കുന്നു.
ഓടിപ്പോയ തെരുവുനായ്ക്കള്‍ വീണ്ടും ഗേറ്റിലെത്തി. അതോടെ കുഞ്ഞനെ എടുത്തു ഞാന്‍ വീടിനകത്തേക്കു പോയി. വാതില്‍ക്കലിട്ടിരുന്ന ചവിട്ടിയില്‍ അവനെ എടുത്തു വച്ചു. തലയുയര്‍ത്തി അവനെന്നെ ദീനമായി നോക്കി. ആ കുഞ്ഞിത്തലയില്‍ കൈവച്ച് ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
പെട്ടെന്ന് അവന്‍ കരഞ്ഞു തുടങ്ങി. ഞാന്‍ ധര്‍മസങ്കടത്തിലുമായി. എന്തു ചെയ്യാന്‍?
വിശന്നിട്ടാകാമെന്നു കരുതി അടുക്കളയില്‍ മിച്ചമുണ്ടായിരുന്ന അരഗ്ലാസ് കാച്ചിയപാല്‍ കുറച്ച് തിളപ്പിച്ചാറ്റിയ വെള്ളവും ചേര്‍ത്ത് ചെറുതായി ചൂടാക്കി  കൊടുത്തു. ഒന്നു മണപ്പിച്ചിട്ട് കക്ഷി എന്നെയൊന്നു നോക്കി.. ഇത് എന്‍റെ പട്ടി കുടിക്കും എന്ന ഭാവത്തില്‍.
‘‘ഡാ ജാഡക്കാരാ’’ എന്നു തന്നെ ഞാന്‍ മനസില്‍ പറഞ്ഞു. അവന്‍ വീണ്ടും എന്നെ നോക്കി കരയാന്‍ തുടങ്ങി. അവന്‍റെ മുഖത്തെ ദീനത എന്നെ സങ്കടപ്പെടുത്തി.
‘‘ദൈവമേ കെണിയായല്ലോ’’ എന്ന് ആത്മഗതം ചെയ്ത് ഒരറ്റകൈ പ്രയോഗം നടത്തി. പാലുംവെള്ളത്തില്‍ രണ്ടു ഗുഡ് ഡേ ബിസ്കറ്റുകള്‍ അലിയിച്ചു. കുഴമ്പു പോലെയുള്ള ആ മിശ്രിതം അവനു നല്‍കിയത് ചെറിയൊരു വിരട്ടലോടെയായിരുന്നു. ‘‘ദേ ഇതു തിന്നില്ലെങ്കില്‍ നിന്നെ ഞാന്‍ മറ്റവന്മാര്‍ക്ക് ഇട്ടുകൊടുക്കും ഹല്ലപിന്നെ..’’
എന്തായാലും പുതിയ പ്രിപ്പറേഷന്‍ കുഞ്ഞന്‍സ് നീറ്റായിട്ട് അകത്താക്കി. നാലു കാലില്‍ നിന്നു. വാല് 90 ഡിഗ്രി പൊക്കി പൂച്ചയെപ്പോലെ എന്‍റെ കാലിനു ചുറ്റും രണ്ടു മൂന്നു തവണ കറങ്ങി. സന്തോഷത്തോടെയാകാം മൂളിക്കൊണ്ടുമിരുന്നു.  
ഞാന്‍ പാത്രം കഴുകുമ്പോള്‍ അവനെന്‍റെ കാല്‍ച്ചുവട്ടില്‍ തന്നെ നിന്നു. ഞാന്‍ അകത്തേ മുറിയിലേക്കു പോയപ്പോള്‍ നടന്നും ഓടിയുമൊക്കെ എന്‍റെ പിന്നാലെ വന്നു. ഇടയ്ക്ക് ഞാന്‍ അവനെ പറ്റിക്കാന്‍ ഒന്നൊളിച്ചിരുന്നു നോക്കി. ഞാനിരുന്ന മുറിയുടെ കൊതുകുവലപ്പാളിക്കു മുന്നിലെത്തി കുഞ്ഞന്‍ അയ്യോ വായോ എന്നമട്ടില്‍ നിലവിളിയും തുടങ്ങി.
വെറും അരമണിക്കൂറിനകം അവന് എന്നോടു തോന്നുന്ന അടുപ്പം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഞാനവനെ ചേര്‍ത്തു പിടിച്ച് സെറ്റിയിലിരുന്നു. നിമിഷങ്ങള്‍ക്കകം കക്ഷി  ഉറങ്ങിത്തുടങ്ങി. തല്‍ക്കാലത്തേക്ക് ചവിട്ടിയില്‍ ഇറക്കിക്കിടത്തി. പിന്നെ കാറു തുടയ്ക്കാന്‍ വാങ്ങി വയ്ക്കാറുള്ള മഞ്ഞത്തുണി, മുന്‍പ് ഷൂസു വാങ്ങിയ പെട്ടിയില്‍ മടക്കി വച്ച് അവനൊരു താല്‍ക്കാലിക ബെഡ് ഉണ്ടാക്കി. ഞാന്‍ എടുത്ത് പെട്ടിയില്‍ വച്ചതൊന്നും അവന്‍ അറിഞ്ഞതേയില്ല. ക്ഷീണം കൊണ്ടാകും ഗാഢനിദ്ര. ഉണ്ണിക്കുടവയര്‍ താളത്തില്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നതു കാണാന്‍ നല്ല ചന്തമായിരുന്നു. കാണക്കാണെ എനിക്ക് അവനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു.
പക്ഷേ ഇനി എന്തു ചെയ്യും? നാലര മണിക്ക് ആപ്പീസില്‍ പോകണം. എനിക്ക് ആശങ്കയായി. തെറുവു പട്ടികള്‍ അപ്പോഴൊക്കെയും ഗേറ്റില്‍ ചുറ്റിപ്പറ്റി നിന്നിരുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായം തേടാറുള്ള അയല്‍വാസി ഷാമ്പുച്ചേട്ടനെത്തേടി ഞാന്‍ വീടിനു പുറത്തേക്കിറങ്ങുമ്പോഴാണ് ദീനമായ ഒരു വിളികേട്ടത്.
‘‘മോട്ടൂ.... മോട്ടൂ... വെയര്‍ ആര്‍ യൂ.. പ്ലീസ് കം.’’
രണ്ടു ചെറിയ കുട്ടികള്‍. മൂത്ത പെണ്‍കുട്ടിക്ക് ആറു വയസ് കാണും. അനിയന് നാല്- നാലര. രണ്ടാളും മാറി മാറി വിളിക്കുകയാണ്. രണ്ടു പേരും കരച്ചിലിന്‍റെ വക്കിലാണ്.
അകത്ത് കിടന്നുറങ്ങുന്ന ഉണ്ണിക്കുടവയറന്‍റെ ഉടമകളാണ് ഇവരെന്ന് എനിക്ക് തോന്നി. മോട്ടു അവന് പറ്റിയ പേര്.
എങ്കിലും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അടുത്ത വീട്ടില്‍ വിരുന്ന വന്നതാണെന്നും കാറില്‍ നിന്ന് അവരുടെ ലാബ്രഡോര്‍ പപ്പി പുറത്തിറങ്ങിപ്പോയത് കണ്ടില്ലെന്നും പപ്പയും മമ്മിയും അങ്കിളും ആന്‍റിയുമൊക്കെ മോട്ടു എന്ന പട്ടിക്കുട്ടിയെ തേടി നടക്കുകയാണെന്നുമൊക്കെ ഒറ്റശ്വാസത്തിലാണ് ആ പെണ്‍കുഞ്ഞ് വിവരിച്ചത്.
പിന്നെ വൈകിയില്ല. വീട്ടില്‍ നിന്നു ഞാന്‍ പെട്ടിയോടെ കക്ഷിയെ കൊണ്ടു വന്നു കാണിച്ചു കൊടുത്തു.
ദൈവമേ.... ആ കുഞ്ഞുങ്ങളുടെ ഒരു സന്തോഷം! അവരുടെ വിളികേട്ട് അവന്‍ കണ്ണു തുറന്നു. പതിവുപോലെ ‘‘ബഫ്’’ എന്ന് ഒച്ചയുണ്ടാക്കി. അപ്പോഴേക്കും പെണ്‍കുട്ടി ഓടിപ്പോയി മാതാപിതാക്കളെയും എന്‍റെ അയല്‍വാസികളായ ബന്ധുക്കളെയും വിളിച്ചുകൊണ്ടു വന്നു. നടന്ന കാര്യങ്ങളൊക്കെ ഞാന്‍ അവരോടു പറയുമ്പോള്‍ കടലാസ് പെട്ടിക്കുള്ളില്‍ വീണ്ടും ഉറക്കമായ കുഞ്ഞന്‍ നായ ഞങ്ങളെയെല്ലാം ഒരുപാട് സന്തോഷിപ്പിച്ചു. പെട്ടിയോടുകൂടി അവനെ ആ കുഞ്ഞുങ്ങള്‍ക്കു കൈമാറി. അതിനുമുന്‍പ് ഒവന്‍റെ കുഞ്ഞുനെറ്റിയിലൊരുമ്മ കൊടുക്കാന്‍ ഞാന്‍ മറന്നില്ല.
അവരുടെ മോട്ടുവിനെ നന്നായി കെയര്‍‍ ചെയ്തതിന് ചേച്ചിയും അനിയനും എന്‍റെ നരച്ച താടിയില്‍ ഓരോ ഉമ്മ തിരിച്ചു നല്‍കി. കളിചിരികളോടെ അവര്‍ യാത്രയായി.
ആഹ്ലാദം അക്ഷരാര്‍ഥത്തില്‍ തുടികൊട്ടുന്നത് എങ്ങനെയെന്ന് അപ്പോള്‍ ഞാനറിഞ്ഞു. നിനച്ചിരിക്കാതെ കടന്നു വരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍. പളുങ്കു കണ്ണുകളുള്ള ആ നായക്കുഞ്ഞന്‍ ഇപ്പോഴും എനിക്ക് ഓര്‍മകളില്‍ അളവില്ലാത്ത സന്തോഷം നല്‍കുന്നു. 
താങ്ക് യൂ മോട്ടൂ.

6 comments:

  1. നിനച്ചിരിക്കാതെ കടന്നു വരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍.

    ReplyDelete
  2. വളരെ ഇഷ്ടപ്പെട്ടു മോട്ടുവിനെയും മോട്ടുവിന്റെ കഥയും.

    ReplyDelete
  3. കാറ്റുപോലെ വന്ന് കടന്ന് പോകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍........

    ReplyDelete
  4. മോട്ടു എത്തിപ്പെട്ടത് ശരിയായ കൈകളിലായിരുന്നു.........

    ReplyDelete
  5. മോട്ടുവിന്‍റെ ഭാഗ്യം. അല്ലെങ്കിൽ പോസ്റ്ററായി വഴിയരികിലും... കണ്ടവരോ കൊണ്ടുപോയവരോ ഉണ്ടോയെന്ന് ചോദിച്ച് പത്രത്തിലും പടം വരാതെ രക്ഷപെട്ടു. ആ നരച്ചതാടിക്കാരന് ഒരു "ബഫ്"

    ReplyDelete