Thursday, March 17, 2011

സ്നേഹത്തിന്‍റെ പുണ്യാളത്തി


നാലോ അഞ്ചോ വര്‍ഷം മുന്‍പാണ്. ഹരിപ്പാടിനടുത്ത് ചിങ്ങോലിയിലെ കുടുംബവീട്ടില്‍ പോയി അമ്മയെ കണ്ട് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു ഞാന്‍. വൈറ്റിലയ്ക്ക്അടുത്തുള്ള വീട്ടിലേക്കു പോകാന്‍ ചേര്‍ത്തലയില്‍ ഇറങ്ങി. ബൈപാസ് വഴിയുള്ള ബസില്‍ കയറി ഇരിക്കവെയാണ് അമ്മച്ചി എന്നു ഞാന്‍ ഇനി വിളിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുന്നത്.
തിടുക്കത്തോടെ ഓടിവന്നു ബസില്‍ കയറി എന്‍റെ അടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ അത്ര സാധാരണമല്ലാത്ത ചട്ടയും മുണ്ടും വേഷം. വെണ്‍ചാമരം പോലെ നരച്ച മുടി. ഐശ്വര്യമുള്ള മുഖം. കാഴ്ചയ്ക്ക് എന്‍റെ അമ്മയോളമോ അതില്‍ കൂടുതലോ പ്രായം. അമ്മ ഒരു ബസില്‍ ഓടിക്കയറിയിട്ട് 20 കൊല്ലമെങ്കിലും ആയിക്കാണുമല്ലോ എന്ന് ചിന്തിച്ച് അന്തംവിട്ടിരിക്കെ എന്‍റെ കയ്യിലിരുന്ന വെള്ളക്കുപ്പിയിലേക്ക് ചൂണ്ടി അവര്‍ പറഞ്ഞു ‘‘ കൊറച്ച് വെള്ളം താ മോനേ ’’.
രണ്ടോ മൂന്നോ കവിള്‍ കുടിച്ച് ആശ്വാസം നേടി അമ്മച്ചി പറഞ്ഞു ‘‘എന്‍റെ കര്‍ത്താവേ തിരിച്ചു കിട്ടിയല്ലോ, അര്‍ത്തുങ്ക പുണ്യാളന്‍ തരീച്ചതാ’’. ഞാന്‍ നോക്കുമ്പോള്‍ അവര്‍ ചിരിച്ചു. കൈവിട്ടുപോയ സ്വര്‍ഗം തിരിച്ചുകിട്ടിയ സന്തോഷം ആ മുഖത്തു കാണാമായിരുന്നു. എന്താണു തിരിച്ചുകിട്ടിയതെന്നു ചോദിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ആരോടെങ്കിലും ഒന്നു പറയണമെല്ലോ എന്നു കരുതി അവര്‍ വീര്‍പ്പുമുട്ടി ഇരിക്കുകയായിരുന്നു എന്നു വ്യക്തം. വിശദമായിരുന്നു മറുപടി.
എറണാകുളം ജില്ലയുടെ വടക്കുകിഴക്കുള്ള ഗ്രാമത്തില്‍ നിന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ തീര്‍ഥാടനത്തിനു പോയതാണ് അമ്മച്ചി. ഒറ്റയ്ക്കായിരുന്നു യാത്ര. പേടിയൊന്നുമില്ല. പണ്ട് കെട്ടിയോനോടൊപ്പമായിരുന്നു പോയിരുന്നത്. അതിയാനെ കര്‍ത്താവ് വിളിച്ചിട്ട് 20 കൊല്ലമായി. എന്നിട്ടും പോക്കു മുടക്കിയിട്ടില്ല. ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല. പക്ഷേ ഇത്തവണ തിരക്കില്‍ പഴ്സ് നഷ്ടപ്പെട്ടു. 500 രൂപയില്‍ കുറയാത്ത തുകയോടൊപ്പം മരിച്ചുപോയ ഭര്‍ത്താവിന്‍റെ ഒരു ഫോട്ടോയും മറ്റു ചില കടലാസുമൊക്കെ  ഉണ്ടായിരുന്നു. വലിയ സങ്കടമായി. ഏറെനേരം തിരഞ്ഞു നടന്നു. പള്ളിക്കമ്മറ്റി ഓഫീസില്‍ അന്വേഷിക്കാന്‍ ആരോ പറഞ്ഞതനുസരിച്ച് ചെന്നപ്പോള്‍ പഴ്സ് അവിടുണ്ട്. ആരോ ഏല്‍പ്പിച്ചു പോയതാണ്. പണം പോയി. കെട്ട്യോന്‍റെ ഫോട്ടോയും ഉണ്ണീശോയെ എടുത്തുനില്‍ക്കുന്ന മാതാവിന്‍റെ പടവും വോട്ടിന്‍റെ കാര്‍ഡും ഉണ്ടായിരുന്നു. നല്ലവരായ കമ്മറ്റിക്കാര്‍ മേല്‍വിലാസം മാത്രമേ ചോദിച്ചുള്ളൂ. സാധനം കയ്യോടെ തിരിച്ചുകിട്ടി.
വോട്ടു കാര്‍ഡ് തിരച്ചുകിട്ടിയിട്ടാണോ അമ്മച്ചിക്കിത്ര സന്തോഷം എന്നു ചോദിച്ചുതീരുംമുന്‍പ് എന്‍റെ വലതു കൈമുട്ടില്‍ കടന്നല്‍ കുത്തിയപോലൊരു വേദന. മണ്ടത്തരം ചോദിച്ചതിന് അമ്മച്ചിയുടെ വക കിഴുക്ക്! ‘‘പിന്നേ! അതൊക്കെ ഇനി ആര്‍ക്കുവേണം കൊച്ചെ? അതിയാന്‍റെ ഫോട്ടോ ഇങ്ങു കിട്ടിയതാ വല്യകാര്യം. ദേ.. ഇതൊന്നേ ഒള്ളു’’
അമ്മച്ചി പഴ്സ് തുറന്നു കാണിച്ചു. അപ്പച്ചന്‍റെ പടം കണ്ടു ഞാന്‍ ഞെട്ടി. ആ ഫോട്ടോ ഒരു ചെറുപ്പക്കാരന്‍റേതായിരുന്നു. പഴമയുടെ നിറംമങ്ങലുണ്ട് എങ്കിലും ആള്‍ സുന്ദരനായിരുന്നു.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ നസീറിന്‍റെ ഛായ.
‘‘ഇതു പഴയ പടമാണല്ലോ’’ എന്നു പറഞ്ഞുതീരും മുന്‍പ് എനിക്കു വീണ്ടും നുള്ളുകിട്ടി. ‘‘ഇതല്ലേ കൊച്ചേ പടം. അല്ലാതെ വയസായി പല്ലും പറണ്ടേം പോയ കാലത്തെ പടമാണോ. ഇതിനല്ലേ പവറ്. ഞങ്ങടെ കെട്ടുകഴിഞ്ഞ് എര്‍ണാകൊളത്തു വന്നെടുപ്പിച്ച പടമാ. അന്നീ കറപ്പും വെളുപ്പുമല്ലേ ഉള്ളൂ. ഇപ്പഴല്ലേ കളറൊക്കെ. എന്നാലും ഭംഗി പഴേതിനാ’’ ആ വാക്കുകളോടു യോജിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.
‘‘അപ്പച്ചന്‍ നല്ല സുന്ദരനാണല്ലോ? അമ്മച്ചയിയും അതുപോലായിരുന്നോ?’’ ഞാന്‍ ചോദിച്ചു.
‘‘ഓ എന്നെ കാണാനൊന്നും കൊള്ളത്തില്ലാരുന്നെന്നേ. നെറോം ഇല്ല; ചടച്ചിട്ട് പല്ലും ശകലം പൊങ്ങി. അങ്ങേര്‍ക്ക് ആദ്യം ഇഷ്ടമേ അല്ലാരുന്നു. അപ്പന്‍ പറഞ്ഞിട്ടാ നെന്നെ കെട്ടിയതെന്ന് പിന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷേ പിന്നെന്നെ ജീവനായിരുന്നു. ആദ്യത്തെ പേറൊക്കെ കഴിഞ്ഞപ്പഴാ എന്‍റെ ദേഹത്തൊക്കെ ശകലം എറച്ചിയൊക്കെപിടിച്ചത്. പിന്നെ ഞാനങ്ങു വീങ്ങി’’ കുലുങ്ങിച്ചിരിയില്‍  അവസാനിച്ച ആത്മകഥാ അവതരണത്തോടെ ഞാന്‍ അമ്മച്ചിയുടെ  ആരാധകനായി. ബസ് ഓടിത്തുടങ്ങിയതൊന്നും അറിഞ്ഞതേയില്ല.
കണ്ടക്ടര്‍ രണ്ടു നിര സീറ്റിനു പിന്നില്‍ വന്നപ്പോഴാണ് അമ്മച്ചിയുടെ കയ്യില്‍ പണം ഉണ്ടാകില്ലല്ലോ എന്നു ഞാന്‍ ആലോചിച്ചത്. ടിക്കറ്റ് എടുത്തുകൊള്ളാം എന്ന വാഗ്ദാനം അവര്‍ ശക്തമായി നിരാകരിച്ചപ്പോള്‍ അമ്പരപ്പു തോന്നി. ‘‘പേഴ്സിലെ പൈസയല്ലേ പോയിട്ടുള്ളൂ മോനേ. കൊറച്ചുകാശ് എപ്പോഴും എന്‍റെ മടിക്കുത്തിലുണ്ടാകും. വല്ല ഏടാകൂടോം വന്നാലും നമക്കു വീടെത്തണ്ടായോ?’’ ആ പ്രായോഗിക വൈഭവത്തെ നമിച്ചു പോയി.
ടിക്കറ്റെടുപ്പൊക്കെ കഴിഞ്ഞാണ് അമ്മച്ചി എന്‍റെ വിവരങ്ങളൊക്കെ ചോദിച്ചത്. പേര്, ജോലി, ജോലിയുടെ സ്വഭാവം ഇവയൊക്കെ വിശദീകരിക്കേണ്ടി വന്നു.
അമ്മയെ കാണാന്‍ പോയതാണെന്നു പറഞ്ഞപ്പോള്‍ സന്തോഷമായി. നാട്ടിന്‍പുറത്തു നിന്ന് അമ്മയെ പട്ടണത്തില്‍ കൊണ്ടുവന്ന് കഷ്ടപ്പെടുത്തരുതെന്ന ഉപദേശവും തന്നു.
അമ്മച്ചി ക്വിസ് തുടര്‍ന്നു.
‘‘കെട്ടീതാണോ?’’ അതെ.
‘‘എവെടെയാ ഭാര്യവീട്?’’ പെരുമ്പാവൂര്
‘‘അപ്പം ഞങ്ങടെ വഴിക്കാണല്ലോ. പിള്ളേരെത്രയുണ്ട്?’’
മക്കളില്ല എന്ന മറുപടി അമ്മച്ചിയെ അസ്വസ്ഥയാക്കി. ‘‘അങ്ങനെ പറയല്ലേ മോനേ. മക്കളായിട്ടില്ല എന്നേ പറയാവൂ. എനിക്ക് നാലു കൊല്ലം കഴിഞ്ഞാ ഗര്‍ഭമുണ്ടായത്. കെട്ടു കഴിഞ്ഞ് ആറുമാസം തൊട്ട് അമ്മായിഅമ്മ വഴക്കായിരുന്നു. എന്നെ കളയാന്‍ ആ തള്ള അവരടെ മോനോട് നൂറുവട്ടം പറഞ്ഞതാ. അതിയാന്‍ കേട്ടില്ല. ഒരു കൂട്ടുകാരന്‍ പറഞ്ഞാ ഞങ്ങള് കടമറ്റം പള്ളീലും അര്‍ത്തുങ്കപ്പള്ളീലും പോയി പ്രാര്‍ഥിച്ചത്. അങ്ങനാ മൂത്തവന്‍ ഒണ്ടായത്. പിന്നെ മൂന്നെണ്ണം കൂടി ജനിച്ചു. മൊത്തം മൂന്നാണും ഒരു പെണ്ണും. അന്നുതൊട്ട് ഈ രണ്ടു പള്ളീലും പോകുമായിരുന്നു. ഒരാണ്ടില്‍ കടമറ്റം പള്ളീല്‍ പോയപ്പം  സഭക്കാരു തമ്മില്‍ മുട്ടന്‍ വഴക്കും അടീം ബഹളോം. പിന്നെ അങ്ങോട്ടു പോയിട്ടില്ല. അര്‍ത്തുങ്കേ പോണത് മൊടക്കിയിട്ടില്ല. എനിക്ക് 80 നടപ്പാ മോനേ. കര്‍ത്താവു വിളിക്കുംവരേം ഞാന്‍ ഇവിടെ വരും.’’
‘‘മോനും ഭാര്യേം നല്ലോണം പ്രാര്‍ഥിക്കണം. ദൈവം മക്കളെ തരും. ഞങ്ങടെ വേദപുസ്തകത്തില്‍ അബ്രാത്തിനും സാറായ്ക്കും സന്തതിയുണ്ടായത് ഏതുപ്രായത്തിലാ? ദൈവം തരും മോനേ. ദൈവം തരും’’
അമ്മച്ചിയെ ഇങ്ങനെ നിരന്തരം ഗോളടിക്കാന്‍ വിടുന്നതു ശരിയല്ലല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു ‘‘അബ്രഹാമിനെപ്പോലെ തൊണ്ണൂറാം വയസില്‍ മക്കളുണ്ടായാല്‍ ഞാനും ഭാര്യേം കുഴഞ്ഞുപോകുമല്ലോ എന്‍റമ്മച്ചീ’’
ഇത്തവണ കടന്നല്‍ക്കുത്തേറ്റത് എന്‍റെ കവിളില്‍. ഇടിവെട്ടു ചിരിക്കൊപ്പം അമ്മച്ചി പറഞ്ഞു. ‘‘ കൊച്ചു ക്രിത്യാനി അല്ലേലും ഞങ്ങടെ വേദപുസ്തകമൊക്കെ പഠിച്ചു വച്ചേക്കുവാ ഇല്യോ? പത്രത്തില്‍ പണിയെടുക്കണേല്‍ ഇതൊക്കെ അറിയണാരിക്കും.’’ ആ വാക്കുകള്‍ എന്നെ മാത്രമല്ല മുന്നിലും പിന്നിലും സീറ്റില്‍ ഇരുന്നവരെക്കൂടി ചിരിപ്പിച്ചുകളഞ്ഞു.
ഏറെ ഉപദേശം തന്ന അമ്മച്ചിയെ ഞാനും ഒന്ന് ഉപദേശിച്ചു. ‘‘ഏതായാലും ഇനി തനിച്ച് ഇത്ര ദൂരം വരരുത്. സൂക്ഷിക്കണം. മക്കളോ മരുമക്കളോ കൊച്ചുമക്കളോ ഒക്കെയായിട്ടു വരുന്നത് നല്ല രസമല്ലേ?’’
ആ മുഖത്തെ പ്രസന്നതയൊക്കെ ക്ഷണത്തില്‍ അപ്രത്യക്ഷമായി. ‘‘ഹും കൊച്ചിന് എന്തോന്നറിയാം. മോളൊരുത്തിയെ കെട്ടിച്ചയച്ചില്ലിയോ? അവക്ക് കെട്ടിയോന്‍റെ പരുവം നോക്കണം. പിന്നെ മക്കടെ പെമ്പിളമാര്‍ക്ക് എന്നെ കണ്ടുകൂടാ. എന്‍റെ മക്കള് അവളുമാരുടെ വാലേലാ. കുശുകുശുപ്പു കാരണം അവന്മാര്‍ക്കും ഇപ്പം എന്നെ കണ്ടുകൂടാ. വിളിക്കാഞ്ഞിട്ടല്ല. ഒരെണ്ണം വരില്ല. കാറേലും ജീപ്പേലുമൊക്കെ പോകാനാ അവര്‍ക്ക് ഇഷ്ടം. പുണ്യാളന്മാരുടെ അടുത്തു കഷ്ടപ്പെട്ടു വേണം പോവാന്‍.’’
അമ്മച്ചി ഈ പ്രായത്തില്‍ ഇങ്ങനെ കഷ്ടപ്പെടണോ എന്നു ഞാന്‍. വേണം എന്ന് അവര്‍.
ഇതുവല്ലോം ഒരു കഷ്ടപ്പാടാണോ? മോനിതൊന്നു കേട്ടേ എന്ന ആമുഖത്തോടെ അമ്മച്ചി ഒരു നീണ്ട കഥ ചുരുക്കിപ്പറഞ്ഞു. 65 കൊല്ലം മുന്‍പ് പാലാ പ്രദേശത്തെ പ്രതാപമില്ലാത്ത വീട്ടില്‍ 21 വയസുള്ള പയ്യന് വധുവായി എത്തിയ പതിനഞ്ചുകാരിയുടെ പകപ്പ്.. മൂന്നു വര്‍ഷം കഴിഞ്ഞ് സ്വന്തമായ ജീവിതത്തിന് ദൂരെനാട്ടില്‍ (അതോ കാടോ?) കെട്ടിയോന്‍ ഭൂമിവാങ്ങി പോയത്.. ചെറിയൊരു പെട്ടിയുമായി കരിബസില്‍ കയറിവന്നത്.. വൈദ്യ സഹായം ഒന്നും കിട്ടാത്ത ഒരു രാത്രി ആദ്യ കുഞ്ഞു പിറന്നത്..
തെല്ലും പരിചയമില്ലാത്തിടത്ത് കുടില്‍ കെട്ടി നന്നായി അധ്വാനിച്ച് ചെറിയമക്കളുമായി കഴിഞ്ഞ കാലത്തുനിന്ന് ഇന്നു പ്രതാപങ്ങളുടെ ചുറ്റുപാടില്‍ വേണ്ടപ്പെട്ടവര്‍ക്കു താനൊരു ഭാരമോ അസ്വസ്ഥതയോ ആയി മാറിക്കഴിഞ്ഞ സ്ഥിതിവരെ അവര്‍ പറഞ്ഞു. അത്യധ്വാനിയായ ഭര്‍ത്താവും വിശ്വസ്തയായ ഭാര്യയും ഇഴകളായ ചരടില്‍ അനുഭവങ്ങളാകുന്ന മുത്തുകള്‍ കോര്‍ത്ത മാലപോലെയായിരുന്നു അവര്‍ പറഞ്ഞ ജീവിത കഥ. അതിന്‍റെ അവസാന അധ്യായങ്ങള്‍ പക്ഷേ അസ്വാരസ്യങ്ങളും സംഘര്‍ഷവുമൊക്കെ നിറഞ്ഞതായിരുന്നു.
അമ്മച്ചിയുടെ കഥയ്ക്കു രണ്ടു ഭാഗമുണ്ടെന്നു മനസിലായി; അപ്പച്ചനു മുന്‍പും പിന്‍പും.
ദേശീയ പാതയില്‍ പലയിടത്തും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ യാത്ര വളരെ സാവധാനമായിരുന്നു. മെല്ലെപ്പോക്കില്‍ മറ്റുയാത്രക്കാര്‍ വല്ലാത്ത മുഷിയുമ്പോഴും അമ്മച്ചിയുടെ കഥാസാഗര തീരത്ത് ഞാന്‍ സുഖമായി ഇരുന്നു.
 ‘‘എനിക്കിപ്പം സ്വന്തം എന്നു പറയാന്‍ ഈ ഫോട്ടോ മാത്രമേ ഉള്ളൂ. ഇതിന്‍റെ പഴക്കോം കണ്ണിന്‍റെ കൊഴപ്പോം കാരണം ചൊവ്വേ നേരേ ഒന്നു കാണാനും പറ്റുന്നില്ല. മനസിലാ ഞാനിപ്പം ഈ പടം കാണുന്നെ. ഇതൊന്നു ശരിക്കു കാണിച്ചുതരണേന്നു മാത്രമാ മോനേ ഞാന്‍ പ്രാര്‍ഥിച്ചെ’’- അവര്‍ പറഞ്ഞു നിര്‍ത്തി.
പഴയ പടങ്ങള്‍ തനിമ നഷ്ടപ്പെടാതെ സ്കാന്‍ ചെയ്തു വലിയ പ്രിന്‍റ് അച്ചടിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അമ്മച്ചിയുടെ കണ്ണുകള്‍ തിളങ്ങി. കുണ്ടന്നൂര്‍ ജങ്ഷനിലും പാലത്തിലെ ബ്ലോക്കിലുമായി ബസ് കുറേനേരം കാത്തു കിടന്നപ്പോള്‍ കൊച്ചിയിലെ മികച്ച ഡിജിറ്റല്‍ സ്കാന്‍ സെന്‍ററിന്‍റെ പേരും ഫോണ്‍ നമ്പരും ഞാനൊരു കടലാസില്‍ കുറിച്ച് അവര്‍ക്കു കൊടുത്തു. അമ്മച്ചി ആവശ്യപ്പെട്ടതനുസരിച്ച് എന്‍റെ ഫോണ്‍ നമ്പരും എഴുതി. അവരതു വാങ്ങി ശ്രദ്ധയോടെ പഴ്സില്‍ വയ്ക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.  
ബസ് വൈറ്റിലയോട് അടുക്കവെ അവര്‍ എന്‍റെ വലുതു കൈവിരലുകളില്‍ ഉമ്മവച്ചു. ‘‘മോന്‍ പറഞ്ഞ വിദ്യയിലൂടെ എനിക്ക് അപ്പച്ചന്‍റെ വലിയ പടം കിട്ടുമെന്ന് മനസു പറയുന്നു. എന്‍റെ മോളുടെ മോന്‍ ജോസിനെക്കൊണ്ട് അതു ശരിയാക്കിക്കണം’’. പിന്നീടെന്തോ ഓര്‍ത്തപോലെ അവര്‍ കുരിശു വരച്ചു. എന്നിട്ടു പറഞ്ഞു ‘‘വൈകിയാലും ദൈവം തരും മോനേ. ഞാന്‍ പ്രാര്‍ഥിക്കും.’’ ആ പറഞ്ഞത് ഇനിയും ജനിക്കാത്ത മക്കളെക്കുറിച്ച് ആണെന്ന് മനസിലായതിനാല്‍ ഞാനൊന്നും മിണ്ടിയില്ല. ‘‘ഞാന്‍ ഇറങ്ങട്ടെ അമ്മച്ചി’’ എന്നു മാത്രമായിരുന്നു എന്‍റെ പ്രതികരണം.
ബസ് നീങ്ങി. എന്നെ നോക്കി ചിരിച്ച് കൈവീശി ആ അമ്മ യാത്രയായപ്പോള്‍ എനിക്കെന്തോ ചിരി വന്നില്ല. ചെറിയൊരു സങ്കടമാണ് തോന്നിയത്. അതുകൊണ്ടു തന്നെ എന്‍റെ ചിരിയും കൈവീശലുമെല്ലാം യാന്ത്രികമായിരുന്നു. കഷ്ടം! അവരുടെ പേരുപോലും ചോദിക്കാന്‍ ഞാന്‍ മറന്നിരുന്നു. എല്ലാം വിസ്തരിച്ചു പറഞ്ഞ അമ്മച്ചി അതു പറഞ്ഞതുമില്ല.
വീട്ടിലെത്തി ഭര്യയോട് കഥകളൊക്കെ പറഞ്ഞപ്പോള്‍ അയാള്‍ക്കു ചിരി. ഈ അമ്മച്ചിയാണോ സത്യന്‍ അന്തിക്കാടിന്‍റെ മനസിനക്കരെ എന്നസിനിമയില്‍ ഷീല ചെയ്ത കഥാപാത്രം എന്നായിരുന്നു സംശയം. പക്ഷേ എനിക്കു സംശയമൊന്നും ഇല്ലായിരുന്നു. ഷീലയുടെ കൊച്ചുത്രേസ്യാക്കൊച്ചിനെക്കാള്‍ മിടുമിടുക്കിയായിരുന്നു എന്‍റെ അമ്മച്ചി.  
പിന്നെ ഞാന്‍ അമ്മച്ചിയെ മറന്നു. ഞങ്ങളുടെ യാത്രയേയും കഥകളേയും കടന്നല്‍കുത്തുകളെയും മറന്നു. രണ്ടു വര്‍ഷം മുന്‍പ് ഒരുനാള്‍ അപരിചിതമായ ഒരു ഫോണ്‍ കോള്‍. ജോസ് എന്നു പരിചയപ്പെടുത്തിയ ആള്‍ക്ക് ഒന്നു കാണണം. വൈകിട്ട് ഓഫിസില്‍ വരാമെന്നു പറഞ്ഞ് അയാള്‍ സംഭാഷണം അവസാനിപ്പിച്ചു.
അന്നു വൈകിട്ട് ജോലിക്കു ചെന്നപ്പോള്‍ എന്നെ കാത്ത് അവര്‍ ഇരിപ്പുണ്ടായിരുന്നു. മധ്യവയസ്കയായ ഒരമ്മയും മകനും. ആനിമിഷം ഞാന്‍ അമ്മച്ചിയെ ഓര്‍ത്തു. കാരണം ആ സ്ത്രീക്ക് അമ്മച്ചിയുടെ നല്ല ഛായ ഉണ്ടായിരുന്നു.
‘‘അമ്മച്ചിയുടെ...’’ എന്നു ചോദിച്ചു തുടങ്ങിയപ്പോഴെ അവര്‍ പറഞ്ഞു ‘‘മോളാ; ഇതെന്‍റെ മോന്‍ ജോസ്’’
‘‘ഞാനാണു സര്‍ രാവിലെ വിളിച്ചത്. വെറുതെ ഒന്നു കാണാന്‍. വല്ല്യമ്മച്ചി മരിച്ചു; മൂന്നു മാസമായി’’ ജോസ് പറഞ്ഞു.
ബാക്കി പറഞ്ഞത് അയാളുടെ അമ്മയായിരുന്നു. ‘‘ഇന്നലെ അമ്മേടെ വേദപുസ്തകം ആങ്ങളേടെ വീട്ടീന്ന് എടുത്തുകൊണ്ടു വന്നു. സാര്‍ എഴുതിക്കൊടുത്ത കടലാസ് അതിലുണ്ടായിരുന്നു. അങ്ങനാ നമ്പര്‍ കിട്ടിയത്. അമ്മയ്ക്ക് സാറിനെ ജീവനായിരുന്നു.  അര്‍ത്തുങ്കല്‍ പുണ്യാളനാ നിങ്ങളെ അടുത്തിരുത്തിയതെന്ന് എപ്പോഴും പറയും. അപ്പന്‍റെ പഴയപടം ഇവനെക്കൊണ്ട് സാറു പറഞ്ഞ സ്ഥലത്തു കൊടുത്ത് വലുതാക്കി എടുത്ത് അമ്മയുടെ മുറിയില്‍ വച്ചു. കിടക്കുമ്പോഴും എണീക്കുമ്പോഴുമൊക്കെ അമ്മ ആ പടം കണ്ടു സന്തോഷിച്ചു. അപ്പനുമമ്മേം അതുപോലെ സ്നേഹിച്ചവരാ. പടം  കണ്ടവരോടെല്ലാം മനോരമക്കാരന്‍ കൊച്ചിന്‍റെ കാര്യവും അമ്മ പറയും.
അമ്മയുടെ മരണവും പെട്ടെന്നായിരുന്നു. രാവിലെ എണീറ്റ് ചായകുടിച്ചിട്ട് ഒന്നൂടെകിടക്കണം എന്നു പറഞ്ഞ് പോയതതാ. കുറേക്കഴിഞ്ഞ് നത്തൂന്‍ പോയി നോക്കിയപ്പോ മരിച്ചു കിടക്കുവായിരുന്നു.’’ അതു കേട്ടപ്പോള്‍ എനിക്ക് വളരെ ആശ്വാസം തോന്നി. ഭാഗ്യവതിയായ അമ്മച്ചി. ഇഷ്ടമില്ലാത്തവരുടെ പരിചരണങ്ങളില്‍ നിന്നുകൂടി പുണ്യാളന്‍ അവരെ രക്ഷിച്ചിരിക്കുന്നു.
ജോസും അമ്മയും അമ്മച്ചിയെക്കുറിച്ചു കുറേ കഥകള്‍കൂടി പറഞ്ഞു. കുടുംബ യൂണിറ്റ് യോഗത്തില്‍ കാരുണ്യത്തെക്കുറിച്ചു വാതോരാതെ പ്രസംഗിച്ച  ഭാരവാഹിയോട് ‘‘നിന്‍റെ അമ്മായിയമ്മയ്ക്ക് രണ്ടുനേരം കട്ടന്‍ചായ തെളപ്പിച്ചു കൊടുത്തേച്ചു കൂണാരം അടിക്കെടീ’’ എന്ന് ഉപദേശിച്ചതും മണവാട്ടിയായ കൊച്ചുമകളുടെ മന്ത്രകോടിയില്‍ കല്ലും കുപ്പിച്ചില്ലും തകരച്ചീളുമൊക്കെ തുന്നിവയ്ക്കുന്നതില്‍ രോഷം കൊണ്ടതും വോട്ടു പിടിക്കാനെത്തി അനുഗ്രഹം ചോദിച്ച സ്ഥാനാര്‍ഥിയോട് ‘‘അനുഗ്രഹമൊക്കെ മൊത്തമായിട്ട് കൊച്ചിനുതന്നെ തന്നേക്കാം. പക്ഷേ വോട്ട് ആ ജോയിക്കുട്ടിക്കു കൊടുക്കും; പാവം അവനും എന്തേലും കൊടുക്കണ്ടായോ’’ എന്ന് അനുഗ്രഹിച്ചതുമെല്ലാം എനിക്കു നന്നേ രസിച്ചു.
യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ ആ ചേച്ചി പറഞ്ഞ വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു. ‘‘അമ്മ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രര്‍ഥിക്കുമായിരുന്നു.’’ എന്‍റെ കണ്ണു നിറഞ്ഞുപോയി. വെറും ഒരു മണിക്കൂര്‍ യാത്രയിലൂടെ എനിക്ക് കിട്ടിയത് എത്രയോ വലിയ കാരുണ്യം.
ഞാനപ്പോള്‍ ഓര്‍മകളിലൂടെ ഒരു ദീര്‍ഘയാത്ര തുടങ്ങുകയായിരുന്നു. നിറഞ്ഞ ചിരിയും രസികന്‍ കഥകളും ഇടയ്ക്കിടെ കടന്നല്‍ കുത്തുമൊക്കെയായി സ്നേഹത്തിന്‍റെ ഒരു പുണ്യാളത്തി എനിക്കു സഹയാത്രികയായി.

9 comments:

  1. മനസ്സ്‌ ആര്‍ദ്രമാക്കുന്ന അനുഭവവും എഴുത്തും...

    ReplyDelete
  2. എടാ, നീ എത്ര വർഷം പാഴാക്കി?! മലയാളം നിന്നോടു പൊരുക്കില്ലെടാ. ഇങ്ങനെ എഴുതാൻ കഴിവുണ്ടായിരുന്നെങ്കിൽ ഞാനൊക്കെ രണ്ടു കയ്യും കാലും കൊണ്ട് എഴുതിയേനെ.

    ReplyDelete
  3. കേട്ട് പരിജയമുള്ള കഥയാണെങ്കിലും പുതുമയുള്ള അവതരണം..

    ReplyDelete
  4. very sweet. very touching. well written too.

    manoj
    www.sepiastory.blogspot.com

    ReplyDelete
  5. siiiiiiiiiiirrr.....................

    ReplyDelete
  6. എത്താന്‍ അല്പം വൈകി പോയി .. എല്ലാം വിഭവ സമൃദ്ധമാണ്.. ഭാവുകങ്ങള്‍..

    ReplyDelete