സുഖസുന്ദരമായ ഒരു ഓഫ് ദിവസം പാട്ടു കേള്‍ക്കുകയായിരുന്നു. ജിം റീവ്സിന്‍റെ ഘനഗംഭീരമായ സ്വരം. ദൈവത്തോടുള്ള പ്രാര്‍ഥനകള്‍. വി താങ് ദീ എവരി മോണിങ്... തുടങ്ങിയവ. അനവസരത്തിലെന്നോണം ഡോര്‍ ബെല്‍ മുഴങ്ങി. നോക്കുമ്പോള്‍ സുമുഖനായ ഒരു മധ്യവയസ്കനും ഒരു യുവതിയും.
വല്ല മാര്‍ക്കറ്റിങ് എടപാടോ ഇന്‍ഷുറന്‍സ് കുരുക്കോ ശാസ്ത്രീയമായി കഴുത്തു കണ്ടിക്കുന്ന ന്യൂജനറേഷന്‍ പേഴ്സനല്‍ ലോണ്‍ ചതിയോ വല്ലതുമാകാം എന്നു സംശയിച്ചു തീരും മുന്‍പേ വന്നയാള്‍ പറഞ്ഞു. ‘‘മിസ്റ്റര്‍ ഹരിയല്ലേ? ഞങ്ങളൊന്നു കാണാന്‍ വന്നതാണ്.’’ ഇത്രയും അടുപ്പം കാട്ടുന്നവരെ അകത്തേക്കു ക്ഷണിക്കാനും ഓരോഗ്ലാസ് വെള്ളം ഓഫര്‍ ചെയ്യാനും താമസിച്ചില്ല. അകത്തു കയറി ഇരുന്നു എങ്കിലും വെള്ളം കുടിച്ചില്ല. പകരം അവരുടെ ബാഗ് തുറന്ന് കുപ്പിവെള്ളം എടുത്തു കുടിച്ചു.
ഞാന്‍ എന്താണു വേണ്ടത് എന്നു ചോദിക്കും മുന്‍പേ ആഗതന്‍ സംസാരിച്ചു തുടങ്ങി. ‘‘ഞങ്ങള്‍ സ്വര്‍ഗരാജ്യത്തെക്കുറിച്ച് സംസാരിക്കാനായി വന്നതാണ്’’. അയ്യോ കെണിഞ്ഞല്ലോ എന്നു ഞാന്‍ ആത്മഗതം ചെയ്യവേ അതാ അടുത്ത വചനം. ‘‘നിങ്ങള്‍ പാപിയാകുന്നു. തെറ്റായ വഴികളില്‍ സഞ്ചരിക്കുന്ന നിങ്ങള്‍ക്ക് സ്വര്‍ഗരാജ്യത്തേക്കുള്ള വഴി കാണിച്ചു തരാന്‍ ദൈവം അയച്ചവരാണ് ഞങ്ങള്‍’’.
മണ്ണു നീക്കുന്ന ജെസിബിയുടെ യന്ത്രക്കയ്യ് പടുക്കോന്നു തലയില്‍ വന്നു വീണതുപോലെ ഞാനൊന്നു കിടുങ്ങി. എന്‍റെ പാപങ്ങളൊക്കെ മനസിലാക്കിയിട്ടാണോ ഇനി ഈ ദേവദൂതരുടെ വരവ്? കുഴപ്പമാകുമോ. ഞാന്‍ കീഴടങ്ങുന്നു എന്നു മനസിലായതു കൊണ്ടാകാം സഹോദരന്‍ വഴികാണിക്കലിന്‍റെ അടുത്ത ഘട്ടത്തിലേക്കു കടന്നു. ആദ്യത്തെ പകപ്പില്‍നിന്നു ഞാന്‍ മുക്തി തേടുമ്പോഴേക്കും അദ്ദേഹം പ്രഭാഷണത്തിന്‍റെ ഇടവേളയില്‍ എത്തിയിരുന്നു. ഒന്നും ഞാന്‍ വ്യക്തമായി കേട്ടില്ല. സംഗീതത്തിലെ ആരോഹണ അവരോഹണങ്ങള്‍ പോലെ പല പല ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരുന്നു. യുവതിയാകട്ടെ ഇടയ്ക്കിടയ്ക്കു ഹാലേയൂയ്യയും ദൈവത്തിനു സ്തുതിയും തരംപോലെ ആലപിച്ചു. ഇടയ്ക്ക് എന്നോടു കുടുംബ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
‘‘ആയതിനാല്‍ ഹരീ പാപിയായ നിങ്ങള്‍ നാശത്തിന്‍റെ ഇപ്പോഴത്തെ പാതവിട്ട് യേശുവിന്‍റെ വഴിയിലേക്കു വരിക. ഇനി നിങ്ങള്‍ക്ക് സംശയങ്ങള്‍ ചോദിക്കാം’’- അദ്ദേഹം ഒന്നു നിര്‍ത്തി.
എനിക്കു ദേഷ്യം വന്നു. പിതാവേ, അങ്ങയുടെ ഹിതം നടക്കട്ടെ എന്ന് പ്രര്‍ഥിച്ച ദൈവപുത്രനെ മനസില്‍ കൊണ്ടുനടക്കുന്ന എന്നെയാണ് മിനിയാന്ന് ആരോ കക്ഷത്തില്‍ വച്ചുകൊടുത്ത കറുത്ത പുസ്തകവുമായി നടക്കുന്നവന്‍ നല്ല വഴി നയിക്കാന്‍ വരുന്നത്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ജിം റീവ്സിനെ നാളെയും കേള്‍ക്കാം. ദൈവദൂതന്‍ സഹോദരനെ (ദൈ.സ) ഒന്നു കൈകാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.
ഞാന്‍: ആദ്യമായി കാണുന്ന എന്നെ താങ്കള്‍ എന്തിനു പാപി എന്നു വിളിച്ചു?
ദൈ.സ: താങ്കള്‍ യേശുവില്‍ വിശ്വസിക്കുന്നില്ല. യേശുവില്‍ മാത്രം വിശ്വസിക്കാത്തവരെല്ലാം പാപികളാണ്.
ഞാന്‍: ഞാന്‍ യേശുവെ ആരാധിക്കുന്നു. എന്‍റെ മനസില്‍ യേശുവിന് ഒരിടമുണ്ട്.
ദൈ.സ: പക്ഷേ ഇവിടെ ഇരിക്കുന്ന രൂപങ്ങളും ചിത്രങ്ങളും അതല്ലല്ലോ വിളിച്ചു പറയുന്നത്.
(അപ്പോ അതാണല്ലേ കാര്യം? വീടിന്‍റെ മുറികളില്‍ ഒന്നു രണ്ടു ഗണപതിമാരുണ്ട്. മൂന്നു നാലു കൃഷ്ണന്മാരും. ഇവരാരും ഞങ്ങള്‍ക്ക് ദൈവങ്ങളല്ല, കൂട്ടുകാരാണ്. ലേഖാ വൈലോപ്പിള്ളിയും ബിജു മുല്ലയ്ക്കലും വരച്ചു തന്ന മ്യൂറല്‍ കൃഷ്ണന്മാരെ സുനിത വഴക്കു പറയുന്നതു യശോദാമ്മ എങ്ങാനും കേട്ടാല്‍ ബോധം കെട്ടു വീണു പോകും.)
ഞാന്‍: ശരി അവിടെ ഇലച്ചെടിയുടെ തണലില്‍ ഉണ്ണിയേശുവിനെ എടുത്തു നില്‍ക്കുന്നത് മദര്‍ മേരി അല്ലേ സാര്‍.
ദൈ.സ: ഞങ്ങള്‍ രൂപങ്ങളില്‍ വിശ്വസിക്കുന്നില്ല. അദൃശ്യവും അദ്ഭുതകരവുമായ ദൈവ സ്നേഹത്തില്‍ മാത്രം വിശ്വസിക്കുന്നു.
ഞാന്‍: ശരി. രൂപങ്ങളില്‍ വിശ്വസിക്കാത്ത നിങ്ങള്‍ ഇവിടെ അവയെ കണ്ടല്ലേ എന്നെ പാപിയായി മുദ്രകുത്തിയത്? അതെന്തു ന്യായം?.
സഹോദരന്‍ ഇതോടെ ഫ്ലാറ്റ്. കക്ഷി ഒന്നു പരുങ്ങിയതോടെ ഞാന്‍ ആക്രമണം ശക്തമാക്കി. യേശുവില്‍ മാത്രം വിശ്വസിക്കാത്തവര്‍ പാപികളെങ്കില്‍ അദ്ദേഹത്തിനു മുന്‍പു വന്ന പ്രവാചകന്മാരും പിതാക്കന്മാരുമെല്ലാം പാപികളാണോ? അവരാരും അദ്ദേഹത്തെ കണ്ടിട്ടുപോലും ഇല്ലല്ലോ.
സഹോദരന്‍ അസ്വസ്ഥനായി. ‘‘നിങ്ങളുടെ മനസിലാകെ കൊടും വിഷമായ പാപം നിറഞ്ഞിരിക്കുന്നു. നിങ്ങള്‍ ദൈവനിന്ദ സംസാരിക്കുന്നു.‘‘ അദ്ദേഹം പറഞ്ഞു.
ഞാന്‍: എന്‍റെ വിശ്വാസം ശരിയല്ല എന്നിരിക്കട്ടെ. ഞാന്‍ താങ്കള്‍ പറയുന്ന വഴിക്കു വന്നാലോ?
ദൈ.സ: ഞങ്ങള്‍ നിങ്ങള്‍ക്കു സ്വര്‍ഗരാജ്യത്തേക്കുള്ള മാര്‍ഗം കാട്ടിത്തരും.
ഞാന്‍: എന്‍റെ വിശ്വാസത്തിലും സ്വര്‍ഗമുണ്ടല്ലോ?
ദൈ.സ: അതു വെറും ചിന്തമാത്രം. കല്ലിനെ ആരാധിക്കുന്ന നിങ്ങള്‍ക്ക് യഥാര്‍ഥ സ്വര്‍ഗരാജ്യം പ്രാപ്യമല്ല.
ഞാന്‍: സഹോദരാ ഞാന്‍ കല്ലിനെ മാത്രമല്ല മുറ്റത്തു വളരുന്ന പുല്ലിനെയും അപ്പുറത്തു നില്‍ക്കുന്ന കണിക്കൊന്നയേയും ആ കാണുന്ന പുളി മരത്തേയും ആരാധിക്കുന്നു. അതില്‍ അഭിമാനിക്കുന്നു. പക്ഷേ 40 വര്‍ഷമായി എന്‍റെ ഉള്ളില്‍ രൂപപ്പെട്ട് വളര്‍ന്നു വന്ന ഒരു വിശ്വാസത്തെ വ്യാജമെന്നു വിളിച്ച് അപമാനിച്ച് നിങ്ങളുടെ വിശ്വാസത്തെ അടിച്ചേല്‍പ്പിക്കാന്‍ തുനിയുന്ന നിങ്ങള്‍ എങ്ങനെ ദൈവത്തിന്‍റെ വേലക്കാരനാകും. നിങ്ങള്‍ ആ വിശ്വാസത്തിന്‍റെ മാത്രം കുഴല്‍ വിളിക്കാരനാണ്. നിങ്ങളുടെ വിശ്വാസം ഉത്തമമെന്ന് പറയാന്‍ നിങ്ങള്‍ക്ക് പൂര്‍ണ അവകാശമുണ്ട്. പക്ഷേ അതിന് എന്‍റെ വിശ്വാസം തെറ്റെന്ന് നിങ്ങള്‍ പറയുന്നതാണ് ശരികേട്. സംഘര്‍ഷം തുടങ്ങുന്നത് അവിടെ നിന്നാണ്.
സഹോദരന്‍ എഴുനേറ്റു. ഒപ്പം സഹോദരിയും. ‘‘നിങ്ങള്‍ പാപിയും അവിശ്വാസിയും മാത്രമല്ല നീചനും അഹങ്കാരിയും കൂടിയാണ്. ദൈവം നിങ്ങള്‍ക്ക് സന്തതികളെ നല്‍കാത്തതും അതുകൊണ്ടാണ്. ദൈവമെ അറിഞ്ഞുകൊണ്ട് ഇയാള്‍ ദുരന്തത്തിലേക്കു നടക്കുന്നു. കര്‍ത്താവേ ഈ മുഷ്യനെ നീ നല്ലവഴിക്കു നടത്തണേ. ഇയാളില്‍ കുടികൊള്ളുന്ന പിശാചിനെ ഇല്ലായ്മ ചെയ്യണേ. പാപിയായ ഈ മനുഷ്യന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ ഇടവന്ന ഞങ്ങളോട് നീ പൊറുക്കേണമേ......’’
ചെവിക്കുറ്റി നോക്കി ഒന്നു കൊടുക്കാന്‍ കൈതരിച്ചെങ്കെലും ഞാന്‍ സ്വയം നിയന്ത്രിച്ചു. വാതില്‍ തുറന്നു കൊടുത്ത് ഞാന്‍ ഇത്രയും കൂടി പറഞ്ഞു. ‘‘ചങ്ങാതീ ഇങ്ങനെ അടി ഇരന്നു വാങ്ങാന്‍ നടക്കരുത്’’. എന്തെല്ലാമോ പിറുപിറുത്ത് അയാള്‍ ഇറങ്ങിപ്പോയി ഒപ്പം വിടര്‍ന്ന കണ്ണുകളുമായി ആ യുവതിയും.
പിന്നീടാണ് തലക്കെട്ടിന് ആസ്പദമായ സംഗതി നടന്നത്. അടുത്ത വീട്ടില്‍ ചെന്ന് സഹോദരന്‍ ചോദിച്ചു- ‘‘അപ്പുറത്തെ അയാള്‍ ആറെസ്സെസ്സുകാരനാ അല്ലേ?’’. ഒരിക്കലും അല്ലെന്നു പറഞ്ഞ അയല്‍ക്കാരനോട് സഹോദരന്‍ തീര്‍ത്തു പറഞ്ഞു. ‘‘ഒറപ്പായും അതേ. അയാള്‍ ഒന്നാം നമ്പര്‍ ഫാസിസ്റ്റാ. സൂക്ഷിക്കണം’’.
മിതവാദിയായ ഒരു മുന്‍ ആര്‍എസ്എസ് നേതാവിന്‍റെ മകളെ സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ചു എന്നതു മാത്രമാണ് എന്‍റെ പരിവാരബന്ധം. എല്ലാ മത, ജാതി, വര്‍ഗീയ, വിഭാഗീയ പ്രസ്ഥാനങ്ങളെയും അങ്ങേയറ്റം വെറുക്കുന്ന എന്നെ നീയോരു ആറെസ്സെസ്സുകാരനും ഫാസിസ്റ്റുമൊക്കെ ആക്കിയല്ലോ സഹോദരാ. കഷ്ടം. ഒന്നോര്‍ത്താല്‍ ഫാസിസത്തെക്കാള്‍ എത്രയോ അപകടകരമാണ് നീ എന്‍റെ മുന്നില്‍ അവതരിപ്പച്ച ആശയങ്ങള്‍. ദൈവമെ നീ ഈ മഹാപാപിക്ക് നിത്യനരകം കൊടുക്കണേ.
നമ്മുടെ നാക്ക് നേരേ ചൊവ്വേ വായില്‍ കിടന്നാല്‍ അപരന്‍റെ കയ്യ് അവന്‍റെ തോളോടു ചേര്‍ന്നിരിക്കും. നമ്മുടെ നാക്ക് തോന്ന്യാസം പറഞ്ഞാല്‍ അവന്‍റെ കയ്യ് നമ്മുടെ പിടലിക്ക് ഇരിക്കും. അതൊരു ലോക ഗതിയാണ്. അതിനെ കയ്യേറ്റമെന്നോ ഫാസിസമെന്നോ പറഞ്ഞിട്ടു കാര്യമില്ല.
ത്യാഗത്തിന്‍റെ പ്രതിരൂപമായ യേശുക്രിസ്തുവിന്‍റെ പേര് ഇന്ന് ഏറ്റവും മോശമാക്കുന്നത് ഇയാളെപ്പോലെയുള്ള ചില ബോധകന്മാരാണ്. അവര്‍ക്ക് യേശുവിനെയും അറിയില്ല മനുഷ്യരേയും അറിയില്ല. ആര്‍ദ്ര കരുണയെക്കുറിച്ച് പാടിയും പ്രസംഗിച്ചും നടന്ന അവധൂത തുല്യനായ സാധു കൊച്ചുകുഞ്ഞ് ഉപദേശിയെ കുറിച്ച് കേട്ടറവുപോലും ഇല്ലാത്ത ഇത്തരക്കാര്‍ നടക്കുന്നത് യേശുവിന്‍റെ മഹത്വം പറയാനല്ല. അവര്‍ നടത്തുന്നത് ഗോസ്പല്‍ മാര്‍ക്കറ്റിങും ഫെയ്ത് ബിസിനസും മാത്രം.
ഇന്നും ഈ പരിഷ്കൃത ലോകത്തിലും മതവും ജാതിയും പറഞ്ഞു നടക്കുന്നവറ്റകളെല്ലാം ബിസിനസുകാരാ. തട്ടിപ്പുകാര്‍. മനുഷ്യനെ സ്നേഹിക്കാന്‍ മതം എന്തിനാ? ലോകത്തെ ഏറ്റവും വലിയ കൊലയാളിയാണ് മതം. യുദ്ധങ്ങളും ഏറ്റുമുട്ടലുകളും മഹാഭൂരിപക്ഷവും മതത്തിന്റെ പേരിലല്ലേ!
ReplyDeleteUnfortunately those Gospel Marketing Executives arronnd my place doesn't have an e-mail id otherwise I could have forwarded this to them.
ReplyDeleteനിങ്ങള്‍ പാപിയും അവിശ്വാസിയും മാത്രമല്ല നീചനും അഹങ്കാരിയും കൂടിയാണ്
ReplyDeleteചിരിച്ചു ചിരിച്ചു ഞാന്‍ ഇന്ന് മരിക്കും..... എന്നാലും സര്‍ സൂക്ഷിക്കണം ...."ദൈവമെ അറിഞ്ഞുകൊണ്ട് ഇയാള്‍ ദുരന്തത്തിലേക്കു നടക്കുന്നു. കര്‍ത്താവേ ഈ മുഷ്യനെ നീ നല്ലവഴിക്കു നടത്തണേ. ഇയാളില്‍ കുടികൊള്ളുന്ന പിശാചിനെ ഇല്ലായ്മ ചെയ്യണേ. പാപിയായ ഈ മനുഷ്യന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ ഇടവന്ന ഞങ്ങളോട് നീ പൊറുക്കേണമേ......’’ ഹല്ലേലൂയ.....
ReplyDeleteMathaatheethanaayathinaal aanu kai vakkanjath.... Mathavaadiyo mithavaadi polumo aanenkil ivanmaare thallippokum
ReplyDeleteബൈബിള്‍ എന്നാല്‍ 'കക്ഷത്തില്‍ വെക്കാനുള്ളത്' എന്ന് പഠിപ്പിക്കുന്ന അവരാതികള്‍ !
ReplyDeleteഞാന്‍ ഒരു ആര്‍ എസ് എസ് കാരനാണ്. ഈ മുദ്ര അവരെ ചാര്‍ത്താന്‍ പഠിപ്പിച്ചത് ഇവിടുത്തെ രാഷ്ട്രിയം ആല്ലേ സര്‍ ? An organized society does not need an organization; rss's work is to create such a society :- M.S Golvelkar ഈ ഒരു ലക്‌ഷ്യം നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സങ്ങടനെയെ വേട്ടയാടാന്‍ വരുന്ന സംഘടന രാഷ്ട്രിയ സാംസ്‌കാരിക സമുധയിക പ്രവര്‍ത്തകരുടെ എണ്ണം മാത്രം ഒന്നെടുത്തു നോക്കു.എന്തായാലും അയ്യപ്പ ബിജുവിന്റെ ഒരു കഥാപാത്രം പോലുള്ള ഈ പാതിരിയെ പരിജിയപ്പെടുത്തിയ താങ്കള്‍ക്ക് നന്ദി.
ReplyDeleteനമ്മുടെ നാക്ക് നേരേ ചൊവ്വേ വായില്‍ കിടന്നാല്‍ അപരന്‍റെ കയ്യ് അവന്‍റെ തോളോടു ചേര്‍ന്നിരിക്കും. നമ്മുടെ നാക്ക് തോന്ന്യാസം പറഞ്ഞാല്‍ അവന്‍റെ കയ്യ് നമ്മുടെ പിടലിക്ക് ഇരിക്കും. അതൊരു ലോക ഗതിയാണ്. അതിനെ കയ്യേറ്റമെന്നോ ഫാസിസമെന്നോ പറഞ്ഞിട്ടു കാര്യമില്ല.
ReplyDeleteഇത്തരക്കാരെ കയില്‍ കിട്ടിയാല്‍ ഞാന്‍ പരമാവധി പ്രോത്സാഹിപ്പിക്കും. പറഞ്ഞു പറഞ്ഞു അവര്‍ നമുക്ക് അടുത്ത ക്ഷണം മുതല്‍ സ്വര്‍ഗം വാങ്ങിത്തരാമെന്ന് പറയും. പറയുന്നത് മുഴുവന്‍ വിവരക്കേട് ആയതുകൊണ്ട് എവിടെ വച്ചും നമുക്ക് ഒടിക്കാം. നമുക്ക് എഴുന്നേറ്റു പോകാന്‍ ആകുമ്പോള്‍ ഒടിക്കുക, സ്ഥലം വിടുക.
ReplyDelete