Friday, March 11, 2011

ആമ്പച്ചാലിയെ കുറിച്ച് ഒരു ‘ഹരിപ്രഭാഷണം’


ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിനു നാലു കിലോമീറ്റര്‍ തെക്ക് ദേശീയപാതയ്ക്കു പടിഞ്ഞാറു ഭാഗത്ത് കായംകുളം കായലിന്‍റെ വടക്കേ അറ്റത്തിന്‍റെ കിഴക്കേ കര ചേര്‍ന്നാണ് ഞങ്ങളുടെ ഗ്രാമം. പേര് ചിങ്ങോലി. നാടിന്‍റെ അതിര്‍ത്തിയില്‍ കായംകുളം താപനിലയമൊക്കെ വന്നെങ്കിലും ഞങ്ങളുടേത് ഇന്നും അതിഭയങ്കരമായ മാറ്റമൊന്നുമില്ലാത്ത ഒരു നാടന്‍ ഓണാട്ടുകര ഗ്രാമം തന്നെ.
അല്‍പ്പമൊരു കരിനിഴല്‍ സ്പര്‍ശമുള്ള വെള്ളമണലാണ് നാട്ടില്‍.  ചേറും ചെളിയും വേണ്ടത്ര വെള്ളമൊഴുക്കും ഉള്ളതിനാല്‍ മരങ്ങള്‍ ഇവിടെ ധാരാളമുണ്ടായിരുന്നു. മരങ്ങള്‍ നല്ലൊരു പങ്കും അപ്രത്യക്ഷമായെങ്കിലും ഇന്നും ചിങ്ങോലി ഒരു ഊഷര പ്രദേശമല്ല.
എന്‍റെ ബാല്യകാലത്ത് ഗ്രാമ പരദേവതയായ കാവില്‍പ്പടിക്കല്‍ ഭഗവതിക്ക് ദാരിദ്ര്യമായിരുന്നു. നേദ്യവും വഴിപാടും ഒന്നുമില്ല. തെളിയുന്നത് കരിന്തിരി. പക്ഷേ ഒന്നില്‍ മാത്രം അമ്മ സമ്പന്നയായിരുന്നു; ക്ഷേത്രത്തിന്‍റെ പേര് അന്വര്‍ഥമാക്കും വിധമുള്ള സസ്യജാലത്തിന്‍റെ കാര്യത്തില്‍. ചെറുതെങ്കിലും ഇടതൂര്‍ന്ന ഒരു വിശുദ്ധവനം ക്ഷേത്രത്തോടു ചേര്‍ന്ന് നിലകൊണ്ടു. പില്‍ക്കാലം അതും വെളുത്തു പോയി.
നാട്ടില്‍ വേറെയും കാവുകള്‍ ഉണ്ടായിരുന്നു. പലതും കുടുംബക്ഷേത്രങ്ങളോടു ചേര്‍ന്ന്. കാരുവള്ളി ഇല്ലത്തും കളീക്കലും  ഉണ്ടായിരുന്ന കാവുകള്‍ എന്‍റെ മനസില്‍ ഭീതിയുണ്ടാക്കി. വഴിയരികുകളിലും തോടുകളുടെ ഇരുകരകളിലുമെല്ലാം ഒന്നാംതരം മരങ്ങള്‍ വളര്‍ന്നു നിന്നു. പാടങ്ങളോടു ചേര്‍ന്നുള്ള ചിറകളുടെ കരയില്‍ ചൂരലും കാട്ടുതെച്ചിയും (ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ തെറ്റി എന്നു വിളിക്കും) കൊട്ടപ്പഴവും ചൂരല്‍ച്ചെടിയും മുളവര്‍ഗത്തിലെ ഇത്തിരിക്കുഞ്ഞനായ കുളഞ്ഞിലുമൊക്കെ തഴച്ച് വളര്‍ന്നിരുന്നു. തെറ്റിധരിക്കല്ലേ! ഇത് കുറഞ്ഞത് 30-35 വര്‍ഷം മുന്‍പുള്ള ഗ്രാമത്തിന്‍റെ ചിത്രമാണ്. (കണ്ണട പ്രോഗ്രസീവ് അയ മധ്യ വയസിലും ബാല്യകാല സ്മരണകളുടെ പച്ചപ്പു മായുന്നില്ല.) ഇന്ന് അതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ.
ചിങ്ങോലിയില്‍ അക്കാലത്ത് മരങ്ങളെ മക്കളേപ്പോലെ സ്നേഹിച്ച ഒറ്റായാനായ ഒരു മുനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചാണ് ഈ കുറിപ്പ്. കാഞ്ഞിരത്തില്‍ രാമന്‍നായര്‍ എന്നു പറഞ്ഞാല്‍ 40-80 പ്രയത്തിലുള്ള ചിങ്ങോലിക്കാര്‍ പോലും ആളെ തിരിച്ചറിയില്ല. എന്നാല്‍ ആമ്പച്ചാലി രാമന്‍നായര്‍ എന്ന വാക്കു കേട്ടാല്‍ അവരുടെ ഓര്‍മയില്‍ ഒരു രൂപം തെളിഞ്ഞു വരും.
നരച്ച കുറ്റിത്താടി നിറഞ്ഞ ഇരുണ്ട മുഖം. നെറ്റിയില്‍ മുഷിഞ്ഞു നാറിയ ഒരു തുവാലക്കെട്ട്. തലയില്‍ അട്ടുനാറിയ തുണിത്തൊപ്പി. വീര്‍ത്തിരിക്കുന്ന തവിട്ടു നിറമുള്ള മുഷിഞ്ഞു പിഞ്ചിയ ഷര്‍ട്ട്. ഒരു കാലത്ത് അതിനു വെളള നിറമായിരുന്നിരിക്കണം. ആസകലം കീറിയ, കാക്കിയോ ഒലീവ് ഗ്രീനോ എന്നു തിരിച്ചറിയാനാവാത്ത പാന്‍റ്സ്. അതിനു മീതേ ചുറ്റി ഉടുത്തിരിക്കുന്ന ഒറ്റമുണ്ട്. ഇവയെ എല്ലാം ശരീരത്തോടു ചേര്‍ത്ത് കയറുകൊണ്ട് ഒരു കെട്ടും. വലത്തേ തോളില്‍ വലിയൊരു ഭാണ്ഡം. അതിന്‍റെ ഭാരം കാരണം തല അങ്ങോട്ടു ചരിഞ്ഞിരിക്കും. ഒരു കയ്യില്‍ വലിയ ഒരു വടി. മറുകയ്യില്‍ പാളത്തൊട്ടി. അരയിലെ കയറില്‍ തിരുകിവച്ച ഒരു ഇരുമ്പായുധം. നമുക്ക് നല്ല ഭാവനയുണ്ടെങ്കില്‍ അതിനെ പിച്ചാത്തി എന്നു വല്ലതും വിളിക്കാം. നിലത്തു നോക്കിയേ നടക്കൂ. സദാ പിറുപിറുത്തു കൊണ്ടിരിക്കും. ഇതാണ് ആമ്പച്ചാലി.
ഉന്മാദിയായിരുന്നോ എന്നു ചോദിച്ചാല്‍ ‘‘ഉറപ്പായും അതേ’’ എന്ന് ഉത്തരം. മനസിന്‍റെ മറ്റെല്ലാ മണ്ഡലങ്ങളില്‍ നിന്നും ഏറെക്കുറേ നിഷ്ക്രമിച്ചിരുന്ന ബോധം പക്ഷേ ഒരിടത്ത് അദ്ഭുതകരമാംവണ്ണം സജീവമായിരുന്നു. അത് മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിലായിരുന്നു. ചിങ്ങോലിയുടെ നാട്ടുവഴികളിലൂടെയും പാടവരമ്പുകളിലൂടെയും മറ്റുള്ളവര്‍ക്ക് അവ്യക്തമായ ഭാഷയില്‍ താന്‍ നട്ടു നനച്ചു വളര്‍ത്തിയ മരങ്ങളോടും തൈകളോടും സല്ലപിച്ചും ദേഷ്യപ്പെട്ടും ചിരിച്ചും കരഞ്ഞുമൊക്കെ അയാള്‍ നടന്നു.
ഞങ്ങള്‍ കുട്ടികള്‍ക്ക് കക്ഷിയെ തീ പോലെ ഭയന്നു. ശല്യക്കാരായ കുട്ടികളെ അമ്മമാര്‍ നിലയ്ക്കു നിര്‍ത്തിയിരുന്നത് ആമ്പച്ചാലിക്കു പിടിച്ചു കൊടുക്കും എന്നു ഭീഷണിപ്പെടുത്തി ആയിരുന്നു. ഏതു കൊലകൊമ്പനായാലും അതോടെ അനുസരണയുടെ ആള്‍രൂപമായി മാറും.
പത്തും നൂറുമൊന്നുമല്ല ആയിരക്കണക്കിനു മരങ്ങളാണ് ആമ്പച്ചാലി രാമന്‍നായര്‍ ഒരു ഗ്രാമം മുഴുവന്‍ നട്ടത്. അമ്പലപ്പറമ്പുകളിലും വഴിയോരത്തും പുറമ്പോക്കിലും മാത്രമല്ല സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും അദ്ദേഹം മരം നട്ടു. ആരുടേയും അനുവാദം തേടിയില്ല. പിന്നീട് അവയ്ക്കു നനയ്ക്കാനോ വളമിടാനോ ഉടമസ്ഥന്‍റെ സമ്മതം ചോദിച്ചുമില്ല. സമ്മിശ്രമായിരുന്നു പ്രതികരണങ്ങള്‍. ആരും അംഗീകരിച്ചില്ല. ചിലര്‍ വെറുതേ അവഗണിച്ചു. മറ്റു ചിലര്‍ ദേഷ്യപ്പെട്ടു. നട്ട തൈകള്‍ ചിലര്‍ പിഴുതെറിഞ്ഞു. ദേഷ്യപ്പെട്ടവരോട് പൊട്ടിച്ചിരിച്ച വൃക്ഷ പ്രേമി തൈകള്‍ പിഴുതെറിഞ്ഞവരുടെ ധാര്‍ഷ്ഠ്യത്തിനു മുന്നില്‍ യാചിക്കാനൊന്നും നിന്നില്ല; നിശബ്ദമായി കരഞ്ഞു.
കാവില്‍പ്പടിക്കല്‍ ക്ഷേത്രത്തിന് എതിര്‍വശത്തെ അര ഏക്കര്‍ ദേവസ്വം ഭൂമിയില്‍ കുറഞ്ഞതു 25-30 മാവുകള്‍ അദ്ദേഹം നട്ടിരുന്നു. ഷോപ്പിങ് കോംപ്ലക്സിനും സദ്യാലയത്തിനും പാര്‍ക്കിങ് ഏരിയയിക്കും മറ്റുമായി അവയെല്ലാംതന്നെ കോടാലിക്ക് ഇരയായി. ഇന്ന് ഒന്നോ രണ്ടോ ബാക്കി ഉണ്ടെന്നു തോന്നുന്നു. ജലനിരപ്പ് ഏറ്റവും താഴുന്ന കുഭം-മീനം കാലത്ത് അമ്പലക്കുളത്തിന്‍റെ താഴ്ചയില്‍ നിന്ന് രണ്ടു കൈകളിലും പാളത്തൊട്ടിയില്‍ വെള്ളം എടുത്ത് കുറഞ്ഞത് 50 മീറ്റര്‍ ഓരോ തവണയും നടന്ന് ഓരോ ന്നിനും ആവശ്യത്തിലധികം വെള്ളമൊഴിച്ച് ഒരാള്‍ വളര്‍ത്തിയെടുത്ത മരങ്ങളാണ് അവയെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ.
കാര്യമായതെന്തോ കളഞ്ഞുപോയതുപോലെ നിലത്തു തിരഞ്ഞു തിരഞ്ഞാണ് ആമ്പച്ചാലിയുടെ നടപ്പ്. ഒരു മരത്തൈയോ ചക്കക്കുരുവോ ഒക്കെ കണ്ടാല്‍ അത് പറ്റിയ ഒരിടത്തു നടാതെ വിശ്രമമില്ല. നട്ടുകഴിഞ്ഞാലോ വേനല്‍ക്കാലത്ത് കമുകിന്‍ പാള കോട്ടി കൊട്ടസൂചി കൊണ്ട് തുന്നിയെടുത്ത തൊട്ടിയില്‍ കുള്ളങ്ങളില്‍ നിന്നും തോട്ടില്‍ നിന്നുമൊക്കെ വെള്ളം കോരി അവയ്ക്ക് ഒഴിക്കും. വഴിയില്‍നിന്നു കിട്ടുന്ന ചാണകവും ആരെങ്കിലും കരിയില കത്തിക്കുന്ന ചാരവുമൊക്കെ എടുത്ത് തൈകള്‍ക്ക് നല്‍കും. വീട്ടുകാര്‍ ചീത്തപറഞ്ഞാല്‍ ഐതീഹ്യമാലയിലെ നാറാണത്തു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിക്കും.
മരങ്ങള്‍ നടുന്നതിലും ഉണ്ടായിരുന്നു ചില താളക്രമങ്ങള്‍. വീട്ടു പറമ്പുകളില്‍ മാവും പ്ലാവും കശുമാവും ആഞ്ഞിലിയുമൊക്കെയാകും. വഴിയോരത്തും പുറമ്പോക്കിലുമൊക്കെ പുളിയും പുന്നയും കൊന്നയും പോലുള്ളവ. കാര്യം കല്‍പ്പവൃക്ഷമാണെങ്കിലും ആമ്പച്ചാലി തെങ്ങു വച്ചതായി എനിക്കറിയില്ല. താന്‍ നട്ട മരങ്ങള്‍ അവ നില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ വെട്ടി വീഴ്ത്തുമ്പോള്‍ ആമ്പച്ചാലി ശബ്ദമില്ലാതെ ചിരിച്ചു. അതു പക്ഷേ ചിരി ആയിരുന്നില്ല; നെഞ്ചു പൊട്ടിയുള്ള കരച്ചിലായിരുന്നു.
രാമന്‍ നായരുടെ അവസാന കാലം ദുരിതമയമായിരുന്നു. എന്നും കാവില്‍പ്പടിക്കല്‍ ഭഗവതിയുടെ നടയില്‍ വിരിവച്ചു കഴിഞ്ഞ മകന്‍ ഒടുവില്‍ അമ്മയുടെ സനിനിധിയില്‍ തന്നെ അന്ത്യശ്വാസവും വലിച്ചു. ഗുരുമന്ദിരം റോഡില്‍ പുത്തന്‍പുരയിലെ വക ഒരു തുണ്ടു ഭൂമിയില്‍ കരയോഗക്കാര്‍ ഒരുക്കിയ ചിതയില്‍ അടുക്കിയത് ആമ്പച്ചാലി തന്നെ നട്ട ഒരു ചെറിയ മാവിന്‍റെ വിറകായിരുന്നു.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞ് നാട്ടിലെ ചെറുപ്പക്കാര്‍ ഒരു പ്രദേശിക പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ എന്തെങ്കിലും എഴുതണമെന്ന് അവശ്യപ്പെട്ടു. ചിങ്ങോലിക്കാര്‍ക്കു വേണ്ടി അന്ന് ഞാന്‍ ആമ്പച്ചാലിയുടെ കഥ എഴുതി. അന്ന് ഒട്ടേറെ കത്തുകളും ഫോണ്‍ സന്ദേശങ്ങളും കിട്ടിയപ്പോഴാണ് ആ മനുഷ്യന് ‍ഞങ്ങളുടെ ഗ്രാമ മനസില്‍ എവിടെയൊക്കെയോ ഒരിടമുണ്ടായിരുന്നു എന്നു മനസിലായത്.
വര്‍ഷങ്ങള്‍ക്കു ശേഷം യാദൃച്ഛികമായി ആ കുറിപ്പു വായിക്കാനിടയായ ചിങ്ങോലിക്കാരനായ പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍.കെ. രമേഷിന്‍റെ ഫോണ്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. ആമ്പച്ചാലി നട്ടതില്‍ ബാക്കിയുള്ള മരങ്ങള്‍ അദ്ദേഹത്തിന്‍റെ സ്മാരകമായി സംരക്ഷിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പക്ഷേ അതിനുള്ള സാഹചര്യം നാട്ടില്‍ ഉണ്ടായിരുന്നോ എന്ന് എനിക്കു സംശയമായിരുന്നു. പിന്നീട് എന്തായി എന്നു ഞാന്‍ അന്വേഷിച്ചില്ല. ആമ്പച്ചാലിക്കു സ്മാരകമായി ചെയ്യാവുന്ന കാര്യം ആവോളം മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ്. അതിന് പക്ഷേ ആരു തയാറാകും.
ചക്കയുടെ രുചിയറിഞ്ഞിട്ട് കൊല്ലങ്ങളായി എന്നും ചത്താല്‍ ദഹിപ്പിക്കാനൊരു മാവില്ലെന്നുമൊക്കെ വിലപിക്കാന്‍ മാത്രമാണ് ഇന്നു നമുക്ക് യോഗം. അതു കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ ഞാനൊരു പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട്. ആമ്പച്ചാലി രാമന്‍നായരുടെ ആ വലിയ ചിരി.

7 comments:

  1. ആമ്പച്ചാലിക്കു പിടിച്ചു കൊടുക്കും

    ReplyDelete
  2. മനസ്സില്‍ പതിയുന്ന എഴുത്ത് ശൈലി
    കഥയും വളരെ നല്ലത്...

    ReplyDelete
  3. നല്ല ആശയം ഹൃദയസ്പർശിയായ രീതിയിൽ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു....ആശംസകൾ

    ReplyDelete
  4. അമ്പചാലി രാമന്‍ ചേട്ടാ.........

    ഹരി... കാര്‍ത്തികപ്പള്ളിയില്‍ ചായക്കടയിലേക്ക് വെള്ളം കോരിക്കൊടുത്തു ദിവസങ്ങള്‍ കഴിച്ചിരുന്ന ജപ്പാനെ ഓര്‍മ്മയുണ്ടോ.....? പത്രമിട്ടിരുന്ന കൂളിംഗ്‌ ഗ്ലാസ്സുകാരന്‍ കൊച്ചാട്ടനെ ഓര്‍മ്മയുണ്ടോ...? ഉണ്ടെങ്കില്‍ അവരെക്കുറിച്ച് കൂടി എഴുതുക.......

    ReplyDelete
  5. ഓരോ നാടിനുമുണ്ട് ഇതുപോലെ ഓരോ കഥകൾ പറയാൻ, എല്ലാവർക്കും എഴുത്ത് വഴങ്ങില്ലല്ലോ? ആമ്പച്ചാലിയെ ഹരി ഭംഗിയായി വരച്ചിട്ടു, ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ കാണാറുള്ള പത്തുടുപ്പിന്റെ(ഒരു ഭ്രാന്തൻ കുറേ ഉടുപ്പ് ഇടുന്നത് കൊണ്ട് ആ പേര് വീണു) കുറച്ചു നാളത്തേക്ക് മനസ്സിൽ നിന്നും പോകില്ല.

    ReplyDelete
  6. ഓരോ നാടിനുമുണ്ട് ഇതുപോലെ ഓരോ കഥകൾ പറയാൻ, എല്ലാവർക്കും എഴുത്ത് വഴങ്ങില്ലല്ലോ? ആമ്പച്ചാലിയെ ഹരി ഭംഗിയായി വരച്ചിട്ടു, ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ കാണാറുള്ള പത്തുടുപ്പിന്റെ(ഒരു ഭ്രാന്തൻ കുറേ ഉടുപ്പ് ഇടുന്നത് കൊണ്ട് ആ പേര് വീണു)ഓർമ്മ വന്നു. കുറച്ചു നാളത്തേക്ക് മനസ്സിൽ നിന്നും പോകില്ല.

    ReplyDelete