Sunday, February 27, 2011

സന്താനഗോപാലനോടൊത്ത് ഒരു സായാഹ്നം


സന്താനഗോപാലനോടൊത്ത് ഒരു സായാഹ്നം

നെയ് വേലി എന്നു കേള്‍ക്കുമ്പോള്‍ ഊര്‍ജം, വൈദ്യുതി പ്രവാഹം എന്നെല്ലാമാണ് മനസില്‍ തോന്നുക. നെയ് വേലി ആര്‍. സന്താനഗോപാലന്‍ കച്ചേരി പാടുന്നത് കേള്‍ക്കുമ്പോഴും അങ്ങനെ തന്നെ. അത് ഒരു അനുഭവം തന്നെയാണ്. ഊര്‍ജസ്വലമായ, അനസ്യൂതമായ വൈദ്യുതി പ്രവാഹം പോലൊരു സംഗീതാനുഭവം.  വേദിയും സദസും അറിഞ്ഞ്, സ്വന്തം സംഗീതലോകത്ത് അങ്ങനെ ലയിച്ച് അകമ്പടിവാദ്യക്കാരെ ആവോളം പ്രോത്സാഹിപ്പിച്ച് അവരുടെ വൈഭവം അങ്ങേയറ്റം ആസ്വദിച്ച് അങ്ങനെയെങ്ങനെ പോകും സന്താനഗോപാലന്‍റെ സംഗീത യാത്രകള്‍. ഇക്കഴിഞ്ഞ ശനിയാഴ്ച എറണാകുളത്ത് ത്യാഗരാജ ദിനാഘോഷത്തിന്‍റെ സമാപനമായി അദ്ദേഹം പാടി. അനുപമമായ ഒരു സംഗീത വിരുന്നായിരുന്നു അത്. സാവേരി രാഗ വര്‍ണത്തോടെ കച്ചേരി തുടങ്ങിയ സന്താനഗോപാലന്‍ പിന്നീടുപാടിയത് വല്ലഭ നായകസ്യ (ബേഗ‍ഡ രാഗം). തുടര്‍ന്ന് രീതിഗൗളയുടെ മനോഹാരിത മുഴുവന്‍ ചാലിച്ചു ചേര്‍ത്ത ‘ജനനി നിനുവിന’. ആസ്വാദനത്തിന്‍റെ ആരോഹണത്തിലേക്ക് കേഴ്വിക്കാരെ നളിനകാന്തിരാഗത്തിലൂടെ സന്താനഗോപാലന്‍ കൂട്ടിക്കൊണ്ടുപോയപ്പോള്‍ പ്രതീക്ഷിച്ചത് മനവിയാള കിം ചരാ എന്ന പ്രസിദ്ധകൃതി ആയിരുന്നു. പക്ഷേ കേട്ടത് തഞ്ചാവൂര്‍ ശങ്കരയ്യര്‍ കൃതിയായ നടജന പാലിനി നളിനകാന്തി..’. ഇന്നോളം കേട്ട നളിനകാന്തികളുടെ എല്ലാം പ്രഭ കെടുത്തുന്ന അവതരണമായിരുന്നു അത്.
മുഖ്യ ഇനമായി വന്നത് ബാലഗോപാല.. ഭൈരവിയുടെ അനുപമ അവതരണം. പിന്നാലെ അതിഗംഭീരമായ തനിയാവര്‍ത്തനം. കച്ചേരി ഇതാ ലളിത അവതരണങ്ങളിലേക്കു കടക്കുന്നു എന്നു വിചാരിക്കുമ്പോഴേക്കും ഹൃസ്വവും എന്നാല്‍ അത്യന്തം ഹൃദ്യവുമായ രാഗം താനം പല്ലവിയുടെ വരവായി. പല്ലവിയായി പാടിയ ‘‘സദ്ഗുരു പാദമേ പണിന്താന്‍’’ ശ്രീമദ് ത്യാഗരാജ സ്വാമികള്‍ക്കുള്ള അര്‍ച്ചനയായി. വിരുത്തവും അതോടു ചേര്‍ന്ന് ആഭോഗി രാഗത്തിലെ വിനായക നനുബ്രോവയും ആലപിച്ച് മംഗളം പാടി സദസിനെ വന്ദിച്ച് സന്താനഗോപലന്‍ പിന്‍വാങ്ങുമ്പോള്‍ ആസ്വാദക വൃന്ദം ഏതോ മാസ്മര ലോകത്തിലായിരുന്നു.
ആലോകത്തേക്ക് ഞങ്ങളെ നയിച്ചതില്‍ സന്താനഗോപാലനോടൊപ്പം വയലിന്‍ വായിച്ച എം.എ. സുന്ദരേശന്‍റെ പ്രതിഭയെ വണങ്ങാതെവയ്യ. അനിതരസാധാരണമായ മനോവൈഭവ പ്രകടനത്തില്‍ പലപ്പോഴും വാഗേയകാരനെക്കാള്‍ ആസ്വാദക പ്രശംസ നേടിയത് സുന്ദരേശനായിരുന്നു. മൃദംഗത്തില്‍ കെ.വി. പ്രസാദ് ലയാസ്വാദകരുടെ മനം കുളിര്‍പ്പിച്ചു. ഘടത്തില്‍ ഉടുപ്പി ശ്രീധര്‍ ആയിരുന്നു സഹയാത്രികന്‍.
വര്‍ണം മുതല്‍ മംഗളം വരെ കേട്ട് മനസു നിറഞ്ഞ് ഇറങ്ങുമ്പോള്‍ ഫൈനാര്‍ട്സ് ഹാള്‍ പരിസരത്ത് ഇരുട്ടായിരുന്നു. പക്ഷേ ശുദ്ധ ശാസ്ത്രീയ സംഗീതത്തിന്‍റെ ഒരു ദിവ്യ പ്രകാശം അവിടെയാകെ നിറഞ്ഞുനിന്നതായി തോന്നി. ഒപ്പം കര്‍ണാടക സംഗീതത്തിന്‍റെ പിന്നിട്ടുപോന്ന ഒരു നല്ലകാലത്തേക്കു തീര്‍ഥയാത്ര നടത്തിയതു പോലെയും.

No comments:

Post a Comment