Thursday, March 17, 2011

സ്നേഹത്തിന്‍റെ പുണ്യാളത്തി


നാലോ അഞ്ചോ വര്‍ഷം മുന്‍പാണ്. ഹരിപ്പാടിനടുത്ത് ചിങ്ങോലിയിലെ കുടുംബവീട്ടില്‍ പോയി അമ്മയെ കണ്ട് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു ഞാന്‍. വൈറ്റിലയ്ക്ക്അടുത്തുള്ള വീട്ടിലേക്കു പോകാന്‍ ചേര്‍ത്തലയില്‍ ഇറങ്ങി. ബൈപാസ് വഴിയുള്ള ബസില്‍ കയറി ഇരിക്കവെയാണ് അമ്മച്ചി എന്നു ഞാന്‍ ഇനി വിളിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുന്നത്.
തിടുക്കത്തോടെ ഓടിവന്നു ബസില്‍ കയറി എന്‍റെ അടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ അത്ര സാധാരണമല്ലാത്ത ചട്ടയും മുണ്ടും വേഷം. വെണ്‍ചാമരം പോലെ നരച്ച മുടി. ഐശ്വര്യമുള്ള മുഖം. കാഴ്ചയ്ക്ക് എന്‍റെ അമ്മയോളമോ അതില്‍ കൂടുതലോ പ്രായം. അമ്മ ഒരു ബസില്‍ ഓടിക്കയറിയിട്ട് 20 കൊല്ലമെങ്കിലും ആയിക്കാണുമല്ലോ എന്ന് ചിന്തിച്ച് അന്തംവിട്ടിരിക്കെ എന്‍റെ കയ്യിലിരുന്ന വെള്ളക്കുപ്പിയിലേക്ക് ചൂണ്ടി അവര്‍ പറഞ്ഞു ‘‘ കൊറച്ച് വെള്ളം താ മോനേ ’’.
രണ്ടോ മൂന്നോ കവിള്‍ കുടിച്ച് ആശ്വാസം നേടി അമ്മച്ചി പറഞ്ഞു ‘‘എന്‍റെ കര്‍ത്താവേ തിരിച്ചു കിട്ടിയല്ലോ, അര്‍ത്തുങ്ക പുണ്യാളന്‍ തരീച്ചതാ’’. ഞാന്‍ നോക്കുമ്പോള്‍ അവര്‍ ചിരിച്ചു. കൈവിട്ടുപോയ സ്വര്‍ഗം തിരിച്ചുകിട്ടിയ സന്തോഷം ആ മുഖത്തു കാണാമായിരുന്നു. എന്താണു തിരിച്ചുകിട്ടിയതെന്നു ചോദിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ആരോടെങ്കിലും ഒന്നു പറയണമെല്ലോ എന്നു കരുതി അവര്‍ വീര്‍പ്പുമുട്ടി ഇരിക്കുകയായിരുന്നു എന്നു വ്യക്തം. വിശദമായിരുന്നു മറുപടി.
എറണാകുളം ജില്ലയുടെ വടക്കുകിഴക്കുള്ള ഗ്രാമത്തില്‍ നിന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ തീര്‍ഥാടനത്തിനു പോയതാണ് അമ്മച്ചി. ഒറ്റയ്ക്കായിരുന്നു യാത്ര. പേടിയൊന്നുമില്ല. പണ്ട് കെട്ടിയോനോടൊപ്പമായിരുന്നു പോയിരുന്നത്. അതിയാനെ കര്‍ത്താവ് വിളിച്ചിട്ട് 20 കൊല്ലമായി. എന്നിട്ടും പോക്കു മുടക്കിയിട്ടില്ല. ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല. പക്ഷേ ഇത്തവണ തിരക്കില്‍ പഴ്സ് നഷ്ടപ്പെട്ടു. 500 രൂപയില്‍ കുറയാത്ത തുകയോടൊപ്പം മരിച്ചുപോയ ഭര്‍ത്താവിന്‍റെ ഒരു ഫോട്ടോയും മറ്റു ചില കടലാസുമൊക്കെ  ഉണ്ടായിരുന്നു. വലിയ സങ്കടമായി. ഏറെനേരം തിരഞ്ഞു നടന്നു. പള്ളിക്കമ്മറ്റി ഓഫീസില്‍ അന്വേഷിക്കാന്‍ ആരോ പറഞ്ഞതനുസരിച്ച് ചെന്നപ്പോള്‍ പഴ്സ് അവിടുണ്ട്. ആരോ ഏല്‍പ്പിച്ചു പോയതാണ്. പണം പോയി. കെട്ട്യോന്‍റെ ഫോട്ടോയും ഉണ്ണീശോയെ എടുത്തുനില്‍ക്കുന്ന മാതാവിന്‍റെ പടവും വോട്ടിന്‍റെ കാര്‍ഡും ഉണ്ടായിരുന്നു. നല്ലവരായ കമ്മറ്റിക്കാര്‍ മേല്‍വിലാസം മാത്രമേ ചോദിച്ചുള്ളൂ. സാധനം കയ്യോടെ തിരിച്ചുകിട്ടി.
വോട്ടു കാര്‍ഡ് തിരച്ചുകിട്ടിയിട്ടാണോ അമ്മച്ചിക്കിത്ര സന്തോഷം എന്നു ചോദിച്ചുതീരുംമുന്‍പ് എന്‍റെ വലതു കൈമുട്ടില്‍ കടന്നല്‍ കുത്തിയപോലൊരു വേദന. മണ്ടത്തരം ചോദിച്ചതിന് അമ്മച്ചിയുടെ വക കിഴുക്ക്! ‘‘പിന്നേ! അതൊക്കെ ഇനി ആര്‍ക്കുവേണം കൊച്ചെ? അതിയാന്‍റെ ഫോട്ടോ ഇങ്ങു കിട്ടിയതാ വല്യകാര്യം. ദേ.. ഇതൊന്നേ ഒള്ളു’’
അമ്മച്ചി പഴ്സ് തുറന്നു കാണിച്ചു. അപ്പച്ചന്‍റെ പടം കണ്ടു ഞാന്‍ ഞെട്ടി. ആ ഫോട്ടോ ഒരു ചെറുപ്പക്കാരന്‍റേതായിരുന്നു. പഴമയുടെ നിറംമങ്ങലുണ്ട് എങ്കിലും ആള്‍ സുന്ദരനായിരുന്നു.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ നസീറിന്‍റെ ഛായ.
‘‘ഇതു പഴയ പടമാണല്ലോ’’ എന്നു പറഞ്ഞുതീരും മുന്‍പ് എനിക്കു വീണ്ടും നുള്ളുകിട്ടി. ‘‘ഇതല്ലേ കൊച്ചേ പടം. അല്ലാതെ വയസായി പല്ലും പറണ്ടേം പോയ കാലത്തെ പടമാണോ. ഇതിനല്ലേ പവറ്. ഞങ്ങടെ കെട്ടുകഴിഞ്ഞ് എര്‍ണാകൊളത്തു വന്നെടുപ്പിച്ച പടമാ. അന്നീ കറപ്പും വെളുപ്പുമല്ലേ ഉള്ളൂ. ഇപ്പഴല്ലേ കളറൊക്കെ. എന്നാലും ഭംഗി പഴേതിനാ’’ ആ വാക്കുകളോടു യോജിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.
‘‘അപ്പച്ചന്‍ നല്ല സുന്ദരനാണല്ലോ? അമ്മച്ചയിയും അതുപോലായിരുന്നോ?’’ ഞാന്‍ ചോദിച്ചു.
‘‘ഓ എന്നെ കാണാനൊന്നും കൊള്ളത്തില്ലാരുന്നെന്നേ. നെറോം ഇല്ല; ചടച്ചിട്ട് പല്ലും ശകലം പൊങ്ങി. അങ്ങേര്‍ക്ക് ആദ്യം ഇഷ്ടമേ അല്ലാരുന്നു. അപ്പന്‍ പറഞ്ഞിട്ടാ നെന്നെ കെട്ടിയതെന്ന് പിന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷേ പിന്നെന്നെ ജീവനായിരുന്നു. ആദ്യത്തെ പേറൊക്കെ കഴിഞ്ഞപ്പഴാ എന്‍റെ ദേഹത്തൊക്കെ ശകലം എറച്ചിയൊക്കെപിടിച്ചത്. പിന്നെ ഞാനങ്ങു വീങ്ങി’’ കുലുങ്ങിച്ചിരിയില്‍  അവസാനിച്ച ആത്മകഥാ അവതരണത്തോടെ ഞാന്‍ അമ്മച്ചിയുടെ  ആരാധകനായി. ബസ് ഓടിത്തുടങ്ങിയതൊന്നും അറിഞ്ഞതേയില്ല.
കണ്ടക്ടര്‍ രണ്ടു നിര സീറ്റിനു പിന്നില്‍ വന്നപ്പോഴാണ് അമ്മച്ചിയുടെ കയ്യില്‍ പണം ഉണ്ടാകില്ലല്ലോ എന്നു ഞാന്‍ ആലോചിച്ചത്. ടിക്കറ്റ് എടുത്തുകൊള്ളാം എന്ന വാഗ്ദാനം അവര്‍ ശക്തമായി നിരാകരിച്ചപ്പോള്‍ അമ്പരപ്പു തോന്നി. ‘‘പേഴ്സിലെ പൈസയല്ലേ പോയിട്ടുള്ളൂ മോനേ. കൊറച്ചുകാശ് എപ്പോഴും എന്‍റെ മടിക്കുത്തിലുണ്ടാകും. വല്ല ഏടാകൂടോം വന്നാലും നമക്കു വീടെത്തണ്ടായോ?’’ ആ പ്രായോഗിക വൈഭവത്തെ നമിച്ചു പോയി.
ടിക്കറ്റെടുപ്പൊക്കെ കഴിഞ്ഞാണ് അമ്മച്ചി എന്‍റെ വിവരങ്ങളൊക്കെ ചോദിച്ചത്. പേര്, ജോലി, ജോലിയുടെ സ്വഭാവം ഇവയൊക്കെ വിശദീകരിക്കേണ്ടി വന്നു.
അമ്മയെ കാണാന്‍ പോയതാണെന്നു പറഞ്ഞപ്പോള്‍ സന്തോഷമായി. നാട്ടിന്‍പുറത്തു നിന്ന് അമ്മയെ പട്ടണത്തില്‍ കൊണ്ടുവന്ന് കഷ്ടപ്പെടുത്തരുതെന്ന ഉപദേശവും തന്നു.
അമ്മച്ചി ക്വിസ് തുടര്‍ന്നു.
‘‘കെട്ടീതാണോ?’’ അതെ.
‘‘എവെടെയാ ഭാര്യവീട്?’’ പെരുമ്പാവൂര്
‘‘അപ്പം ഞങ്ങടെ വഴിക്കാണല്ലോ. പിള്ളേരെത്രയുണ്ട്?’’
മക്കളില്ല എന്ന മറുപടി അമ്മച്ചിയെ അസ്വസ്ഥയാക്കി. ‘‘അങ്ങനെ പറയല്ലേ മോനേ. മക്കളായിട്ടില്ല എന്നേ പറയാവൂ. എനിക്ക് നാലു കൊല്ലം കഴിഞ്ഞാ ഗര്‍ഭമുണ്ടായത്. കെട്ടു കഴിഞ്ഞ് ആറുമാസം തൊട്ട് അമ്മായിഅമ്മ വഴക്കായിരുന്നു. എന്നെ കളയാന്‍ ആ തള്ള അവരടെ മോനോട് നൂറുവട്ടം പറഞ്ഞതാ. അതിയാന്‍ കേട്ടില്ല. ഒരു കൂട്ടുകാരന്‍ പറഞ്ഞാ ഞങ്ങള് കടമറ്റം പള്ളീലും അര്‍ത്തുങ്കപ്പള്ളീലും പോയി പ്രാര്‍ഥിച്ചത്. അങ്ങനാ മൂത്തവന്‍ ഒണ്ടായത്. പിന്നെ മൂന്നെണ്ണം കൂടി ജനിച്ചു. മൊത്തം മൂന്നാണും ഒരു പെണ്ണും. അന്നുതൊട്ട് ഈ രണ്ടു പള്ളീലും പോകുമായിരുന്നു. ഒരാണ്ടില്‍ കടമറ്റം പള്ളീല്‍ പോയപ്പം  സഭക്കാരു തമ്മില്‍ മുട്ടന്‍ വഴക്കും അടീം ബഹളോം. പിന്നെ അങ്ങോട്ടു പോയിട്ടില്ല. അര്‍ത്തുങ്കേ പോണത് മൊടക്കിയിട്ടില്ല. എനിക്ക് 80 നടപ്പാ മോനേ. കര്‍ത്താവു വിളിക്കുംവരേം ഞാന്‍ ഇവിടെ വരും.’’
‘‘മോനും ഭാര്യേം നല്ലോണം പ്രാര്‍ഥിക്കണം. ദൈവം മക്കളെ തരും. ഞങ്ങടെ വേദപുസ്തകത്തില്‍ അബ്രാത്തിനും സാറായ്ക്കും സന്തതിയുണ്ടായത് ഏതുപ്രായത്തിലാ? ദൈവം തരും മോനേ. ദൈവം തരും’’
അമ്മച്ചിയെ ഇങ്ങനെ നിരന്തരം ഗോളടിക്കാന്‍ വിടുന്നതു ശരിയല്ലല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു ‘‘അബ്രഹാമിനെപ്പോലെ തൊണ്ണൂറാം വയസില്‍ മക്കളുണ്ടായാല്‍ ഞാനും ഭാര്യേം കുഴഞ്ഞുപോകുമല്ലോ എന്‍റമ്മച്ചീ’’
ഇത്തവണ കടന്നല്‍ക്കുത്തേറ്റത് എന്‍റെ കവിളില്‍. ഇടിവെട്ടു ചിരിക്കൊപ്പം അമ്മച്ചി പറഞ്ഞു. ‘‘ കൊച്ചു ക്രിത്യാനി അല്ലേലും ഞങ്ങടെ വേദപുസ്തകമൊക്കെ പഠിച്ചു വച്ചേക്കുവാ ഇല്യോ? പത്രത്തില്‍ പണിയെടുക്കണേല്‍ ഇതൊക്കെ അറിയണാരിക്കും.’’ ആ വാക്കുകള്‍ എന്നെ മാത്രമല്ല മുന്നിലും പിന്നിലും സീറ്റില്‍ ഇരുന്നവരെക്കൂടി ചിരിപ്പിച്ചുകളഞ്ഞു.
ഏറെ ഉപദേശം തന്ന അമ്മച്ചിയെ ഞാനും ഒന്ന് ഉപദേശിച്ചു. ‘‘ഏതായാലും ഇനി തനിച്ച് ഇത്ര ദൂരം വരരുത്. സൂക്ഷിക്കണം. മക്കളോ മരുമക്കളോ കൊച്ചുമക്കളോ ഒക്കെയായിട്ടു വരുന്നത് നല്ല രസമല്ലേ?’’
ആ മുഖത്തെ പ്രസന്നതയൊക്കെ ക്ഷണത്തില്‍ അപ്രത്യക്ഷമായി. ‘‘ഹും കൊച്ചിന് എന്തോന്നറിയാം. മോളൊരുത്തിയെ കെട്ടിച്ചയച്ചില്ലിയോ? അവക്ക് കെട്ടിയോന്‍റെ പരുവം നോക്കണം. പിന്നെ മക്കടെ പെമ്പിളമാര്‍ക്ക് എന്നെ കണ്ടുകൂടാ. എന്‍റെ മക്കള് അവളുമാരുടെ വാലേലാ. കുശുകുശുപ്പു കാരണം അവന്മാര്‍ക്കും ഇപ്പം എന്നെ കണ്ടുകൂടാ. വിളിക്കാഞ്ഞിട്ടല്ല. ഒരെണ്ണം വരില്ല. കാറേലും ജീപ്പേലുമൊക്കെ പോകാനാ അവര്‍ക്ക് ഇഷ്ടം. പുണ്യാളന്മാരുടെ അടുത്തു കഷ്ടപ്പെട്ടു വേണം പോവാന്‍.’’
അമ്മച്ചി ഈ പ്രായത്തില്‍ ഇങ്ങനെ കഷ്ടപ്പെടണോ എന്നു ഞാന്‍. വേണം എന്ന് അവര്‍.
ഇതുവല്ലോം ഒരു കഷ്ടപ്പാടാണോ? മോനിതൊന്നു കേട്ടേ എന്ന ആമുഖത്തോടെ അമ്മച്ചി ഒരു നീണ്ട കഥ ചുരുക്കിപ്പറഞ്ഞു. 65 കൊല്ലം മുന്‍പ് പാലാ പ്രദേശത്തെ പ്രതാപമില്ലാത്ത വീട്ടില്‍ 21 വയസുള്ള പയ്യന് വധുവായി എത്തിയ പതിനഞ്ചുകാരിയുടെ പകപ്പ്.. മൂന്നു വര്‍ഷം കഴിഞ്ഞ് സ്വന്തമായ ജീവിതത്തിന് ദൂരെനാട്ടില്‍ (അതോ കാടോ?) കെട്ടിയോന്‍ ഭൂമിവാങ്ങി പോയത്.. ചെറിയൊരു പെട്ടിയുമായി കരിബസില്‍ കയറിവന്നത്.. വൈദ്യ സഹായം ഒന്നും കിട്ടാത്ത ഒരു രാത്രി ആദ്യ കുഞ്ഞു പിറന്നത്..
തെല്ലും പരിചയമില്ലാത്തിടത്ത് കുടില്‍ കെട്ടി നന്നായി അധ്വാനിച്ച് ചെറിയമക്കളുമായി കഴിഞ്ഞ കാലത്തുനിന്ന് ഇന്നു പ്രതാപങ്ങളുടെ ചുറ്റുപാടില്‍ വേണ്ടപ്പെട്ടവര്‍ക്കു താനൊരു ഭാരമോ അസ്വസ്ഥതയോ ആയി മാറിക്കഴിഞ്ഞ സ്ഥിതിവരെ അവര്‍ പറഞ്ഞു. അത്യധ്വാനിയായ ഭര്‍ത്താവും വിശ്വസ്തയായ ഭാര്യയും ഇഴകളായ ചരടില്‍ അനുഭവങ്ങളാകുന്ന മുത്തുകള്‍ കോര്‍ത്ത മാലപോലെയായിരുന്നു അവര്‍ പറഞ്ഞ ജീവിത കഥ. അതിന്‍റെ അവസാന അധ്യായങ്ങള്‍ പക്ഷേ അസ്വാരസ്യങ്ങളും സംഘര്‍ഷവുമൊക്കെ നിറഞ്ഞതായിരുന്നു.
അമ്മച്ചിയുടെ കഥയ്ക്കു രണ്ടു ഭാഗമുണ്ടെന്നു മനസിലായി; അപ്പച്ചനു മുന്‍പും പിന്‍പും.
ദേശീയ പാതയില്‍ പലയിടത്തും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ യാത്ര വളരെ സാവധാനമായിരുന്നു. മെല്ലെപ്പോക്കില്‍ മറ്റുയാത്രക്കാര്‍ വല്ലാത്ത മുഷിയുമ്പോഴും അമ്മച്ചിയുടെ കഥാസാഗര തീരത്ത് ഞാന്‍ സുഖമായി ഇരുന്നു.
 ‘‘എനിക്കിപ്പം സ്വന്തം എന്നു പറയാന്‍ ഈ ഫോട്ടോ മാത്രമേ ഉള്ളൂ. ഇതിന്‍റെ പഴക്കോം കണ്ണിന്‍റെ കൊഴപ്പോം കാരണം ചൊവ്വേ നേരേ ഒന്നു കാണാനും പറ്റുന്നില്ല. മനസിലാ ഞാനിപ്പം ഈ പടം കാണുന്നെ. ഇതൊന്നു ശരിക്കു കാണിച്ചുതരണേന്നു മാത്രമാ മോനേ ഞാന്‍ പ്രാര്‍ഥിച്ചെ’’- അവര്‍ പറഞ്ഞു നിര്‍ത്തി.
പഴയ പടങ്ങള്‍ തനിമ നഷ്ടപ്പെടാതെ സ്കാന്‍ ചെയ്തു വലിയ പ്രിന്‍റ് അച്ചടിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അമ്മച്ചിയുടെ കണ്ണുകള്‍ തിളങ്ങി. കുണ്ടന്നൂര്‍ ജങ്ഷനിലും പാലത്തിലെ ബ്ലോക്കിലുമായി ബസ് കുറേനേരം കാത്തു കിടന്നപ്പോള്‍ കൊച്ചിയിലെ മികച്ച ഡിജിറ്റല്‍ സ്കാന്‍ സെന്‍ററിന്‍റെ പേരും ഫോണ്‍ നമ്പരും ഞാനൊരു കടലാസില്‍ കുറിച്ച് അവര്‍ക്കു കൊടുത്തു. അമ്മച്ചി ആവശ്യപ്പെട്ടതനുസരിച്ച് എന്‍റെ ഫോണ്‍ നമ്പരും എഴുതി. അവരതു വാങ്ങി ശ്രദ്ധയോടെ പഴ്സില്‍ വയ്ക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.  
ബസ് വൈറ്റിലയോട് അടുക്കവെ അവര്‍ എന്‍റെ വലുതു കൈവിരലുകളില്‍ ഉമ്മവച്ചു. ‘‘മോന്‍ പറഞ്ഞ വിദ്യയിലൂടെ എനിക്ക് അപ്പച്ചന്‍റെ വലിയ പടം കിട്ടുമെന്ന് മനസു പറയുന്നു. എന്‍റെ മോളുടെ മോന്‍ ജോസിനെക്കൊണ്ട് അതു ശരിയാക്കിക്കണം’’. പിന്നീടെന്തോ ഓര്‍ത്തപോലെ അവര്‍ കുരിശു വരച്ചു. എന്നിട്ടു പറഞ്ഞു ‘‘വൈകിയാലും ദൈവം തരും മോനേ. ഞാന്‍ പ്രാര്‍ഥിക്കും.’’ ആ പറഞ്ഞത് ഇനിയും ജനിക്കാത്ത മക്കളെക്കുറിച്ച് ആണെന്ന് മനസിലായതിനാല്‍ ഞാനൊന്നും മിണ്ടിയില്ല. ‘‘ഞാന്‍ ഇറങ്ങട്ടെ അമ്മച്ചി’’ എന്നു മാത്രമായിരുന്നു എന്‍റെ പ്രതികരണം.
ബസ് നീങ്ങി. എന്നെ നോക്കി ചിരിച്ച് കൈവീശി ആ അമ്മ യാത്രയായപ്പോള്‍ എനിക്കെന്തോ ചിരി വന്നില്ല. ചെറിയൊരു സങ്കടമാണ് തോന്നിയത്. അതുകൊണ്ടു തന്നെ എന്‍റെ ചിരിയും കൈവീശലുമെല്ലാം യാന്ത്രികമായിരുന്നു. കഷ്ടം! അവരുടെ പേരുപോലും ചോദിക്കാന്‍ ഞാന്‍ മറന്നിരുന്നു. എല്ലാം വിസ്തരിച്ചു പറഞ്ഞ അമ്മച്ചി അതു പറഞ്ഞതുമില്ല.
വീട്ടിലെത്തി ഭര്യയോട് കഥകളൊക്കെ പറഞ്ഞപ്പോള്‍ അയാള്‍ക്കു ചിരി. ഈ അമ്മച്ചിയാണോ സത്യന്‍ അന്തിക്കാടിന്‍റെ മനസിനക്കരെ എന്നസിനിമയില്‍ ഷീല ചെയ്ത കഥാപാത്രം എന്നായിരുന്നു സംശയം. പക്ഷേ എനിക്കു സംശയമൊന്നും ഇല്ലായിരുന്നു. ഷീലയുടെ കൊച്ചുത്രേസ്യാക്കൊച്ചിനെക്കാള്‍ മിടുമിടുക്കിയായിരുന്നു എന്‍റെ അമ്മച്ചി.  
പിന്നെ ഞാന്‍ അമ്മച്ചിയെ മറന്നു. ഞങ്ങളുടെ യാത്രയേയും കഥകളേയും കടന്നല്‍കുത്തുകളെയും മറന്നു. രണ്ടു വര്‍ഷം മുന്‍പ് ഒരുനാള്‍ അപരിചിതമായ ഒരു ഫോണ്‍ കോള്‍. ജോസ് എന്നു പരിചയപ്പെടുത്തിയ ആള്‍ക്ക് ഒന്നു കാണണം. വൈകിട്ട് ഓഫിസില്‍ വരാമെന്നു പറഞ്ഞ് അയാള്‍ സംഭാഷണം അവസാനിപ്പിച്ചു.
അന്നു വൈകിട്ട് ജോലിക്കു ചെന്നപ്പോള്‍ എന്നെ കാത്ത് അവര്‍ ഇരിപ്പുണ്ടായിരുന്നു. മധ്യവയസ്കയായ ഒരമ്മയും മകനും. ആനിമിഷം ഞാന്‍ അമ്മച്ചിയെ ഓര്‍ത്തു. കാരണം ആ സ്ത്രീക്ക് അമ്മച്ചിയുടെ നല്ല ഛായ ഉണ്ടായിരുന്നു.
‘‘അമ്മച്ചിയുടെ...’’ എന്നു ചോദിച്ചു തുടങ്ങിയപ്പോഴെ അവര്‍ പറഞ്ഞു ‘‘മോളാ; ഇതെന്‍റെ മോന്‍ ജോസ്’’
‘‘ഞാനാണു സര്‍ രാവിലെ വിളിച്ചത്. വെറുതെ ഒന്നു കാണാന്‍. വല്ല്യമ്മച്ചി മരിച്ചു; മൂന്നു മാസമായി’’ ജോസ് പറഞ്ഞു.
ബാക്കി പറഞ്ഞത് അയാളുടെ അമ്മയായിരുന്നു. ‘‘ഇന്നലെ അമ്മേടെ വേദപുസ്തകം ആങ്ങളേടെ വീട്ടീന്ന് എടുത്തുകൊണ്ടു വന്നു. സാര്‍ എഴുതിക്കൊടുത്ത കടലാസ് അതിലുണ്ടായിരുന്നു. അങ്ങനാ നമ്പര്‍ കിട്ടിയത്. അമ്മയ്ക്ക് സാറിനെ ജീവനായിരുന്നു.  അര്‍ത്തുങ്കല്‍ പുണ്യാളനാ നിങ്ങളെ അടുത്തിരുത്തിയതെന്ന് എപ്പോഴും പറയും. അപ്പന്‍റെ പഴയപടം ഇവനെക്കൊണ്ട് സാറു പറഞ്ഞ സ്ഥലത്തു കൊടുത്ത് വലുതാക്കി എടുത്ത് അമ്മയുടെ മുറിയില്‍ വച്ചു. കിടക്കുമ്പോഴും എണീക്കുമ്പോഴുമൊക്കെ അമ്മ ആ പടം കണ്ടു സന്തോഷിച്ചു. അപ്പനുമമ്മേം അതുപോലെ സ്നേഹിച്ചവരാ. പടം  കണ്ടവരോടെല്ലാം മനോരമക്കാരന്‍ കൊച്ചിന്‍റെ കാര്യവും അമ്മ പറയും.
അമ്മയുടെ മരണവും പെട്ടെന്നായിരുന്നു. രാവിലെ എണീറ്റ് ചായകുടിച്ചിട്ട് ഒന്നൂടെകിടക്കണം എന്നു പറഞ്ഞ് പോയതതാ. കുറേക്കഴിഞ്ഞ് നത്തൂന്‍ പോയി നോക്കിയപ്പോ മരിച്ചു കിടക്കുവായിരുന്നു.’’ അതു കേട്ടപ്പോള്‍ എനിക്ക് വളരെ ആശ്വാസം തോന്നി. ഭാഗ്യവതിയായ അമ്മച്ചി. ഇഷ്ടമില്ലാത്തവരുടെ പരിചരണങ്ങളില്‍ നിന്നുകൂടി പുണ്യാളന്‍ അവരെ രക്ഷിച്ചിരിക്കുന്നു.
ജോസും അമ്മയും അമ്മച്ചിയെക്കുറിച്ചു കുറേ കഥകള്‍കൂടി പറഞ്ഞു. കുടുംബ യൂണിറ്റ് യോഗത്തില്‍ കാരുണ്യത്തെക്കുറിച്ചു വാതോരാതെ പ്രസംഗിച്ച  ഭാരവാഹിയോട് ‘‘നിന്‍റെ അമ്മായിയമ്മയ്ക്ക് രണ്ടുനേരം കട്ടന്‍ചായ തെളപ്പിച്ചു കൊടുത്തേച്ചു കൂണാരം അടിക്കെടീ’’ എന്ന് ഉപദേശിച്ചതും മണവാട്ടിയായ കൊച്ചുമകളുടെ മന്ത്രകോടിയില്‍ കല്ലും കുപ്പിച്ചില്ലും തകരച്ചീളുമൊക്കെ തുന്നിവയ്ക്കുന്നതില്‍ രോഷം കൊണ്ടതും വോട്ടു പിടിക്കാനെത്തി അനുഗ്രഹം ചോദിച്ച സ്ഥാനാര്‍ഥിയോട് ‘‘അനുഗ്രഹമൊക്കെ മൊത്തമായിട്ട് കൊച്ചിനുതന്നെ തന്നേക്കാം. പക്ഷേ വോട്ട് ആ ജോയിക്കുട്ടിക്കു കൊടുക്കും; പാവം അവനും എന്തേലും കൊടുക്കണ്ടായോ’’ എന്ന് അനുഗ്രഹിച്ചതുമെല്ലാം എനിക്കു നന്നേ രസിച്ചു.
യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ ആ ചേച്ചി പറഞ്ഞ വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു. ‘‘അമ്മ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രര്‍ഥിക്കുമായിരുന്നു.’’ എന്‍റെ കണ്ണു നിറഞ്ഞുപോയി. വെറും ഒരു മണിക്കൂര്‍ യാത്രയിലൂടെ എനിക്ക് കിട്ടിയത് എത്രയോ വലിയ കാരുണ്യം.
ഞാനപ്പോള്‍ ഓര്‍മകളിലൂടെ ഒരു ദീര്‍ഘയാത്ര തുടങ്ങുകയായിരുന്നു. നിറഞ്ഞ ചിരിയും രസികന്‍ കഥകളും ഇടയ്ക്കിടെ കടന്നല്‍ കുത്തുമൊക്കെയായി സ്നേഹത്തിന്‍റെ ഒരു പുണ്യാളത്തി എനിക്കു സഹയാത്രികയായി.

Friday, March 11, 2011

ആമ്പച്ചാലിയെ കുറിച്ച് ഒരു ‘ഹരിപ്രഭാഷണം’


ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിനു നാലു കിലോമീറ്റര്‍ തെക്ക് ദേശീയപാതയ്ക്കു പടിഞ്ഞാറു ഭാഗത്ത് കായംകുളം കായലിന്‍റെ വടക്കേ അറ്റത്തിന്‍റെ കിഴക്കേ കര ചേര്‍ന്നാണ് ഞങ്ങളുടെ ഗ്രാമം. പേര് ചിങ്ങോലി. നാടിന്‍റെ അതിര്‍ത്തിയില്‍ കായംകുളം താപനിലയമൊക്കെ വന്നെങ്കിലും ഞങ്ങളുടേത് ഇന്നും അതിഭയങ്കരമായ മാറ്റമൊന്നുമില്ലാത്ത ഒരു നാടന്‍ ഓണാട്ടുകര ഗ്രാമം തന്നെ.
അല്‍പ്പമൊരു കരിനിഴല്‍ സ്പര്‍ശമുള്ള വെള്ളമണലാണ് നാട്ടില്‍.  ചേറും ചെളിയും വേണ്ടത്ര വെള്ളമൊഴുക്കും ഉള്ളതിനാല്‍ മരങ്ങള്‍ ഇവിടെ ധാരാളമുണ്ടായിരുന്നു. മരങ്ങള്‍ നല്ലൊരു പങ്കും അപ്രത്യക്ഷമായെങ്കിലും ഇന്നും ചിങ്ങോലി ഒരു ഊഷര പ്രദേശമല്ല.
എന്‍റെ ബാല്യകാലത്ത് ഗ്രാമ പരദേവതയായ കാവില്‍പ്പടിക്കല്‍ ഭഗവതിക്ക് ദാരിദ്ര്യമായിരുന്നു. നേദ്യവും വഴിപാടും ഒന്നുമില്ല. തെളിയുന്നത് കരിന്തിരി. പക്ഷേ ഒന്നില്‍ മാത്രം അമ്മ സമ്പന്നയായിരുന്നു; ക്ഷേത്രത്തിന്‍റെ പേര് അന്വര്‍ഥമാക്കും വിധമുള്ള സസ്യജാലത്തിന്‍റെ കാര്യത്തില്‍. ചെറുതെങ്കിലും ഇടതൂര്‍ന്ന ഒരു വിശുദ്ധവനം ക്ഷേത്രത്തോടു ചേര്‍ന്ന് നിലകൊണ്ടു. പില്‍ക്കാലം അതും വെളുത്തു പോയി.
നാട്ടില്‍ വേറെയും കാവുകള്‍ ഉണ്ടായിരുന്നു. പലതും കുടുംബക്ഷേത്രങ്ങളോടു ചേര്‍ന്ന്. കാരുവള്ളി ഇല്ലത്തും കളീക്കലും  ഉണ്ടായിരുന്ന കാവുകള്‍ എന്‍റെ മനസില്‍ ഭീതിയുണ്ടാക്കി. വഴിയരികുകളിലും തോടുകളുടെ ഇരുകരകളിലുമെല്ലാം ഒന്നാംതരം മരങ്ങള്‍ വളര്‍ന്നു നിന്നു. പാടങ്ങളോടു ചേര്‍ന്നുള്ള ചിറകളുടെ കരയില്‍ ചൂരലും കാട്ടുതെച്ചിയും (ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ തെറ്റി എന്നു വിളിക്കും) കൊട്ടപ്പഴവും ചൂരല്‍ച്ചെടിയും മുളവര്‍ഗത്തിലെ ഇത്തിരിക്കുഞ്ഞനായ കുളഞ്ഞിലുമൊക്കെ തഴച്ച് വളര്‍ന്നിരുന്നു. തെറ്റിധരിക്കല്ലേ! ഇത് കുറഞ്ഞത് 30-35 വര്‍ഷം മുന്‍പുള്ള ഗ്രാമത്തിന്‍റെ ചിത്രമാണ്. (കണ്ണട പ്രോഗ്രസീവ് അയ മധ്യ വയസിലും ബാല്യകാല സ്മരണകളുടെ പച്ചപ്പു മായുന്നില്ല.) ഇന്ന് അതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ.
ചിങ്ങോലിയില്‍ അക്കാലത്ത് മരങ്ങളെ മക്കളേപ്പോലെ സ്നേഹിച്ച ഒറ്റായാനായ ഒരു മുനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചാണ് ഈ കുറിപ്പ്. കാഞ്ഞിരത്തില്‍ രാമന്‍നായര്‍ എന്നു പറഞ്ഞാല്‍ 40-80 പ്രയത്തിലുള്ള ചിങ്ങോലിക്കാര്‍ പോലും ആളെ തിരിച്ചറിയില്ല. എന്നാല്‍ ആമ്പച്ചാലി രാമന്‍നായര്‍ എന്ന വാക്കു കേട്ടാല്‍ അവരുടെ ഓര്‍മയില്‍ ഒരു രൂപം തെളിഞ്ഞു വരും.
നരച്ച കുറ്റിത്താടി നിറഞ്ഞ ഇരുണ്ട മുഖം. നെറ്റിയില്‍ മുഷിഞ്ഞു നാറിയ ഒരു തുവാലക്കെട്ട്. തലയില്‍ അട്ടുനാറിയ തുണിത്തൊപ്പി. വീര്‍ത്തിരിക്കുന്ന തവിട്ടു നിറമുള്ള മുഷിഞ്ഞു പിഞ്ചിയ ഷര്‍ട്ട്. ഒരു കാലത്ത് അതിനു വെളള നിറമായിരുന്നിരിക്കണം. ആസകലം കീറിയ, കാക്കിയോ ഒലീവ് ഗ്രീനോ എന്നു തിരിച്ചറിയാനാവാത്ത പാന്‍റ്സ്. അതിനു മീതേ ചുറ്റി ഉടുത്തിരിക്കുന്ന ഒറ്റമുണ്ട്. ഇവയെ എല്ലാം ശരീരത്തോടു ചേര്‍ത്ത് കയറുകൊണ്ട് ഒരു കെട്ടും. വലത്തേ തോളില്‍ വലിയൊരു ഭാണ്ഡം. അതിന്‍റെ ഭാരം കാരണം തല അങ്ങോട്ടു ചരിഞ്ഞിരിക്കും. ഒരു കയ്യില്‍ വലിയ ഒരു വടി. മറുകയ്യില്‍ പാളത്തൊട്ടി. അരയിലെ കയറില്‍ തിരുകിവച്ച ഒരു ഇരുമ്പായുധം. നമുക്ക് നല്ല ഭാവനയുണ്ടെങ്കില്‍ അതിനെ പിച്ചാത്തി എന്നു വല്ലതും വിളിക്കാം. നിലത്തു നോക്കിയേ നടക്കൂ. സദാ പിറുപിറുത്തു കൊണ്ടിരിക്കും. ഇതാണ് ആമ്പച്ചാലി.
ഉന്മാദിയായിരുന്നോ എന്നു ചോദിച്ചാല്‍ ‘‘ഉറപ്പായും അതേ’’ എന്ന് ഉത്തരം. മനസിന്‍റെ മറ്റെല്ലാ മണ്ഡലങ്ങളില്‍ നിന്നും ഏറെക്കുറേ നിഷ്ക്രമിച്ചിരുന്ന ബോധം പക്ഷേ ഒരിടത്ത് അദ്ഭുതകരമാംവണ്ണം സജീവമായിരുന്നു. അത് മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിലായിരുന്നു. ചിങ്ങോലിയുടെ നാട്ടുവഴികളിലൂടെയും പാടവരമ്പുകളിലൂടെയും മറ്റുള്ളവര്‍ക്ക് അവ്യക്തമായ ഭാഷയില്‍ താന്‍ നട്ടു നനച്ചു വളര്‍ത്തിയ മരങ്ങളോടും തൈകളോടും സല്ലപിച്ചും ദേഷ്യപ്പെട്ടും ചിരിച്ചും കരഞ്ഞുമൊക്കെ അയാള്‍ നടന്നു.
ഞങ്ങള്‍ കുട്ടികള്‍ക്ക് കക്ഷിയെ തീ പോലെ ഭയന്നു. ശല്യക്കാരായ കുട്ടികളെ അമ്മമാര്‍ നിലയ്ക്കു നിര്‍ത്തിയിരുന്നത് ആമ്പച്ചാലിക്കു പിടിച്ചു കൊടുക്കും എന്നു ഭീഷണിപ്പെടുത്തി ആയിരുന്നു. ഏതു കൊലകൊമ്പനായാലും അതോടെ അനുസരണയുടെ ആള്‍രൂപമായി മാറും.
പത്തും നൂറുമൊന്നുമല്ല ആയിരക്കണക്കിനു മരങ്ങളാണ് ആമ്പച്ചാലി രാമന്‍നായര്‍ ഒരു ഗ്രാമം മുഴുവന്‍ നട്ടത്. അമ്പലപ്പറമ്പുകളിലും വഴിയോരത്തും പുറമ്പോക്കിലും മാത്രമല്ല സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും അദ്ദേഹം മരം നട്ടു. ആരുടേയും അനുവാദം തേടിയില്ല. പിന്നീട് അവയ്ക്കു നനയ്ക്കാനോ വളമിടാനോ ഉടമസ്ഥന്‍റെ സമ്മതം ചോദിച്ചുമില്ല. സമ്മിശ്രമായിരുന്നു പ്രതികരണങ്ങള്‍. ആരും അംഗീകരിച്ചില്ല. ചിലര്‍ വെറുതേ അവഗണിച്ചു. മറ്റു ചിലര്‍ ദേഷ്യപ്പെട്ടു. നട്ട തൈകള്‍ ചിലര്‍ പിഴുതെറിഞ്ഞു. ദേഷ്യപ്പെട്ടവരോട് പൊട്ടിച്ചിരിച്ച വൃക്ഷ പ്രേമി തൈകള്‍ പിഴുതെറിഞ്ഞവരുടെ ധാര്‍ഷ്ഠ്യത്തിനു മുന്നില്‍ യാചിക്കാനൊന്നും നിന്നില്ല; നിശബ്ദമായി കരഞ്ഞു.
കാവില്‍പ്പടിക്കല്‍ ക്ഷേത്രത്തിന് എതിര്‍വശത്തെ അര ഏക്കര്‍ ദേവസ്വം ഭൂമിയില്‍ കുറഞ്ഞതു 25-30 മാവുകള്‍ അദ്ദേഹം നട്ടിരുന്നു. ഷോപ്പിങ് കോംപ്ലക്സിനും സദ്യാലയത്തിനും പാര്‍ക്കിങ് ഏരിയയിക്കും മറ്റുമായി അവയെല്ലാംതന്നെ കോടാലിക്ക് ഇരയായി. ഇന്ന് ഒന്നോ രണ്ടോ ബാക്കി ഉണ്ടെന്നു തോന്നുന്നു. ജലനിരപ്പ് ഏറ്റവും താഴുന്ന കുഭം-മീനം കാലത്ത് അമ്പലക്കുളത്തിന്‍റെ താഴ്ചയില്‍ നിന്ന് രണ്ടു കൈകളിലും പാളത്തൊട്ടിയില്‍ വെള്ളം എടുത്ത് കുറഞ്ഞത് 50 മീറ്റര്‍ ഓരോ തവണയും നടന്ന് ഓരോ ന്നിനും ആവശ്യത്തിലധികം വെള്ളമൊഴിച്ച് ഒരാള്‍ വളര്‍ത്തിയെടുത്ത മരങ്ങളാണ് അവയെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ.
കാര്യമായതെന്തോ കളഞ്ഞുപോയതുപോലെ നിലത്തു തിരഞ്ഞു തിരഞ്ഞാണ് ആമ്പച്ചാലിയുടെ നടപ്പ്. ഒരു മരത്തൈയോ ചക്കക്കുരുവോ ഒക്കെ കണ്ടാല്‍ അത് പറ്റിയ ഒരിടത്തു നടാതെ വിശ്രമമില്ല. നട്ടുകഴിഞ്ഞാലോ വേനല്‍ക്കാലത്ത് കമുകിന്‍ പാള കോട്ടി കൊട്ടസൂചി കൊണ്ട് തുന്നിയെടുത്ത തൊട്ടിയില്‍ കുള്ളങ്ങളില്‍ നിന്നും തോട്ടില്‍ നിന്നുമൊക്കെ വെള്ളം കോരി അവയ്ക്ക് ഒഴിക്കും. വഴിയില്‍നിന്നു കിട്ടുന്ന ചാണകവും ആരെങ്കിലും കരിയില കത്തിക്കുന്ന ചാരവുമൊക്കെ എടുത്ത് തൈകള്‍ക്ക് നല്‍കും. വീട്ടുകാര്‍ ചീത്തപറഞ്ഞാല്‍ ഐതീഹ്യമാലയിലെ നാറാണത്തു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിക്കും.
മരങ്ങള്‍ നടുന്നതിലും ഉണ്ടായിരുന്നു ചില താളക്രമങ്ങള്‍. വീട്ടു പറമ്പുകളില്‍ മാവും പ്ലാവും കശുമാവും ആഞ്ഞിലിയുമൊക്കെയാകും. വഴിയോരത്തും പുറമ്പോക്കിലുമൊക്കെ പുളിയും പുന്നയും കൊന്നയും പോലുള്ളവ. കാര്യം കല്‍പ്പവൃക്ഷമാണെങ്കിലും ആമ്പച്ചാലി തെങ്ങു വച്ചതായി എനിക്കറിയില്ല. താന്‍ നട്ട മരങ്ങള്‍ അവ നില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ വെട്ടി വീഴ്ത്തുമ്പോള്‍ ആമ്പച്ചാലി ശബ്ദമില്ലാതെ ചിരിച്ചു. അതു പക്ഷേ ചിരി ആയിരുന്നില്ല; നെഞ്ചു പൊട്ടിയുള്ള കരച്ചിലായിരുന്നു.
രാമന്‍ നായരുടെ അവസാന കാലം ദുരിതമയമായിരുന്നു. എന്നും കാവില്‍പ്പടിക്കല്‍ ഭഗവതിയുടെ നടയില്‍ വിരിവച്ചു കഴിഞ്ഞ മകന്‍ ഒടുവില്‍ അമ്മയുടെ സനിനിധിയില്‍ തന്നെ അന്ത്യശ്വാസവും വലിച്ചു. ഗുരുമന്ദിരം റോഡില്‍ പുത്തന്‍പുരയിലെ വക ഒരു തുണ്ടു ഭൂമിയില്‍ കരയോഗക്കാര്‍ ഒരുക്കിയ ചിതയില്‍ അടുക്കിയത് ആമ്പച്ചാലി തന്നെ നട്ട ഒരു ചെറിയ മാവിന്‍റെ വിറകായിരുന്നു.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞ് നാട്ടിലെ ചെറുപ്പക്കാര്‍ ഒരു പ്രദേശിക പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ എന്തെങ്കിലും എഴുതണമെന്ന് അവശ്യപ്പെട്ടു. ചിങ്ങോലിക്കാര്‍ക്കു വേണ്ടി അന്ന് ഞാന്‍ ആമ്പച്ചാലിയുടെ കഥ എഴുതി. അന്ന് ഒട്ടേറെ കത്തുകളും ഫോണ്‍ സന്ദേശങ്ങളും കിട്ടിയപ്പോഴാണ് ആ മനുഷ്യന് ‍ഞങ്ങളുടെ ഗ്രാമ മനസില്‍ എവിടെയൊക്കെയോ ഒരിടമുണ്ടായിരുന്നു എന്നു മനസിലായത്.
വര്‍ഷങ്ങള്‍ക്കു ശേഷം യാദൃച്ഛികമായി ആ കുറിപ്പു വായിക്കാനിടയായ ചിങ്ങോലിക്കാരനായ പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍.കെ. രമേഷിന്‍റെ ഫോണ്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. ആമ്പച്ചാലി നട്ടതില്‍ ബാക്കിയുള്ള മരങ്ങള്‍ അദ്ദേഹത്തിന്‍റെ സ്മാരകമായി സംരക്ഷിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പക്ഷേ അതിനുള്ള സാഹചര്യം നാട്ടില്‍ ഉണ്ടായിരുന്നോ എന്ന് എനിക്കു സംശയമായിരുന്നു. പിന്നീട് എന്തായി എന്നു ഞാന്‍ അന്വേഷിച്ചില്ല. ആമ്പച്ചാലിക്കു സ്മാരകമായി ചെയ്യാവുന്ന കാര്യം ആവോളം മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ്. അതിന് പക്ഷേ ആരു തയാറാകും.
ചക്കയുടെ രുചിയറിഞ്ഞിട്ട് കൊല്ലങ്ങളായി എന്നും ചത്താല്‍ ദഹിപ്പിക്കാനൊരു മാവില്ലെന്നുമൊക്കെ വിലപിക്കാന്‍ മാത്രമാണ് ഇന്നു നമുക്ക് യോഗം. അതു കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ ഞാനൊരു പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട്. ആമ്പച്ചാലി രാമന്‍നായരുടെ ആ വലിയ ചിരി.

Tuesday, March 8, 2011

സഹോദരാ..എങ്ങനെ നിങ്ങളെന്നെ ആര്‍എസ്എസുകാരനാക്കി!


സുഖസുന്ദരമായ ഒരു ഓഫ് ദിവസം പാട്ടു കേള്‍ക്കുകയായിരുന്നു. ജിം റീവ്സിന്‍റെ ഘനഗംഭീരമായ സ്വരം. ദൈവത്തോടുള്ള പ്രാര്‍ഥനകള്‍. വി താങ് ദീ എവരി മോണിങ്... തുടങ്ങിയവ. അനവസരത്തിലെന്നോണം ഡോര്‍ ബെല്‍ മുഴങ്ങി. നോക്കുമ്പോള്‍ സുമുഖനായ ഒരു മധ്യവയസ്കനും ഒരു യുവതിയും.
വല്ല മാര്‍ക്കറ്റിങ് എടപാടോ ഇന്‍ഷുറന്‍സ് കുരുക്കോ ശാസ്ത്രീയമായി കഴുത്തു കണ്ടിക്കുന്ന ന്യൂജനറേഷന്‍ പേഴ്സനല്‍ ലോണ്‍ ചതിയോ വല്ലതുമാകാം എന്നു സംശയിച്ചു തീരും മുന്‍പേ വന്നയാള്‍ പറഞ്ഞു. ‘‘മിസ്റ്റര്‍ ഹരിയല്ലേ? ഞങ്ങളൊന്നു കാണാന്‍ വന്നതാണ്.’’ ഇത്രയും അടുപ്പം കാട്ടുന്നവരെ അകത്തേക്കു ക്ഷണിക്കാനും ഓരോഗ്ലാസ് വെള്ളം ഓഫര്‍ ചെയ്യാനും താമസിച്ചില്ല. അകത്തു കയറി ഇരുന്നു എങ്കിലും വെള്ളം കുടിച്ചില്ല. പകരം അവരുടെ ബാഗ് തുറന്ന് കുപ്പിവെള്ളം എടുത്തു കുടിച്ചു.
ഞാന്‍ എന്താണു വേണ്ടത് എന്നു ചോദിക്കും മുന്‍പേ ആഗതന്‍ സംസാരിച്ചു തുടങ്ങി. ‘‘ഞങ്ങള്‍ സ്വര്‍ഗരാജ്യത്തെക്കുറിച്ച് സംസാരിക്കാനായി വന്നതാണ്’’. അയ്യോ കെണിഞ്ഞല്ലോ എന്നു ഞാന്‍ ആത്മഗതം ചെയ്യവേ അതാ അടുത്ത വചനം. ‘‘നിങ്ങള്‍ പാപിയാകുന്നു. തെറ്റായ വഴികളില്‍ സഞ്ചരിക്കുന്ന നിങ്ങള്‍ക്ക് സ്വര്‍ഗരാജ്യത്തേക്കുള്ള വഴി കാണിച്ചു തരാന്‍ ദൈവം അയച്ചവരാണ് ഞങ്ങള്‍’’.
മണ്ണു നീക്കുന്ന ജെസിബിയുടെ യന്ത്രക്കയ്യ് പടുക്കോന്നു തലയില്‍ വന്നു വീണതുപോലെ ഞാനൊന്നു കിടുങ്ങി. എന്‍റെ പാപങ്ങളൊക്കെ മനസിലാക്കിയിട്ടാണോ ഇനി ഈ ദേവദൂതരുടെ വരവ്? കുഴപ്പമാകുമോ. ഞാന്‍ കീഴടങ്ങുന്നു എന്നു മനസിലായതു കൊണ്ടാകാം സഹോദരന്‍ വഴികാണിക്കലിന്‍റെ അടുത്ത ഘട്ടത്തിലേക്കു കടന്നു. ആദ്യത്തെ പകപ്പില്‍നിന്നു ഞാന്‍ മുക്തി തേടുമ്പോഴേക്കും അദ്ദേഹം പ്രഭാഷണത്തിന്‍റെ ഇടവേളയില്‍ എത്തിയിരുന്നു. ഒന്നും ഞാന്‍ വ്യക്തമായി കേട്ടില്ല. സംഗീതത്തിലെ ആരോഹണ അവരോഹണങ്ങള്‍ പോലെ പല പല ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരുന്നു. യുവതിയാകട്ടെ ഇടയ്ക്കിടയ്ക്കു ഹാലേയൂയ്യയും ദൈവത്തിനു സ്തുതിയും തരംപോലെ ആലപിച്ചു. ഇടയ്ക്ക് എന്നോടു കുടുംബ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
‘‘ആയതിനാല്‍ ഹരീ പാപിയായ നിങ്ങള്‍ നാശത്തിന്‍റെ ഇപ്പോഴത്തെ പാതവിട്ട് യേശുവിന്‍റെ വഴിയിലേക്കു വരിക. ഇനി നിങ്ങള്‍ക്ക് സംശയങ്ങള്‍ ചോദിക്കാം’’- അദ്ദേഹം ഒന്നു നിര്‍ത്തി.
എനിക്കു ദേഷ്യം വന്നു. പിതാവേ, അങ്ങയുടെ ഹിതം നടക്കട്ടെ എന്ന് പ്രര്‍ഥിച്ച ദൈവപുത്രനെ മനസില്‍ കൊണ്ടുനടക്കുന്ന എന്നെയാണ് മിനിയാന്ന് ആരോ കക്ഷത്തില്‍ വച്ചുകൊടുത്ത കറുത്ത പുസ്തകവുമായി നടക്കുന്നവന്‍ നല്ല വഴി നയിക്കാന്‍ വരുന്നത്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ജിം റീവ്സിനെ നാളെയും കേള്‍ക്കാം. ദൈവദൂതന്‍ സഹോദരനെ (ദൈ.സ) ഒന്നു കൈകാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.
ഞാന്‍: ആദ്യമായി കാണുന്ന എന്നെ താങ്കള്‍ എന്തിനു പാപി എന്നു വിളിച്ചു?
ദൈ.സ: താങ്കള്‍ യേശുവില്‍ വിശ്വസിക്കുന്നില്ല. യേശുവില്‍ മാത്രം വിശ്വസിക്കാത്തവരെല്ലാം പാപികളാണ്.
ഞാന്‍: ഞാന്‍ യേശുവെ ആരാധിക്കുന്നു. എന്‍റെ മനസില്‍ യേശുവിന് ഒരിടമുണ്ട്.
ദൈ.സ: പക്ഷേ ഇവിടെ ഇരിക്കുന്ന രൂപങ്ങളും ചിത്രങ്ങളും അതല്ലല്ലോ വിളിച്ചു പറയുന്നത്.
(അപ്പോ അതാണല്ലേ കാര്യം? വീടിന്‍റെ മുറികളില്‍ ഒന്നു രണ്ടു ഗണപതിമാരുണ്ട്. മൂന്നു നാലു കൃഷ്ണന്മാരും. ഇവരാരും ഞങ്ങള്‍ക്ക് ദൈവങ്ങളല്ല, കൂട്ടുകാരാണ്. ലേഖാ വൈലോപ്പിള്ളിയും ബിജു മുല്ലയ്ക്കലും വരച്ചു തന്ന  മ്യൂറല്‍ കൃഷ്ണന്മാരെ സുനിത വഴക്കു പറയുന്നതു യശോദാമ്മ എങ്ങാനും കേട്ടാല്‍ ബോധം കെട്ടു വീണു പോകും.)
ഞാന്‍: ശരി അവിടെ ഇലച്ചെടിയുടെ തണലില്‍ ഉണ്ണിയേശുവിനെ എടുത്തു നില്‍ക്കുന്നത് മദര്‍ മേരി അല്ലേ സാര്‍.
ദൈ.സ: ഞങ്ങള്‍ രൂപങ്ങളില്‍ വിശ്വസിക്കുന്നില്ല. അദൃശ്യവും അദ്ഭുതകരവുമായ ദൈവ സ്നേഹത്തില്‍ മാത്രം വിശ്വസിക്കുന്നു.
ഞാന്‍: ശരി. രൂപങ്ങളില്‍ വിശ്വസിക്കാത്ത നിങ്ങള്‍ ഇവിടെ അവയെ കണ്ടല്ലേ എന്നെ പാപിയായി മുദ്രകുത്തിയത്? അതെന്തു ന്യായം?.
സഹോദരന്‍ ഇതോടെ ഫ്ലാറ്റ്. കക്ഷി ഒന്നു പരുങ്ങിയതോടെ ഞാന്‍ ആക്രമണം ശക്തമാക്കി. യേശുവില്‍ മാത്രം വിശ്വസിക്കാത്തവര്‍ പാപികളെങ്കില്‍ അദ്ദേഹത്തിനു മുന്‍പു വന്ന പ്രവാചകന്മാരും പിതാക്കന്മാരുമെല്ലാം പാപികളാണോ? അവരാരും അദ്ദേഹത്തെ കണ്ടിട്ടുപോലും ഇല്ലല്ലോ.
സഹോദരന്‍ അസ്വസ്ഥനായി. ‘‘നിങ്ങളുടെ മനസിലാകെ കൊടും വിഷമായ പാപം നിറഞ്ഞിരിക്കുന്നു. നിങ്ങള്‍ ദൈവനിന്ദ സംസാരിക്കുന്നു.‘‘ അദ്ദേഹം പറഞ്ഞു.
ഞാന്‍: എന്‍റെ വിശ്വാസം ശരിയല്ല എന്നിരിക്കട്ടെ. ഞാന്‍ താങ്കള്‍ പറയുന്ന വഴിക്കു വന്നാലോ?
ദൈ.സ: ഞങ്ങള്‍ നിങ്ങള്‍ക്കു സ്വര്‍ഗരാജ്യത്തേക്കുള്ള മാര്‍ഗം കാട്ടിത്തരും.
ഞാന്‍: എന്‍റെ വിശ്വാസത്തിലും സ്വര്‍ഗമുണ്ടല്ലോ?
ദൈ.സ: അതു വെറും ചിന്തമാത്രം. കല്ലിനെ ആരാധിക്കുന്ന നിങ്ങള്‍ക്ക് യഥാര്‍ഥ സ്വര്‍ഗരാജ്യം പ്രാപ്യമല്ല.
ഞാന്‍: സഹോദരാ ഞാന്‍ കല്ലിനെ മാത്രമല്ല മുറ്റത്തു വളരുന്ന പുല്ലിനെയും അപ്പുറത്തു നില്‍ക്കുന്ന കണിക്കൊന്നയേയും ആ കാണുന്ന പുളി മരത്തേയും ആരാധിക്കുന്നു. അതില്‍ അഭിമാനിക്കുന്നു. പക്ഷേ 40 വര്‍ഷമായി എന്‍റെ ഉള്ളില്‍ രൂപപ്പെട്ട് വളര്‍ന്നു വന്ന ഒരു വിശ്വാസത്തെ വ്യാജമെന്നു വിളിച്ച് അപമാനിച്ച് നിങ്ങളുടെ വിശ്വാസത്തെ അടിച്ചേല്‍പ്പിക്കാന്‍ തുനിയുന്ന നിങ്ങള്‍ എങ്ങനെ ദൈവത്തിന്‍റെ വേലക്കാരനാകും. നിങ്ങള്‍ ആ വിശ്വാസത്തിന്‍റെ മാത്രം കുഴല്‍ വിളിക്കാരനാണ്. നിങ്ങളുടെ വിശ്വാസം ഉത്തമമെന്ന് പറയാന്‍ നിങ്ങള്‍ക്ക് പൂര്‍ണ അവകാശമുണ്ട്. പക്ഷേ അതിന് എന്‍റെ വിശ്വാസം തെറ്റെന്ന് നിങ്ങള്‍ പറയുന്നതാണ് ശരികേട്. സംഘര്‍ഷം തുടങ്ങുന്നത് അവിടെ നിന്നാണ്.
സഹോദരന്‍ എഴുനേറ്റു. ഒപ്പം സഹോദരിയും. ‘‘നിങ്ങള്‍ പാപിയും അവിശ്വാസിയും മാത്രമല്ല നീചനും അഹങ്കാരിയും കൂടിയാണ്. ദൈവം  നിങ്ങള്‍ക്ക് സന്തതികളെ നല്‍കാത്തതും അതുകൊണ്ടാണ്. ദൈവമെ അറിഞ്ഞുകൊണ്ട് ഇയാള്‍ ദുരന്തത്തിലേക്കു നടക്കുന്നു. കര്‍ത്താവേ ഈ മുഷ്യനെ നീ നല്ലവഴിക്കു നടത്തണേ. ഇയാളില്‍ കുടികൊള്ളുന്ന പിശാചിനെ ഇല്ലായ്മ ചെയ്യണേ. പാപിയായ ഈ മനുഷ്യന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ ഇടവന്ന ഞങ്ങളോട് നീ പൊറുക്കേണമേ......’’
ചെവിക്കുറ്റി നോക്കി ഒന്നു കൊടുക്കാന്‍ കൈതരിച്ചെങ്കെലും ഞാന്‍ സ്വയം നിയന്ത്രിച്ചു. വാതില്‍ തുറന്നു കൊടുത്ത് ഞാന്‍ ഇത്രയും കൂടി പറഞ്ഞു. ‘‘ചങ്ങാതീ ഇങ്ങനെ അടി ഇരന്നു വാങ്ങാന്‍ നടക്കരുത്’’. എന്തെല്ലാമോ പിറുപിറുത്ത് അയാള്‍ ഇറങ്ങിപ്പോയി ഒപ്പം വിടര്‍ന്ന കണ്ണുകളുമായി ആ യുവതിയും.
പിന്നീടാണ് തലക്കെട്ടിന് ആസ്പദമായ സംഗതി നടന്നത്. അടുത്ത വീട്ടില്‍ ചെന്ന് സഹോദരന്‍ ചോദിച്ചു- ‘‘അപ്പുറത്തെ അയാള്‍ ആറെസ്സെസ്സുകാരനാ അല്ലേ?’’. ഒരിക്കലും അല്ലെന്നു പറഞ്ഞ അയല്‍ക്കാരനോട് സഹോദരന്‍ തീര്‍ത്തു പറഞ്ഞു. ‘‘ഒറപ്പായും അതേ. അയാള്‍ ഒന്നാം നമ്പര്‍ ഫാസിസ്റ്റാ. സൂക്ഷിക്കണം’’.
മിതവാദിയായ ഒരു മുന്‍ ആര്‍എസ്എസ് നേതാവിന്‍റെ മകളെ സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ചു എന്നതു മാത്രമാണ് എന്‍റെ പരിവാരബന്ധം. എല്ലാ മത, ജാതി, വര്‍ഗീയ, വിഭാഗീയ പ്രസ്ഥാനങ്ങളെയും അങ്ങേയറ്റം വെറുക്കുന്ന എന്നെ നീയോരു ആറെസ്സെസ്സുകാരനും ഫാസിസ്റ്റുമൊക്കെ ആക്കിയല്ലോ സഹോദരാ. കഷ്ടം. ഒന്നോര്‍ത്താല്‍ ഫാസിസത്തെക്കാള്‍ എത്രയോ അപകടകരമാണ് നീ എന്‍റെ മുന്നില്‍ അവതരിപ്പച്ച ആശയങ്ങള്‍. ദൈവമെ നീ ഈ മഹാപാപിക്ക് നിത്യനരകം കൊടുക്കണേ.  
നമ്മുടെ നാക്ക് നേരേ ചൊവ്വേ വായില്‍ കിടന്നാല്‍ അപരന്‍റെ കയ്യ് അവന്‍റെ തോളോടു ചേര്‍ന്നിരിക്കും. നമ്മുടെ നാക്ക് തോന്ന്യാസം പറഞ്ഞാല്‍ അവന്‍റെ കയ്യ് നമ്മുടെ പിടലിക്ക് ഇരിക്കും. അതൊരു ലോക ഗതിയാണ്. അതിനെ കയ്യേറ്റമെന്നോ ഫാസിസമെന്നോ പറഞ്ഞിട്ടു കാര്യമില്ല.
ത്യാഗത്തിന്‍റെ പ്രതിരൂപമായ യേശുക്രിസ്തുവിന്‍റെ പേര് ഇന്ന് ഏറ്റവും മോശമാക്കുന്നത് ഇയാളെപ്പോലെയുള്ള ചില ബോധകന്മാരാണ്. അവര്‍ക്ക് യേശുവിനെയും അറിയില്ല മനുഷ്യരേയും അറിയില്ല. ആര്‍ദ്ര കരുണയെക്കുറിച്ച് പാടിയും പ്രസംഗിച്ചും നടന്ന അവധൂത തുല്യനായ സാധു കൊച്ചുകുഞ്ഞ് ഉപദേശിയെ കുറിച്ച് കേട്ടറവുപോലും ഇല്ലാത്ത ഇത്തരക്കാര്‍ നടക്കുന്നത് യേശുവിന്‍റെ മഹത്വം പറയാനല്ല. അവര്‍ നടത്തുന്നത് ഗോസ്പല്‍ മാര്‍ക്കറ്റിങും ഫെയ്ത് ബിസിനസും മാത്രം.  

Saturday, March 5, 2011

വഴക്കാളിക്കുരുവികള്‍; കയ്യേറ്റക്കാരും


എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ പൂണിത്തുറ വില്ലേജില്‍ തൈക്കൂടത്തുള്ള ശ്രീ എന്ന വീട്ടില്‍ ഞാനും ഭാര്യയുമാണ് താമസം. വല്ലപ്പോഴും മാത്രം എത്തുന്ന ഞങ്ങളുടെ സഹോദരങ്ങളോ ബന്ധുക്കളോ ചങ്ങാതികളോ കഴിഞ്ഞാല്‍ പിന്നെ ഇവിടെ താമസിച്ചിട്ടുള്ളത് ശയ്യാവലംബയായിരുന്ന അമ്മയും അവരുടെ ശുശ്രൂഷയ്ക്കു നിന്ന നാല് ഹോംനഴ്സുമാരും മാത്രം.  
അങ്ങനെയുള്ള എന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ഒരു കുടുംബം ഇതാ വേറേ കൂരവച്ചു പൊറുതി തുടങ്ങിയിരിക്കുന്നു! മാത്രമല്ല, കൈവശാവകാശം പതിച്ചുകിട്ടിയമാതിരി എന്നെയും സുനിതയേയും തുറിച്ചു നോക്കി പേടിപ്പിക്കുന്നു. പാവം ഞങ്ങള്‍ മേല്‍പ്പടി കയ്യേറ്റക്കാര്‍ കുടിപാര്‍ക്കുന്ന ഇടത്തേക്കു നോക്കുവാന്‍ പോലും ഭയപ്പെട്ടും, അതിനടുത്തു നിന്നു ഉറക്കെയൊന്നു സംസാരിക്കാന്‍ പോലും കഴിയാതെയും ശ്വാസം മുട്ടി ജീവിക്കുന്നു. വയസ് 50 തികയും വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു പ്രതിമാസം വലിയൊരു തുക തിരിച്ചടയ്ക്കേണ്ട ലോണ്‍ ബാധ്യതയുണ്ടെങ്കിലും ഈ വീട്ടില്‍ വളരെസമാധാനത്തോടെ കഴിഞ്ഞവരാണു ഞങ്ങള്‍. പക്ഷേ ഇപ്പോഴിതാ അടുക്കളയില്‍ മിക്സി ഒന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പോലും കയ്യേറ്റക്കാരുടെ തഞ്ചവുംതായവും നോക്കേണ്ട ഗതിയാണ്. എന്തിന് ഒച്ചപൊക്കി ഒന്നു വഴക്കിടാന്‍ പോലും തരമില്ല. എന്തു ചെയ്യും?
ഒരാഴ്ച മുന്‍പാണ് കയ്യേറ്റ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കുടിക്കാനുള്ള വെള്ളം തിളപ്പിച്ച രാമച്ച വേരുകളാണ് ആദ്യം അപ്രത്യക്ഷമായി തുടങ്ങിയത്. നാട്ടില്‍ നിന്നു ചികിത്സകള്‍ക്ക് എത്തിയ കുഞ്ഞമ്മമാരും സുനിതയും മുടി കോതുമ്പോള്‍ ഊരിപ്പോരുന്ന മുടിച്ചുരുളുകളും സന്ധ്യാദീപം തെളിച്ചതിന്‍റെ തിരിശീലത്തുണ്ടും രാജുവിന്‍റെ കടയില്‍ നിന്നു പഞ്ചസാര പൊതിഞ്ഞു കൊണ്ടു വന്ന ചണച്ചരടും ഒക്കെ കാണാതായപ്പോഴെ ഏതോ അദൃശ്യ ശക്തി ശ്രീക്കെതിരേ പ്രവര്‍ത്തിക്കുന്നതായി ഞാന്‍ സുനിതയോടു പറയുകയും ചെയ്തു. മുറ്റത്തു വളര്‍ത്തുന്ന കറുകപ്പുല്ലിന്‍റെ ഉണങ്ങിയ നാമ്പുകളും കൂടി കാണാതായതോടെ ശരിക്കും പേടിയായി. കറുകഹോമത്തിന്‍റെ ഏതോ സൂപ്പര്‍ വേര്‍ഷന്‍ ആഭിചാരം ആ അജ്ഞാതശക്തി ചെയ്യുന്നെന്ന് ഉറപ്പ്.പക്ഷേ അതാര്? അവനെവിടെ?
ഇന്നലെ ചെടികള്‍ക്കു വെള്ളം ഒഴിക്കുന്നതിന് ഇടയിലാണ് പ്രതികളെ കണ്ടത്. അടുക്കളയ്ക്കു പിന്നില്‍ മതിലിനോടു ചേര്‍ന്നു വളരുന്ന ചെറുമരത്തിന്‍റെ ഉണങ്ങിയ ചില്ലയില്‍ അവര്‍ വീടുണ്ടാക്കിയിരിക്കുന്നു. കാണാന്‍ വലിയ ചന്തമൊന്നും ഇല്ലാത്ത ഒരു കുരുവിക്കൂട്. ശ്ശെടാ വെറും ഒരു കിളിക്കൂടിനെ കുറിച്ചാണോ ഇയാളിത്ര കൂണാരം അടിക്കുന്നതെന്നു പറയാന്‍ വരട്ടെ. അതിനകത്ത് ഇരിക്കുന്ന കക്ഷിയുടെയും പുറത്ത് കാവലുമായി കറങ്ങുന്ന ഇണയുടെയും മട്ടും ഭാവവും കണ്ടാല്‍ ഈ പറഞ്ഞതു കുറഞ്ഞുപോയെന്നു തോന്നും.
എന്‍റമ്മോ ഈ കുരുവിക്കൊക്കെ ശരീരം മൊത്തം ബുദ്ധിയാണെന്നു തോന്നും ഓരോ വേലത്തരങ്ങള്‍ കണ്ടാല്‍. മരത്തിനും സണ്‍ഷേഡിനും ഇടയില്‍ എക്സ് ഹോസ്റ്റ് ഫാനിന് അടുത്താണ് കൂട്. ഒറ്റനോട്ടത്തില്‍ അങ്ങനൊരു സാധനം അവിടുണ്ടെന്ന് തോന്നുകയേയില്ല. കഴിഞ്ഞില്ല, ചുറ്റുവട്ടത്തെ പോക്കിരിരാജകളായ പൂച്ചകള്‍ക്കും ആകാശഭീകരരായ കാക്കകള്‍ക്കും  ആക്രമിക്കാന്‍ കഴിയാത്ത വിധമാണ് കൂടിന്‍റെ വാസ്തുശാസ്ത്രം. കറിവേപ്പിന്‍റെയും മറ്റും ചില്ലകള്‍ കടന്നു വന്ന് കൂടിനും ഭിത്തിക്കും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് എണ്‍പതു ഡിഗ്രി വെട്ടിത്തിരിഞ്ഞു വേണം അകത്തേക്കു കയറാന്‍. ഈ ഏടാകൂടത്തിന് ഇടയിലുടെയെല്ലാം കിളി അനായാസം വന്നു കൂട്ടില്‍ കയറുന്നതു കണ്ടാല്‍ നമ്മള്‍ അന്തംവിട്ടു നില്‍ക്കും.
ഇനി കയറിക്കഴിഞ്ഞാലോ? എന്തോരു ഗമയിലാ ഇരിപ്പ്. ഹൊ മലയാളം സിനിമ ഗോഡ്ഫാദറില്‍ അഞ്ഞൂറാന്‍ മുതലാളിയായി യശശരീരനായ നാടകാചാര്യന്‍ എന്‍.എന്‍.പിള്ള ചാരുകസേരയില്‍ ഇരിക്കുന്നത് ഓര്‍മയില്ലേ? അതിന്‍റെ നാലിരട്ടി പവറു വരും. പുറത്തേക്കു നീട്ടി വച്ചിരിക്കുന്ന കുഞ്ഞിച്ചുണ്ട് ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാചന്ദ്രന്‍റെ തുമ്പിക്കൈക്കു തുല്യമാണെന്നാണ് കക്ഷിയുടെ ഭാവം.  അറിയാതെങ്ങാനും കൂടിന്‍റെ ഏഴയലത്തു ചെന്നാലോ? ഈശ്വരാ എന്തൊക്കെ ചീത്തയാണാവോ പറയുന്നത്. ഇതു കാരണം ഞങ്ങളിപ്പോള്‍ ആ ഭഗത്തേക്കു പോകാറേയില്ല. നമ്മളെന്തിനാണെന്നേ വല്ല കിളിയുടേം വായിലിരിക്കുന്നതു കേള്‍‍ക്കുന്നത്. കിളിപ്പേച്ചു കേള്‍ക്കമാട്ടേന്‍.
കുരുവിവിലാസം ബംഗ്ലാവിന്‍റെ ഗൃഹപ്രവേശം കഴിഞ്ഞതോടെ ഞങ്ങളുടെ അടുക്കളയുടെ തെക്കുഭാഗത്തെ ജനലിന്‍റെ ഇടതുപാളി തുറക്കാന്‍ കഴിയാതെയായി. ആ വശത്തു വച്ചിരുന്ന വച്ചിരുന്ന മിക്സി സുനിത നീക്കിവച്ചു. എന്നാലും വല്ലതും അരയ്ക്കുകയോ പൊടിക്കുകയോ ചെയ്യുമ്പോള്‍ ‘‘ദെന്താദ് സ്വൈര്യം തരില്ലേ’’ എന്നമട്ടില്‍ ചില പ്രതിഷേധ സ്വരങ്ങളൊക്കെ കേള്‍ക്കാം. ഇനി നനച്ച തുണി വിരിക്കാന്‍ ടെറസില്‍ കയറിയാലോ? അവിടേം എത്തും ഒരു സിഐ‍ഡി. ‘‘ഹും മര്യാദയ്ക്കു തുണി വിരിച്ചിട്ടു പൊക്കോണം, എനിക്കു പണിയുണ്ടാക്കരുത്’’ എന്ന മട്ടില്‍ ഒരു ചരിഞ്ഞ നോട്ടവുമായി അയകെട്ടിയ ഇരുമ്പു പൈപ്പില്‍ ഇരിക്കും.
ചിലപ്പോഴൊക്കെ ഭാര്യക്കുരുവി ഭര്‍തൃക്കുരുവിയോടു ദീര്‍ഘമായ ചര്‍ച്ച  നടത്തുന്നതും കേള്‍ക്കാം. അടയിരിക്കുന്നതിന്‍റെ പ്രയാസമൊക്കെയായിരിക്കും കുണുകുണാന്നു പറയുന്നത്. ആര്‍ക്കറിയാം.
ഇടയ്ക്കു കാക്കയും പൂച്ചയുമൊക്കെ കൂടിനു നേര്‍ക്കു കണ്ണുവയ്ക്കുമ്പോള്‍ ദമ്പതികള്‍ സഹായ അഭ്യര്‍ഥന നടത്താറുണ്ട്. ഞാന്‍ ചെന്ന് ശത്രുക്കളെ തുരത്തും. പക്ഷേ അതു കഴിഞ്ഞാല്‍ ആലുവ മണപ്പുറത്തു വച്ചു കണ്ട പരിചയംപോലും കാണിക്കില്ല. അടുക്കളയില്‍ മീന്‍ പൊരിക്കുന്നതിന്‍റെയും കടല വറുക്കുന്നതിന്‍റെയും മണമൊക്കെ കൃത്യമായി വലിച്ചു പുറത്തു കളഞ്ഞിരുന്ന എക്സ് ഹോസ്റ്റ് ഫാന്‍ കഴിഞ്ഞ കുറച്ചു ദിവസമായി അനങ്ങുന്നില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ചുണ്ടുകള്‍ ആ ആതംഗവാദികളുടേതാണോ എന്ന് എനിക്കു സംശയമുണ്ട്. എന്തായാലും ഇനി മാഡംകിളിയുടെ പേറ്റുകുളിയും മുട്ടവിരിക്കലുമൊക്കെ കഴിഞ്ഞ് ഫാന്‍ ശരിയാക്കിയാല്‍മതി എന്ന തീരുമാനത്തിലാണ് ഞാനും സുനിതയും. അല്ലെങ്കില്‍ കിളിയാവകാശ പ്രവര്‍ത്തകര്‍ കൂടോടെ ഇളകി വന്നാലോ?
ഇതു കൂടാതെയും ചില സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഉപയോഗശൂന്യമായ കടലാസ്, കരിയില എന്നിവ കുട്ടിയിട്ടു കത്തിക്കുന്ന പരിപാടി തല്‍ക്കാലം വേണ്ടെന്നു വച്ചു. ഉഷ്ണകാലമായതിനാല്‍ കിളിവീടിന് അടുത്ത് ഒരു പാത്രത്തില്‍ വെള്ളവുംവച്ചു കൊടുത്തു.
പക്ഷേ രണ്ടാളോടും ഞാന്‍ ഒരു കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ മാസം ഒടുവോടു കൂടി പിള്ളേരേം പറക്കമുറ്റിച്ച് കൂടും കുടുക്കേമൊക്കെ എടുത്ത് സ്ഥലം വിട്ടോണമെന്ന്. വീട് പെയിന്‍റ് ചെയ്യാന്‍ മോഹനന്‍ ചേട്ടനും പണിക്കാരും അപ്പോഴേക്കും എത്തും. പരിസ്ഥിതി വാദികളും വസുധൈവകുടുംബക വിശ്വാസികളുമായ ഞങ്ങളോടു കാണിക്കുന്ന മുഷ്ക് ഒന്നും അവരുടെ അടുത്ത് വിലപ്പോകില്ല കൂടു വലിച്ചുപറിച്ചു കളഞ്ഞ് വെള്ളവലിച്ച് അവര്‍ പാട്ടിനു പോകും.അന്നേരം കുടിയൊഴിപ്പിച്ചേ, പുനരധിവാസം വേണേ എന്നെല്ലാം പറഞ്ഞ് ഞങ്ങളോടു വഴക്കിനു വരരുത്. പാക്കേജ് ഒന്നും തരാന്‍ പാങ്ങില്ലാത്ത നിലയിലാണ്  പാവങ്ങളായ ഞങ്ങള്‍. വീടു പോയാല്‍ എല്ലാരും കൂടെ റോഡിലേക്ക് ഇറങ്ങിക്കോണം. അല്ലേലും അങ്ങാടിക്കുരുവികള്‍ എന്നൊരു ദുഷ്പേരും നിങ്ങള്‍ക്കുണ്ടല്ലോ. അല്ലേ? അതുകൊണ്ട് പ്രിയ ഖഗങ്ങളേ കാര്യങ്ങളൊക്കെവേഗത്തിലാകട്ടെ. അതുവരെ നിങ്ങളുടെ കയ്യേറ്റം ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു.