Monday, October 31, 2011

നിധിചാല സുഖമാ...യും പ്രിയപ്പെട്ട രാമനാഥനും


കണ്ണൂര്‍ സെന്‍റ് ആഞ്ചലോ കോട്ടയുടെ പിന്നില്‍ കടലോരത്ത് നിരനിരയായി നല്‍ക്കുന്ന വയസന്‍ കാറ്റാടി മരങ്ങള്‍ക്കു താഴെ ചിന്താമഗ്നനായി ഇരിക്കുകയാണ് പപ്പേട്ടന്‍; മലയാള കഥാ ലോകത്തെ കാലഭൈരവനായ ടി. പത്മനാഭന്‍. 1996-ല്‍ ഞായറാഴ്ചപ്പതിപ്പിനു വേണ്ടി നടത്തിയ ദീര്‍ഘ സംഭാഷണത്തിലായിരുന്നു ഞങ്ങള്‍.
ആ കാറ്റാടി മരങ്ങള്‍ക്കു ചുവട്ടില്‍ നിന്നാണ് പ്രത്യാശ എന്ന മഹത്തായ സന്ദേശത്തിന്‍റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി മലയാള കഥയിലേക്ക് ഒരിളം കാറ്റുപോലെ കടന്നു വന്നത്. അവളുടെ കഥാകാരന്‍ ക്ഷിപ്രകോപിയാണ്. നല്ല അടുപ്പമുണ്ടെങ്കിലും ചെറിയ ഭയം തോന്നി. എന്‍റെ ചോദ്യത്തിനു മറുപടി പറയാതെ ഏറെ നേരമായി എന്നതാണ് എന്‍റെ അസ്വസ്ഥതയ്ക്കു കാരണം.
വ്യക്തിപരമായി അടുപ്പമുള്ളവരുമായി നടത്തുന്ന അഭിമുഖങ്ങളില്‍ പലപ്പോഴും ജേണലിസ്റ്റിക് അല്ലാത്ത വര്‍ത്തമാനങ്ങള്‍ ഉണ്ടാകാറുണ്ട്. പത്രത്താളുകളില്‍ അച്ചടിച്ചു വരാത്ത അത്തരം ആശയവിനിമയങ്ങളില്‍ അടുപ്പത്തിന്‍റെയും പരസ്പരവിശ്വാസത്തിന്‍റെയും കയ്യൊപ്പുണ്ടാകും.
ഒരു കഥ എഴുതിക്കഴിയുമ്പോള്‍ മനസിനു തോന്നുന്ന ലാഘവത്വത്തെ കുറിച്ച് പപ്പേട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. പെട്ടെന്നു തോന്നിയ ചോദ്യം ‘‘ആ ലാഘവത്വം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട കഥ ഏത്?’’ എന്നായിരുന്നു. അപ്പോഴാണ് കഥാകാരന്‍റെ ദീര്‍ഘ മൗനം. എന്‍റെ സംശയം ഒരു എഴുത്തുകാരനെ സംബന്ധിച്ച് അസംബന്ധമാണ്. 10 മക്കളെ പെറ്റ ഒരമ്മയോട് ഏതു പ്രസവം കഴിഞ്ഞാണ് കൂടുതല്‍ ആശ്വാസം തോന്നിയത് എന്നു ചോദിക്കും പോലെ ഒരു മണ്ടത്തരം.
മൗനം മുറിഞ്ഞു. പപ്പേട്ടന്‍ ഒന്നല്ല ഒരുപാട് കഥകളെ കുറിച്ചു പറഞ്ഞു. സാക്ഷിയും കടലും ഗൗരിയും വീടു നഷ്ടപ്പെട്ട കുട്ടിയും കടയനെല്ലൂരിലെ ഒരു സ്ത്രീയും സുനന്ദയുടെ അച്ഛനും കാലഭൈരവനും പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയും ശേഖൂട്ടിയും ആത്മാവിന്‍റെ മുറിവുകളും അമ്മയും മഖന്‍സിങ്ങിന്‍റെ മരണവും കത്തുന്ന ഒരു രഥചക്രവും ഒക്കെ പരാമര്‍ശിക്കപ്പെട്ടു. എങ്കിലും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു പേര് ആ നാവില്‍ നിന്ന് വന്നില്ല. ചോദിക്കേണ്ടി വന്നു ‘‘അപ്പോള്‍ നിധിചാല സുഖമാ?’’ കഥാകാരന്‍റെ മുഖത്ത് പെട്ടെന്ന് പുഞ്ചിരിയുടെ പ്രകാശം പരന്നു.
‘‘ഹരി അത് ചോദിക്കുമോ എന്നു നോക്കിയതാണ്. എനക്ക് ഏറ്റവും സന്തോഷം തന്ന കഥ; അല്ല കഥകളില്‍ ഒന്ന്’’ ആ മറുപടി എന്നെ പൊട്ടിച്ചിരിപ്പിച്ചു. പിന്നെ പപ്പേട്ടന്‍ തന്‍റെ ഫാക്ട് ഉദ്യോഗകാലത്തെ ഓര്‍മകളിലേക്കു മടങ്ങി. ആ സായാഹ്നത്തില്‍ ഞങ്ങള്‍ക്ക് ഇടയില്‍ രാമനാഥന്‍റെ അദൃശ്യ സാന്നിധ്യം ഞാനറിഞ്ഞു.
നിധി ചാല സുഖമാ അടക്കമുള്ള ഏതാനും പദ്മനാഭന്‍ കഥകള്‍ ഫാക്ടിലെ അന്തരീക്ഷം അനുഭവപ്പെടുന്നവയാണ്. പക്ഷേ ഈ കഥ വ്യത്യസ്തമാണ്. ഇതിനു തഞ്ചാവൂരിലെ അതി വിസ്തൃതമായ നെല്‍വയലുകളുടെ സൗന്ദര്യമുണ്ട്. ത്യാഗരാജസ്വാമികളുടെ സംഗീത മാധുര്യമുണ്ട്. ആത്മസംഘര്‍ഷത്തിന്‍റെ നിഴലുണ്ടെങ്കിലും നിസ്വാര്‍ഥമായ ജീവിതത്തിന്‍റെ ശാന്തതയുണ്ട്. ജീവിതത്തിന് ഏറ്റവും ലളിതമായ അര്‍ഥം കണ്ടെത്തുന്നവരുടെ നൈര്‍മല്യമുണ്ട്.
കഥയിലെ നായകനാണ് രാമനാഥന്‍. വലിയൊരു കമ്പനിയിലേക്ക് ക്ഷണിച്ചു വരുത്തപ്പെട്ട അതിവിദഗ്ധനായ മെക്കാനിക്കല്‍ എന്‍ജിനീയര്‍. അദ്ദേഹം നിസ്വനായിരുന്നു. സാത്വികനായിരുന്നു. തികഞ്ഞ പ്രഫഷനല്‍ എന്ന് ഖ്യാതി നേടിയ ആള്‍. വിദേശ പരിശീലനം നേടിയിട്ടും ലോകബാങ്ക് അടക്കമുള്ള വലിയ ഓഫറുകളിലൊന്നും സ്വീകരിക്കാതെ നാട്ടിലേക്കു മടങ്ങി. പണം ജീവിക്കാന്‍ മാത്രം ആവശ്യമുള്ളതെന്നു കരുതി. തന്‍റെ അറിവ് ചെറുപ്പക്കാരായ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു. അവരെ പ്രോത്സാഹിപ്പിച്ചു. ഒഴിവു വേളകളില്‍ പുസ്തകങ്ങള്‍ വായിച്ചു. കര്‍ണാടക സംഗീതം ആസ്വദിച്ചു.
ഇല്ലാതെ പോയ കുടുംബജീവിതത്തെകുറിച്ച് ആശങ്കപ്പെട്ടില്ല. ജോലി ചെയ്ത സ്ഥാപനത്തിലെ ചില തീരുമാനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെവന്നപ്പോള്‍ കരാര്‍ കലാവധിക്കും മുന്‍പ് രാജിവച്ച് പോയി. അയവില്ലാത്ത നയങ്ങളും കര്‍ക്കശ നിലപാടുകളും കാരണം കമ്പനി മേലാളന്മാര്‍ക്ക് രാമനാഥന്‍ കണ്ണിലെ കരട് ആയിരുന്നു. പക്ഷേ കൂടെ ജോലിചെയ്ത ചെറുപ്പക്കാര്‍ക്ക് അദ്ദേഹം ആരാധനാപാത്രമായിരുന്നു.  ഏറെ നാളുകള്‍ക്കുശേഷം സ്ഥാപനത്തിന്‍റെയും തൊഴിലാളികളുടെയും നിലനില്‍പ്പിനെ പോലും ബാധിച്ചേക്കാവുന്ന അതീവ ഗുരുതരമായ ഒരു സാങ്കേതിക  പ്രതിസന്ധിയില്‍ പഴയ കമ്പനി രാമനാഥന്‍റെ സഹായം തേടുന്നതും അദ്ദേഹത്തിന്‍റെ ഉപദേശം ഫലപ്രദമാകുന്നതും അതിനു ലഭിക്കുന്ന കനത്തപ്രതിഫലത്തെ നിരസിച്ച് തന്‍റേതു മാത്രമായ ഒരുലോകത്തേക്ക് രാമനാഥന്‍ ഉള്‍വലിയുന്നതുമാണ് നിധി ചാല സുഖമാ യുടെ രത്നച്ചുരുക്കം.
പഴയ സഹപ്രവര്‍ത്തകനായ കുമാര്‍ എന്ന എന്‍ജിനീയര്‍ രാമനാഥനെ വീണ്ടും കണ്ടെത്തുമ്പോള്‍ അദ്ദേഹം മദ്രാസിലെ പാരീസ് കോര്‍ണറില്‍  സുഹൃത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കടയില്‍ പകരക്കാരനായി ഇരിക്കുകയായിരുന്നു; ഇന്ത്യയിലും വിദേശത്തും പേരെടുത്ത മെക്കാനിക്കല്‍ എന്‍ജിനീയര്‍ രാമനാഥന്‍! പപ്പേട്ടന്‍ തന്‍റെ കഥാപാത്രത്തെ കുറിച്ചു പറഞ്ഞ ഒരു വാചകമുണ്ട്: രാമനാഥനെ ഏറ്റവും മനസിലാക്കിയതും അംഗീകരിച്ചതും രാമനാഥന്‍ തന്നെയായിരുന്നു, അതുകൊണ്ട് രാമനാഥന് ജീവിതത്തില്‍ പൂര്‍ണ സംതൃപ്തിയും ഉണ്ടായിരുന്നു.
സിലിണ്ടര്‍ പൊട്ടിയ, മൂവായിരം കുതിരശേഷിയുള്ള കംപ്രസറിന്‍റെ കുഴപ്പം പിടിച്ച വെല്‍ഡിങ്ങും നിസംഗതയോടെ ജീവിതത്തെ കാണുന്ന ഒരു മഹാപ്രതിഭയുടെ മനസും ത്യാഗരാജ സ്വാമികളുടെ തത്വചിന്ത നിറഞ്ഞു നില്‍ക്കുന്ന കല്യാണി രാഗ കൃതിയും ഇങ്ങനെ മനോഹരമായി ഇഴചേര്‍ക്കാന്‍ പപ്പേട്ടനല്ലാതെ മറ്റാര്‍ക്കു കഴിയും? നിധിചാല സുഖമാ യില്‍
തനിക്കുമാത്രം കഴിയുന്ന അനിതരസാധാരണമായ ആഖ്യാനപാടവത്തിലൂടെ ടി. പത്മനാഭന്‍ എന്‍റെ മനസില്‍ വരച്ചത് അതിമനോഹരമായ ഒരു തഞ്ചാവൂര്‍ ചുവര്‍ചിത്രം തന്നെയാണ്. അവിടെ രാമനാഥന്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു; എന്നും എപ്പോഴും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കഥയുടെ ആദ്യ വായനയില്‍ തന്നെ ഞാന്‍ രാമനാഥന്‍റെ ആരാധകനായി മാറിയിരുന്നു. ആരെയും ഭയപ്പെടാതിരുന്ന, ആരുടെ മുന്നിലും ഓച്ഛാനിച്ചു നില്‍ക്കാതിരുന്ന, പറയേണ്ടത് എവിടെയും വെട്ടിത്തുറന്നു പറഞ്ഞിരിരുന്ന പരുക്കനായ രാനാഥന്‍. രാമനാഥനില്‍ ഞാന്‍ പലപ്പോഴും പപ്പേട്ടനെത്തന്നെ കണ്ടിട്ടുണ്ട്.
കഥ വായിക്കും മുന്‍പേ കേട്ടു പരിചയപ്പെട്ടതാണ് ‘‘നിധിചാല സുഖമാ’’ എന്ന കൃതിയെ. തന്നെ സ്തുതിച്ചു കീര്‍ത്തനമെഴുതണമെന്ന ആവശ്യവുമായി ത്യാഗരാജ സ്വാമികളുടെ അടുത്തേക്ക് സേവകരെ പറഞ്ഞയച്ച രാജാവിനു കിട്ടിയ ചുട്ട മറുപടിയാണത്രേ ആ ഗംഭീര കീര്‍ത്തനം.
തെലുങ്ക് ഭാഷയിലുള്ള കീര്‍ത്തനത്തിന്‍റെ സാരാംശം മനസിലാക്കിയപ്പോഴാണ് അതിന്‍റെ മാഹാത്മ്യം പൂര്‍ണ അര്‍ഥത്തില്‍ ഗ്രഹിക്കാനായത്. ത്യാഗരാജസ്വാമികള്‍ കൃതിയിലൂടെ ചോദിക്കുകയാണ്:
‘‘മനസേ.. ധനവും സമ്പത്തും വാരിക്കൂട്ടുക അല്ലെങ്കില്‍ ഭഗവാന്‍ ശ്രീരാമനെ സേവിക്കാന്‍ ഒരവസരം ലഭിക്കുക; ഇതില്‍ ഏതാണ് മെച്ചമായതെന്ന് തുറന്നു പറയൂ.
പാല്, നെയ്യ്, തൈര് എന്നിവ ഒരു ഭാഗത്തും ശ്രീരാമ ധ്യാനവും പൂജയുമാകുന്ന അമൃത് മറുഭാഗത്തും; ഏതാണ് വിശിഷ്ടമായത്?
പരിശുദ്ധ ഗംഗാ സ്നാനം പോലെ മോഹങ്ങളോട് ആത്മനിയന്ത്രണം പാലിക്കുന്നതോ ചേറും ദുര്‍ഗന്ധവുമുള്ള കിണര്‍ വെള്ളത്തില്‍  കുളിക്കും പോലെ സംസാര സുഖങ്ങളില്‍ മുഴുകി കഴിയുന്നതോ; ഏതാണ് സുഖം?
അഹങ്കാരം, വഞ്ചന എന്നിവയില്‍ മദിച്ചു ചീര്‍ത്ത മനുഷ്യര്‍ക്കു മുഖസ്തുതി പാടുന്നതോ അതോ ത്യാഗരാജനെ പോലുള്ളവര്‍ ചെയ്യുന്നതുപോലെ കരുണാമയനായ ഭഗവാനെ സ്തുതിച്ചു പാടുന്നതോ അഭികാമ്യം’’ എത്ര ഉദാത്തമായ ചിന്തകള്‍.
ഇതു തന്നെയല്ലേ തഞ്ചാവൂരുകാരനായ രാമനാഥന്‍റെ മനോഭാവവും. അപ്പോള്‍ ഞാനെങ്ങനെ പരുക്കനായ അയാളെയും അതേ പ്രകൃതക്കാരനായ അയാളുടെ കഥാകാരനെയും സ്നേഹിക്കാതിരിക്കും?
കമ്പനി നല്‍കിയ കനത്ത പ്രതിഫലം നിരസിച്ച രാമനാഥന്‍റെ അടുത്തുനിന്ന് നിരാശനായ കുമാര്‍ യാത്രപറയുമ്പോള്‍ കഥ അവസാനിക്കുന്നത് ഇങ്ങനെ: ‘‘അയാള്‍ക്ക് നിശ്ചയമില്ലാത്ത ഏതോ ഒരു കര്‍ണാടക രാഗത്തിന്‍റെ മധുരമായ അലകള്‍ രാമാഥന്‍റെ മുറിയില്‍ നിന്നു പുറത്തുവരുന്നുണ്ടായിരുന്നു.’’
എനിക്ക് ഉറപ്പാണ്. അത് കല്യാണി രാഗമാണ്. ചാപ്പ് താളം.
ഈ മുറിയിലും ഇപ്പോള്‍ ആ കീര്‍ത്തനം കേള്‍ക്കാം. തേച്ചുമിനുക്കിയെടുത്ത സുന്ദര ശബ്ദത്തില്‍ എനിക്കായി പാടുന്നത് മഹാരാജപുരം സന്താനം.

‘‘മമതാ ബന്ധന യുത നരസ്തുതി സുഖമാ?
സുമതി ത്യാഗരാജ നുതുനി കീര്‍ത്തന സുഖമാ? (നിധിചാല..)’’

ഓരോ തവണ ഇതു കേള്‍ക്കുമ്പോഴും രാമനാഥനോട് ഞാന്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്. എന്‍റെ മനസിലേക്ക് രാമനാഥനെ പറഞ്ഞുവിട്ട പ്രിയപ്പെട്ട പപ്പേട്ടനോട് ഞാനെങ്ങനെ നന്ദി പറയും?.

Sunday, October 23, 2011

മനസുണര്‍ത്തുന്ന മാന്ത്രിക സംഗീതം



തൃപ്പൂണിത്തുറ സംസ്കൃത കോളജ് ഓഡിറ്റോറിയം. കാത്തിരിക്കുന്ന സംഗീതാസ്വാദകരെ അക്ഷമരാക്കി സൗണ്ട് സിസ്റ്റത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയാണ് കദ്രി ഗോപാല്‍നാഥ്. ഓപ്പറേറ്ററുമായുള്ള തര്‍ക്കവും ഔട്ട്പുട്ട് ലെവല്‍ അഡ്ജസ്റ്റ്മെന്‍റും അനന്തമായി നീളുമ്പോള്‍ എന്‍റെ മനസ് കാലത്തിലൂടെ പിന്നിലേക്ക് പോകുകയായിരുന്നു.
മുപ്പതു വര്‍ഷം മുന്‍പ് ഒരു മധ്യവേനല്‍ അവധി. ഹരിപ്പാട് എട്ടാം ഉത്സവം. പ്രോഗ്രാം നോട്ടീസില്‍ വൈകിട്ട് ആറിന് സാക്സോഫോണ്‍ കച്ചേരി: കദ്രി ഗോപാല്‍നാഥ് ആന്‍ഡ് പാര്‍ട്ടി. സംഗീതത്തില്‍ നല്ല ജ്ഞാനം ഉണ്ടായിരുന്ന അച്ഛന്‍ പറഞ്ഞു ‘‘ഇതുകൊണ്ട് എങ്ങനെ കച്ചേരി വായിക്കും. എന്തായാലും ഒന്നു കേള്‍ക്കണം’’. അതിന് രണ്ടു വര്‍ഷം മുന്‍പ് അച്ഛന്‍ രക്തസമ്മര്‍ദം കൂടി സ്ട്രോക്കിന്‍റെ പടിവാതില്‍ വരെ പോയിരുന്നു. ഇക്കാരണത്താല്‍ കച്ചേരി കേള്‍ക്കാന്‍ എന്നെയും കൂട്ടി.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു പുറത്തെ ആനക്കൊട്ടിലിനു സമീപമുള്ള പഴയ ഓപ്പണ്‍ സ്റ്റേജില്‍ കച്ചേരി തുടങ്ങുമ്പോള്‍ മുന്നില്‍ വളരെ കുറച്ച് കേഴ്‍വിക്കാര്‍ മാത്രം. വര്‍ണം ആയിരുന്നിരിക്കണം ആദ്യം. പക്ഷേ കേട്ട നാദം അനുപമമായിരുന്നു. കദ്രി ഗോപാല്‍നാഥ് എന്ന യുവസംഗീതജ്ഞന്‍റെ മാസ്മരിക പ്രകടനത്തില്‍ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്ത അന്നത്തെ 12 വയസുകാരന്‍ അന്തം വിട്ടിരുന്നു. തൊട്ടടുത്ത് ആ നാദധാരയില്‍ പൂര്‍ണമായി ലയിച്ചിരിക്കുകയായിരുന്നു അച്ഛന്‍.
രണ്ടാമത്തെ കീര്‍ത്തനത്തിന്‍റെ നിരവല്‍ ആയപ്പോഴേക്കും ജനം സ്റ്റേജിനു മുന്നിലേക്ക് ഒഴുകി എത്തുകയായി. ഉജ്വല സംഗീത പാരമ്പര്യമുള്ള ക്ഷേത്ര നഗരിയാണ് ഹരിപ്പാട്. നല്ല സംഗീത്തെ ഉള്ളുതുറന്ന് പ്രോത്സാഹിപ്പിക്കുന്നവരാണ് അവിടത്തെ ആസ്വാദകര്‍.
അന്നത്തെ ഒരു കീര്‍ത്തനം ഇന്നും ഓര്‍ക്കുന്നു. സ്വാതി തിരുനാള്‍ കൃതിയായ സ്മര സദാ മാനസ ബാലഗോപാലം അച്ഛന്‍ പറഞ്ഞു തന്നു ‘‘നിന്‍റെ പേരുള്ള രാഗമാ; ബിലഹരി’’ അതോടെ എനിക്കത് വലിയ ഇഷ്ടമായി. അതായിരുന്നെന്നു തോന്നുന്നു മുഖ്യ ഇനമായി വായിച്ചത്. എന്തായിലും മംഗളം വായിച്ച് സദസിനെ തൊഴുത് കദ്രി വിടവാങ്ങുമ്പോള്‍ എഴുനേറ്റു നിന്ന് കരഘോഷം മുഴക്കിയാണ് ആസ്വാദകര്‍ ആ പ്രതിഭയെ നമിച്ചത്.
വര്‍ഷങ്ങള്‍ പിന്നീട് ഏറെ കടന്നുപോയി. അച്ഛന്‍ ലോകം വിട്ടുപോയി. മകന്‍ പത്രപ്രവര്‍ത്തകനായി. ഇതിനിടെ എത്രയെത്രവേദികളില്‍ കദ്രിയുടെ സംഗീതം കേട്ടു. കണ്ണൂരില്‍, കാഞ്ഞങ്ങാട്ട്, കോഴിക്കോട്ട്, തിരുവനന്തപുരത്ത്....1997-ല്‍ കോട്ടയം തിരുനക്കരയില്‍ കച്ചേരിക്കു വരുമ്പോഴാണ് കദ്രിയുടെ ഒരഭിമുഖം മനോരമയുടെ ഞായറാഴ്ചപ്പതിപ്പിനു വേണ്ടി തയാറാക്കിയത്. അപ്പോഴേക്കും കദ്രി ഗോപാല്‍നാഥ് കീഴടക്കാത്ത സംഗീത കൊടുമുടികള്‍ ഇല്ലായിരുന്നു.
കച്ചേരി ദിവസം രാവിലെ അഞ്ജലി ഹോട്ടലിലേക്ക് ഫോണ്‍ ചെയ്താണ് അഭിമുഖം ചോദിച്ചത്. തിരിച്ചൊരു ചോദ്യം ‘‘എന്‍റെ കച്ചേരി എന്തെങ്കിലും കേട്ടിട്ടിട്ടുണ്ടോ?’’ 15 വര്‍ഷമായി കേള്‍ക്കുന്നു എന്നു പറഞ്ഞപ്പോള്‍ അല്‍പ്പം വിശ്വാസക്കുറവ് പോലെ. ഹരിപ്പാട്ടെ പഴയ കച്ചേരിയുടെ കഥ പറഞ്ഞപ്പോള്‍ വലിയസന്തോഷമായി. ഉടനേ ഹോട്ടലിലേക്കു ചെല്ലാനായിരുന്നു പറഞ്ഞത്. അന്തരിച്ച ഫോട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജും ഞാനും കൂടി ഹോട്ടലിലേക്ക്.
കണ്ടപാടെ പറഞ്ഞത് ഹരിപ്പാട്ടെ കച്ചേരിയെക്കുറിച്ച്. പത്രങ്ങള്‍ ലേഖനമൊന്നും കൊടുക്കാത്ത അക്കാലത്ത് അത്തരം കച്ചേരികള്‍ കേട്ട ജനം തമ്മില്‍ പറഞ്ഞാണ് തന്നെപ്പോലുള്ളവര്‍ പേരെടുത്തതെന്ന് സമ്മതിച്ച് ഒരു ദീര്‍ഘ സംഭാഷണത്തിലേക്കും സാക്സോഫോണ്‍ സോദാഹരണ പ്രഭാഷണത്തിലേക്കും കടക്കുകയായിരുന്നു കദ്രി.
മംഗലാപുരത്തിനടുത്ത് കദ്രിയെന്ന ഗ്രാമത്തില്‍ നിന്ന് മൈസൂര്‍ കൊട്ടാരത്തില്‍ വിനോദയാത്ര പോയ പയ്യന്‍ പാലസ് ബാന്‍ഡിലെ സക്സോഫോണ്‍ കണ്ട് ആകൃഷ്ടനായതും പിന്നെ ആരാധകനായതും ഒടുവില്‍ വിശിപിടിച്ച് ഹൈദരാബാദിലെ വാസന്‍ ആന്‍ഡ് കമ്പനിയില്‍ നിന്ന് ഒരുപകരണം വരുത്തി പഠിച്ചതും..... അങ്ങനെയങ്ങനെ കര്‍ണാടക സംഗീതത്തില്‍ പുതിയൊരു ഇതിഹാസം പിറന്നതും ഞങ്ങള്‍ ആസ്വദിച്ചറിഞ്ഞു. മേമ്പൊടിയായി തമാശകള്‍, രസികന്‍ അനുഭവങ്ങള്‍, ചില്ലറ മിമിക്രി..... നേരം പോയത് അറിഞ്ഞതേയില്ല.
ഇതിനിടയില്‍ ഊണ്. പിന്നെയും സംഭാഷണം. വിക്ടറിന്‍റെ ക്യാമറയ്ക്ക് വിശ്രമമേ ഇല്ലായിരുന്നു. ഫോട്ടോഗ്രഫറുടെ ആവശ്യത്തിനനുസരിച്ച് പോസ് ചെയ്യാന്‍ സംഗീതജ്ഞനും റെഡി. അഭിമുഖം അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുമ്പോള്‍ മണി നാല് കഴിഞ്ഞിരുന്നു. ആറു മണിക്ക് കച്ചേരി. ആ വേദിയില്‍ നിന്നു വിക്ടര്‍ കുറേ ചിത്രങ്ങള്‍ കൂടി എടുത്തു. തുടര്‍ന്ന് രണ്ടാമത്തെ ഞായറാഴ്ച അത് കവര്‍ സ്റ്റോറിയായി. കഥാകൃത്ത് ബി. മുരളി മനോഹരമായ തലക്കെട്ടിട്ടു; കാലാതീതം കദ്രിയുടെ സംഗീതം.
പത്രത്തിന്‍റെ ക്ലിപ്പിങ്ങും ഇംഗ്ലീഷ് പരിഭാഷയും വിക്ടര്‍ എടുത്ത ചിത്രങ്ങളുടെ ഒരു സെറ്റും കദ്രിയുടെ ചെന്നൈ ക്യാംപിലേക്ക് അയച്ചുകൊടുത്തു. അതു കൈപ്പറ്റിയതിന് അടുത്ത ദിവസം കോട്ടയം ഓഫിസിലേക്കു വിളിച്ച് അദ്ദേഹം നന്ദി അറിയിച്ചു. അന്ന് താഴത്തങ്ങാടിയിലെ ഞങ്ങളുടെ സങ്കേതത്തിലിരുന്ന് വിക്ടര്‍ പറഞ്ഞു ‘‘ഉഗ്രന്‍ കക്ഷി. നമ്മടെ നാട്ടിലെ ലോക്കല്‍ ഊത്തുകാരൊക്കെ ഇങ്ങേരെ കണ്ടു പഠിക്കണം.’’
വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോഗ്രഫറുടെ ചിത്രങ്ങള്‍ പിന്നീട് ഏറെക്കാലം കദ്രിയുടെ ബ്രോഷറുകളെ അലങ്കരിച്ചു.
പിന്നീടും പല പല വേദികളില്‍ കണ്ടു പരിചയം പുതുക്കി. അപ്പോഴെല്ലാം ‘‘വെയര്‍ ഈസ് ഔവര്‍ ഫന്‍റാസ്റ്റിക് ലെന്‍സ്മാന്‍! ഹൗ ഈസ് ഹി’’ എന്ന ചോദ്യം ആവര്‍ത്തിച്ചു.
എറണാകുളത്ത് ആറു വര്‍ഷം മുന്‍പ് ഒരു കച്ചേരിക്കു വന്നപ്പോഴും ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. അതിനു മൂന്നു വര്‍ഷം മുന്‍പ് വെണ്ണിയാനിയിലെ ഉരുള്‍ പൊട്ടല്‍ വികിടറിനെ കൊണ്ടുപോയ വിവരം ഞാന്‍ പറഞ്ഞു. എന്‍റെ കയ്യില്‍ പിടിച്ച് കുറച്ചു സമയം നിശബ്ദനായി നിന്നു. ‘‘സ്വാമീ’’ എന്നു മാത്രം പറഞ്ഞു. പിന്നെ കൈവിട്ട് മുന്നോട്ടു നീങ്ങി. എന്തോ ഓര്‍ത്തപോലെ ഒന്നു നിന്നു. എന്‍റെ അടുത്തേക്കു വീണ്ടും വന്നിട്ടു പറഞ്ഞു. ‘‘ഐ വില്‍ പ്ലേ സംതിങ് ഫോര്‍ ഹിം ടുനൈറ്റ്.’’ ഒന്നു നിര്‍ത്തിയിട്ട് ചോദിച്ചു. ‘‘വാട്ട് ഡു യു തിങ്ക്?’’ എനിക്കൊന്നും പറയാനില്ലായിരുന്നു. ഒന്നോരണ്ടോ നിമിഷങ്ങള്‍ ‘‘ഓകെ. സാരമതി വില്‍ ഡു. മോക്ഷമു ഗലദാ.. ഓള്‍ റൈറ്റ്?’’ ഞാന്‍ തലയാട്ടിയതേയുള്ളൂ. കദ്രി വേദിയിലേക്കും ഞാന്‍ സദസിലേക്കും മടങ്ങി.
കച്ചേരിയില്‍ മൂന്നാമത്തെ ഇനം ദീക്ഷിതരുടെ കൃതിയായ അഖിലാണ്ഡേശ്വരി... ആയിരുന്നു. ദ്വിജാവന്തി രാഗത്തിലെ ഈ മനോഹരകൃതി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. എന്‍റെ പ്രാണന്‍ ദേഹം വിട്ടു പോകുന്ന വേളയില്‍ കേള്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്ന മൂന്നു കൃതികളില്‍ ഒന്ന്. എങ്കിലും എനിക്കതു പൂര്‍ണമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ മനസ് സാരമതി എന്ന സ്രണാഞ്ജലിക്കായി കാത്തിരിക്കുകയായിരുന്നു.
തൊട്ടു പിന്നാലെ അതു വന്നു. ശോകം നിറഞ്ഞു നില്‍ക്കുന്ന സുദീര്‍ഘമായ രാഗാലാപനം. തുടര്‍ന്ന് ഇന്നോളം കേട്ടിട്ടില്ലാത്ത ഒരു സംഗീതാനുഭവമായി ത്യാഗരാജ സ്വാമികളുടെ മോക്ഷമു ഗലദാ.. എന്‍റെ മനസു നിറഞ്ഞതും കണ്ണുകള്‍ നിറഞ്ഞൊഴുകിയതുമൊന്നും ഞാന്‍ അറിഞ്ഞേയില്ല.
ഞാനപ്പോള്‍ മൂന്നാറിലെ വാഗുവരൈ മലയില്‍ നിന്ന് ഒരു തണുത്ത സായാഹ്നത്തില്‍ താഴേക്ക് ഇറങ്ങുകയായിരുന്നു.  മുന്നില്‍ ക്യാമറയും തോളിലിട്ട് ശ്രദ്ധാപൂര്‍വം ഓരോ ചുവടും വച്ച് തമാശ പറഞ്ഞ് തല അല്‍പം ചരിച്ച് ഒരു കുസൃതിച്ചിരിയുമായി ഒരാള്‍ മലയിറങ്ങുന്നുണ്ടായിരുന്നു.
സ്ഥലകാല ബോധത്തിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് സാക്സോഫോണ്‍ മൃദു നാദം തന്നെ. മറ്റൊരു ക്ഷേത്ര, സംഗീത നഗരിയായ തൃപ്പൂണിത്തുറയിലെ വേദിയില്‍ മുരളീധരനും ഹരികുമാറും മാഞ്ഞൂര്‍ ഉണ്ണികൃഷ്ണനും ബാംഗ്ലൂര്‍ രാജശേഖരനുമെല്ലാം തയാറായിക്കഴിഞ്ഞു. കദ്രി ഗോപാല്‍നാഥ് മറ്റൊരു കച്ചേരിയിലേക്കു കടക്കുകയാണ്. വെള്ളിത്തിളക്കമുള്ള സാക്സോഫോണില്‍ നിന്നു സുവര്‍ണ നാദവീചികള്‍ ഇതാ വരികയായി.

Sunday, July 17, 2011

അമ്മ, കര്‍ക്കടകം, ജന്മമാസം, രാമായണം, മഴ പിന്നെ കുറേ കണ്ണീര്‍കണങ്ങളും



അമ്മ, കര്‍ക്കടകം, ജന്മമാസം, രാമായണം,
മഴ പിന്നെ കുറേ കണ്ണീര്‍കണങ്ങളും

ര്‍ക്കടകം എനിക്കു ജന്മമാസം. കുട്ടനാട്ടിലെ കാരിച്ചാലില്‍   വെള്ളം പൊങ്ങി നിന്ന ഒരു കള്ളക്കര്‍ക്കടകത്തിലെ പെരുമഴയ്ക്കിടെ തിരുവോണനാളില്‍ രാവിലെ ആറേകാലിന് ഞാന്‍ ലോകം കണ്ടു കരഞ്ഞു എന്ന് പറഞ്ഞു തന്നത് സാവിത്രിയമ്മയാണ്; എന്‍റെ അമ്മ. കര്‍ക്കടകവുമായുള്ള ജന്മ ബന്ധം തുടങ്ങിയിട്ട് കൊല്ലം 41.
നാടൊട്ടുക്ക് രാമയണമാസം ഒരു പ്രത്യേക സീസണാകുന്നതിനു വളരെ മുന്പുതന്നെ കര്‍ക്കടകത്തില്‍ രാമായണം കേട്ടു വളരാന്‍ എന്‍റെ ബാല്യത്തിനു ഭാഗ്യം ഉണ്ടായി. തന്‍റേതായ ഒരു ഈണത്തിലും താളത്തിലും അതി മനോഹരമായ ശബ്ദത്തിലും അമ്മ രാമായണം വായിക്കുന്നത് ഓര്‍മകളില്‍ ഇന്നും കേള്‍ക്കുന്നു....

വന്ദിച്ചു നില്‍ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണര്‍ന്നീടിനാള്‍
എന്തെന്മകനേ! മുഖാംബുജം വാടുവാന്‍
ബന്ധമുണ്ടായതു പാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിനാശു നീ-
യെന്നു മാതാവു പറഞ്ഞോരനന്തരം
വന്ന ശോകത്തെയടക്കി രഘുവരന്‍
തന്നുടെ മാതവിനോടരളിച്ചെയ്തു:

കൈകേയിയുടെ കുതന്ത്രത്തിന് ഇരയായി രാജ്യം നഷ്ടപ്പെട്ടു വനവാസത്തിനു പോകുന്ന ശ്രീരാമന്‍ യാത്രചോദിക്കാന്‍ മാതാവ് കൗസല്യയെ കാണാനെത്തുന്ന രംഗം. ആത്മസംഘര്‍ഷം നിറഞ്ഞ ഈ കഥാ ഗതിയിലൂടെ വായന നീളുമ്പോള്‍ എന്‍റെ അമ്മയുടെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ ധാരധാരയായി ഒഴുകുമായിരുന്നു. പക്ഷേ അപ്പോഴും അവരുടെ കണ്ഠം ഇടറുമായിരുന്നില്ല. ആ പുരാണ പ്രവാഹം അനര്‍ഗളമായി തുടര്‍ന്നു.
അന്നൊന്നും അമ്മയുടെ ആ കണ്ണീരിന്‍റെ അര്‍ഥം അറിയില്ലായിരുന്നു. നാളെ രാജാവാകാന്‍ പോകുന്ന മകന്‍ കാണാനെത്തുമ്പോള്‍ പോലും മടിയില്‍ പിടിച്ചിരുത്തി ‘‘എന്താ മുഖം വാടിയിരിക്കുന്നത്, നീയൊന്നും കഴിച്ചില്ലേ? വാ..മോനേ വന്നു വല്ലതും കഴിക്ക്’’ എന്നു പറയാന്‍ ഒരമ്മയ്ക്കു മാത്രമേ കഴിയൂ എന്നു മനസിലാക്കാന്‍ പിന്നെയും കാലം കുറേ വേണ്ടി വന്നു.
ഓരോ കര്‍ക്കടകത്തിലും അമ്മ ഓര്‍മിപ്പിക്കുമായിരുന്നു. ‘‘ജന്മമാസമാണ്; വഴിപാടൊക്കെ ഞാന്‍ കഴിച്ചോളാം, പക്ഷേ നീയൊന്ന് അമ്പലത്തില്‍ വരെ പോ..’’ എന്ന്. ഈശ്വര വിശ്വാസം ഉണ്ടെങ്കിലും ക്ഷേത്രദര്‍ശനം നടത്താത്ത കൊച്ചുമോനെ ഓര്‍ത്ത് അമ്മ വീണ്ടും കണ്ണീരൊഴുക്കിയിട്ടുണ്ടാകാം. എങ്കിലും ജന്മമാസവും പിറനാളും ഓര്‍മിപ്പിക്കുന്ന പതിവ് അമ്മ തുടര്‍ന്നു കൊണ്ടേയിരുന്നു; കഴിഞ്ഞ വര്‍ഷം ജൂണില്‍ അമ്മ എന്നെവിട്ടു പോകുന്നതിന് മുമ്പുള്ള പിറനാള്‍ വരെ. (ഞാന്‍ ജനിക്കുന്നത് അമ്മയുടെ നാല്‍പ്പത്തിരണ്ടാം വയസിലാണ്. അതും പത്തു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം അവസാന സന്തതിയായി. വീട്ടിലെ ചെറിയകുട്ടി എന്ന നിലയില്‍ വീണതാണ് കൊച്ചുമോന്‍ എന്ന വിളിപ്പേര്. എന്നെക്കുറിച്ച് അമ്മ എന്നും അകാരണമായി ആശങ്കപ്പെട്ടിരുന്നു. ആ അമ്മയ്ക്ക് ആശങ്കകളില്ലാത്ത, ഏറക്കുറേ സമാധാനം നിറഞ്ഞ ഒരു വാര്‍ധക്യം കൊടുത്തു എന്നതുമാത്രമാണ് മകന്‍റെ ജീവിതത്തിലെ ഏക സംതൃപ്തി)
എന്‍റെ കുഞ്ഞു നാളില്‍ അമ്മയെ ആസ്ത്മ രോഗം വല്ലാതെ അലട്ടിയിരുന്നു. മഴക്കാല രാത്രികളില്‍ രോഗം കലശലാകും. ശ്വാസം കിട്ടാതെ അമ്മ പ്രയാസപ്പെടുന്നത് കാണുമ്പോള്‍ ഒരഞ്ചുവയസുകാരന്‍ മകന്‍ വിങ്ങിവിങ്ങി കരഞ്ഞ് ഉറങ്ങിപ്പോകുമായിരുന്നത്രേ. എന്നോ മയങ്ങിപ്പോയ ഈ സ്മരണയെ പിന്നീടെന്നോ ഉണര്‍ത്തിയതു ചേച്ചിമാരായ ജയശ്രിയും ശോഭനയും.
രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. പിറ്റേന്ന് എന്‍റെ പിറനാളാണ്. തലേന്നു രാത്രിയില്‍ അമ്മയ്ക്ക് കടുത്ത ആസ്ത്മ. ശ്വാസം കിട്ടാതെ പിടയുന്ന അമ്മ. പായസമില്ലാത്ത പിറനാള്‍....?  എന്‍റെ സങ്കടം ഏറെയായിരുന്നു. പക്ഷേ നേരം പുലര്‍ന്നപ്പോള്‍ പിറനാളുണ്ണിയെ വിളിച്ചുണര്‍ത്തിയത് അമ്മതന്നെയായിരുന്നു. അന്ന് ഉച്ചയൂണിനു ശേഷം അമ്മയുടെ അടുത്ത് പോയി ഞാനൊരു രഹസ്യം പറഞ്ഞു. ‘‘അമ്മയ്ക്ക് എത്ര ശ്വാസം കിട്ടിയില്ലേലും അമ്മ മരിച്ചേക്കല്ലേ.. പിന്നെനിക്ക് ആരും ഉണ്ടാകില്ല’’ ഇതു പറഞ്ഞു തീര്‍ന്നതും ഞാന്‍ കരഞ്ഞുപോയി. എന്താണ് ഒരേഴുവയസുകരനെ കൊണ്ട് അന്ന് അതു പറയിച്ചതെന്ന് ഇന്നും എനിക്ക് അറിയില്ല. ‘‘ഇല്ല മക്കളേ’’  എന്നു പറഞ്ഞ് അമ്മ എന്‍റെ നെറ്റിയില്‍ ഒരുപാട് ഉമ്മവച്ചു. എന്‍റെ നെറ്റിയും മുഖവുമെല്ലാം അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്നിരുന്നു.
രണ്ടു മൂന്നു വര്‍ഷം മുന്‍പ് അമ്മ ഈ സംഭവം ഓര്‍ത്തു പറഞ്ഞപ്പോള്‍ അത് മറന്നിരുന്ന ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ചിരിയൊന്നടങ്ങി ഞാന്‍ നോക്കുമ്പോള്‍ അമ്മ കരയുകയാണ്. അമ്മ അങ്ങനെ ആയിരുന്നു; സങ്കടം വന്നാലും സന്തോഷം വന്നാലും കരയും. സന്തോഷമാണെങ്കില്‍ ആദ്യം ഒന്നു ചിരിക്കും എന്നിട്ടേ കണ്ണീരു വരൂ.
 ജന്മമാസമായതിനാല്‍ കര്‍ക്കടകത്തില്‍ മുടിവെട്ടിക്കാന്‍ ബാല്യകാലത്ത് അനുവാദം ഉണ്ടായിരുന്നില്ല. ഒന്നുകില്‍ മിഥുനമാസത്തില്‍ വെട്ടിച്ചോണം അല്ലെങ്കില്‍ ചിങ്ങം പിറന്നിട്ട്. പത്താം ക്ലാസ് വരെയൊക്കെ അമ്മ ഈ ചിട്ട കര്‍ശനമായിത്തന്നെ നടപ്പാക്കിയിരുന്നു. പിന്നീടെല്ലാം തോന്നുംപടിയായി. കര്‍ക്കടകത്തിലെ സസ്യാഹാര ശൈലിയൊക്കെ എന്നോ കൈവിട്ടു.
ജോലി കിട്ടിയശേഷം അമ്മയ്ക്ക് ആദ്യം വാങ്ങി നല്‍കിയത് ഒരു രാമായണം ആയിരുന്നു. 1993 ഓഗസ്റ്റില്‍ ട്രെയിനിങ് കാലത്തെ ആദ്യ സ്റ്റൈപ്പന്‍ഡില്‍ നിന്ന്. പൊതുവേ സമ്മാനങ്ങളോട് അനിഷ്ടം പ്രകടിപ്പിക്കാറുള്ള അമ്മ പക്ഷേ വലിയ സന്തോഷത്തോടെയാണത് സ്വീകരിച്ചത്.
ജീവിതത്തിലെ ഏറ്റും സംഘര്‍ഷ നിര്‍ഭരമായ ഒരവസ്ഥയിലൂടെ കടന്നുപോകുന്നകാലത്താണ് 1995 ലെ പിറന്നാള്‍. അത് അമ്മയ്ക്കൊപ്പം ആകാമെന്നു തീരുമാനിച്ചു. അന്നു വൈകിട്ടത്തെ ട്രെയിനിന് കണ്ണൂരിലേക്കു മടങ്ങുന്ന വിധമാണ് യാത്ര. വീട്ടില്‍ അമ്മ എന്‍റെ പേരില്‍ ഗണപതിഹോമം നടത്തിയിരുന്നു. പൂജ നടത്താന്‍ വന്ന കുടുംബസുഹൃത്തായ ബ്രാഹ്മണനാണ് അന്നേദിവസം പിറനാളുകാരന്‍ ദീര്‍ഘയാത്ര നടത്തുന്നത് വളരെ ദോഷകരമാണെന്ന് അമ്മയോട് പറഞ്ഞത്. പാവം വല്ലാതെ ഭയന്നു പോയി. എനിക്കു തിരിച്ചുപോകാതെ തരവും ഇല്ലായിരുന്നു.   
വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അന്നാദ്യമായി അമ്മ പറഞ്ഞു ‘‘വളരെ സൂക്ഷിക്കണേ മക്കളേ’’ അമ്മ കരയുകയായിരിക്കും എന്ന് ഉറപ്പായതിനാല്‍ മുഖത്തേക്കു നോക്കിയില്ല. ആ തോളിലൊന്നു തൊട്ട് ഞാനിറങ്ങി. മലബാര്‍ എക്സ്പ്രസ് കണ്ണൂരില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ വീട്ടിലേക്കു വിളിച്ചു. സെക്കന്‍ഡ് റിങിനു മുന്‍പേ പോണെടുത്ത അമ്മയുടെ ചോദ്യം ‘‘എത്തിയോ മക്കളേ’’ എന്ന്. അടുത്ത അവധിക്ക് ചെന്നപ്പോള്‍ അമ്മൂമ്മയാണ് പറഞ്ഞത്. ‘‘മോന്‍ രാവിലെ വിളിക്കും വരെ നിന്‍റമ്മ ഉറങ്ങിയിട്ടില്ല, ഒരുപാട് ഇരുട്ടും വരെ രാമായണം വായിച്ച് ഇരിക്കുകയായിരുന്നു. ഞാനും ഉറങ്ങിയില്ല മക്കളേ, എന്‍റെ മോള് ആധിപിടിച്ചിരിക്കുമ്പോള്‍ എനിക്കെങ്ങനെ ഉറക്കംവരും’’ അമ്മമാരുടെ മനസിനെ അളക്കാന്‍ നമ്മുടെ പഠിപ്പും ലോകപരിചയവും ഒന്നും ഒരിക്കലും മതിയാകില്ലെന്ന് അന്നു മനസിലായി.
രണ്ടു വര്‍ഷം മുന്‍പാണ് അമ്മയുമൊത്തുള്ള അവസാനത്തെ പിറനാള്‍. അവശത ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഉണ്ണുമ്പോള്‍ അടുത്തു വന്നിരുന്നു. ഗ്ലോക്കോമ കണ്ണിനെ ബാധിച്ചിരുന്നതിനാല്‍ ഒന്നോ രണ്ടോ വര്‍ഷം മുന്‍പേ അമ്മ രാമായണം വായന അവസാനിപ്പിച്ചിരുന്നു. കുഞ്ഞമ്മ വായിക്കുന്നത് അടുത്തിരുന്ന് കേള്‍ക്കും. എറണാകുളത്തേക്കു മടങ്ങും മുന്‍പ് അമ്മപറഞ്ഞു. ‘‘മോനൊന്നു ശബരിമലയില്‍ പോകണം.’’ മുന്‍പും പലതവണ ഇത് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ശബരിമല തീര്‍ഥാടനത്തോട് മനസിനു പൊരുത്തമില്ലാത്തതു കൊണ്ട് പോക്കു മാത്രം നടന്നില്ല. ഇത്തവണ കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ചിങ്ങം ഒന്ന് വളരെ അടുത്തായിരുന്നതിനാല്‍ തൊട്ടടുത്തമാസത്തേക്ക് ഞാന്‍ മാലയിട്ടു. അങ്ങനെ അക്കൊല്ലം കന്നി നാലിന് അമ്മയ്ക്കുവേണ്ടി ഞാന്‍ കന്നിമല ചവിട്ടി. ധര്‍ശാസ്താവിനോട് പ്രാര്‍ഥിച്ചത് ഒന്നു മാത്രം: അമ്മയെ കഷ്ടപ്പെടുത്തരുതേ എന്ന്.
തിരിച്ചിറങ്ങുമ്പോള്‍ അപ്പാച്ചിമേടിന് താഴെ അല്‍പം വിശ്രമിക്കാനിരുന്നപ്പോഴാണ് അടുത്ത് വളരെ പ്രായം ചെന്ന ഒരമ്മയെ കണ്ടത്. എന്നില്‍ നിന്ന് അവരെന്തോ പ്രതീക്ഷിക്കുന്നെന്നു തോന്നി. പോക്കറ്റില്‍ നിന്ന് കിട്ടിയ നോട്ടെടുത്തു കൊടുത്തു. അവരൊരു പുസ്തകം എനിക്കു നീട്ടി. ‘‘സ്വാമി ഇതൊന്നു തുറന്നു തന്നാട്ടെ’’ എന്നു പറഞ്ഞു. ഫലശ്രുതിയാണ്. ഒന്നു മടിച്ചെങ്കിലും ഞാനാ പുസ്തകം തുറന്നു. അവസാന ഭാഗമാണ് ഞാനെടുത്തു കൊടുത്ത്. പേജുകളും വരികളും അക്ഷരങ്ങളും തള്ളി അവര്‍ വായിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ നടുങ്ങി: അത് സീതാവിലാപമായിരുന്നു.

........ വെടിഞ്ഞായോ മാം വൃഥാ ബലാല്‍
നീയെന്നെയുപേക്ഷിച്ചതെന്തുകാരണം നാഥാ!
ഞാന്‍മുന്നമനേകം മാനുഷരെദ്ദുഖിപ്പിച്ചു
കാമ്യദാരങ്ങളോടു വേര്‍പെടുത്തതിന്‍ഫലം
ഞാനിപ്പോളനുഭവിച്ചീടുന്ന,തിനിമേലില്‍
ദീനത്വമെത്രകാലം ഭുജിച്ചീടുകവേണം?
സന്തതം മുനികളും താപസപത്നിമാരു-
മെന്തിനു വെടിഞ്ഞിതു രാഘവന്‍നിന്നെയെന്നു
സന്തതം ചോദിച്ചാല്‍ഞാനെന്തവരോടു ചൊല്ലും?

തലയുയര്‍ത്തി അവര്‍ ഫലം പറയാന്‍ ആരംഭിച്ചപ്പോഴേക്കും തലതാഴ്ത്തി കെട്ടും തോളിലേറ്റി ഞാന്‍ മലയിറങ്ങി തുടങ്ങിയിരുന്നു.
അമ്മ പോയിട്ട് ഒരു കര്‍ക്കടകം നിശബ്ദം കടന്നു പോയി. വീണ്ടും ഇതാ ഒരു രാമായണ മാസം. അമര്‍ന്നു ചെയ്യുന്ന മഴയ്ക്കുപോലും ഒഴുക്കിക്കളയാനാകാതെ ഒരു ഫലശ്രുതി എന്‍റെ നെഞ്ചിലിരുന്നു വിങ്ങുകയാണല്ലോ എന്‍റെ രാമാ. ഇതില്‍ നിന്നെല്ലാം മോചനമേകി എന്നാണെനിക്കൊരു മഹാപ്രസ്ഥാനം?
എട്ടു വയസില്‍ അച്ഛന്‍ ഉരുവിട്ടു തന്നനാള്‍ തൊട്ട് നിന്‍റെ നാമമാണ് എന്‍റെ ബലം. ഒരിക്കല്‍ക്കൂടി ഞാന്‍ അങ്ങോട്ട് ആശ്രയിച്ചു കൊള്ളട്ടെ:

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ


*******

Friday, July 1, 2011

ജീവനില്ലാത്ത തെളിവ്


ജീവനില്ലാത്ത തെളിവ്

വാര്‍ത്താ തിരക്കുകളില്ലാത്ത ദിവസമാണെങ്കില്‍ പത്രത്തിലെ നൈറ്റ് എഡിറ്റര്‍ ഡ്യൂട്ടി ആസ്വാദ്യമാണ്. രാത്രിയുടെ നിശബ്ദ ശൂന്യതയില്‍ ഏകാന്തത ആസ്വദിക്കാം. വായിക്കാം. നല്ല യൂറോപ്യന്‍ സോക്കര്‍ ടിവിയില്‍ കാണാം. ചിലപ്പോള്‍ ഒന്നു മയങ്ങുകയുമാകാം.
ഇതിനു പലപ്പോഴും ഭംഗം വരുത്തുക മരണമാണ്. എഡിറ്ററുടേതല്ല, രാത്രി ഏതെങ്കിലും കുടുംബത്തിലോ ആശുപത്രിയിലോ വിടപറയുന്ന ഏതോ ഒരു ജീവന്‍. തുടര്‍ന്ന് ചരമക്കുറിപ്പുമായി ന്യൂസ് ഡസ്കില്‍ എത്തുന്ന ബന്ധുക്കളില്‍
ചിലര്‍ വളരെ ഇമോഷണലാകും. ഭൂരിപക്ഷവും നിസംഗതയോടെ വിവരങ്ങള്‍ പറഞ്ഞോ എഴുതിയോ തരും. വേറേ ചിലര്‍ നമുക്കൊരു ഒന്നൊന്നര പണിയുമായി ആകും വരിക. മരണം ആഘോഷിച്ച് തരിമ്പു വെളിവില്ലാതെ എത്തുന്ന ഇത്തരക്കാര്‍ ഉണ്ടാക്കുന്ന അലമ്പിനു കണക്കില്ല. അത്തരമൊരു കാളരാത്രിയുടെ ഓര്‍മയിലൂടെ...
കാസില്‍ റോക്ക് ബാറിലെ മണം സഹോദരന്‍ അയ്യപ്പന്‍ റോഡു കുറുകെ കടന്ന് എഡിറ്റോറിയല്‍ ഡസ്കില്‍ എത്തിയോ എന്ന ഞെട്ടലോടെയാണ് മയക്കത്തില്‍ നിന്നുണര്‍ന്നത്. സംഗതി ഏതാണ്ട് ശരിയായിരുന്നു. മണത്തിനൊപ്പം മുന്നില്‍ രണ്ടു മനുഷ്യരൂപങ്ങള്‍.
‘‘ദേയ് എ‍ഡിട്ടറല്ലേ, ഒര് ചരമം പത്രത്തീ കൊടുക്കണല്ലോ’’
ഞാന്‍ കര്‍മനിരതനായി. കുറിപ്പുണ്ടോ എന്നു ചോദിച്ചപ്പോള്‍ എഴുതി തരാം എന്നു മറുപടി. റൈറ്റിങ് പാഡ് നല്‍കിയപ്പോള്‍ കൂട്ടത്തിലെ മുതിര്‍ന്ന ആള്‍ സ്വകാര്യം പറഞ്ഞു. ‘‘അതേ.. സാറേ ഞങ്ങള്‍ ഇച്ചിരി കഴിച്ചതാ. മക്കളാണേ.. സങ്കടം കൊണ്ടല്യോ. ഇപ്പം എഴുത്തൊന്നും വരികേല. പറഞ്ഞു തരാം. സാറൊന്ന് എഴുതണം. മരിച്ചത് ഞങ്ങടപ്പനാ. ഇതാ പടം’’ ഇതു പറഞ്ഞ്  ഒരു തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മേശപ്പുറത്തു വച്ചു.
‘‘ലേശമല്ല സാറേ.. ഡീസന്‍റായി കഴിച്ചു. അപ്പന്‍ ഫുള്‍ ടാങ്കാര്‍ന്നു. അടിച്ചച്ചടിച്ചു മരിച്ചതാന്നേ. ഞങ്ങള്‍ മക്കളും മോശക്കാരല്ല. അപ്പന്‍റെ മക്കളല്ലേ. (ചിരി) ഒന്നും തോന്നരുത്. സാറെഴുതിയാട്ട്..’’ ഇത് അനുജന്‍ വക.
ഞാന്‍ എഴുത്തു തുടങ്ങി. സ്ഥലം  മേല്‍വിലാസം എന്നിവയൊക്കെ കഴിഞ്ഞ് പേരിലെത്തിയപ്പോള്‍ ചേട്ടനും അനിയനും തമ്മില്‍ തെറ്റി. അപ്പന്‍റെ പേര് ആദ്യവും വിളിപ്പേര് ബ്രാക്കറ്റിലും കൊടുക്കണമെന്ന് ചേട്ടന്‍. അപ്പനെ നാട്ടുകാര്‍ അറിയുന്നത് വിളിപ്പേരിലാണെന്നും അതിനാല്‍ തിരിച്ചുവേണം കൊടുക്കാനെന്നും അനുജന്‍. പത്രത്തിന്‍റെ രീതിയോക്കെ പറഞ്ഞ് തര്‍ക്കം ഒരുവിധം പരിഹരിച്ചു. പ്രായം? അതത്ര ഉറപ്പില്ല. ‘‘സാധാരണ ആള്‍ക്കാര് മരിക്കണ ഒരു പ്രായം എഴുതിക്കോന്നേ. ഞങ്ങളു വഴക്കിനൊന്നും വരികേല’’ ഇളയമകന്‍ ഉദാരശീലനായി. എന്തായാലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് പ്രായം തപ്പിയെടുത്ത് എഴുതി. 80 വയസ്. ‘‘അപ്പനതു പോരല്ലോടാ..കൊറച്ചൂടെ കാണത്തില്യോ’’ ചേട്ടന്‍ ചോദിച്ചപ്പോള്‍ അനിയന്‍റെ ക്ലാസിക് മറുപടി വന്നു ‘‘ശകലം കൊറഞ്ഞാലും ഇനി അപ്പന്‍ വന്ന് തല്ലുംപിടീം ഒണ്ടാക്കുകേലല്ലോ. അതുമതി. എമ്പതെങ്കീ എമ്പത്’’ ഞാന്‍ ചിരിയടക്കാന്‍ പാടുപെട്ടു. ഇനി സംസ്കാരസമയവും സ്ഥലവുമാണ്. ഭാഗ്യം! തര്‍ക്കം കൂടാതെ വിവരം കിട്ടി. പക്ഷേ അതു വരാനിരിക്കുന്ന കൊടുങ്കാറ്റിനു മുന്‍പിലെ ശാന്തതയായിരുന്നു.
മരിച്ചുപോയ അമ്മയുടെ പേരിലായിരുന്നു അടിയുടെ തുടക്കം. മൂത്തമകന്‍ ഒരുപേരു പറഞ്ഞു. അതിന്‍റെ കൂടെ കുട്ടി എന്നു ചേര്‍ത്താണ് അനുജന്‍ പറഞ്ഞ പേര്. പക്ഷേ ഇതിലേതെങ്കിലും ഒന്നു കൊടുക്കാന്‍ അപരന്‍ സമ്മതിക്കില്ല. ഇടപെടാതെ നിര്‍വാഹമില്ലല്ലോ. ആ അമ്മച്ചിയുടെ പേരിനു പിന്നില്‍ അമ്മ എന്നു ചേര്‍ത്ത് അപ്പന്‍റെ പേരും കൂടി വാല്യൂ ആഡ് ചെയ്ത് ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടാള്‍ക്കും ബോധിച്ചു. ‘‘കലക്കി സാറേ ഇപ്പം അമ്മച്ചി ഡീസന്‍റായി’’ അനുജന്‍റെ കമന്‍റ്.
ദമ്പതികള്‍ക്കു മക്കള്‍ 12 പേരുണ്ട് എന്നു കേട്ടതോടെ എന്‍റെ സപ്തനാഡികളും തളര്‍ന്നു. അവരവരുടേത് ഒഴികെ ബാക്കി 10 പേരുടെ കാര്യത്തില്‍ തീരുമാനമാക്കാന്‍ പാമ്പുകള്‍ രണ്ടും പുലരും വരെ തര്‍ക്കിക്കുമെന്ന സംശയം അസ്ഥാനത്തായിരുന്നില്ല.
ഓരോ പേരിനും അടി. അനുജന്‍ പറഞ്ഞ മൂത്ത പെങ്ങടെ പേര് മൂന്നാമത്തെ പെങ്ങളുടേതെന്ന് ചേട്ടന്‍, ആണുങ്ങളില്‍ നാലമത്തേതെന്ന് ചേട്ടന്‍ പറഞ്ഞത് തന്‍റെ പേരെന്ന് അനുജന്‍. അദ്ദേഹം അഞ്ചാമനാണത്രേ! ആ ദേഷ്യത്തില്‍ അനുജന്‍ ചേട്ടനെ ഉപദേശിച്ചു; ഒരുമാതിരി തന്തയില്ലായ്ക പറയരുത്.   ചേട്ടന്‍റെ മറുപടി ഒരു നിമിഷം വൈകിയില്ല. ‘‘ഭാ.. നായീന്‍റെ മോനേ തറുതല പറേന്നോടാ.’’ പാവം അപ്പന്‍റെ ആത്മാവ് കടന്നല്‍ കുത്തേറ്റവണ്ണം പുളഞ്ഞിട്ടുണ്ടാകും.
എന്‍റെ ക്ഷമ നശിച്ചു. ഈ നിലയ്ക്ക് ചരമവാര്‍ത്ത കൊടുക്കുന്ന പ്രശ്നമില്ലെന്നു പറഞ്ഞതോടെ പാമ്പുകള്‍ പത്തിതാഴ്ത്തി.
അനുജന്‍ പോംവഴി പറഞ്ഞു. ‘‘വീട്ടി വിളിക്കാം സാറേ.. ചേട്ടത്തിയുണ്ട്. ദേ ഇയാടെ (ചേട്ടന്‍റെ) കെട്ട്യോള്. ശെരിക്ക് പറഞ്ഞുതരും’’ ചേട്ടന്‍ നമ്പര്‍ പറഞ്ഞു; ഞാന്‍ വിളിച്ചു. ഉറക്കച്ചടവോടെ ഒരു സ്ത്രീ ശബ്ദം. കാര്യം പറഞ്ഞു. ‘‘ദൈവമേ അപ്പന്‍ മരിച്ചോ’’ അവരുടെ വാക്കുകളില്‍ അവിശ്വസനീയത. അപ്പന്‍റെ മക്കള്‍ ചരമവാര്‍ത്തയുമായി വന്ന വിവരം കേട്ടപ്പോള്‍  ഫോണ്‍ അവര്‍ക്കു കൊടുക്കാനായിരുന്നു വീട്ടമ്മയുടെ അഭ്യര്‍ഥന. ഫോണ്‍ അവരുടെ ഭര്‍ത്താവിനു കൈമാറി.  പിന്നങ്ങോട്ട് മോണോലോഗ് മാത്രം.
‘‘അതേടീ.. അപ്പന്‍ പോയി. അതിനിപ്പം എന്താന്നേ? ഞങ്ങളങ്ങോട്ടു പോരുവല്യോ? അങ്ങോട്ടു തന്നാ വരുന്നേ. അല്ലാതെ ശവം വഴീലിട്ടേച്ചു വരികേലാ.. നീയൊരുപാട് മൂക്കല്ലേ.. ഇതു ഞങ്ങടപ്പനാണേ അങ്ങേരേ നാളെ പള്ളീ കൊണ്ടോയി കുഴിച്ചിടാനും ഞങ്ങക്കറിയാം. അതിനു വന്നു കേറിയവളുമാരുടെ ഓശാരൊന്നും വേണ്ടാടീ മറുതേ.. നീ മര്യാദയ്ക്ക് അപ്പന്‍റെ മക്കടേം മരുമക്കടേം വിവരങ്ങളൊക്കെ ഈ സാറിനു പറഞ്ഞുകൊട്.. വാക്കി ഞാനങ്ങ് വന്നിട്ടു പറഞ്ഞു തരാം.. കഴു.......മോള്‍....’’
ഫോണ്‍ വീണ്ടും എന്‍റെ കയ്യില്‍. ‘‘സാറു കേട്ടല്ലോ. ഇതാ പരുവം. അപ്പന്‍റെ ശരീരം കൊണ്ടുവരുമ്പോള്‍ ഇവിടൊന്നു തൂത്തുവൃത്തിയാക്കുക എങ്കിലും ചെയ്യണ്ടായോ. വൈകിട്ടു വിളിച്ചപ്പോഴും കുഴപ്പമൊന്നും ഇല്ലെന്നാ പറഞ്ഞത്....’’ കരച്ചിലിന്‍റെ അകമ്പടിയോടെ പരിദേവനങ്ങളുടെ കെട്ടഴിയുകയാണ്. പേരു വിവരങ്ങള്‍ വീണ്ടും ചോദിക്കേണ്ടി വന്നു. വിവേകമതിയായ ആ വീട്ടമ്മ പരാതിക്കെട്ടഴിക്കല്‍ നിര്‍ത്തി പരേതന്‍റെ 12 മക്കളുടെയും മരുമക്കളുടെയും പേരും ഉദ്യോഗവുമെല്ലാം കൃത്യമായി പറഞ്ഞു തന്നു.  
അങ്ങനെ ചരമ വാര്‍ത്ത പൂര്‍ണമായി. ഏതു ചരമവും നടന്നൂ എന്ന് ഉറപ്പാക്കിയശേഷമേ അച്ചടിക്കാവൂ എന്നാണ് പത്രങ്ങളുടെ നയം. ഇവിടെ അതൊരു കീറാമുട്ടിയാണ്. വെളിവില്ലാ പാമ്പുകള്‍ വിവരം വീട്ടില്‍ പറഞ്ഞിരുന്നുമില്ല. ഞാന്‍ വെട്ടിലായി. സാധാരണയായി ആശുപത്രിക്കാര്‍ കൊടുക്കുന്ന ഡെത്ത് ഡിക്ലറേഷന്‍ കാണണം. ഇവിടെ അങ്ങനൊരു സാധനമേയില്ല. അപ്പന്‍ മരിച്ചെന്നു മക്കളു പറഞ്ഞാല്‍ പോരേ പിന്നെ കൂടുതല്‍ കടലാസൊക്കെ എന്തിനാണെന്നു മൂത്തമകന്‍.
‘‘അപ്പന്‍റെ മരണം സാറിന് ഒറപ്പാക്കണമെന്നല്ലേ ഉള്ളൂ, ദാ ഇപ്പം ശരിയാക്കാം ഇങ്ങോട്ടു വാ..’’ നിനച്ചിരിക്കാതെ അയാള്‍ എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടൊരു പോക്ക്. ഫ്ലോറില്‍ ആരുമില്ല. എനിക്ക് ഭയവുമുണ്ട്. റോഡരികിലെ ജനാലയ്ക്ക് അടുത്തേക്കു ചെന്ന് താഴേക്കു ചൂണ്ടി. അവിടെ ഓഫിസിന്‍റെ ഗേറ്റിനു വട്ടംകിടക്കുകയാണ് ഒരു ആംബുലന്‍സ് വാന്‍. ‘‘ദേ അപ്പന്‍റെ ശവം അതിലുണ്ട്. ഇനീം ഉറപ്പിക്കണേ സാര്‍ അവിടെ ചെന്ന് നോക്ക്. അല്ലേ ഞങ്ങളതിങ്ങ് എടുത്തോണ്ടു വന്നേക്കാം’’
‘‘ അയ്യോ.. വേണ്ട’’ എന്ന് തികച്ചും ആത്മാര്‍ഥമായാണ് ഞാന്‍ പറഞ്ഞത്. കാരണമുണ്ട്; കയറിവന്ന മക്കള്‍ വെറും പാമ്പുകളെങ്കില്‍ താഴെ നിന്ന മൂന്നു ബന്ധുക്കള്‍ രാജവെമ്പാലകളായിരുന്നു.
‘‘ അപ്പ ശരി ചരമം കൊടുത്തേക്കൂട്ടോ’’ എന്ന ആഹ്വാനത്തോടെ പാമ്പുകള്‍ താഴേക്ക് ഇഴഞ്ഞു. പടം തിരിച്ചു വേണ്ടേ എന്ന ചോദ്യത്തിന് കിട്ടിയത് ക്ലാസിക് മറുപടി: ‘‘ അപ്പന് ഇനി എന്തോത്തിനാ തിരിച്ചറിയല്‍ കാര്‍ഡ്. സാറു വച്ചോ..’’ ആംബുലന്‍സ് വിട്ടുപോയതോടെ വാര്‍ത്ത വരുത്താനുള്ള പങ്കപ്പാടായി. എന്തായാലും ആ നാട്ടില്‍ പോകുന്ന എഡീഷനില്‍ ആ വാര്‍ത്ത പടം സഹിതം കയറി എന്ന് ഉറപ്പാക്കിയപ്പോഴാണ് എന്‍റെ ശ്വാസം നേരേ വീണത്.
പിറ്റേന്ന് രാത്രി എട്ടുമണിക്ക് ഒരു ഫോണ്‍. ഇന്നലെ രാത്രി ഇരുന്ന എഡിറ്ററേ വേണം. ഞാന്‍ ലൈനിലെത്തി. ‘‘ സാറേ അതു കലക്കീട്ടാ.. അപ്പന്‍റെ ചരമം ഡീസന്‍റായി വന്നു’’ എനിക്ക് ആ നിമിഷം ആളെ പിടികിട്ടി. കഴിഞ്ഞ രാത്രിയിലെ രസികന്‍ അനുജന്‍. ‘‘അപ്പന്‍റെ അടക്ക് അടിപൊളി ഓക്കെയായി. പിന്നേ നമുക്കൊന്ന് കൂടണോട്ടോ’’ ശരി സന്തോഷം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. പക്ഷേ മനസില്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. ‘‘നിങ്ങള്‍ ചേട്ടനോടും അനിയനോടും കൂടാനുള്ള കപ്പാസിറ്റിയൊന്നും ഈ പാവത്തിനില്ലേ.. സോറി ഡീസന്‍റ് ബ്രദര്‍’’
ഭാഗ്യവശാല്‍ അവര്‍ ഇതുവരെ കൂടാന്‍ വന്നിട്ടില്ല.   
   

Friday, April 8, 2011

തിരുനെല്ലിയിലെ അമ്മ


കണ്ണൂരിലേക്കു ട്രാന്‍സ്ഫറായി ചെന്നശേഷം 1994 മുതല്‍ അച്ഛന്‍റെ ആണ്ടുബലി തിരുനെല്ലിയിലായിരുന്നു ഇട്ടിരുന്നത്. മിഥുന മാസത്തിലെ ചോതിനാള്‍ മിക്ക വര്‍ഷവും മഴയില്‍ കുതിര്‍ന്നിരുന്നു. മണ്‍സൂണ്‍ മഴയില്‍ തിരുനെല്ലിയുടെ ഭംഗി വാക്കുകള്‍ക്ക് അതീതമാണ്. നിറഞ്ഞൊഴുകുന്ന പാപനാശിനിയിലെ മുങ്ങിക്കുളി എത്ര സുഖകരമാണെന്നോ? നല്ല തണുപ്പും ഉണ്ടാകും. പെരുമാള്‍ സന്നിധിയില്‍ ചെലവിടുന്ന ഒരു ദിവസം എനിക്ക് ഏറെ മന:ശാന്തി നല്‍കി. അങ്ങനെ അതൊരു സ്ഥിരം തീര്‍ഥാടനമായി.
തിരുനെല്ലിയിലെ ബലിത്തറയില്‍ എന്നും പുതിയ മുഖങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ. പാപനാശിനിയില്‍ ഒരുതവണ ബലിയിട്ടാല്‍ ആത്മാവ് വിഷ്ണുപാദം പൂകുന്നുവെന്നും പിന്നെ അതിന് ബലിതര്‍പ്പണത്തിന്‍റെ ആവശ്യമേയില്ല എന്നുമാണ് പ്രമാണം. പക്ഷേ മഴക്കാല തിരുനെല്ലിയാത്ര എന്‍റെ മനസിന് പ്രിയങ്കരമായ അനുഭവമായപ്പോള്‍ അച്ഛനുവേണ്ടി വീണ്ടും വീണ്ടും ബലിയിട്ടു; കുറേയേറെ വര്‍ഷങ്ങള്‍.
അങ്ങനെ ഒരു യാത്രയിലാണ് ബ്രഹ്മഗിരിയുടെ മടിത്തട്ടിലെ തിരുസന്നിന്നിയില്‍ സഹനത്തിന്‍റെ ആള്‍രൂപമായ ഒരമ്മയെ ഞാന്‍ കണ്ടത്. കണ്ണൂര്‍ ജില്ലയുടെ വടക്കന്‍ പ്രദേശത്തെ ഗ്രാമത്തില്‍ നിന്നു വന്ന സാധാരണക്കാരിയായ ഒരമ്മ.
അന്നു ബലിത്തലേന്ന് വൈകിട്ട് നാലുമണിയോടെ തിരുനെല്ലിയില്‍ എത്തുമ്പോള്‍ പരിചയമുള്ള ഒരാള്‍ അവിടെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗവും കുടുംബവും വിട്ട് ഭഗവത് ഗീതയുടെ വഴികളിലൂടെ സഞ്ചരിച്ച് വടക്കേ മലബാറിലെ പുരാതന ക്ഷേത്രങ്ങളുടെ നടകളിലെത്തിയ സ്വാമി ദേവീദാസന്‍.
ഒരു നിലമാത്രം കഷ്ടിച്ച് പണിപൂര്‍ത്തിയായ ദേവസ്വംസത്രത്തില്‍ എനിക്കൊരു മുറി പറഞ്ഞിരുന്നു. സ്വാമിയും അവിടെ കൂടാമെന്നു സമ്മതിച്ചു. കുളിക്കാന്‍ പാപനാശിനിയിലേക്ക് പോകുമ്പോഴാണ് പടിക്കെട്ടിനു താഴെ ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്ന പോലെ ഞാന്‍ ആ അമ്മയെ കണ്ടത്. എന്‍റെ അമ്മയുടെ വിദൂര ഛായ ഉണ്ടായിരുന്നതാകാം അവരെ ശ്രദ്ധിക്കാന്‍ കാരണം. കസവില്ലാത്ത കരയന്‍മുണ്ടും നേര്യതും ധരിച്ച് വലിയ നെറ്റിയില്‍ ഭസ്മക്കുറി അണിഞ്ഞ് കയ്യിലൊരു തുണി സഞ്ചിയുമായി അവര്‍ നിന്നു. കയറ്റം കയറി ക്ഷേത്ര നടയിലേക്കു വരുന്ന ആളുകളേയും വാഹനങ്ങളേയും നോക്കി ഒരേ നില്‍പ്പ്.
ദീപാരാധനയ്ക്കു ശേഷം ബലിക്കാര്‍ക്കുള്ള പ്രതിജ്ഞയും ചൊല്ലി നടയിറങ്ങുമ്പോഴും അവര്‍ അതേ നില്‍പ്പായിരുന്നു; ചെറു ചാറ്റല്‍മഴയില്‍ കുടയും പിടിച്ച്. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ബ്രഹമഗിരി മലമുകളില്‍ നിന്ന് ഉരുള്‍ പൊട്ടിയിട്ടെന്നവണ്ണം ഇരുട്ട് താഴേക്കു വരുന്ന വര്‍ഷകാല കാല സന്ധ്യയില്‍ ആ അമ്മയുടെ കാത്തിരുപ്പ് എന്നെ അസ്വസ്ഥനാക്കി. അതു ഞാന്‍ സ്വാമിയോടു സൂചിപ്പിക്കുകയും ചെയ്തു. അവരോട് ഇടയ്ക്കിടയ്ക്കു സംസാരിച്ചിരുന്ന ദേവസ്വം ഗാര്‍ഡിനോട് സ്വാമി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു,
ആ അമ്മയുടെ ഏകമകളുടെ ആദ്യ ആണ്ടു ബലിയാണ് നാളെ. അതിന് മകളുടെ ഭര്‍ത്താവും മകനും ബന്ധുക്കളും തിരുനെല്ലിക്കു വരുന്നു എന്ന് കേട്ടറിഞ്ഞ് എത്തിയതാണ്. മകളുടെ ഭര്‍ത്താവും വീട്ടുകാരും ഈ അമ്മയോട് ഇപ്പോള്‍ അടുപ്പത്തിലല്ല. മകളുടെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് അമ്മ മന്ത്രിക്ക് നിവേദനം കൊടുത്തതാണ് കാരണം. ഒരു വര്‍ഷമായി കൊച്ചുമകനെ ഒന്നു കാണാന്‍ പോലും അനുവദിച്ചിട്ടില്ല. ഇന്ന് അവനെ ഒന്നു കാണണം; ആ കുട്ടി അമ്മയുടെ ബലി കര്‍മം ചെയ്യുമ്പോള്‍ അടുത്തൊന്നു നില്‍ക്കണം. അതിനാണ് കാത്തുനില്‍പ്പ്.
ഞങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടെ ഒരു ജീപ്പ് മൂളിപ്പറന്നെത്തി. അമ്മ അതിനടുത്തേക്ക് ഓടിയടുത്തതും വണ്ടിയില്‍നിന്ന് അമ്മമ്മേ എന്നൊരു വിളി ഉയര്‍ന്നതും ഒന്നിച്ചായിരുന്നു. പിന്നെ കേട്ടത് ഒച്ചപ്പാടും ആ കുട്ടിയുടെ കരച്ചിലും. ചെന്നുനോക്കാം എന്നു പറഞ്ഞ് സ്വാമി എഴുനേറ്റു; ഞാനും. അവിടെ കണ്ടത് അത്യന്തം വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു. അമ്മമ്മയെ ഇറുകെ പുണര്‍ന്നു നില്‍ക്കുന്ന അഞ്ചുവയസുകാരന്‍. അവനെ ബലമായി അടര്‍ത്തിമാറ്റാന്‍ പാടുപെടുന്ന അച്ഛന്‍. അയാളുടെ ഉച്ചത്തിലുള്ള ശാപവാക്കുകള്‍, കുട്ടിയുടെ കരച്ചില്‍, അമ്മയുടെ കണ്ണുനീര്‍, എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന മറ്റു ബന്ധുക്കള്‍.
‘‘നിര്‍ത്ത് നിര്‍ത്ത്, എന്താ ഇത്’’ എന്നു പറഞ്ഞ് സ്വാമി ഇടപെട്ടതോടെ കുട്ടിയുടെ അച്ഛന്‍ ഒന്നടങ്ങി. സ്വാമിയുടെ കാവിവേഷവും മറ്റും കണ്ടതോടെയാകാം സംഭവത്തെ സംബന്ധിച്ച് അയാളുടെ വിശദീകരണമായി പിന്നീട്.
ജീവന്‍റെ ജീവനായിരുന്ന ഭാര്യ ശ്വാസം മുട്ടലിനെ തുടര്‍ന്ന് മരിച്ചെന്നും മകളെ കൊന്നതാണെന്നു പറഞ്ഞ് അമ്മാവിയമ്മ കേസുകൊടുത്തെന്നും തന്‍റെ മകനെ തട്ടിയെടുക്കാന്‍ നോക്കുന്നെന്നും എല്ലാമായിരുന്നു അത്. മകന്‍ അവന്‍റെ അമ്മയുടെ ബലിയിടുന്നതിന്‍റെ ഏഴയലത്തുപോലും ഈ സ്ത്രീയെ അടുപ്പിക്കില്ലെന്നും വേണ്ടിവന്നാല്‍ ബലിയിടാതെ തിരിച്ചുപോകുമെന്നുമെല്ലാം അയാള്‍ പുലമ്പി.
മനഷ്യന്‍ ഇത്ര നീചനാകുമോ എന്നു ചിന്തിച്ച് ഞാന്‍ നിക്കുമ്പോള്‍, ഉറച്ചതും എന്നാല്‍ ശാന്തവുമായ ശബ്ദത്തില്‍ സ്വാമി പറഞ്ഞു ‘‘കുഞ്ഞേ നിന്‍റെ ഭാര്യയെ നീ എങ്ങനെ സ്നേഹിച്ചെന്നും അവള്‍ എങ്ങനെ മരിച്ചെന്നുമൊക്കെ തിരുനെല്ലി പെരുമാള്‍ക്ക് അറിയാം. ഈ നടയില്‍ വേണ്ട ഇതൊന്നും.’’ അയാള്‍ നിശബ്ദനായി. മുഖം വിളറി. മകന്‍റെ ദേഹത്തുനിന്ന് കയ്യെടുത്ത് പകച്ചു നിന്നു.
‘‘നിന്‍റെ മരിച്ചുപോയ ഭാര്യയുടെ അമ്മയാണോ ഇത്?’’ സ്വാമിയുടെ ചോദ്യത്തിന് അതേ എന്ന അര്‍ഥത്തില്‍ ചെറുപ്പക്കാരന്‍ തലയാട്ടി. ‘‘എങ്കില്‍ ഈ കുഞ്ഞ് അവന്‍റെ അമ്മയുടെ ബലിയിടുമ്പോള്‍ അവനെ തൊട്ടു നില്‍ക്കാന്‍ ഈ അമ്മയ്ക്ക് എല്ലാ അവകാശവും ഉണ്ട്. ദുര്‍വാശിക്ക് അതു വിലക്കി കൂടുതല്‍ മഹാപാപം നിന്‍റെ തലയില്‍ വച്ചുകെട്ടേണ്ട.’’ സ്വാമി പറഞ്ഞ തീര്‍പ്പ് അയാള്‍ക്കും ബന്ധുക്കള്‍ക്കും സ്വീകാര്യമായിരുന്നു. ഞങ്ങള്‍ ആശ്വസിച്ചു.
അല്‍പ്പം കഴിഞ്ഞ് കുട്ടി പറഞ്ഞു ‘‘എനിക്ക് അമ്മമ്മയുടെ കുടെ കിടന്നാല്‍ മതി’’. അടുത്ത കശപിശയ്ക്ക് അതോടെ തുടക്കമായി. രണ്ടു മുറികള്‍ ആ കുടുംബത്തിനു വേണ്ടി ബുക്ക് ചെയ്തിരുന്നെങ്കിലും അതിലൊന്നിലും കഴിയാന്‍ ആ അമ്മയെ അനുവദിക്കില്ലെന്നു കുട്ടിയുടെ അച്ഛന്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ വരെയും താന്‍ രാത്രി എവിടെ കഴിയും എന്നു പോലും ആ സാധ്വി ചിന്തിച്ചിരുന്നോ എന്നു സംശയം. സത്രത്തില്‍ ലഭ്യമായ മുറികളെല്ലാം കഴിഞ്ഞിരുന്നു. അമ്മ നമ്മോടൊപ്പം കഴിഞ്ഞോട്ടെ എന്ന് ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞിട്ടും അയാള്‍ വഴങ്ങിയില്ല. എങ്കില്‍ ഞാനങ്ങു പോയേക്കാം എന്ന ബ്രഹ്മാസ്ത്ര പ്രയോഗവും. ആ അമ്മയും അവരുടെ പേരക്കുട്ടിയും കരഞ്ഞുകൊണ്ടേയിരുന്നു. കൂട്ടത്തിലൊരാളുടെ കയ്യിലിരുന്ന ചിതാഭസ്മ കലശത്തിനുള്ളിലിരുന്ന് ഒരാത്മാവും കരഞ്ഞിരിക്കാം.
പെട്ടെന്ന് സ്വാമി എന്‍റെ കൈപിടിച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു ‘‘ആ അമ്മയും മോനും ഞങ്ങളുടെ മുറിയില്‍ കഴിഞ്ഞോളും. ഞങ്ങള്‍ അമ്പലത്തിലെ വിരിവയ്പ്പു പുരയില്‍ താമസിച്ചോളാം.’’ എനിക്കു വളരെ സന്തോഷം തോന്നി.
നീചന്‍ പുതിയ അടവെടുത്തു. അമ്മമ്മയെയും കൊച്ചുമകനെയും തനിച്ച് ആ മുറിയില്‍ കഴിയാന്‍ സമ്മതിക്കില്ലത്രേ. ആ അമ്മ അവരുടെ കൊച്ചുമകനെ കൊന്നുകളയും പോലും! എനിക്കെന്‍റെ ചോര തിളയ്ക്കുന്നതുപോലെ തോന്നി. സത്രം പണിക്ക് മുറിച്ചു വച്ചിരുന്ന കമ്പികളിലൊന്നെടുത്ത് ഒറ്റയടിക്ക് ആ നരാധമന്‍റെ കഥകഴിക്കാനുള്ള ദേഷ്യം. സമചിത്തത വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു. ‘‘നിങ്ങളുടെ കൂട്ടത്തിലുള്ള സ്ത്രീകള്‍ ആരെങ്കിലും അവരോടൊപ്പം ആ മുറിയില്‍ കഴിഞ്ഞാല്‍ പോരേ?’’ കൂട്ടത്തിലെ ഒരു മധ്യവയസ്ക കയ്യോടെ അതിനു സമ്മതിച്ചു. മനസില്ലാമനസോടെ നീചന്‍ അതും അംഗീകരിച്ചു. തര്‍ക്കങ്ങള്‍ എല്ലാം അവസാനിച്ചെന്ന പ്രതീക്ഷയില്‍ ബാഗും ക്യാമറയും മറ്റുമെടുത്ത് ഞങ്ങള്‍ മുറിവിട്ടിറങ്ങി.
 മുളം തട്ടി മാത്രം മറയുള്ള വിരിവയ്പ്പു പുരയിലെ താമസം വലിയൊരു അനുഭവമായിരുന്നു. രാത്രി ഒന്‍പതുമണിയോടെ മഴ കനത്തു. ഒപ്പം വന്യമായ കോടമഞ്ഞും. തണുപ്പ് അതിന്‍റെ എല്ലാ ശക്തിയോടെയും ആക്രമണം തുടങ്ങി. ചെറിയ നേരിപ്പോടു കത്തിച്ച് കമ്പിളിയും പുതച്ചിരുന്ന് ഞാനും സ്വാമിയും നേരം വെളുപ്പിച്ചു. കഥകളുടെ അക്ഷയഖനിയായ സ്വാമി ദേവീദാസന്‍ എനിക്കു മാത്രമായി പുലരുവോളം കഥകള്‍ പറഞ്ഞു.
രാവിലെ ബലികര്‍മം നടത്താന്‍ പോകുമ്പോള്‍ ആ കുടുംബം ചിതാഭസ്മം ഒഴുക്കാന്‍ നിന്നിരുന്നു. തലേന്നത്തെ പരിചയത്തില്‍ സ്വാമിയും ഞാനും അവരോടൊപ്പം ചേര്‍ന്നു. പട്ടുപൊതി അഴിച്ച് ചിതാഭസ്മം നിമഞ്ജനം ചെയ്യും മുന്‍പ് അമ്മ കലശം വാങ്ങി നെഞ്ചോടു ചേര്‍ത്തു പിടിച്ചു. അവരുടെ എന്‍റെ മോളേ എന്ന വിളിയില്‍ ഒരു ജീവിതം മുഴുവന്‍ പ്രതിബിംബിച്ചപോലെ തോന്നി. അപ്പോള്‍ ഞാന്‍ അവരുടെ മകളുടെ ഭര്‍ത്താവിനെ നോക്കി. ഏതോ മരത്തലപ്പിലേക്കു നോക്കി നില്‍ക്കുകയായിരുന്നു അയാള്‍. കലശം ഉടഞ്ഞു ഒരമ്മയുടെ ചിതാഭസ്മം ഭാഗ്യഹീനയായ അവരുടെ അമ്മയുടെ കണ്‍മുന്നില്‍ പാപനാശിനിയില്‍ അലിഞ്ഞു ചേര്‍ന്നു. ഇനി ബലിതര്‍പ്പണം.
‘‘ഗോകര്‍ണസേതോ ഹിമവാന്‍ പ്രയാഗേ.... കാശ്മീര സോമേശ്വര...’’ പുരോഹിതന്‍റെ വാക്കുകള്‍ പാപനാശിനിയുടെ ഇരമ്പലില്‍ പലപ്പോഴും മുങ്ങിപ്പോയി. ആ അമ്മ ഈറനണിഞ്ഞ് പേരക്കുട്ടിയെ തൊട്ടിരുന്നു. ‘‘മരിച്ചുപോയ ആളിന്‍റെ പേരും മരിച്ച നാളും സങ്കല്‍പ്പിച്ച് .....’’ പുരോഹിതന്‍ യാന്ത്രികമായി തുടരുകയാണ്. പകച്ചിരുന്ന കുട്ടി കേള്‍ക്കാന്‍ അവര്‍ മകളുടെ പേരും ചോതി നാളും പറഞ്ഞു. അവന്‍ അതു കേട്ടുപറഞ്ഞോ എന്നറിയില്ല. കര്‍മം മുറപോലെ തുടര്‍ന്നു. ഒടുവില്‍ ഇലയും എളളും പൂവും ചന്ദനവും അടങ്ങുന്ന പിണ്ഡം പാപനാശിനി ഏറ്റു വാങ്ങി. ബലിതര്‍പ്പണം കഴിഞ്ഞ അന്തരീക്ഷത്തില്‍ ഓം നമോ നാരായണായ മന്ത്രങ്ങളും നനഞ്ഞ കൈകൊട്ടലും ഉയരുമ്പോള്‍ ആ അമ്മ ശിലാവിഗ്രഹം പോലെ തൊഴുതുനിന്നു.
 ബലിയും ക്ഷേത്രദര്‍ശനവും കഴിഞ്ഞ് ഞാനും സ്വാമിയും നടയിറങ്ങുമ്പോള്‍ അച്ഛനും മകനും കുടുംബാംഗങ്ങളും യാത്രയാകുകയായിരുന്നു. മാനന്തവാടി വരെയെങ്കിലും ആ അമ്മയ്ക്ക് അവരോടൊപ്പം പോകാം. പക്ഷേ അവര്‍ പോയില്ല. ആരും വിളിച്ചിട്ടുണ്ടാകില്ല. പക്ഷേ ഇറക്കം ഇറങ്ങി വളവുതിരിഞ്ഞു മറയും വരെ ജീപ്പില്‍ നിന്നൊരു കുരുന്നുകയ്യ് അവന്‍റെ അമ്മമ്മയ്ക്കായി നിരന്തരം വീശുന്നത് കാണാമായിരുന്നു.
ആ അമ്മ ഞങ്ങളുടെ അടുത്തേക്കു വന്നു. ചെയ്ത ഉപകാരങ്ങള്‍ക്കു നന്ദിപറയാന്‍. പ്രാതല്‍ കഴിക്കാന്‍ അവരേയും കൂട്ടി. ബസ് യാത്രയില്‍ ഛര്‍ദി ഉണ്ടാകും എന്നു കാരണം പറഞ്ഞ് എന്തെങ്കിലും കഴിക്കാന്‍ ആദ്യം അവര്‍ തയാറായില്ല. പക്ഷേ ഒടുവില്‍ സ്വാമിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. പുട്ടും കടലക്കറിയും നാടന്‍പഴവും രുചിയോടെ കഴിക്കുന്നതു കണ്ടപ്പോള്‍ പാവത്തിനു നല്ല വിശപ്പുണ്ടായിരുന്നു എന്നും മനസിലായി.
തിരുനെല്ലിയോടു വിടപറയാന്‍ നേരമായി. കണ്ണൂര്‍ വരെ ഞാന്‍ കൂട്ടുണ്ടാകും എന്നു പറഞ്ഞപ്പോള്‍ അമ്മയ്ക്കു സന്തോഷം. സ്വാമിയോടു യാത്രപറഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തിന്‍റെ പാദം തൊട്ടു വന്ദിച്ചു. കൃതജ്ഞതാ നിര്‍ഭരമായിരുന്നു ആ മുഖം.
ബസില്‍ സൈഡ് സീറ്റിലാണ് അമ്മ ഇരുന്നത്. വനമേഖലയിലൂടെയുള്ള യാത്രയില്‍ അവര്‍ ആഹ്ലാദവതിയായി തോന്നി. എന്നോട് ഒരുപാട് സംസാരിച്ചു. ഏറെയും ജീവിതത്തിലെ ദുരിതത്തിന്‍റെ കഥകള്‍. വടക്കേമലബാറിലെ കൂട്ടുകുടുംബത്തില്‍ പിറന്നപെണ്‍കുട്ടിക്ക് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായതും വധുവിന് ഒട്ടും ഇഷ്ടമില്ലാത്ത വിവാഹത്തിലൂടെ ബന്ധുക്കള്‍ ചുമതലാ ഭാരം ഒഴിവാക്കിയതും ഭര്‍ത്താവിന്‍റെ നടപടിദോഷങ്ങള്‍ കാരണം ജീവനൊടുക്കാന്‍ നോക്കിയതും അയാളുടെ ദുര്‍മരണത്തെ തുടര്‍ന്ന് മകളെ വളര്‍ത്താന്‍ നാട്ടിപ്പണി (കൃഷിജോലികള്‍) ചെയ്യാന്‍ പോയതും പ്രബലരായ ബന്ധുക്കള്‍ അതില്‍ പ്രതിഷേധിച്ചതുമെല്ലാം നിര്‍വികാരമായാണ് അവര്‍ പറഞ്ഞത്.
കോഴിക്കോട്ടു നിന്നു കരാര്‍ പണിക്ക് വന്ന ചെറുപ്പക്കാരനുമായി ഇഷ്ടത്തിലായ മകളെ കഴിവിന് അനുസരിച്ച് വിവാഹം ചെയ്ത് അയയ്ക്കുകയായിരുന്നു. തനിക്ക് ജീവിതത്തില്വന്ന ദുരിതങ്ങള്മകള്ക്ക് ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് അവള്ക്ക് ഇഷ്ടപ്പെട്ട ആളെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. പക്ഷേ കണക്കുകൂട്ടലുകള്പാടേ പിഴച്ചു. മകള്ക്കു കിട്ടിയതും ദുരിത ജീവിതം. അതിനൊടുവിലായിരുന്നു ഒരു വര്ഷം മുന്പുള്ള അസ്വാഭാവിക മരണം. ജീവിതത്തില്ഒരിക്കലും ശ്വാസംമുട്ട് വന്നിട്ടില്ലാത്ത മകള്അങ്ങനെ മരിച്ചെന്ന വിശദീകരണം  വിശ്വസിക്കാന്കഴിയാതെയാണ് മന്ത്രിക്കു പരാതി നല്കിയത്. ഫലമൊന്നും ഉണ്ടായില്ല. മകളുടെ ഭര്ത്താവ് ആറുമാസം മുന്പ് പുതിയ വിവാഹവും കഴിച്ചു. ഇതാണ് കഥാസംഗ്രഹം.
പെരിയ ചുരമിറങ്ങി കൂത്തുപറമ്പ് വഴി ബസ് കണ്ണൂരിലെത്തുമ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. അമ്മ എന്നെ വിളിച്ചുണര്‍ത്തി. ഞങ്ങള്‍ ഒന്നിച്ചാണ് ഉച്ചഭക്ഷണവും  കഴിച്ചത്. അവരുടെ ഇനിയുള്ള യാത്രയ്ക്ക് ട്രെയിനാണ് സൗകര്യം. സ്റ്റേഷനിലെത്തി. വടക്കോട്ട് ഉടനേ വണ്ടി ഉണ്ടായിരുന്നു. വേണ്ടെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും ടിക്കറ്റ് എടുത്തു കൊടുത്തു.
യാത്രയിലെ ഛര്‍ദിയെ ഭയന്ന് ആഹാരം കഴിക്കുന്നില്ലെന്നു രാവിലെ പറഞ്ഞത് സത്യമായിരുന്നില്ലെന്ന് ട്രെയിന്‍ കാത്തിരിക്കെ അമ്മ സമ്മതിച്ചു. കഷ്ടിച്ച് ബസ്കൂലിക്കുള്ള പണമേ കൈവശം ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നിന്ന് ഇറങ്ങിട്ട് രണ്ട് ചായയും കുറേ ഗ്യാസ് മിഠായികളും മാത്രമാണ് കഴിച്ചിരുന്നതെന്നും ഞങ്ങള്‍ വാങ്ങിക്കൊടുത്ത പുട്ടുംകടലയുമാണ് പട്ടിണിമാറ്റിയതെന്നും കുമ്പസാരം പോലെ അവര്‍ പറഞ്ഞപ്പോള്‍ എന്‍റെ ഉള്ളിലൊരു സങ്കടക്കടല്‍ ഇരമ്പി. കുറച്ചുപണം കൂടി നല്‍കാന്‍ ഞാന്‍ തുനിഞ്ഞെങ്കിലും അവര്‍ സ്വീകരിച്ചില്ല. വടക്കോട്ടുള്ള ട്രയിന്‍ നീങ്ങിയപ്പോള്‍ അമ്മ എന്നെനോക്കി കൈകൂപ്പി. മനസ് തീര്‍ത്തും അസ്വസ്ഥമായതു കൊണ്ടാകും എനിക്കൊന്നു ചിരിക്കാന്‍ പോലും കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. അന്നത്തെ അഞ്ചു വയസുകാരന്‍ കുട്ടി ഇന്ന് ഒത്ത യുവാവായിട്ടുണ്ടാകും. ഗീതാ സന്ദേശം സാധാരണക്കാരിലെത്തിക്കാന്‍ യജ്ഞവേദികളില്‍ കഥകള്‍ പറഞ്ഞുപറഞ്ഞ് നടന്ന സ്വാമി ദേവീദാസന്‍ കഥാവശേഷനായിട്ട് ഒരു പതിറ്റാണ്ടു കഴിയുന്നു. കണ്ണൂര്‍- പെരിയചുരം വിട്ട് എന്‍റെ തിരുനെല്ലി യാത്രകള്‍ കോഴിക്കോട്- താമരശേരി ചുരം വഴിയായി. ആ അമ്മയെ ഞാന്‍ പിന്നീട് കണ്ടതേയില്ല. പക്ഷേ ഓര്‍മകളില്‍ ആ മുഖം തെളിഞ്ഞു നില്‍ക്കുകയാണ്. തേച്ചു മിനുക്കി അഞ്ചുതിരിയിട്ട് പൂമുഖത്തു കത്തിച്ചുവച്ച നിലവിളക്കുപോലെ അവര്‍ മനസില്‍ പ്രകാശം പരത്തുന്നു.