കണ്ണൂരിലേക്കു ട്രാന്‍സ്ഫറായി ചെന്നശേഷം 1994 മുതല്‍ അച്ഛന്‍റെ ആണ്ടുബലി തിരുനെല്ലിയിലായിരുന്നു ഇട്ടിരുന്നത്. മിഥുന മാസത്തിലെ ചോതിനാള്‍ മിക്ക വര്‍ഷവും മഴയില്‍ കുതിര്‍ന്നിരുന്നു. മണ്‍സൂണ്‍ മഴയില്‍ തിരുനെല്ലിയുടെ ഭംഗി വാക്കുകള്‍ക്ക് അതീതമാണ്. നിറഞ്ഞൊഴുകുന്ന പാപനാശിനിയിലെ മുങ്ങിക്കുളി എത്ര സുഖകരമാണെന്നോ? നല്ല തണുപ്പും ഉണ്ടാകും. പെരുമാള്‍ സന്നിധിയില്‍ ചെലവിടുന്ന ഒരു ദിവസം എനിക്ക് ഏറെ മന:ശാന്തി നല്‍കി. അങ്ങനെ അതൊരു സ്ഥിരം തീര്‍ഥാടനമായി.
തിരുനെല്ലിയിലെ ബലിത്തറയില്‍ എന്നും പുതിയ മുഖങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ. പാപനാശിനിയില്‍ ഒരുതവണ ബലിയിട്ടാല്‍ ആത്മാവ് വിഷ്ണുപാദം പൂകുന്നുവെന്നും പിന്നെ അതിന് ബലിതര്‍പ്പണത്തിന്‍റെ ആവശ്യമേയില്ല എന്നുമാണ് പ്രമാണം. പക്ഷേ മഴക്കാല തിരുനെല്ലിയാത്ര എന്‍റെ മനസിന് പ്രിയങ്കരമായ അനുഭവമായപ്പോള്‍ അച്ഛനുവേണ്ടി വീണ്ടും വീണ്ടും ബലിയിട്ടു; കുറേയേറെ വര്‍ഷങ്ങള്‍.
അങ്ങനെ ഒരു യാത്രയിലാണ് ബ്രഹ്മഗിരിയുടെ മടിത്തട്ടിലെ തിരുസന്നിന്നിയില്‍ സഹനത്തിന്‍റെ ആള്‍രൂപമായ ഒരമ്മയെ ഞാന്‍ കണ്ടത്. കണ്ണൂര്‍ ജില്ലയുടെ വടക്കന്‍ പ്രദേശത്തെ ഗ്രാമത്തില്‍ നിന്നു വന്ന സാധാരണക്കാരിയായ ഒരമ്മ.
അന്നു ബലിത്തലേന്ന് വൈകിട്ട് നാലുമണിയോടെ തിരുനെല്ലിയില്‍ എത്തുമ്പോള്‍ പരിചയമുള്ള ഒരാള്‍ അവിടെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗവും കുടുംബവും വിട്ട് ഭഗവത് ഗീതയുടെ വഴികളിലൂടെ സഞ്ചരിച്ച് വടക്കേ മലബാറിലെ പുരാതന ക്ഷേത്രങ്ങളുടെ നടകളിലെത്തിയ സ്വാമി ദേവീദാസന്‍.
ഒരു നിലമാത്രം കഷ്ടിച്ച് പണിപൂര്‍ത്തിയായ ദേവസ്വംസത്രത്തില്‍ എനിക്കൊരു മുറി പറഞ്ഞിരുന്നു. സ്വാമിയും അവിടെ കൂടാമെന്നു സമ്മതിച്ചു. കുളിക്കാന്‍ പാപനാശിനിയിലേക്ക് പോകുമ്പോഴാണ് പടിക്കെട്ടിനു താഴെ ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്ന പോലെ ഞാന്‍ ആ അമ്മയെ കണ്ടത്. എന്‍റെ അമ്മയുടെ വിദൂര ഛായ ഉണ്ടായിരുന്നതാകാം അവരെ ശ്രദ്ധിക്കാന്‍ കാരണം. കസവില്ലാത്ത കരയന്‍മുണ്ടും നേര്യതും ധരിച്ച് വലിയ നെറ്റിയില്‍ ഭസ്മക്കുറി അണിഞ്ഞ് കയ്യിലൊരു തുണി സഞ്ചിയുമായി അവര്‍ നിന്നു. കയറ്റം കയറി ക്ഷേത്ര നടയിലേക്കു വരുന്ന ആളുകളേയും വാഹനങ്ങളേയും നോക്കി ഒരേ നില്‍പ്പ്.
ദീപാരാധനയ്ക്കു ശേഷം ബലിക്കാര്‍ക്കുള്ള പ്രതിജ്ഞയും ചൊല്ലി നടയിറങ്ങുമ്പോഴും അവര്‍ അതേ നില്‍പ്പായിരുന്നു; ചെറു ചാറ്റല്‍മഴയില്‍ കുടയും പിടിച്ച്. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ബ്രഹമഗിരി മലമുകളില്‍ നിന്ന് ഉരുള്‍ പൊട്ടിയിട്ടെന്നവണ്ണം ഇരുട്ട് താഴേക്കു വരുന്ന വര്‍ഷകാല കാല സന്ധ്യയില്‍ ആ അമ്മയുടെ കാത്തിരുപ്പ് എന്നെ അസ്വസ്ഥനാക്കി. അതു ഞാന്‍ സ്വാമിയോടു സൂചിപ്പിക്കുകയും ചെയ്തു. അവരോട് ഇടയ്ക്കിടയ്ക്കു സംസാരിച്ചിരുന്ന ദേവസ്വം ഗാര്‍ഡിനോട് സ്വാമി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു,
ആ അമ്മയുടെ ഏകമകളുടെ ആദ്യ ആണ്ടു ബലിയാണ് നാളെ. അതിന് മകളുടെ ഭര്‍ത്താവും മകനും ബന്ധുക്കളും തിരുനെല്ലിക്കു വരുന്നു എന്ന് കേട്ടറിഞ്ഞ് എത്തിയതാണ്. മകളുടെ ഭര്‍ത്താവും വീട്ടുകാരും ഈ അമ്മയോട് ഇപ്പോള്‍ അടുപ്പത്തിലല്ല. മകളുടെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് അമ്മ മന്ത്രിക്ക് നിവേദനം കൊടുത്തതാണ് കാരണം. ഒരു വര്‍ഷമായി കൊച്ചുമകനെ ഒന്നു കാണാന്‍ പോലും അനുവദിച്ചിട്ടില്ല. ഇന്ന് അവനെ ഒന്നു കാണണം; ആ കുട്ടി അമ്മയുടെ ബലി കര്‍മം ചെയ്യുമ്പോള്‍ അടുത്തൊന്നു നില്‍ക്കണം. അതിനാണ് കാത്തുനില്‍പ്പ്.
ഞങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടെ ഒരു ജീപ്പ് മൂളിപ്പറന്നെത്തി. അമ്മ അതിനടുത്തേക്ക് ഓടിയടുത്തതും വണ്ടിയില്‍നിന്ന് അമ്മമ്മേ എന്നൊരു വിളി ഉയര്‍ന്നതും ഒന്നിച്ചായിരുന്നു. പിന്നെ കേട്ടത് ഒച്ചപ്പാടും ആ കുട്ടിയുടെ കരച്ചിലും. ചെന്നുനോക്കാം എന്നു പറഞ്ഞ് സ്വാമി എഴുനേറ്റു; ഞാനും. അവിടെ കണ്ടത് അത്യന്തം വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു. അമ്മമ്മയെ ഇറുകെ പുണര്‍ന്നു നില്‍ക്കുന്ന അഞ്ചുവയസുകാരന്‍. അവനെ ബലമായി അടര്‍ത്തിമാറ്റാന്‍ പാടുപെടുന്ന അച്ഛന്‍. അയാളുടെ ഉച്ചത്തിലുള്ള ശാപവാക്കുകള്‍, കുട്ടിയുടെ കരച്ചില്‍, അമ്മയുടെ കണ്ണുനീര്‍, എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന മറ്റു ബന്ധുക്കള്‍.
‘‘നിര്‍ത്ത് നിര്‍ത്ത്, എന്താ ഇത്’’ എന്നു പറഞ്ഞ് സ്വാമി ഇടപെട്ടതോടെ കുട്ടിയുടെ അച്ഛന്‍ ഒന്നടങ്ങി. സ്വാമിയുടെ കാവിവേഷവും മറ്റും കണ്ടതോടെയാകാം സംഭവത്തെ സംബന്ധിച്ച് അയാളുടെ വിശദീകരണമായി പിന്നീട്.
ജീവന്‍റെ ജീവനായിരുന്ന ഭാര്യ ശ്വാസം മുട്ടലിനെ തുടര്‍ന്ന് മരിച്ചെന്നും മകളെ കൊന്നതാണെന്നു പറഞ്ഞ് അമ്മാവിയമ്മ കേസുകൊടുത്തെന്നും തന്‍റെ മകനെ തട്ടിയെടുക്കാന്‍ നോക്കുന്നെന്നും എല്ലാമായിരുന്നു അത്. മകന്‍ അവന്‍റെ അമ്മയുടെ ബലിയിടുന്നതിന്‍റെ ഏഴയലത്തുപോലും ഈ സ്ത്രീയെ അടുപ്പിക്കില്ലെന്നും വേണ്ടിവന്നാല്‍ ബലിയിടാതെ തിരിച്ചുപോകുമെന്നുമെല്ലാം അയാള്‍ പുലമ്പി.
മനഷ്യന്‍ ഇത്ര നീചനാകുമോ എന്നു ചിന്തിച്ച് ഞാന്‍ നിക്കുമ്പോള്‍, ഉറച്ചതും എന്നാല്‍ ശാന്തവുമായ ശബ്ദത്തില്‍ സ്വാമി പറഞ്ഞു ‘‘കുഞ്ഞേ നിന്‍റെ ഭാര്യയെ നീ എങ്ങനെ സ്നേഹിച്ചെന്നും അവള്‍ എങ്ങനെ മരിച്ചെന്നുമൊക്കെ തിരുനെല്ലി പെരുമാള്‍ക്ക് അറിയാം. ഈ നടയില്‍ വേണ്ട ഇതൊന്നും.’’ അയാള്‍ നിശബ്ദനായി. മുഖം വിളറി. മകന്‍റെ ദേഹത്തുനിന്ന് കയ്യെടുത്ത് പകച്ചു നിന്നു.
‘‘നിന്‍റെ മരിച്ചുപോയ ഭാര്യയുടെ അമ്മയാണോ ഇത്?’’ സ്വാമിയുടെ ചോദ്യത്തിന് അതേ എന്ന അര്‍ഥത്തില്‍ ചെറുപ്പക്കാരന്‍ തലയാട്ടി. ‘‘എങ്കില്‍ ഈ കുഞ്ഞ് അവന്‍റെ അമ്മയുടെ ബലിയിടുമ്പോള്‍ അവനെ തൊട്ടു നില്‍ക്കാന്‍ ഈ അമ്മയ്ക്ക് എല്ലാ അവകാശവും ഉണ്ട്. ദുര്‍വാശിക്ക് അതു വിലക്കി കൂടുതല്‍ മഹാപാപം നിന്‍റെ തലയില്‍ വച്ചുകെട്ടേണ്ട.’’ സ്വാമി പറഞ്ഞ തീര്‍പ്പ് അയാള്‍ക്കും ബന്ധുക്കള്‍ക്കും സ്വീകാര്യമായിരുന്നു. ഞങ്ങള്‍ ആശ്വസിച്ചു.
അല്‍പ്പം കഴിഞ്ഞ് കുട്ടി പറഞ്ഞു ‘‘എനിക്ക് അമ്മമ്മയുടെ കുടെ കിടന്നാല്‍ മതി’’. അടുത്ത കശപിശയ്ക്ക് അതോടെ തുടക്കമായി. രണ്ടു മുറികള്‍ ആ കുടുംബത്തിനു വേണ്ടി ബുക്ക് ചെയ്തിരുന്നെങ്കിലും അതിലൊന്നിലും കഴിയാന്‍ ആ അമ്മയെ അനുവദിക്കില്ലെന്നു കുട്ടിയുടെ അച്ഛന്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ വരെയും താന്‍ രാത്രി എവിടെ കഴിയും എന്നു പോലും ആ സാധ്വി ചിന്തിച്ചിരുന്നോ എന്നു സംശയം. സത്രത്തില്‍ ലഭ്യമായ മുറികളെല്ലാം കഴിഞ്ഞിരുന്നു. അമ്മ നമ്മോടൊപ്പം കഴിഞ്ഞോട്ടെ എന്ന് ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞിട്ടും അയാള്‍ വഴങ്ങിയില്ല. എങ്കില്‍ ഞാനങ്ങു പോയേക്കാം എന്ന ബ്രഹ്മാസ്ത്ര പ്രയോഗവും. ആ അമ്മയും അവരുടെ പേരക്കുട്ടിയും കരഞ്ഞുകൊണ്ടേയിരുന്നു. കൂട്ടത്തിലൊരാളുടെ കയ്യിലിരുന്ന ചിതാഭസ്മ കലശത്തിനുള്ളിലിരുന്ന് ഒരാത്മാവും കരഞ്ഞിരിക്കാം.
പെട്ടെന്ന് സ്വാമി എന്‍റെ കൈപിടിച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു ‘‘ആ അമ്മയും മോനും ഞങ്ങളുടെ മുറിയില്‍ കഴിഞ്ഞോളും. ഞങ്ങള്‍ അമ്പലത്തിലെ വിരിവയ്പ്പു പുരയില്‍ താമസിച്ചോളാം.’’ എനിക്കു വളരെ സന്തോഷം തോന്നി.
നീചന്‍ പുതിയ അടവെടുത്തു. അമ്മമ്മയെയും കൊച്ചുമകനെയും തനിച്ച് ആ മുറിയില്‍ കഴിയാന്‍ സമ്മതിക്കില്ലത്രേ. ആ അമ്മ അവരുടെ കൊച്ചുമകനെ കൊന്നുകളയും പോലും! എനിക്കെന്‍റെ ചോര തിളയ്ക്കുന്നതുപോലെ തോന്നി. സത്രം പണിക്ക് മുറിച്ചു വച്ചിരുന്ന കമ്പികളിലൊന്നെടുത്ത് ഒറ്റയടിക്ക് ആ നരാധമന്‍റെ കഥകഴിക്കാനുള്ള ദേഷ്യം. സമചിത്തത വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു. ‘‘നിങ്ങളുടെ കൂട്ടത്തിലുള്ള സ്ത്രീകള്‍ ആരെങ്കിലും അവരോടൊപ്പം ആ മുറിയില്‍ കഴിഞ്ഞാല്‍ പോരേ?’’ കൂട്ടത്തിലെ ഒരു മധ്യവയസ്ക കയ്യോടെ അതിനു സമ്മതിച്ചു. മനസില്ലാമനസോടെ നീചന്‍ അതും അംഗീകരിച്ചു. തര്‍ക്കങ്ങള്‍ എല്ലാം അവസാനിച്ചെന്ന പ്രതീക്ഷയില്‍ ബാഗും ക്യാമറയും മറ്റുമെടുത്ത് ഞങ്ങള്‍ മുറിവിട്ടിറങ്ങി.
മുളം തട്ടി മാത്രം മറയുള്ള വിരിവയ്പ്പു പുരയിലെ താമസം വലിയൊരു അനുഭവമായിരുന്നു. രാത്രി ഒന്‍പതുമണിയോടെ മഴ കനത്തു. ഒപ്പം വന്യമായ കോടമഞ്ഞും. തണുപ്പ് അതിന്‍റെ എല്ലാ ശക്തിയോടെയും ആക്രമണം തുടങ്ങി. ചെറിയ നേരിപ്പോടു കത്തിച്ച് കമ്പിളിയും പുതച്ചിരുന്ന് ഞാനും സ്വാമിയും നേരം വെളുപ്പിച്ചു. കഥകളുടെ അക്ഷയഖനിയായ സ്വാമി ദേവീദാസന്‍ എനിക്കു മാത്രമായി പുലരുവോളം കഥകള്‍ പറഞ്ഞു.
രാവിലെ ബലികര്‍മം നടത്താന്‍ പോകുമ്പോള്‍ ആ കുടുംബം ചിതാഭസ്മം ഒഴുക്കാന്‍ നിന്നിരുന്നു. തലേന്നത്തെ പരിചയത്തില്‍ സ്വാമിയും ഞാനും അവരോടൊപ്പം ചേര്‍ന്നു. പട്ടുപൊതി അഴിച്ച് ചിതാഭസ്മം നിമഞ്ജനം ചെയ്യും മുന്‍പ് അമ്മ കലശം വാങ്ങി നെഞ്ചോടു ചേര്‍ത്തു പിടിച്ചു. അവരുടെ എന്‍റെ മോളേ എന്ന വിളിയില്‍ ഒരു ജീവിതം മുഴുവന്‍ പ്രതിബിംബിച്ചപോലെ തോന്നി. അപ്പോള്‍ ഞാന്‍ അവരുടെ മകളുടെ ഭര്‍ത്താവിനെ നോക്കി. ഏതോ മരത്തലപ്പിലേക്കു നോക്കി നില്‍ക്കുകയായിരുന്നു അയാള്‍. കലശം ഉടഞ്ഞു ഒരമ്മയുടെ ചിതാഭസ്മം ഭാഗ്യഹീനയായ അവരുടെ അമ്മയുടെ കണ്‍മുന്നില്‍ പാപനാശിനിയില്‍ അലിഞ്ഞു ചേര്‍ന്നു. ഇനി ബലിതര്‍പ്പണം.
‘‘ഗോകര്‍ണസേതോ ഹിമവാന്‍ പ്രയാഗേ.... കാശ്മീര സോമേശ്വര...’’ പുരോഹിതന്‍റെ വാക്കുകള്‍ പാപനാശിനിയുടെ ഇരമ്പലില്‍ പലപ്പോഴും മുങ്ങിപ്പോയി. ആ അമ്മ ഈറനണിഞ്ഞ് പേരക്കുട്ടിയെ തൊട്ടിരുന്നു. ‘‘മരിച്ചുപോയ ആളിന്‍റെ പേരും മരിച്ച നാളും സങ്കല്‍പ്പിച്ച് .....’’ പുരോഹിതന്‍ യാന്ത്രികമായി തുടരുകയാണ്. പകച്ചിരുന്ന കുട്ടി കേള്‍ക്കാന്‍ അവര്‍ മകളുടെ പേരും ചോതി നാളും പറഞ്ഞു. അവന്‍ അതു കേട്ടുപറഞ്ഞോ എന്നറിയില്ല. കര്‍മം മുറപോലെ തുടര്‍ന്നു. ഒടുവില്‍ ഇലയും എളളും പൂവും ചന്ദനവും അടങ്ങുന്ന പിണ്ഡം പാപനാശിനി ഏറ്റു വാങ്ങി. ബലിതര്‍പ്പണം കഴിഞ്ഞ അന്തരീക്ഷത്തില്‍ ഓം നമോ നാരായണായ മന്ത്രങ്ങളും നനഞ്ഞ കൈകൊട്ടലും ഉയരുമ്പോള്‍ ആ അമ്മ ശിലാവിഗ്രഹം പോലെ തൊഴുതുനിന്നു.
ബലിയും ക്ഷേത്രദര്‍ശനവും കഴിഞ്ഞ് ഞാനും സ്വാമിയും നടയിറങ്ങുമ്പോള്‍ അച്ഛനും മകനും കുടുംബാംഗങ്ങളും യാത്രയാകുകയായിരുന്നു. മാനന്തവാടി വരെയെങ്കിലും ആ അമ്മയ്ക്ക് അവരോടൊപ്പം പോകാം. പക്ഷേ അവര്‍ പോയില്ല. ആരും വിളിച്ചിട്ടുണ്ടാകില്ല. പക്ഷേ ഇറക്കം ഇറങ്ങി വളവുതിരിഞ്ഞു മറയും വരെ ജീപ്പില്‍ നിന്നൊരു കുരുന്നുകയ്യ് അവന്‍റെ അമ്മമ്മയ്ക്കായി നിരന്തരം വീശുന്നത് കാണാമായിരുന്നു.
ആ അമ്മ ഞങ്ങളുടെ അടുത്തേക്കു വന്നു. ചെയ്ത ഉപകാരങ്ങള്‍ക്കു നന്ദിപറയാന്‍. പ്രാതല്‍ കഴിക്കാന്‍ അവരേയും കൂട്ടി. ബസ് യാത്രയില്‍ ഛര്‍ദി ഉണ്ടാകും എന്നു കാരണം പറഞ്ഞ് എന്തെങ്കിലും കഴിക്കാന്‍ ആദ്യം അവര്‍ തയാറായില്ല. പക്ഷേ ഒടുവില്‍ സ്വാമിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. പുട്ടും കടലക്കറിയും നാടന്‍പഴവും രുചിയോടെ കഴിക്കുന്നതു കണ്ടപ്പോള്‍ പാവത്തിനു നല്ല വിശപ്പുണ്ടായിരുന്നു എന്നും മനസിലായി.
തിരുനെല്ലിയോടു വിടപറയാന്‍ നേരമായി. കണ്ണൂര്‍ വരെ ഞാന്‍ കൂട്ടുണ്ടാകും എന്നു പറഞ്ഞപ്പോള്‍ അമ്മയ്ക്കു സന്തോഷം. സ്വാമിയോടു യാത്രപറഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തിന്‍റെ പാദം തൊട്ടു വന്ദിച്ചു. കൃതജ്ഞതാ നിര്‍ഭരമായിരുന്നു ആ മുഖം.
ബസില്‍ സൈഡ് സീറ്റിലാണ് അമ്മ ഇരുന്നത്. വനമേഖലയിലൂടെയുള്ള യാത്രയില്‍ അവര്‍ ആഹ്ലാദവതിയായി തോന്നി. എന്നോട് ഒരുപാട് സംസാരിച്ചു. ഏറെയും ജീവിതത്തിലെ ദുരിതത്തിന്‍റെ കഥകള്‍. വടക്കേമലബാറിലെ കൂട്ടുകുടുംബത്തില്‍ പിറന്നപെണ്‍കുട്ടിക്ക് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായതും വധുവിന് ഒട്ടും ഇഷ്ടമില്ലാത്ത വിവാഹത്തിലൂടെ ബന്ധുക്കള്‍ ചുമതലാ ഭാരം ഒഴിവാക്കിയതും ഭര്‍ത്താവിന്‍റെ നടപടിദോഷങ്ങള്‍ കാരണം ജീവനൊടുക്കാന്‍ നോക്കിയതും അയാളുടെ ദുര്‍മരണത്തെ തുടര്‍ന്ന് മകളെ വളര്‍ത്താന്‍ നാട്ടിപ്പണി (കൃഷിജോലികള്‍) ചെയ്യാന്‍ പോയതും പ്രബലരായ ബന്ധുക്കള്‍ അതില്‍ പ്രതിഷേധിച്ചതുമെല്ലാം നിര്‍വികാരമായാണ് അവര്‍ പറഞ്ഞത്.
കോഴിക്കോട്ടു നിന്നു കരാര്‍ പണിക്ക് വന്ന ചെറുപ്പക്കാരനുമായി ഇഷ്ടത്തിലായ മകളെ കഴിവിന് അനുസരിച്ച് വിവാഹം ചെയ്ത് അയയ്ക്കുകയായിരുന്നു. തനിക്ക് ജീവിതത്തില്‍ വന്ന ദുരിതങ്ങള്‍ മകള്‍ക്ക് ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് അവള്‍ക്ക് ഇഷ്ടപ്പെട്ട ആളെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. പക്ഷേ കണക്കുകൂട്ടലുകള്‍ പാടേ പിഴച്ചു. മകള്‍ക്കു കിട്ടിയതും ദുരിത ജീവിതം. അതിനൊടുവിലായിരുന്നു ഒരു വര്‍ഷം മുന്‍പുള്ള അസ്വാഭാവിക മരണം. ജീവിതത്തില്‍ ഒരിക്കലും ശ്വാസംമുട്ട് വന്നിട്ടില്ലാത്ത മകള്‍ അങ്ങനെ മരിച്ചെന്ന വിശദീകരണം വിശ്വസിക്കാന്‍ കഴിയാതെയാണ് മന്ത്രിക്കു പരാതി നല്‍കിയത്. ഫലമൊന്നും ഉണ്ടായില്ല. മകളുടെ ഭര്‍ത്താവ് ആറുമാസം മുന്‍പ് പുതിയ വിവാഹവും കഴിച്ചു. ഇതാണ് കഥാസംഗ്രഹം.
പെരിയ ചുരമിറങ്ങി കൂത്തുപറമ്പ് വഴി ബസ് കണ്ണൂരിലെത്തുമ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. അമ്മ എന്നെ വിളിച്ചുണര്‍ത്തി. ഞങ്ങള്‍ ഒന്നിച്ചാണ് ഉച്ചഭക്ഷണവും കഴിച്ചത്. അവരുടെ ഇനിയുള്ള യാത്രയ്ക്ക് ട്രെയിനാണ് സൗകര്യം. സ്റ്റേഷനിലെത്തി. വടക്കോട്ട് ഉടനേ വണ്ടി ഉണ്ടായിരുന്നു. വേണ്ടെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും ടിക്കറ്റ് എടുത്തു കൊടുത്തു.
യാത്രയിലെ ഛര്‍ദിയെ ഭയന്ന് ആഹാരം കഴിക്കുന്നില്ലെന്നു രാവിലെ പറഞ്ഞത് സത്യമായിരുന്നില്ലെന്ന് ട്രെയിന്‍ കാത്തിരിക്കെ അമ്മ സമ്മതിച്ചു. കഷ്ടിച്ച് ബസ്കൂലിക്കുള്ള പണമേ കൈവശം ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നിന്ന് ഇറങ്ങിട്ട് രണ്ട് ചായയും കുറേ ഗ്യാസ് മിഠായികളും മാത്രമാണ് കഴിച്ചിരുന്നതെന്നും ഞങ്ങള്‍ വാങ്ങിക്കൊടുത്ത പുട്ടുംകടലയുമാണ് പട്ടിണിമാറ്റിയതെന്നും കുമ്പസാരം പോലെ അവര്‍ പറഞ്ഞപ്പോള്‍ എന്‍റെ ഉള്ളിലൊരു സങ്കടക്കടല്‍ ഇരമ്പി. കുറച്ചുപണം കൂടി നല്‍കാന്‍ ഞാന്‍ തുനിഞ്ഞെങ്കിലും അവര്‍ സ്വീകരിച്ചില്ല. വടക്കോട്ടുള്ള ട്രയിന്‍ നീങ്ങിയപ്പോള്‍ അമ്മ എന്നെനോക്കി കൈകൂപ്പി. മനസ് തീര്‍ത്തും അസ്വസ്ഥമായതു കൊണ്ടാകും എനിക്കൊന്നു ചിരിക്കാന്‍ പോലും കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. അന്നത്തെ അഞ്ചു വയസുകാരന്‍ കുട്ടി ഇന്ന് ഒത്ത യുവാവായിട്ടുണ്ടാകും. ഗീതാ സന്ദേശം സാധാരണക്കാരിലെത്തിക്കാന്‍ യജ്ഞവേദികളില്‍ കഥകള്‍ പറഞ്ഞുപറഞ്ഞ് നടന്ന സ്വാമി ദേവീദാസന്‍ കഥാവശേഷനായിട്ട് ഒരു പതിറ്റാണ്ടു കഴിയുന്നു. കണ്ണൂര്‍- പെരിയചുരം വിട്ട് എന്‍റെ തിരുനെല്ലി യാത്രകള്‍ കോഴിക്കോട്- താമരശേരി ചുരം വഴിയായി. ആ അമ്മയെ ഞാന്‍ പിന്നീട് കണ്ടതേയില്ല. പക്ഷേ ഓര്‍മകളില്‍ ആ മുഖം തെളിഞ്ഞു നില്‍ക്കുകയാണ്. തേച്ചു മിനുക്കി അഞ്ചുതിരിയിട്ട് പൂമുഖത്തു കത്തിച്ചുവച്ച നിലവിളക്കുപോലെ അവര്‍ മനസില്‍ പ്രകാശം പരത്തുന്നു.
evidokketyo kandu poya, kandittum kanate pokunna ethrayo ammamarund thankalude ee ammayil... eallyI like it
ReplyDeletehari amma nilavilakkin deepthamaya ormakalay maariya ennilum ee amma 2 thulli kannerint oru cheru chaal theerthu............ormakalk neer kodukkalaay
ReplyDeleteകരയുന്ന കണ്ണുകളിലെല്ലാം ഒരമ്മയുണ്ട്. കടലോളം സ്‌നേഹം ഉള്ളില്‍ നിറച്ച ഒരമ്മ. വളരെ നല്ല ഒരനുഭവം പകര്‍ന്നു തന്നതിനു നന്ദി.
ReplyDeleteസാറേ,ഒന്ന് കെട്ടിപ്പിടിക്കുക മാത്രം ചെയ്യുന്നു
ReplyDelete