എറണാകുളത്തു നിന്ന് ഹരിപ്പാട്ടേക്കും തിരിച്ചുമുള്ള ട്രെയിന്‍ യാത്രയില്‍ തകഴി, കോരങ്കുഴി, കരുവാറ്റ, ആനാരി പ്രദേശങ്ങളാകുമ്പോള്‍ സന്തോഷമാണ്. വാതിലിനടുത്ത് പോയി നില്‍ക്കും. അല്ലെങ്കില്‍ മുഖം ജനലിനോട് ചേര്‍ത്തു നോക്കിയിരിക്കും. പരന്ന നെല്‍വയലുകള്‍, തോടുകള്‍, ആറ്, കൈതക്കൂട്ടങ്ങള്‍, തെങ്ങിന്‍ നിരകള്‍…. ഇത് അപ്പര്‍കുട്ടനാട്; ഇതെന്‍റെ നാടായിരുന്നു. എന്‍റെ പൊക്കിള്‍ കൊടി വീണലിഞ്ഞ മണ്ണ്.
പേരുകേട്ട ചുണ്ടന്‍ വള്ളത്തിന്‍റെ നാടായ കാരിച്ചാലില്‍ ജനിച്ച് ആദ്യ 56 ദിവസം ജീവിച്ചു എന്നതു മാത്രമാണ് അപ്പര്‍ അഥവാ തെക്കന്‍ കുട്ടനാടുമായുള്ള എന്‍റെ ഉറ്റ ബന്ധം. (അച്ഛനുമമ്മയും അപ്പോഴേക്കും ചിങ്ങോലിയിലേക്കു താമസം മാറ്റിയിരുന്നു) പിന്നീട് പത്താം ക്ലാസു വരെ അവധിക്കാല വാസസ്ഥലമായിരുന്നു കാരിച്ചാല്‍. ശേഷം ആ നാട് കൈവിട്ടുപോയി; എന്നെന്നേക്കുമായി. പക്ഷേ കാരിച്ചാല്‍ ഇന്നും എനിക്ക് എന്തൊക്കെയോ ആണ്. ഏറെ പ്രിയപ്പെട്ട, എന്നാല്‍ എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാന്‍ കഴിയാത്ത എന്തൊക്കെയോ....!
പാടം പൂട്ടുമ്പോഴുള്ള ചെളിയുടെയും കൊയ്തു വച്ച കറ്റകള്‍ പുറത്തു വിടുന്ന വിയര്‍പ്പിന്‍റെയും ഗന്ധം അറിയുമ്പോഴും നെല്‍വയലുകളില്‍ നിന്നു കൂട്ടത്തോടെ ശബ്ദമുണ്ടാക്കി പറന്നുപൊങ്ങുന്ന വെള്ള കൊക്കുകളെ കാണുമ്പോഴും ഞാനാ നാട്ടുകാരനാകും. തുഴയില്‍ നിന്നു തെന്നിത്തെറിക്കുന്ന വെള്ളത്തിന്‍റെ കളകള ശബ്ദവും പുഞ്ചയിലെ വെള്ളം വറ്റിക്കുന്ന വമ്പന്‍ മോട്ടോറിന്‍റെ പടപടപ്പും പഴയ കിര്‍ ലോസ്കര്‍, ലൈലാന്‍ഡ് എന്‍ജിനുകള്‍ പിടിപ്പിച്ച ‘എം.എല്‍’ ബോട്ടുകളുടെ ഹുങ്കാരവും ചുണ്ടന്‍ വള്ളത്തിന്‍റെ വെടിത്തടിയില്‍ ഇടിത്തടി വീഴുമ്പോഴുള്ള താളവും ഒക്കെ ഓര്‍മയില്‍ വരുമ്പോള്‍ എന്‍റെ ഉള്ളിലെ കുട്ടനാട്ടുകാരന്‍ ആവേശഭരിതനാകും. പക്ഷേ തൊട്ടടുത്ത നിമിഷം നഷ്ടബോധത്തില്‍ മനസ് വിങ്ങും.
കവുങ്ങുംപള്ളില്‍ എന്നായിരുന്നു അമ്മവീടിന്‍റെ പേര്. ഇപ്പോള്‍ ഹരിപ്പാടു നിന്ന് വീയപുരം വഴി എടത്വയ്ക്കു പോകുന്ന വഴിയുടെ പടിഞ്ഞാറെ ഓരത്ത് അച്ചന്‍ മുക്കിനും പായിപ്പാടു പാലത്തിനും ഇടയ്ക്ക്. രണ്ടു നെല്‍കണ്ടങ്ങള്‍ക്കു നടുവിലൂടെയുള്ള വീതിയേറിയ വരമ്പ് പിന്നിട്ടാല്‍ ആ പഴയ കുട്ടനാടന്‍ ഭവനമായി. നെല്‍കൃഷി ഉണ്ടായിരുന്നതിനാല്‍ മുറ്റം അതി വിശാലമായിരുന്നു. ഓലമേഞ്ഞ ഇടത്തരം വീടിന് തെക്കേപ്പുരയെന്നും വടക്കേപ്പുരയെന്നും രണ്ടു ഭാഗം. ഇടയില്‍ വലിയ തളം. തെക്കേപ്പുരയില്‍ കിടപ്പുമുറികളായിരുന്നു.
വടക്കേപ്പുരയില്‍ പൂര്‍ണമായി തടിയില്‍ തീര്‍ത്ത അറയും നിരയും ഒരു കിടപ്പുമുറിയും നടുക്ക്. മുന്‍ഭാഗത്ത് നെടുനീളത്തില്‍ തിണ്ണ. പിന്നില്‍ അതേ നിളത്തിലുള്ള ചായ്പില്‍ പത്തായം. തീര്‍ന്നില്ല ചായ്പിനു നടുവിലെ ചെറിയ വാതിലിലൂടെ നൂഴ്ന്നിറങ്ങിയാല്‍ സദാ ഇരുട്ടു നിറഞ്ഞ് പേടിപ്പെടുത്തുന്ന നിലവറ. ഏറ്റവും വടക്കേ അറ്റത്ത് അടുക്കളയും അതോടുചേര്‍ന്ന് ഉരല്‍പ്പുരയും. (ഇത് ഇന്നത്തെ വര്‍ക്ക്ഏരിയയ്ക്കു സമം). ഉരലിനു പുറമേ അരകല്ലും ആട്ടുകല്ലും തിരികല്ലുമൊക്കെ ഇവിടെത്തന്നെ.
വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഓട്ടു വിളക്കിന്‍റെ വെളിച്ചം മങ്ങിയതായിരുന്നു. പക്ഷേ ഇന്ന് ഓര്‍മകളില്‍ അത് തെളിഞ്ഞു കത്തുന്നു. വടക്കേപ്പുരയുടെ നിലം ചാണകം മെഴുകിയിരുന്നു. ആ തറയ്ക്കും ഓലമേല്‍ക്കൂരയ്ക്കും ഇടയില്‍ ചൂടിന് ഇടമില്ലായിരുന്നു.
മാങ്ങകളായിരുന്നു അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. തിന്നു തിന്നു മതിവരില്ല എന്നു മാത്രമല്ല ചിലപ്പോള്‍ വയറിളക്കം വരികയും ചെയ്യും. തേന്‍ തോല്‍ക്കുന്ന മാധുര്യമുള്ള നാടന്‍ കടുക്കാച്ചി മാങ്ങ തുടങ്ങി നെറുകമുതല്‍ കാലിന്‍റെ പെരുവിരലറ്റം വരെ ഷോക്കേറ്റമാതിരി പുളിക്കുന്ന പുളിച്ചിമാങ്ങ വരെ പത്തുപതിനഞ്ച് ഇനം. അമ്പഴച്ചി, പച്ചതിന്നി, തൊണ്ണാച്ചി, കപ്പമാവ്, പുളിയന്‍, മൂവാണ്ടന്‍, തത്തച്ചുണ്ടന്‍, നാടന്‍ എന്നെല്ലാം തരാതരം പേരുകള്‍. വേനല്‍ മഴയില്‍ മാങ്ങകള്‍ പടുപടോ എന്നു വീഴുമ്പോള്‍ അമ്മൂമ്മയുടെ ശാസനകളെ അവഗണിച്ച് മാവുകളുടെ ചുവട്ടിലേക്ക് ഓടിയിരുന്നു. കയ്യില്‍ കിട്ടിയിരുന്ന മാങ്ങയുടെ മധുരം ഓര്‍ക്കുമ്പോള്‍ പിന്നെ കിട്ടുന്ന ശകാരത്തിന്‍റെ കയ്പ് എത്ര നിസ്സാരം.
സപ്പോട്ട, പേരയ്ക്ക, പലതരം വാഴപ്പഴം, ചക്ക, ആഞ്ഞിലിച്ചക്ക, ആത്തയ്ക്ക, സീതപ്പഴം, ചാമ്പയ്ക്ക, ഞാറ എന്നു നാട്ടില്‍ പേരുള്ള ഞാവല്‍പ്പഴം, കൈതച്ചക്ക (പൈനാപ്പിള്‍), പറങ്കിപ്പഴം, അമ്പഴങ്ങ, നെല്ലിക്ക, മള്‍ബറിപ്പഴം, നെല്ലിപ്പുളി, നാരങ്ങ ഇവയെല്ലാം വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ കനത്ത വിലയിട്ട് നിരത്തി വയ്ക്കാറുള്ള ഫലങ്ങള്‍ പലതും പുരയിടത്തില്‍ യഥേഷ്ടം വിളഞ്ഞു നിന്ന നല്ല കാലം. അതിരുകളില്‍ കൊട്ടക്കയും ചൂരപ്പഴവും മൂക്കളപ്പഴവും (ഇതിന്‍റെ പേരിലേയുള്ളൂ അരുചി; കഴിക്കാന്‍ അത്യുഗ്രന്‍) സ്വാദിന്‍റെ കുട്ടനാടന്‍ ചേരുവകളായി.
നെല്ല് കുത്തിയ അരി, തേങ്ങ, തൊടിയില്‍ വിളയുന്ന പയറ്, ചീര, കുമ്പളങ്ങ, പടവലങ്ങ, പാവയ്ക്ക, വാഴക്കൂമ്പും പിണ്ടിയും, കാന്താരിയും പച്ചമുളകും എന്നിങ്ങനെ പച്ചക്കറികള്‍, മുട്ടയിടാന്‍ കോഴിയും താറാവും, കുളങ്ങളില്‍ മീന്‍... അന്നത്തെ കുട്ടനാടന്‍ വീടുകള്‍ ആഹാരകാര്യത്തില്‍ ഒരുതരം സ്വയംപര്യാപ്ത കൈവരിച്ചിരുന്നു.
ഗന്ധങ്ങളില്‍ ഇലഞ്ഞിയായിരുന്നു താരം. ഇലഞ്ഞിപ്പൂമണം ഒഴുകിവന്ന് ഇന്ദ്രിയങ്ങളില്‍ പടരുമെന്നെല്ലാം പറയുന്നത് വെറും കവിഭാവനയല്ല. പറമ്പില്‍ ഉണ്ടായിരുന്ന പാലയുടെ പൂമണമൊക്കെ ഇതിനു മുന്നില്‍ തോറ്റുപോകും. ഇലഞ്ഞിപ്പഴവും സ്വാദിഷ്ടമായിരുന്നു.
രാമതുളസി അഥവാ പച്ചനിറമുള്ള തുളസിയുടെ സുഗന്ധം ഒന്നു വേറേ തന്നെ. ‘തിരീക്കരത്ത്’ എന്നു നാട്ടുകാര്‍ പറയുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് എന്നും കൊണ്ടുപോകാന്‍ അമ്മൂമ്മ വളര്‍ത്തിയിരുന്നതാണ് ഇവ. കൃഷ്ണന്‍റെ അമ്പലത്തിലേക്ക് എന്തിനാ രാമതുളസി അതു രാമന്‍റെ അമ്പലത്തിലല്ലേ കൊടുക്കേണ്ടത് എന്ന ചോദ്യത്തിന് രണ്ടാം ക്ലാസുകാരന്‍റെ ചെവിക്കു പിടിച്ച് വാത്സല്യപൂര്‍വം അമ്മൂമ്മ വിളിച്ചു ‘‘നിഷേധി’’. കവുങ്ങുംപള്ളില്‍ ദേവകിയമ്മയുടെ ആ ദീര്‍ഘവീക്ഷണം പൊലിച്ചു. 35 കൊല്ലത്തിനിപ്പുറവും നിഷേധി എന്ന ‘ബഹുമതി’ വഹിച്ചുകൊണ്ടേയിരിക്കാന്‍ എനിക്കു കഴിയുന്നുണ്ട്.
ശതാവരിയും പുല്ലാഞ്ഞിയും പൂക്കുന്ന ഗന്ധം അനുപമമാണ്. അതുപോലെ കൈതയും. കൈതപ്പൂവിതളുകള്‍ക്ക് മുണ്ടുപെട്ടികളില്‍ ഇടം കിട്ടിയിരുന്നു. കൊന്ന, മന്ദാരം, പവിഴമല്ലി, ചെമ്പകം, വിവിധയിനം തെച്ചികളും മുല്ലകളും രാജമല്ലികളും... ധാരാളം നാടന്‍ പൂക്കള്‍. വീടിനു പിന്നില്‍ രണ്ടു തേനീച്ചക്കൂടുകള്‍ ഉണ്ടായിരുന്നു. പക്ഷേ അവയില്‍ നിന്ന് ആരും തേന്‍ എടുത്തിരുന്നില്ല.
ഔഷധച്ചെടികളായിരുന്നു മറ്റൊരു പ്രത്യേകത. അശോകവും കൂവളവും തുടങ്ങി മുക്കുറ്റിയും കറുകയും വരെ എത്രയെത്ര ഇനം. ദശമൂലം കൂട്ടിനു വേണ്ട എല്ലാം ആ പറമ്പില്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ പറയുമായിരുന്നു. തൊഴുത്തിനു പിന്നില്‍ ഒരു ചന്ദനമരമുണ്ടായിരുന്നു. ഉണക്കു തട്ടിയപ്പോള്‍ അമ്മൂമ്മ അതു വെട്ടിച്ച് മുട്ടികളാക്കി അമ്പലങ്ങള്‍ക്കു നല്‍കി. ചെറിയ കഷ്ണങ്ങള്‍ കൊതുകിനെ തുരത്താന്‍ പുകച്ചു.
വലിയ കൂവളത്തില്‍ ഈര്‍ക്കിലിമുല്ല പടര്‍ന്നു വളര്‍ന്നു. അവധിക്കാലത്തെ സന്ധ്യകളില്‍ അത് വീടാകെ സുഗന്ധം പരത്തി, കാലത്ത് കൂവളച്ചുവട്ടില്‍ മുല്ലപ്പൂക്കള്‍ പുല്‍ത്തകിടിപോലെ പൊഴിഞ്ഞു കിടന്നു. ഇടയില്‍ കൊന്നപ്പൂക്കള്‍ കൂടി വീഴുമ്പോള്‍ പ്രകൃതി ഒരുക്കിയ ചേതോഹരമായ പൂക്കളം കണ്‍മുന്നില്‍.
പ്രായം ഏറെ ഉണ്ടായിരുന്നിട്ടും അശോകം പൂത്തിരുന്നില്ല. സുന്ദരിമാരുടെ പാദസ്പര്‍ശം ദിനവും ഏറ്റാല്‍ മാത്രമേ അശോകം പൂവിടൂ എന്നാണ് കവിഭാവന. കവുങ്ങുംപള്ളില്‍ സുന്ദരികള്‍ ഇല്ലായിരുന്നതാകാം അശോകത്തിന്‍റെ ദുരവസ്ഥയ്ക്കു കാരണമായതെന്നു പറഞ്ഞത് മറ്റാരുമല്ല; എന്‍റെ അമ്മ തന്നെ.
നാകമരം എന്നൊരു മരമുണ്ടായിരുന്നു. ഇലയുടെ ഉള്‍വശത്ത് കുമ്മായം പറ്റിപ്പിടിച്ചപോലെ ഇരിക്കും. അവിടെ ഈര്‍ക്കില്‍ കൊണ്ട് എഴുതാം. ഇന്നു മാര്‍ക്കറ്റില്‍ വരുന്ന റംബുട്ടാന്‍ പഴം പോലുള്ള ഫലം. മൂക്കും മുന്‍പ് അല്ലികള്‍ തിന്നാല്‍ സ്വാദേറും. രണ്ടു തരം പുളി, ഇലവ്, മരോട്ടി, അപ്പ, പാതിരി, വയന, വട്ട, പൂവരശ്, പുന്ന, ഒതളം തുടങ്ങിയ മരങ്ങളും പുരയിടത്തില്‍ നിറഞ്ഞു നിന്നു. പോരാഞ്ഞ് കല്ലന്‍, ഈറ്റ, കുളഞ്ഞില്‍ എന്നീ മൂന്നിനം മുളകളും. മഞ്ചാടിയും കുന്നിക്കുരുവും ചൂരലും മറ്റും വേറെ. ഇന്നൊരു കണക്കെടുപ്പില്‍ അദ്ഭുതപ്പെടുത്തുന്ന സസ്യവൈവിധ്യം. ഇതുകൊണ്ടു തന്നയാകണം പക്ഷികള്‍ അവിടെ നിരന്തരം കലപില കൂട്ടി.
കൈതോല വെട്ടി ചികി ഉണക്കി മെടഞ്ഞ് പായ ഉണ്ടാക്കുന്നത് ഒരു വേനല്‍ക്കാല നടപടി ആയിരുന്നു. വീടു കെട്ടിമേയല്‍ വലിയൊരു ആഘോഷം പോലെ. ‘പൊത്താന്‍ കൊട്ടില്‍’ എന്ന വിറകുപുര അന്നേദിവസം അടുക്കളയാകും.
തോഴുത്തില്‍ പശുവും കിടാവുമൊക്കെ ഉണ്ടായിരുന്നു. കാലികളുടെ രോഗവും പ്രയാസമേറിയ പരിപാലനവും ഒക്കെ കാരണമായപ്പോള്‍ പശുവിനു പകരം ആടു വന്നു. അവധിക്കാലത്ത് ആട്ടിന്‍ കുട്ടികളായി പിന്നെ കൂട്ടുകാര്‍. രാവിലെ ആടിന്‍റെ മുരടനക്കം കേട്ടാണ് ഉറക്കം ഉണരാറ്. പിന്നൊരു വളര്‍ത്തു മൃഗം കൂടി ഉണ്ടായിരുന്നു. ഒട്ടും ഹീറോയിസം കാണിക്കാത്ത, ഹീറോ എന്ന പട്ടി. തൊഴുത്തിനോടു ചേര്‍ന്ന് പുല്ലും വൈക്കോലും ഇടുന്നതിനടുത്ത് കിട്ടുന്നതും കഴിച്ച് അവന്‍ സദാ ചുരുണ്ടു കിടന്നു. ആഴ്ചയില്‍ ഒരിക്കലോ മറ്റോ ഒന്നു കുരച്ചാലായി.
വടക്കു കിഴക്കു ഭാഗത്തെ കുളത്തിനു ചുറ്റും കുളഞ്ഞിലും കൊട്ടച്ചെടിയും വളര്‍ന്ന് ഇരുട്ടു പടര്‍ത്തി. മരങ്ങള്‍ മീതെയും തണല്‍ വിരിച്ചതിനാല്‍ നട്ടുച്ചയ്ക്കു മാത്രമാണ് കുളത്തിലേക്ക് അല്പമങ്കിലും സൂര്യപ്രകാശം അരിച്ചിറങ്ങിയിരുന്നത്. വെള്ളത്തില്‍ തൊട്ടു-തൊട്ടില്ല എന്നമട്ടില്‍ ചാഞ്ഞുകിടന്ന കടമ്പ് മരത്തിന്‍റെ ചില്ലയില്‍ ഒരു പാമ്പ് ചുറ്റിപ്പിണഞ്ഞ് ഇരിക്കും. കുളത്തിന്‍റെ കടവത്തടിയില്‍ അതിനെ നോക്കിയിരിക്കാന്‍ രസമായിരുന്നു. ഒരുനാള്‍ അരികെ നീന്തിപ്പോയ തവളക്കുഞ്ഞനെ സ്പ്രിങ് തെറിക്കുംപോലെ ചുറ്റഴിഞ്ഞ് ചാടിയ പാമ്പ് വായിലാക്കുന്നതു കണ്ടപ്പോള്‍ നടുങ്ങിപ്പോയി.
കുളത്തിലും കണ്ടത്തിലെ കുഴികളിലും ധാരാളം മീനുണ്ടായിരുന്നു. കാരി, മുശി, വരാല്‍, കരട്ടി, ചേറുമീന്‍, മാനത്തുകണ്ണന്‍ എന്നൊക്കെയായിരുന്നു ഇനംതിരിവ്. അമ്മവീട്ടിലെ വറുത്തരച്ച മീന്‍കറിക്ക് എന്തു സ്വാദായിരുന്നെന്നോ! വരാല്‍ വെട്ടിക്കഴുകി ഉപ്പും മഞ്ഞളും കുരുമുളകും പുരട്ടി ഉണക്കി വയ്ക്കുമായിരുന്നു. ഇത് ചുട്ടോ വറുത്തോ തിന്നുന്നതിന്‍റെ രുചി ഓര്‍ത്താല്‍ ഇന്നും വായില്‍ കപ്പലോടിക്കാം.
വീട്ടിലൊരു വളര്‍ത്തുമീനും ഉണ്ടായിരുന്നു. ചേറുമീന്‍ ഇനത്തിലെ ഒന്ന്. കിണറ്റിലായിരുന്നു വാസം. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് ഏതാണ്ട് മുക്കാല്‍ മീറ്ററോളം നീളവും അതിന് ഒത്ത വണ്ണവും വച്ച് അവന്‍ വലിയ ആളായി. കിണര്‍ വൃത്തിയാക്കുമ്പോള്‍ അവനെ വലിയ വാര്‍പ്പിലെ വെള്ളത്തിലേക്കു മാറ്റും. കിണറ്റിലെ ‘വെള്ളത്തിലാശാന്‍’ എന്ന ജീവിയെ ഭക്ഷണമാക്കി വളര്‍ന്ന മീന്‍ താരത്തിന്‍റെ അന്ത്യം എങ്ങനെ ആയിരുന്നുവോ എന്തോ?
അറ്റുവരമ്പിലൂടെയുള്ള നടത്തം രസമായിരുന്നു. വരമ്പിന്‍റെ വീതി നേര്‍ത്തു വരുമ്പോഴും ഇടയില്‍ ഒറ്റത്തടിയിട്ട നൂല്‍പ്പാലം വരുമ്പോഴും നന്നായി പേടിച്ചു. പുഞ്ചയില്‍ ഒരേ വരിയില്‍ നിന്ന് ആള്‍ക്കാര്‍ കൊയ്യുന്നതും മെതിക്കുന്നതുമെല്ലാം കാഴ്ചയ്ക്കു വിരുന്നൊരുക്കി. ഇടയ്ക്ക് കാരിച്ചാല്‍ ചുണ്ടന്‍റെ വള്ളപ്പുരയില്‍ പോയി ചുറ്റും നടന്നും അമരവും അണിയവുമൊക്കെ തൊട്ടും നിര്‍വൃതിയടയും.
ആറ്റിലൂടെ ചെറുവള്ളത്തില്‍ വന്ന് കച്ചവടം നടത്തിയിരുന്ന ഊത്തുകാരന്‍ മനസില്‍ വലിയോരു താരമായിരുന്നു. വീട്ടു സാധനങ്ങളും പെണ്ണുങ്ങള്‍ക്കുള്ള വളയും പൊട്ടും സിന്ദൂരവും എന്തിനു തുണിത്തരങ്ങള്‍ വരെ അയാള്‍ കൊണ്ടു വന്നിരുന്നു. ദൂരെ നിന്നു തന്നെ കുഴല്‍ വിളി കേള്‍ക്കാം. കുട്ടനാടന്‍ പശ്ചാത്തലമുള്ള പല സിനിമകളിലും ഊത്തുകാരന്‍ കഥാപാത്രമായി.
പായിപ്പാട്ടാറ്റിലെ വള്ളം കളി മൂന്നു ദിവസമാണ്. ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളില്‍. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് അവിടെ അന്നും ഇന്നും ക്ഷാമമില്ല. അന്നുണ്ടായിരുന്നത് വെള്ളംകുളങ്ങര, പായിപ്പാട്, കാരിച്ചാല്‍, ആനാരി, ചെറുതന, ആയാപറമ്പ് വലിയദിവാന്‍ജി, കരുവാറ്റ എന്നിവ. തിരുവോണത്തിനു തുഴക്കാര്‍ വള്ളങ്ങളില്‍ ഹരിപ്പാട് നെല്‍പ്പുരക്കടവുവരെ തുഴഞ്ഞുപോകും. പിന്നെ സംഘമായി കുചേലവൃത്തം വഞ്ചിപ്പാട്ടു പാടി നടന്ന് സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്തിയിരുന്നു. അമ്മയുടെ അനുജത്തി രാധക്കുഞ്ഞമ്മ (രാക്കുഞ്ഞമ്മ) രണ്ടു പ്രാവശ്യം എന്നെ കൊണ്ടുപോയി ഇതു കാണിച്ചിട്ടുണ്ട്.
തുരുവോണനാളിലെ വള്ളംകളി കുട്ടികളുടേതാണ്. അതിനു തുഴഞ്ഞു പഠിക്കാന്‍ ചുണ്ടന്‍ വള്ളം വിട്ടു തരും. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഇതൊന്നു ശ്രമിച്ചു നോക്കി. പറ്റിയ പരിപാടി അല്ലെന്നു തിരിച്ചറിഞ്ഞ് ഉടനേതന്നെ തിരിച്ചിറങ്ങി.
അവിട്ടം നാളില്‍ കാര്‍ഷിക സെമിനാറും ജലഘോഷയാത്രയുമാണ്. സെമിനാറില്‍ ചിന്താവിഷയം കുട്ടനാട്ടില്‍ എങ്ങനെ പരമാവധി രാസവളവും കീടനാശിനിയുമൊക്കെ ഉപയോഗിച്ച് വിളവു കൂട്ടാം എന്നതായിരുന്നു. കേരളത്തിന്‍റെ സ്വന്തം വളം കമ്പനി ഫാക്ട് ആയിരുന്നു നടത്തിപ്പുകാര്‍. കുട്ടനാടിനെ വിഷമയമാക്കാന്‍ ഇത്തരം സെമിനാറുകള്‍ വഹിച്ച പങ്ക് ചില്ലറയല്ല. ഉച്ചതിരിഞ്ഞുള്ള ജലഘോഷയാത്രയില്‍ മത്സരമില്ല. വള്ളങ്ങളും തുഴക്കാരും അണിഞ്ഞൊരുങ്ങി വരും. ചങ്ങാടങ്ങളില്‍ മാവേലിയും ഫ്ലോട്ടുകളും ഒഴുകിനടക്കും. കാര്‍ഷിക പാരമ്പര്യമുള്ള ഒരുക്കത്തിനാണ് സമ്മാനം. ഒരിക്കല്‍ വെള്ളംകുളങ്ങര വള്ളത്തില്‍ നിറയെ കഥകളി രൂപങ്ങള്‍. കരയ്ക്കു നിന്നു കാരിച്ചാല്‍ക്കാരന്‍ കമന്‍റടിച്ചു ‘‘ഫാക്ട് വളമിട്ടാല്‍ കഥകളിയാണോടാ കൂവേ കിളിച്ചു വരുന്നത്’’.
ചതയദിനത്തിലെ മത്സരത്തില്‍ വള്ളക്കാര്‍ വള്ളം തുഴഞ്ഞു ജയിക്കാന്‍ പോരാടിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കരയില്‍ തല്ലി ജയിക്കാന്‍ പാടുപെട്ടു. കരയിലെ പോരിന് ഷാപ്പിലെ ‘വെള്ളം’ കരുത്തു പകര്‍ന്നു. നാട്ടിലെ വാര്‍ഷിക അടികലശല്‍ കണക്കുതീര്‍പ്പുകള്‍ അന്നു നടക്കും. ചിലപ്പോള്‍ ചില്ലറ കുത്തുംവെട്ടും വരെ. മത്സരിക്കാന്‍ വള്ളങ്ങള്‍ പലത് ഉണ്ടായിരുന്നെങ്കിലും തല്ല് മുഖ്യമായും കാരിച്ചാല്‍- പായിപ്പാട് പക്ഷം തിരിഞ്ഞ് ആയിരുന്നു. വള്ളംകളിനാളുകള്‍ അന്നത്തെ ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ കേസുകളുടെ ചാകരക്കാലമാണ്. ക്രമസമാധാനപ്രശ്നങ്ങളുടെ കാര്യത്തില്‍ സമീപ സ്റ്റേഷനുകളെ വള്ളപ്പാടിനു പിന്നിലാക്കാന്‍ ഹരിപ്പാടിനു ഇങ്ങനെ കഴിഞ്ഞിരുന്നു.
കാരിച്ചാല്‍ കടവിലെ കള്ളുഷാപ്പിന് പ്രായം നിര്‍ണയിക്കുക പ്രയാസം. കള്ള് പില്‍ക്കാലം ചാരായമായും പിന്നീടു വീണ്ടും കള്ളായും മാറിയെങ്കിലും ഷാപ്പിനു മാറ്റമില്ല. ഇടയ്ക്കു ഷാപ്പിനു പേരു കിട്ടി; ശക്തിമാന്‍! ഒരിക്കല്‍ വള്ളംകളിക്ക് ഇടയില്‍ കേട്ട പരസ്യ പ്രക്ഷേപണം: ‘‘ജലോല്‍സവം വീറുറ്റതാക്കാന്‍ സന്ദര്‍ശിക്കൂ ശക്തിമാന്‍; അടിച്ചാല്‍ യുക്തിമാനുമാകും’’.
ഓര്‍ത്തഡോക്സ്, ലത്തീന്‍, മലങ്കര പള്ളികളിലെ പെരുനാളുകളും കലയംകുളങ്ങര അമ്പലത്തിലെ കലശം വഴിപാടും കുത്തിയോട്ടവുമെല്ലാം ഓര്‍മകളുടെ സ്ക്രീനില്‍ നിറംമങ്ങാതെയുണ്ട്. ഒരിക്കല്‍ ചേട്ടന്‍ രാമചന്ദ്രന്‍ (അമ്മയുടെ അനുജത്തി ഈശ്വരിക്കുഞ്ഞമ്മയുടെ മകന്‍) വല്ലാതെ പേടിപ്പിച്ചു. കുത്തിയോട്ടത്തിനു ചൂരല്‍ മുറിയുക എന്നാല്‍ വലിയ ചൂരല്‍ മുന കൂര്‍പ്പിച്ച് കുത്തിയോട്ടക്കാരന്‍റെ പൊക്കിളിലൂടെ തുളച്ചു കയറ്റി മറുവശം തുരക്കുന്നതാണെന്നു പറഞ്ഞു. മൂന്നിലോ നാലിലോ പഠിച്ചിരുന്ന ഞാന്‍ ഇതു കേട്ടപ്പോള്‍ മുതല്‍ വിറച്ചു തുടങ്ങി. സന്ധ്യ കഴിഞ്ഞതോടെ ആധി മൂത്ത് കരച്ചിലായി. അമ്മൂമ്മ വിളിച്ച് അടുത്തിരുത്തി ആശ്വസിപ്പിച്ച് ചോദിച്ചപ്പോള്‍ മുക്കിമൂളിയും വിങ്ങിപ്പൊട്ടിയുമെല്ലാം എങ്ങനെയോ കാര്യം പറഞ്ഞു. രാമഞ്ചാട്ടന്‍ അന്നുകേട്ട വഴക്കിനു കയ്യും കണക്കുമില്ല. ചൂരല്‍ത്തുണ്ടു കൊണ്ടു ശരീരത്തില്‍ പോറുന്നതാണു സംഗതി. അമ്മൂമ്മ പറഞ്ഞ് പിറ്റേന്ന് രാക്കുഞ്ഞമ്മ അമ്പലത്തില്‍ കൊണ്ടുപോയി ചടങ്ങുകള്‍ എല്ലാം കാണിച്ചു തന്നപ്പോഴും എന്‍റെ വിറയല്‍ മാറിയിരുന്നില്ല.
ആറ്റുകടവായിരുന്നു അന്നത്തെ പ്രധാന വാര്‍ത്താവിനിമയ കേന്ദ്രം. അവിടെ നിന്നു വാര്‍ത്തകള്‍ എത്തിയിരുന്നത് മറ്റക്കാട്ടെ ചെല്ലമ്മഅമ്മ വഴിയും. ഉരല്‍പ്പുരയില്‍ അവരുടെ കഥാകഥനം ഏകാഭിനയമായി അരങ്ങുതകര്‍ക്കുമ്പോള്‍ അങ്ങോട്ടെങ്ങാന്‍ ചെന്നാല്‍ കുഞ്ഞമ്മമാര്‍ ഓടിക്കുമായിരുന്നു. എന്നിട്ടു പറയും ‘‘ആണ്‍പിള്ളേര്‍ ഉരപ്പുരേലെ കൊതീം നൊണേം കേട്ടല്ല വളരേണ്ടത്’’.
കാരിച്ചാല്‍ സുന്ദരമായ ഒരു സ്ഥലമായിരുന്നു. നാട്ടിന്‍പുറത്തിന്‍റെ എല്ലാ നന്മകകളും ( കുശുമ്പ്, ഏഷണി, അസൂയ തുടങ്ങിയ ചെറിയ തിന്മകളും) നിറഞ്ഞ കുറേ നല്ല നാടന്‍ മനുഷ്യര്‍ ജീവിച്ചിരുന്ന ഇടം. ഓരോ അവധികഴിഞ്ഞ് മടങ്ങുമ്പോഴും മനസു നൊന്തിരുന്നു. അടുത്ത അവധിക്ക് ഓടിയെത്താന്‍ വെമ്പലായിരുന്നു.
ഇരുപത്തഞ്ചു വര്‍ഷം മുന്‍പാണ് ഈ സ്വര്‍ഗം നഷ്ടമായത്. അകലെ ഉദ്യോഗസ്ഥനായിരുന്ന, അവകാശിയായ അമ്മാവന് വീടു നടത്തിക്കൊണ്ടു പോകാന്‍ പ്രയാസമായി. അന്ന് അതു വാങ്ങിയെടുക്കാന്‍ കുടുംബത്തില്‍ ആര്‍ക്കും സാഹചര്യവും ഇല്ലായിരുന്നു. അങ്ങനെ വില്‍പ്പന അനിവാര്യമായി.
വീടോഴിയുന്നതിന് രണ്ടു ദിവസം മുന്‍പ് കവുങ്ങുംപള്ളിലേക്ക് അവസാനത്തെ യാത്ര. വീടിന്‍റെ ഓരോ കോണിലും കയറിയിറങ്ങി. പറമ്പിലാകെ നടന്നു. നെഞ്ചില്‍ വലിയ ഭാരം. തെക്കേപ്പുരയിലെ പെട്ടിയില്‍ ഇരുന്ന കണ്ണശരാമായണത്തിന്‍റെ താളിയോലക്കെട്ടു ഞാന്‍ ചോദിച്ചിരുന്നു. അതുമെടുത്ത് ഇറങ്ങുമ്പോള്‍ അമ്മൂമ്മയും കുഞ്ഞമ്മമാരും കരയുകയായിരുന്നു. എന്‍റെ യാത്രപറച്ചില്‍ തൊണ്ടയില്‍ കുരുങ്ങി; പുറത്തേക്കു വന്നില്ല. പത്താംക്ലാസുകാരന്‍റെ നെഞ്ചിലമര്‍ന്നു പോയ കരച്ചില്‍ ഇന്നും എന്‍റെ ഉള്ളിലുണ്ട്.
പിന്നെ കുറേക്കാലം വള്ളംകളിക്കൊന്നും പോയില്ല. ബിഎസ്സി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ വീണ്ടും ഒന്നു പോയി. അപ്പോഴേക്കും കവുങ്ങുംപള്ളില്‍ തറവാട് പൊളിച്ച് പുരയിടത്തില്‍ രണ്ടോമൂന്നോ വലിയ വീടുകള്‍ ഉയര്‍ന്നിരുന്നു. പിന്നീട് വല്ലപ്പോഴും കാരിച്ചാല്‍ വഴി പോയാലും ഞാന്‍ അങ്ങോട്ടേക്ക് നോക്കാതെയായി.
ജോലിയോക്കെ കിട്ടിക്കഴിഞ്ഞ് കാരിച്ചാലില്‍ എവിടെയെങ്കിലും കുറച്ച് ഭൂമി വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നഷ്ടപ്പെട്ട ജന്മദേശത്തേക്ക് അതിഥിയെ പോലൊരു മടങ്ങിവരവു വേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. മനസില്‍ ആ മനോഹര ഗ്രാമം സദാ നിറഞ്ഞു നില്‍ക്കുമ്പോള്‍ അവിടെയൊരു ഒരുതുണ്ട് ഭൂമി ഇനി എന്തിന്? എനിക്ക് ഈ ഓര്‍മകള്‍ മാത്രം മതി.
dukhikkunna kodeeshvaran allaaththathu bhaagyam! നിഷേധി എന്ന ‘ബഹുമതി’ വഹിച്ചുകൊണ്ടേയിരിക്കുക
ReplyDeleteനല്ല വായന
ReplyDelete