ധന്വന്തരം മണക്കുന്ന
പിറന്നാള്‍ സമ്മാനം
അങ്ങനെ അപ്രതീക്ഷിതമായി ഒരു ഹര്‍ത്താല്‍. ഇന്ന് സുനിതയെ ഹൈക്കോടതിയില്‍ വിട്ടിട്ടു
തിരികെ വരുമ്പോള്‍ മേനകയില്‍നിന്ന് ഒരു പരിചയക്കാരന് റയില്‍വേ സ്റ്റേഷനിലേക്ക്
ലിഫ്റ്റ് ചോദിച്ചു. രമേഷിനെ സ്റ്റേഷനില്‍ ഇറക്കി സ്കൂട്ടര്‍ തിരിക്കുമ്പോഴാണ്
60-65 വയസുള്ള ഒരമ്മ ചോദിച്ചത് ‘‘വൈറ്റില
വഴിക്കാണോ?’’
അതേ എന്ന മറുപടിക്ക് ഒപ്പം എത്തി അടുത്ത ചോദ്യം. ‘‘എന്നെ അവിടം വരെ ഒന്നു വിടാമോ?’’ ആ അമ്മ ചെന്നൈ ആലപ്പുഴ ട്രെയിനില്‍ വന്നതാണ്.
മുളംതുരുത്തിക്കു സപീപമുള്ള സ്ഥലത്തെ കുടുംബ വീട്ടില്‍ പോകണം. വൈറ്റിലയില്‍ ചെന്നാല്‍
ഏതേലും വാഹനം കിട്ടുമെന്ന് ആരോ ഉപദേശിച്ചതാണ് എന്നോടുള്ള ചോദ്യത്തിന് അടിസ്ഥാനം.
വിധവയാണ്. മകളോടൊപ്പം ഇപ്പോള്‍ ചെന്നൈയില്‍ താമസം. നാട്ടിലെ വീട്ടില്‍
90 വയസുള്ള അമ്മയുണ്ട്. ആ അമ്മയ്ക്കു സുഖമില്ല എന്നറിഞ്ഞ് വരികയാണ്.
കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനിലേക്കു വരാന്‍ വീട്ടിലോ ബന്ധുക്കളുടെ കൂട്ടത്തിലോ
ആരുമില്ല. നാട്ടിലെ ഒരു ഓട്ടോക്കാരനോട് പറഞ്ഞപ്പോള്‍ ഹര്‍ത്താല്‍ തീരുന്ന വൈകിട്ട്
ആറുമണി വരെ സ്റ്റഷനില്‍ ഇരുന്നാല്‍ പിന്നെ വന്നു കൂട്ടിക്കൊണ്ടു പോകാം
എന്നായിരുന്നു മറുപടി. അതിനുള്ള പ്രയാസമാണ് അവരെക്കൊണ്ടു ലിഫ്റ്റ് ചോദിപ്പിച്ചത്.
കയ്യില്‍ സാമാന്യം വലിയ ഒരു ബാഗും ഉണ്ട്. അമ്മയ്ക്ക്
സ്കൂട്ടറില്‍ ഇരുന്നു ശീലമുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ‘‘പത്തു പതിനഞ്ചു കൊല്ലമായി.
ചേട്ടന് (ഭര്‍ത്താവിന്) വണ്ടി ഉണ്ടായിരുന്നപ്പോള്‍ കയറിയിട്ടുണ്ട്. പിന്നെ ഇല്ല.
ചിലപ്പോ തലകറങ്ങുമോ എന്ന പേടിയും ഉണ്ട്’’
അല്‍പ്പമൊരു ശങ്ക തോന്നിയെങ്കിലും ഞാനവരെ വണ്ടിയില്‍ കൊണ്ടുപോകാന്‍
തന്നെ തീരുമാനിച്ചു. അപ്പോള്‍ ചെന്നൈയിലെ മകളുടെ ഫോണ്‍. അപരിചിതനായ ഒരാളോടൊപ്പം
അമ്മ സ്കൂട്ടറില്‍ അത്ര ദൂരം പോകുന്നതിലെ ആശങ്ക. ഞാന്‍ അവരോട് സംസാരിച്ചു. ആരാണ്
എന്താണ് എന്നതിനൊക്കെ മറുപടി നല്‍കിയിട്ടും അവര്‍ പറഞ്ഞു ‘‘ഞാന്‍ വിശ്വസിക്കുന്നു; അമ്മയ്ക്ക് അപകടമൊന്നും
വരുത്തല്ലേ.’’
വൈറ്റിലയില്‍നിന്നു വാഹനമൊന്നും കിട്ടില്ലെന്ന സത്യം ഞാന്‍ അമ്മയോടു
പറഞ്ഞു. അമ്മ ധൈര്യമായി ഇരുന്നാല്‍ വീട്ടില്‍ത്തന്നെ കൊണ്ടു വിടാമെന്നും. ‘‘അമ്മച്ചി
ധൈര്യമായി പോന്നേ. ഞങ്ങള്‍ക്കും അറിയാവുന്ന സാറാ. ഉടനേ വേറെ വണ്ടിയൊന്നും ഇനി
കിട്ടില്ല.’’ പൊലീസ് എയ്ഡ് പോസ്റ്റിലെ എന്റെ പരിചയക്കാരനായ
പൊലീസുകാരന് അജിത്തിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അമ്മ യാത്രയക്കു തയാറായി. ബാഗ്
വണ്ടിയുടെ മുന്‍വശത്തെ പ്ലാറ്റ് ഫോമില്‍ കുത്തനെ വച്ചു. എല്ലാ ദൈവങ്ങളെയും
വിളിച്ച് അവര്‍ പിന്‍സീറ്റില്‍ കയറി ഇരുന്നു. ഞങ്ങള്‍ യാത്ര തുടങ്ങി. ‘‘ഒരുപാട് വേഗം പോകല്ലേ മോനേ’’ എന്നൊരു അപേക്ഷ കൂടി
ഉണ്ടായിരുന്നു.
പ്രതീക്ഷിച്ച പോലെ വൈറ്റില ജങ്ഷന് ശൂന്യമായിരുന്നു. യാത്ര
മുന്നോട്ട്. റോഡില്‍ തിരക്കേ ഉണ്ടായിരുന്നില്ല. വേഗം കുറവെങ്കിലും സുഗമമായ യാത്ര.
തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു. ‘‘ചെറുതായി തല കറങ്ങുന്നു മോനേ. വണ്ടി ഒന്നു നിര്‍ത്താമോ?’’ വാഹനം തണലില്‍ ഒതുക്കി നിര്‍ത്തി.
അടുത്ത കടത്തിണ്ണയിലെ തൂണില്‍ചാരി അവര്‍ ഇരുന്നു. മൂന്നിലൊന്നു ദൂരമേ
പിന്നിട്ടിട്ടുള്ളൂ എങ്കിലും എനിക്കു പേടിയൊന്നും തോന്നിയില്ല. കാരണം
വീട്ടിലെത്താനുള്ള നിശ്ചയദാര്‍ഢ്യം ആ അമ്മയുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.
അല്‍പ്പസമയം കഴിഞ്ഞു. സൈക്കിളില്‍ചായ വില്ക്കാന് നടക്കുന്ന
ഒരാള്‍ അതു വഴി വന്നു. രണ്ടു ചായ വാങ്ങി. ആദ്യം മടിച്ചെങ്കിലും അവരത് കുടിച്ചു.
അല്‍പ്പസമയം കൂടി കഴിഞ്ഞപ്പോള്‍ ‘‘ഇനി
പോകാം’’ എന്നായി
അമ്മ. വീണ്ടും യാത്ര. 20 മിനിറ്റു കൊണ്ട്
ഞങ്ങള്‍ അവരുടെ വീട്ടിലെത്തി. അവിടെ അമ്മയുടെ അമ്മയും സഹോദര ഭാര്യയും ഒരു
ഹോംനഴ്സുമായിരുന്നു ഉണ്ടായിരുന്നത്.
വലിയ പ്രയാസമില്ലാതെ വീടെത്തിയതില്‍ അവരെല്ലാം സന്തോഷിച്ചു. ആ
അമ്മ ഔപചാരികമായ ഒരു നന്ദി പ്രകടനത്തിന് മുതിരാതിരുന്നത് എന്നെയും ഏറെ
സന്തോഷിപ്പിച്ചു. അവര്‍ തന്ന നാടന്‍ പഴവും ചായയും കഴിച്ച് തിരിച്ചിറങ്ങുമ്പോഴാണ് ആ
വീട്ടിലെ വലിയ അമ്മ എന്നെ അടുത്തേക്കു വിളിച്ചത്. വിറയ്ക്കുന്ന കൈകള്‍ എന്റെ
തോളില്‍ അമര്‍ത്തിപ്പിടിച്ച് എന്റെ നെറ്റിയില്‍ ഒരുമ്മ. ആ അമ്മയ്ക്ക് ഏതോ ആയുര്‍ വേദ
തൈലത്തിന്റെ മണമുണ്ടായിരുന്നു. എനിക്ക് പെട്ടെന്ന് എന്റെ അമ്മൂമ്മയെ ആണ് ഓര്മ വന്നത്.
അതേ.. അത് ധന്വന്തരം തൈലത്തിന്റെ ഗന്ധമായിരുന്നു. ഞാന്‍ അത് ചോദിച്ചത് വലിയ സന്തോഷമായി.
ആ വകയില്‍ ഒരു സ്പെഷല്‍ ഉമ്മ കൂടി. ‘‘എന്നാ മോന് പോയിട്ടു വാ’’ എന്ന യാത്രാമൊഴിയും.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്റെ കണ്ണുകള്‍ നിറഞ്ഞു.
ഇന്നെന്റെ പിറന്നാളാണ്. കര്‍ക്കടകത്തിലെ തിരുവോണം. മുന്നറിയിപ്പില്ലാതെ വന്ന ഹര്‍ത്താല്‍
കാരണം എനിക്കു മറക്കാനാകാത്ത ഒരു പിറന്നാള്‍ സമ്മാനം കിട്ടി. ധന്വന്തരം മണക്കുന്ന സ്നേഹം.
രാവിലെ രവിപുരത്തെ ഉണ്ണിക്കണ്ണനെ മുഴുക്കാപ്പ് ചാര്‍ത്തി കണ്ടതിലും എത്ര സുന്ദരമായ
അനുഭവമാണിത്!
മടക്കയാത്രയിലെ പതിനെട്ടു കിലോമീറ്റര്‍ ദൂരം പിന്നിട്ടത് ഞാന്‍
അറിഞ്ഞതേയില്ല. ഓര്‍മകളിലെ ധന്വന്തരത്തിന് അത്ര നല്ല സുഗന്ധമായിരുന്നു.
what a touching rea exp hari
ReplyDeleteജീവിതത്തില്‍ നാ അറിയാത്ത ആളുകള്‍ നമ്മുടെ നന്മയെ ഓര്‍ത്തു പ്രാര്‍ഥിക്കുന്നത് നമുക്ക് കിട്ടാവുന്ന വലിയ ഒരു അനുഗ്രഹം ആണ് . ബന്ദു നടത്തുന്നവര്‍ക്കും അത് വിജയിപ്പിക്കുന്നവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടായിരിക്കും . പക്ഷെ അത് കൊണ്ട് പരാജയപ്പെടുന്നവരെ ആരും ഓര്‍ക്കാറില്ല എന്ന് മാത്രം .
ReplyDeleteമനസ്സ് എന്നത് വലിയൊരു സംഭവമാണ്. അത് ഉണ്ടാവുക എന്നത് അതിനേക്കാള്‍ വലിയ സംഭവമാണ്..!
ReplyDeleteNice ... thank you sir for reminding that incomparable feeling, Grandma and the smell of her legs with massage oil… so ‘hartal’ is not that bad …
ReplyDeleteഹരീ,
ReplyDeleteഒത്തിരി നന്ദി. ഇതെഴുതിയതിന്.
എന്റെയമ്മ വഴിയില്പെട്ടാലും ഒരു ഹരി ഒരിടത്തുണ്ടാവുമെന്ന ഒരു ധൈര്യം.
ഒരുപാട് അമ്മമാര്‍ക്ക് ഒരു മകനാകാന്‍ കഴിയണേയെന്ന പ്രാര്‍ത്ഥന
LG, Life's Good
vayichappol valare santhosham thonni...thank you
ReplyDeleteവളരെ ഹൃദയ സ്പർശിയായ കഥ
ReplyDeleteസാറിനെ കാണാന്‍ തോന്നണൂ ഇതു വായിച്ചപ്പോ
ReplyDeleteEnjoyed reading. agree with what Dr RVG Menon commented on ur writing, which was posted in FEC:
ReplyDeleteഇവരോക്കെയുള്ളതുകൊണ്ടാണ് ഭൂമി കറങ്ങുന്നത്.
ആര് വി ജി
നല്ല കാര്യങ്ങളെക്കുറിച്ച് വാചകമടിക്കാന്‍ ഒത്തിരിയാളുകളുണ്ടാകും. പക്ഷേ അത് ചെയ്ത് കാണിക്കാന്‍ ഹരിയെപ്പോലെ വളരെ കുറച്ചാളുകളേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങിനെ കുറച്ചുപേരുള്ളതുകൊണ്ടാണ് ഈ പ്രപഞ്ചം തന്നെ നിലനില്‍ക്കുന്നത്. ഹരിക്ക് എന്നും നല്ലത് വരട്ടെ..ആശംസകള്‍.
ReplyDeleteVery touching Hari.
ReplyDeleteA little far fetched but this reminds me of a Beatle song ' a stranger is just a friend you do not know'
thanks
ഹരി ..ഇത് വായിച്ചപ്പോള്‍ തോന്നുന്നു ഇടയ്ക്കു ഹര്‍ത്താല്‍ വരുന്നത് നല്ലതാണെന്ന്. ആ ധന്വന്തരത്തിന്റെ മണം ഞാനും അറിയുന്നു ഈ വരികളിലൂടെ ...
ReplyDelete