കണ്ണൂര്‍ സെന്‍റ് ആഞ്ചലോ കോട്ടയുടെ പിന്നില്‍ കടലോരത്ത് നിരനിരയായി നല്‍ക്കുന്ന വയസന്‍ കാറ്റാടി മരങ്ങള്‍ക്കു താഴെ ചിന്താമഗ്നനായി ഇരിക്കുകയാണ് പപ്പേട്ടന്‍; മലയാള കഥാ ലോകത്തെ കാലഭൈരവനായ ടി. പത്മനാഭന്‍. 1996-ല്‍ ഞായറാഴ്ചപ്പതിപ്പിനു വേണ്ടി നടത്തിയ ദീര്‍ഘ സംഭാഷണത്തിലായിരുന്നു ഞങ്ങള്‍.
ആ കാറ്റാടി മരങ്ങള്‍ക്കു ചുവട്ടില്‍ നിന്നാണ് പ്രത്യാശ എന്ന മഹത്തായ സന്ദേശത്തിന്‍റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി മലയാള കഥയിലേക്ക് ഒരിളം കാറ്റുപോലെ കടന്നു വന്നത്. അവളുടെ കഥാകാരന്‍ ക്ഷിപ്രകോപിയാണ്. നല്ല അടുപ്പമുണ്ടെങ്കിലും ചെറിയ ഭയം തോന്നി. എന്‍റെ ചോദ്യത്തിനു മറുപടി പറയാതെ ഏറെ നേരമായി എന്നതാണ് എന്‍റെ അസ്വസ്ഥതയ്ക്കു കാരണം.
വ്യക്തിപരമായി അടുപ്പമുള്ളവരുമായി നടത്തുന്ന അഭിമുഖങ്ങളില്‍ പലപ്പോഴും ജേണലിസ്റ്റിക് അല്ലാത്ത വര്‍ത്തമാനങ്ങള്‍ ഉണ്ടാകാറുണ്ട്. പത്രത്താളുകളില്‍ അച്ചടിച്ചു വരാത്ത അത്തരം ആശയവിനിമയങ്ങളില്‍ അടുപ്പത്തിന്‍റെയും പരസ്പരവിശ്വാസത്തിന്‍റെയും കയ്യൊപ്പുണ്ടാകും.
ഒരു കഥ എഴുതിക്കഴിയുമ്പോള്‍ മനസിനു തോന്നുന്ന ലാഘവത്വത്തെ കുറിച്ച് പപ്പേട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. പെട്ടെന്നു തോന്നിയ ചോദ്യം ‘‘ആ ലാഘവത്വം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട കഥ ഏത്?’’ എന്നായിരുന്നു. അപ്പോഴാണ് കഥാകാരന്‍റെ ദീര്‍ഘ മൗനം. എന്‍റെ സംശയം ഒരു എഴുത്തുകാരനെ സംബന്ധിച്ച് അസംബന്ധമാണ്. 10 മക്കളെ പെറ്റ ഒരമ്മയോട് ഏതു പ്രസവം കഴിഞ്ഞാണ് കൂടുതല്‍ ആശ്വാസം തോന്നിയത് എന്നു ചോദിക്കും പോലെ ഒരു മണ്ടത്തരം.
മൗനം മുറിഞ്ഞു. പപ്പേട്ടന്‍ ഒന്നല്ല ഒരുപാട് കഥകളെ കുറിച്ചു പറഞ്ഞു. സാക്ഷിയും കടലും ഗൗരിയും വീടു നഷ്ടപ്പെട്ട കുട്ടിയും കടയനെല്ലൂരിലെ ഒരു സ്ത്രീയും സുനന്ദയുടെ അച്ഛനും കാലഭൈരവനും പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയും ശേഖൂട്ടിയും ആത്മാവിന്‍റെ മുറിവുകളും അമ്മയും മഖന്‍സിങ്ങിന്‍റെ മരണവും കത്തുന്ന ഒരു രഥചക്രവും ഒക്കെ പരാമര്‍ശിക്കപ്പെട്ടു. എങ്കിലും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു പേര് ആ നാവില്‍ നിന്ന് വന്നില്ല. ചോദിക്കേണ്ടി വന്നു ‘‘അപ്പോള്‍ നിധിചാല സുഖമാ?’’ കഥാകാരന്‍റെ മുഖത്ത് പെട്ടെന്ന് പുഞ്ചിരിയുടെ പ്രകാശം പരന്നു.
‘‘ഹരി അത് ചോദിക്കുമോ എന്നു നോക്കിയതാണ്. എനക്ക് ഏറ്റവും സന്തോഷം തന്ന കഥ; അല്ല കഥകളില്‍ ഒന്ന്’’ ആ മറുപടി എന്നെ പൊട്ടിച്ചിരിപ്പിച്ചു. പിന്നെ പപ്പേട്ടന്‍ തന്‍റെ ഫാക്ട് ഉദ്യോഗകാലത്തെ ഓര്‍മകളിലേക്കു മടങ്ങി. ആ സായാഹ്നത്തില്‍ ഞങ്ങള്‍ക്ക് ഇടയില്‍ രാമനാഥന്‍റെ അദൃശ്യ സാന്നിധ്യം ഞാനറിഞ്ഞു.
‘നിധി ചാല സുഖമാ’ അടക്കമുള്ള ഏതാനും പദ്മനാഭന്‍ കഥകള്‍ ഫാക്ടിലെ അന്തരീക്ഷം അനുഭവപ്പെടുന്നവയാണ്. പക്ഷേ ഈ കഥ വ്യത്യസ്തമാണ്. ഇതിനു തഞ്ചാവൂരിലെ അതി വിസ്തൃതമായ നെല്‍വയലുകളുടെ സൗന്ദര്യമുണ്ട്. ത്യാഗരാജസ്വാമികളുടെ സംഗീത മാധുര്യമുണ്ട്. ആത്മസംഘര്‍ഷത്തിന്‍റെ നിഴലുണ്ടെങ്കിലും നിസ്വാര്‍ഥമായ ജീവിതത്തിന്‍റെ ശാന്തതയുണ്ട്. ജീവിതത്തിന് ഏറ്റവും ലളിതമായ അര്‍ഥം കണ്ടെത്തുന്നവരുടെ നൈര്‍മല്യമുണ്ട്.
കഥയിലെ നായകനാണ് രാമനാഥന്‍. വലിയൊരു കമ്പനിയിലേക്ക് ക്ഷണിച്ചു വരുത്തപ്പെട്ട അതിവിദഗ്ധനായ മെക്കാനിക്കല്‍ എന്‍ജിനീയര്‍. അദ്ദേഹം നിസ്വനായിരുന്നു. സാത്വികനായിരുന്നു. തികഞ്ഞ പ്രഫഷനല്‍ എന്ന് ഖ്യാതി നേടിയ ആള്‍. വിദേശ പരിശീലനം നേടിയിട്ടും ലോകബാങ്ക് അടക്കമുള്ള വലിയ ഓഫറുകളിലൊന്നും സ്വീകരിക്കാതെ നാട്ടിലേക്കു മടങ്ങി. പണം ജീവിക്കാന്‍ മാത്രം ആവശ്യമുള്ളതെന്നു കരുതി. തന്‍റെ അറിവ് ചെറുപ്പക്കാരായ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു. അവരെ പ്രോത്സാഹിപ്പിച്ചു. ഒഴിവു വേളകളില്‍ പുസ്തകങ്ങള്‍ വായിച്ചു. കര്‍ണാടക സംഗീതം ആസ്വദിച്ചു.
ഇല്ലാതെ പോയ കുടുംബജീവിതത്തെകുറിച്ച് ആശങ്കപ്പെട്ടില്ല. ജോലി ചെയ്ത സ്ഥാപനത്തിലെ ചില തീരുമാനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെവന്നപ്പോള്‍ കരാര്‍ കലാവധിക്കും മുന്‍പ് രാജിവച്ച് പോയി. അയവില്ലാത്ത നയങ്ങളും കര്‍ക്കശ നിലപാടുകളും കാരണം കമ്പനി മേലാളന്മാര്‍ക്ക് രാമനാഥന്‍ കണ്ണിലെ കരട് ആയിരുന്നു. പക്ഷേ കൂടെ ജോലിചെയ്ത ചെറുപ്പക്കാര്‍ക്ക് അദ്ദേഹം ആരാധനാപാത്രമായിരുന്നു. ഏറെ നാളുകള്‍ക്കുശേഷം സ്ഥാപനത്തിന്‍റെയും തൊഴിലാളികളുടെയും നിലനില്‍പ്പിനെ പോലും ബാധിച്ചേക്കാവുന്ന അതീവ ഗുരുതരമായ ഒരു സാങ്കേതിക പ്രതിസന്ധിയില്‍ പഴയ കമ്പനി രാമനാഥന്‍റെ സഹായം തേടുന്നതും അദ്ദേഹത്തിന്‍റെ ഉപദേശം ഫലപ്രദമാകുന്നതും അതിനു ലഭിക്കുന്ന കനത്തപ്രതിഫലത്തെ നിരസിച്ച് തന്‍റേതു മാത്രമായ ഒരുലോകത്തേക്ക് രാമനാഥന്‍ ഉള്‍വലിയുന്നതുമാണ് ‘നിധി ചാല സുഖമാ’ യുടെ രത്നച്ചുരുക്കം.
പഴയ സഹപ്രവര്‍ത്തകനായ കുമാര്‍ എന്ന എന്‍ജിനീയര്‍ രാമനാഥനെ വീണ്ടും കണ്ടെത്തുമ്പോള്‍ അദ്ദേഹം മദ്രാസിലെ പാരീസ് കോര്‍ണറില്‍ സുഹൃത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കടയില്‍ പകരക്കാരനായി ഇരിക്കുകയായിരുന്നു; ഇന്ത്യയിലും വിദേശത്തും പേരെടുത്ത മെക്കാനിക്കല്‍ എന്‍ജിനീയര്‍ രാമനാഥന്‍! പപ്പേട്ടന്‍ തന്‍റെ കഥാപാത്രത്തെ കുറിച്ചു പറഞ്ഞ ഒരു വാചകമുണ്ട്: രാമനാഥനെ ഏറ്റവും മനസിലാക്കിയതും അംഗീകരിച്ചതും രാമനാഥന്‍ തന്നെയായിരുന്നു, അതുകൊണ്ട് രാമനാഥന് ജീവിതത്തില്‍ പൂര്‍ണ സംതൃപ്തിയും ഉണ്ടായിരുന്നു.
സിലിണ്ടര്‍ പൊട്ടിയ, മൂവായിരം കുതിരശേഷിയുള്ള കംപ്രസറിന്‍റെ കുഴപ്പം പിടിച്ച വെല്‍ഡിങ്ങും നിസംഗതയോടെ ജീവിതത്തെ കാണുന്ന ഒരു മഹാപ്രതിഭയുടെ മനസും ത്യാഗരാജ സ്വാമികളുടെ തത്വചിന്ത നിറഞ്ഞു നില്‍ക്കുന്ന കല്യാണി രാഗ കൃതിയും ഇങ്ങനെ മനോഹരമായി ഇഴചേര്‍ക്കാന്‍ പപ്പേട്ടനല്ലാതെ മറ്റാര്‍ക്കു കഴിയും? ‘നിധിചാല സുഖമാ’ യില്‍
തനിക്കുമാത്രം കഴിയുന്ന അനിതരസാധാരണമായ ആഖ്യാനപാടവത്തിലൂടെ ടി. പത്മനാഭന്‍ എന്‍റെ മനസില്‍ വരച്ചത് അതിമനോഹരമായ ഒരു തഞ്ചാവൂര്‍ ചുവര്‍ചിത്രം തന്നെയാണ്. അവിടെ രാമനാഥന്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു; എന്നും എപ്പോഴും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കഥയുടെ ആദ്യ വായനയില്‍ തന്നെ ഞാന്‍ രാമനാഥന്‍റെ ആരാധകനായി മാറിയിരുന്നു. ആരെയും ഭയപ്പെടാതിരുന്ന, ആരുടെ മുന്നിലും ഓച്ഛാനിച്ചു നില്‍ക്കാതിരുന്ന, പറയേണ്ടത് എവിടെയും വെട്ടിത്തുറന്നു പറഞ്ഞിരിരുന്ന പരുക്കനായ രാനാഥന്‍. രാമനാഥനില്‍ ഞാന്‍ പലപ്പോഴും പപ്പേട്ടനെത്തന്നെ കണ്ടിട്ടുണ്ട്.
കഥ വായിക്കും മുന്‍പേ കേട്ടു പരിചയപ്പെട്ടതാണ് ‘‘നിധിചാല സുഖമാ’’ എന്ന കൃതിയെ. തന്നെ സ്തുതിച്ചു കീര്‍ത്തനമെഴുതണമെന്ന ആവശ്യവുമായി ത്യാഗരാജ സ്വാമികളുടെ അടുത്തേക്ക് സേവകരെ പറഞ്ഞയച്ച രാജാവിനു കിട്ടിയ ചുട്ട മറുപടിയാണത്രേ ആ ഗംഭീര കീര്‍ത്തനം.
തെലുങ്ക് ഭാഷയിലുള്ള കീര്‍ത്തനത്തിന്‍റെ സാരാംശം മനസിലാക്കിയപ്പോഴാണ് അതിന്‍റെ മാഹാത്മ്യം പൂര്‍ണ അര്‍ഥത്തില്‍ ഗ്രഹിക്കാനായത്. ത്യാഗരാജസ്വാമികള്‍ കൃതിയിലൂടെ ചോദിക്കുകയാണ്:
‘‘മനസേ.. ധനവും സമ്പത്തും വാരിക്കൂട്ടുക അല്ലെങ്കില്‍ ഭഗവാന്‍ ശ്രീരാമനെ സേവിക്കാന്‍ ഒരവസരം ലഭിക്കുക; ഇതില്‍ ഏതാണ് മെച്ചമായതെന്ന് തുറന്നു പറയൂ.
പാല്, നെയ്യ്, തൈര് എന്നിവ ഒരു ഭാഗത്തും ശ്രീരാമ ധ്യാനവും പൂജയുമാകുന്ന അമൃത് മറുഭാഗത്തും; ഏതാണ് വിശിഷ്ടമായത്?
പരിശുദ്ധ ഗംഗാ സ്നാനം പോലെ മോഹങ്ങളോട് ആത്മനിയന്ത്രണം പാലിക്കുന്നതോ ചേറും ദുര്‍ഗന്ധവുമുള്ള കിണര്‍ വെള്ളത്തില്‍ കുളിക്കും പോലെ സംസാര സുഖങ്ങളില്‍ മുഴുകി കഴിയുന്നതോ; ഏതാണ് സുഖം?
അഹങ്കാരം, വഞ്ചന എന്നിവയില്‍ മദിച്ചു ചീര്‍ത്ത മനുഷ്യര്‍ക്കു മുഖസ്തുതി പാടുന്നതോ അതോ ത്യാഗരാജനെ പോലുള്ളവര്‍ ചെയ്യുന്നതുപോലെ കരുണാമയനായ ഭഗവാനെ സ്തുതിച്ചു പാടുന്നതോ അഭികാമ്യം’’ എത്ര ഉദാത്തമായ ചിന്തകള്‍.
ഇതു തന്നെയല്ലേ തഞ്ചാവൂരുകാരനായ രാമനാഥന്‍റെ മനോഭാവവും. അപ്പോള്‍ ഞാനെങ്ങനെ പരുക്കനായ അയാളെയും അതേ പ്രകൃതക്കാരനായ അയാളുടെ കഥാകാരനെയും സ്നേഹിക്കാതിരിക്കും?
കമ്പനി നല്‍കിയ കനത്ത പ്രതിഫലം നിരസിച്ച രാമനാഥന്‍റെ അടുത്തുനിന്ന് നിരാശനായ കുമാര്‍ യാത്രപറയുമ്പോള്‍ കഥ അവസാനിക്കുന്നത് ഇങ്ങനെ: ‘‘അയാള്‍ക്ക് നിശ്ചയമില്ലാത്ത ഏതോ ഒരു കര്‍ണാടക രാഗത്തിന്‍റെ മധുരമായ അലകള്‍ രാമാഥന്‍റെ മുറിയില്‍ നിന്നു പുറത്തുവരുന്നുണ്ടായിരുന്നു.’’
എനിക്ക് ഉറപ്പാണ്. അത് കല്യാണി രാഗമാണ്. ചാപ്പ് താളം.
ഈ മുറിയിലും ഇപ്പോള്‍ ആ കീര്‍ത്തനം കേള്‍ക്കാം. തേച്ചുമിനുക്കിയെടുത്ത സുന്ദര ശബ്ദത്തില്‍ എനിക്കായി പാടുന്നത് മഹാരാജപുരം സന്താനം.
‘‘മമതാ ബന്ധന യുത നരസ്തുതി സുഖമാ?
സുമതി ത്യാഗരാജ നുതുനി കീര്‍ത്തന സുഖമാ? (നിധിചാല..)’’
ഓരോ തവണ ഇതു കേള്‍ക്കുമ്പോഴും രാമനാഥനോട് ഞാന്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്. എന്‍റെ മനസിലേക്ക് രാമനാഥനെ പറഞ്ഞുവിട്ട പ്രിയപ്പെട്ട പപ്പേട്ടനോട് ഞാനെങ്ങനെ നന്ദി പറയും?.