Tuesday, July 3, 2012

സഹയാത്രിക.. (കുമളി- കട്ടപ്പന)


(ബ്ലോഗ് മുടങ്ങിയിട്ട് ഇപ്പോള്‍ എട്ടു മാസത്തോളമായി. 
ഒരു പുനരാരംഭം ആകാം എന്നു കരുതി. )


സഹയാത്രിക.. (കുമളി- കട്ടപ്പന)

കൊല്ലം പത്തു പതിമൂന്നു  കഴിയുന്നു. നല്ലൊരു മഴക്കാലത്ത് തേക്കടി ഉള്‍ക്കാട്ടില്‍ രണ്ടു ദിവസം  മഴ കണ്ട് മതിയാവാതെ എറണാകുളത്തേക്കുള്ള മടക്കം. കുമളിയില്‍ നിന്നു പുളിയന്മല, കട്ടപ്പന വഴി കോതമംഗലത്തേക്കു പോകുന്ന ബസാണ് കിട്ടിയത്. അത്യാവശ്യം തിരക്കും ഉണ്ടായിരുന്നു.
എവിടെ വരെ നില്‍ക്കേണ്ടി വരും എന്ന ശങ്കയില്‍ മുന്നോട്ടു നീങ്ങുമ്പോള്‍ രണ്ടു പേര്‍ക്കുള്ള ജനറല്‍ സീറ്റില്‍ ഒരു സ്ത്രീ മാത്രം. നില്‍ക്കുന്നവര്‍ ഒന്നും ബാക്കിയിടത്ത് ഇരിക്കുന്നില്ല. ഇനി കൂടെയുള്ള ആള്‍ എന്തേലും വാങ്ങാന്‍ പോയതാണോ എന്നു ശങ്കിച്ചെങ്കിലും ഹൈറേഞ്ചിലൂടെ ദീര്‍ഘ ദൂരം നിന്നു യാത്ര ചെയ്യുന്നതിലുള്ള പ്രയാസം ആലോചിച്ച് ഞാന്‍ മടിച്ചു മടിച്ച് അവരോട് ചോദിച്ചു. ‘‘ ഇവിടെ ആളുണ്ടോ?’’
ഇല്ല എന്ന മറുപടിയുമായി അവര്‍ അല്‍പ്പം നീങ്ങിയിരുന്നു. ആശ്വാസത്തോടെ ഞാനവിടെ ഇരുന്നു.
ഷോള്‍ഡര്‍ ബാഗ് ലഗേജ് റാക്കില്‍ വച്ച് ഞാന്‍ ഇരിപ്പ് ഉറപ്പിക്കുമ്പോള്‍ മുന്നില്‍ നിന്നൊരു കമന്‍റ് ‘‘ങാ.. അപ്പോ കൂട്ടായി...’’. തീര്‍ന്നില്ല .. അടുത്തുള്ള സീറ്റുകളില്‍ ഇരിക്കുകയും  അങ്ങിങ്ങ് നില്ക്കുകയും ചെയ്തിരുന്നവര്‍ എന്തോ വിചിത്ര ജന്തുവിനെപ്പോലെ എന്നെ നോക്കി. ചില്ലറ കുശുകുശുപ്പുകള്‍. പെട്ടെന്ന് ഒരാള്‍ ചോദിച്ചു. ‘‘ഇവിടെങ്ങും ഒള്ള ആളല്ല.. ല്ല്യോ?’’ എറണാകുളത്തു നിന്നാണ് എന്നു ഞാന്‍ പറഞ്ഞു തീരും മുന്‍പ് അദ്ദേഹം എന്നെ അടുത്തേക്കു വിളിച്ചു. ‘‘അതേ...  അടുത്തിരിക്കുന്ന സാധനം ഏതെന്ന് അറിയാമോ? കട്ടപ്പന .......... എന്നു പറയും. ഹൈറേഞ്ചിലെ പര ........യാ.’’
‘‘അതിന് എനിക്കെന്താ’’ എന്‍റെ സംശയം. ‘‘അവടെ അടുത്ത് ഇരിക്കുന്നത് ശരിയല്ല.’’ കോതമംഗതലം വരെ പോകേണ്ട എനിക്ക് ഇരിക്കാന്‍ ചേട്ടന്‍റെ സീറ്റ് ഇങ്ങു തന്നേരെ. മാറി ഇരുന്നോളാം എന്നു ഞാന്‍. ചേട്ടനു മറുപടിയില്ല. അപ്പോള്‍ അടുത്തിരുന്ന ഒരു പാഷാണം ഇടപെടുകയായി. ‘‘ ഓ ചെലര്‍ക്ക് ഇവളുമാരുടെ മണമടിച്ചാലേ ഇരുപ്പുവരൂ.’’ ശബ്ദം കൊണ്ട് ആദ്യത്തെ കമന്‍റും അവന്‍റേതാണെന്നു മനസിലായി. ‘‘ഞാന്‍ ആ സ്ത്രീയുടെ അടുത്ത് ബസില്‍ ഇരിക്കുകയല്ലേ, അല്ലാതെ കിടക്കുകയല്ലല്ലോ? താന്‍ തന്‍റെ പണി നോക്ക്’’ എന്നു പറഞ്ഞ് ഞാന്‍ സീറ്റിലേക്കു മടങ്ങി.
സീറ്റിലെത്തിയ പാട് സഹയാത്രിക എന്നോടു ചോദിച്ചു. ‘‘എന്താ ചേട്ടാ അവന്മാര്‍ക്ക്?’’ ഒന്നുമില്ല എന്ന എന്‍റെ മറുപടി മുഖം ചുളിച്ച് ശ്ശൂ എന്ന ശബ്ദമുണ്ടാക്കി അവര്‍ നിസ്സാരവല്‍ക്കരിച്ചു കളഞ്ഞു. ‘‘ ചേട്ടന്‍ ഇവിടിരുന്നതിന്‍റെ സൂക്കേടാ അവന്മാര്‍ക്ക്. അവനൊക്കെ എന്‍റടുത്തു വരണേല്‍ ഇരുട്ടു വീഴണം, ലോഡ്ജ് വേണം’’.. ഥൂ.... ഞാന്‍ ഞെട്ടിയിരിക്കെ ബസിന്‍റെ ജനലിലൂടെ അവര്‍ പുറത്തേക്കു നീട്ടിത്തുപ്പി....
പിറുപിറുക്കലുകള്‍ നിലച്ചു. ആരും പിന്നെ ഞങ്ങളുടെ സീറ്റിലേക്കു പോലും നോക്കാതെയായി. ഒരു കൂട്ടം നരാധമന്മാരുടെ വരട്ടു കാമം അവളുടെ ഒരൊറ്റ കാറിത്തുപ്പലില്‍ പത്തിതാഴ്ത്തി.
ബസ് നീങ്ങിത്തുടങ്ങി. ടിക്കറ്റെടുക്കാന്‍ കുറച്ചു നേരം തുറന്നു പിടിച്ച പഴ്സിന്‍റെ  മുകളില്‍ വച്ചിരുന്ന പ്രസ് കാര്‍ഡ് കണ്ടിട്ടാകാം അവര്‍ ചോദിച്ചു ‘‘ ഓ.. പത്രക്കാരനാന്നോ?’’ ഞാന്‍ തലയാട്ടി. ‘‘ സാറിനിനി കട്ടപ്പന --------- യെ മുട്ടിയിരിക്കാന്‍ നാണക്കേടൊന്നും ഇല്ലല്ലോ. അല്ലേ?’’ ഞാന്‍ ചിരിച്ചു.
‘‘ അവരു പറഞ്ഞതു ശരിയാ സാറേ. ഞാന്‍ പിഴച്ച പെണ്ണു തന്നെയാ. ദേ ഇപ്പോ കമ്പത്ത് ഒരു എസ്റ്റേറ്റു മോലാളിയുടെ കൂടെ 10 ദിവസം പൊറുത്തേച്ചു വരുവാ. എനിക്കതു പറയാന്‍ മടിയൊന്നുമില്ല. അതേ.. എന്‍റെ പണിയാ. ഇങ്ങനൊന്നും ആവണമെന്നു വിചാരിച്ചതല്ല. ആയിപ്പോയി. എന്നു വച്ച് മരിക്കാന്‍ പറ്റുവോ. ഇല്ല.. ജീവിക്കും. എങ്ങനേം ജീവിക്കണം. അല്ലാതെ ഇവന്മാരൊന്നും പറയുന്നതു കേട്ടു ചുളുങ്ങാന്‍ എന്നെ കിട്ടത്തില്ല’’ എനിക്ക് ആ വാക്കുകളോട് മതിപ്പു തോന്നി.
‘‘ പിഴച്ചേന്‍റെ കഥയൊന്നും പറയുന്നില്ല. പിഴച്ചുപോയ എല്ലാപെണ്ണിനും ഒരു കഥയേ ഉള്ളൂ. സ്ഥലോം പിഴപ്പിച്ചവരുടെ പേരുമൊക്കേ മാറൂ. നിങ്ങളു പത്രക്കാര്‍ക്ക് അതൊക്കെ അറിയാമാരിക്കുമല്ലോ’’ അവളുടെ ഓരോ വാക്കും സാമൂഹത്തിനു  നേരേ എറിയുന്ന കല്ലുകളായി തോന്നി. ‘‘ പിഴച്ചവള്‍ക്കു പേരാ... പിഴപ്പിച്ചവനൊന്നും ഒരു കുഴപ്പോമില്ല. സാറു വഴക്കു പറഞ്ഞില്ലേ ആ നീല ഷര്‍ട്ടുകാരന്‍ നാറിയെ. അവനു ചുണയുണ്ടല്‍ എന്‍റെ മുഖത്തു നോക്കി പറയട്ടെ. ഇവിടെങ്ങും  സ്ഥലമില്ലാത്തതുപോലെ തേനീല്‍ കൊണ്ടുപോയാ അവനെന്നെ..... അന്നേരം അതെനിക്കു പറയാന്‍ അറിയാമ്മേലാഞ്ഞല്ല. ബസില്‍ അവന്‍റെ ഭാര്യയോ മക്കളോ ഒക്കെ കാണുമെന്നു കരുതിയാ. കുടുമ്മം കലക്കല്‍ എന്‍റെ പണിയല്ല സാറേ..’’ അവളുടെ മനസിന്‍റെ നന്മയില്‍ ഞാന്‍ നടുങ്ങിപ്പോയി.
‘‘ ഇവര് പറയുന്നതൊന്നുമല്ല എന്‍റെ പേര്. ഞാന്‍ ------- യാ. നാടകക്കാരെ പോലാ ഞങ്ങളും. സ്ഥലത്തിന്‍റെ പേരൊക്കെ വച്ച് അങ്ങു ഫേമസാക്കും.’’ അവള്‍ പൊട്ടിച്ചിരിച്ചപ്പോള്‍ കൂടെ ച്ചിരിക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അപ്പോള്‍ ചുറ്റുവട്ടത്ത് അസ്വസ്ഥതയുടെ മുളകള്‍ പൊട്ടുന്നുണ്ടായിരുന്നു.
പിന്നെയും അവള്‍ ഓരോന്നു പറഞ്ഞുകൊണ്ടേയിരുന്നു. അപമാനിക്കപ്പെട്ടതിന്‍റെയും ആള്‍ക്കാര്‍ മനസാക്ഷി ഇല്ലാതെ പെരുമാറിയതിന്‍റെയും നടുക്കുന്ന അനുഭവ കഥകള്‍.. മനുഷ്യനായതില്‍, പുരുഷനായതില്‍, മലയാളിയായതില്‍ എനിക്ക് അപകര്‍ഷം  തോന്നിയ കഥകള്‍.
ബസ് കട്ടപ്പനയോട് അടുക്കുകയായി. ‘‘ഞാന്‍ ഇവിടെ എറങ്ങും’’. അവള്‍ പറഞ്ഞു. ഞാന്‍ തലയാട്ടി. ‘‘ കൂടെ കിടന്നവന്മാരെ ഒന്നും ഞാന്‍ ഓര്‍ക്കാറില്ല. പക്ഷേ സാറിന്‍റെ മുഖം ഞാന്‍ മറക്കത്തില്ല.  കാരുണ്യത്തോടെയാ സാറെന്നെ നോക്കിയത്. നിങ്ങടെ പ്രായമുള്ള ആണുങ്ങളാരും അങ്ങനെ എന്നെ ഇന്നോളം നോക്കീട്ടില്ല.’’ ഇപ്പോള്‍ ഞാനവളെ നോക്കിയത് അവിശ്വസനീയതയോടെ ആയിരുന്നു. അവള്‍ ചിരിച്ചു. ‘‘ ഈ സര്‍വത്ര കൂത്തിച്ചിക്ക് നല്ല വാക്കൊക്കെ എവിടെന്നു കിട്ടിയെന്നാണോ സാറു വിചാരിച്ചെ? പത്തു കൊല്ലം വേദപാഠം ക്ലാസില്‍ മുടങ്ങാതെ പോയവളാ സാറേ.. എന്നാ ഞാന്‍ പോട്ടെ.. ’’ ഞാന്‍ തലയാട്ടുമ്പോഴേക്കും ബാഗുമെടുത്ത് അവള്‍ വാതിലിന് അരികിലേക്ക് നടന്നിരുന്നു.
ബസില്‍ നിന്ന് ഇറങ്ങി അവളൊന്നു തിരിഞ്ഞു നോക്കുമെന്നു ഞാന്‍ കരുതി. അതുണ്ടായില്ല. ആദ്യം കണ്ട ഓട്ടോയില്‍ ചാടിക്കയറി അവള്‍ പോയി. മൂടിക്കെട്ടി നിന്ന അന്തരീക്ഷം ചാറ്റല്‍ മഴയിലേക്ക് മാറി. ഷട്ടറില്‍ തലചായ്ച് ഞാന്‍ ഉറങ്ങി. കനത്ത മഴയില്‍ ബസ് ചെറുതോണിയും കരിമ്പനും ചേലച്ചുവടും ഒക്കെ പിന്നിടുന്നതറിയാതെ കോതമംഗലം വരെയും ഞാന്‍ ഉറക്കമായിരുന്നു.