നിലച്ചുപോയ വേണുനാദം
‘‘തലയില്ലെങ്കില്‍ പിന്നെ ആളെ കാണാന്‍ ഒരു ഭംഗിയും ഉണ്ടാവില്ല’’ പത്രഭാഷയിലും വാര്‍ത്താ വിന്യാസത്തിലും തലക്കെട്ടിന്‍റെ
പ്രസക്തി എന്തെന്നു വ്യക്തമാക്കാന്‍ ഇതിലപ്പുറം ഒരു വാചകത്തിനു കഴിയുമെന്നു
തോന്നുന്നില്ല. ടി. വേണുഗോപാലനാണ് ഈ വാചകം എഴുതിയത്. ഇന്നു വെളുപ്പിന് ഈ ലോകം
വിട്ടുപോയ മഹാനായ പത്രപ്രവര്‍ത്തകന്‍. മൂന്നു പതിറ്റാണ്ടു മുന്‍പ് പ്രസ് അക്കാദമി
നടത്തിയ പത്രഭാഷാ സെമിനാറിലായിരുന്നു വേണുക്കുറുപ്പെന്നു ചങ്ങാതിമാര്‍
വിളിച്ചിരുന്ന അദ്ദേഹത്തിന്‍റെ ഈ രസികന്‍ ഇന്‍ട്രോ വന്നു വീണത്.
ഞങ്ങളുടെ പ്രസ് അക്കാദമി പഠനകാലത്തെ അധ്യാപകരുടെ കൂട്ടത്തില്‍ താരം
ആരായിരുന്നു എന്നു ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളൂ. വേണുക്കുറുപ്പുസാര്‍. 11 മാസം
നീണ്ട കോഴ്സില്‍ രണ്ടു തവണയായി വെറും ആറു ക്ലാസുകള്‍ എടുത്ത ആളെയാണ് ഇങ്ങനെ
കരുതിയതെന്നും എടുത്തു പറയേണ്ടതുണ്ട്.
20 കൊല്ലം മുന്‍പ്. കോഴ്സ് ഡയറക്ടര്‍ വി.പി. രാമചന്ദ്രനാണ് ടി.
വേണുഗോപാലന്‍ എന്ന അദ്ഭുത പ്രതിഭാസത്തെ ക്ലാസില്‍ പരിചയപ്പെടുത്തിയത്. സത്യത്തില്‍
ഔപചാരിക പരിചയപ്പെടുത്തലിന്‍റെ ആവശ്യമേ ഇല്ലായിരുന്നു. പത്ര ഭാഷ, നാട്ടു വിശേഷം തുടങ്ങിയ പുസ്തകങ്ങളിലൂടെ ടി. വേണുഗോപാലന്‍
ആ ക്ലാസില്‍ എല്ലാവര്‍ക്കും പരിചിതനായിരുന്നു.
തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് വെളുത്തു തടിച്ചു പൊക്കംകുറഞ്ഞ
മനുഷ്യന്‍ ഞങ്ങളെ നോക്കി ചിരിച്ച നിഷ്കളങ്കമായ പുഞ്ചിരി ഇന്നും കണ്‍മുന്നിലുണ്ട്.
ഒരിക്കലെങ്കിലും ഈ മനുഷ്യനെ കണ്ടിട്ടുള്ള
ആരും മറക്കില്ല സുന്ദരമായ ആ ചിരി.
എഡിറ്റിങിലെ ലേ-ഔട്ട്, പിക്ചര്‍
സെലക്ഷന്‍ ആന്‍ഡ് ക്രോപ്പിങ്, സ്പെഷല്‍ പേജസ്
തുടങ്ങിയവയായിരുന്നു അദ്ദേഹം പഠിപ്പിച്ച വിഷയങ്ങള്‍. ലാപ് ടോപ്പും, പവര്‍ പോയിന്‍റ് പ്രസന്‍റേഷനും വെബ് എഡീഷനും ഒന്നും
ഇല്ലാതിരുന്ന അക്കാലത്ത് സാങ്കേതിക കാര്യങ്ങള്‍ വിശദീകരിച്ച് വേണുക്കുറുപ്പുസാര്‍
ഞങ്ങള്‍ക്കു തന്നത് ക്ലാസുകള്‍ ആയിരുന്നില്ല; അവ
ക്ലാസിക്കലുകള്‍ ആയിരുന്നു.
ഉദാഹരണങ്ങള്‍ അവതരിപ്പിക്കാനായി കെട്ടുകണക്കിനു പത്രങ്ങളും മാസികകളുമായി ആണ്
അദ്ദേഹം ക്ലാസില്‍ എത്തിയിരുന്നത്. ലേ ഔട്ട് സംബന്ധിച്ച തത്വങ്ങള്‍ ഓരോന്നും വിശദമായി
പറഞ്ഞശേഷം പത്രക്ലിപ്പിങുകളോ പേജുകളോ കാണിച്ച് ബോധ്യപ്പെടുത്തുന്ന അനുപമമായ ആ അധ്യാപന
ശൈലിയുടെ ആരാധകരായിരുന്നു ഞങ്ങളെല്ലാം.
തുടരെ രണ്ടു ദിവസമായിരുന്നു ക്ലാസുകള്‍. ആദ്യദിവസം രാത്രി ഹോസ്റ്റലിലെ ഗസ്റ്റ്
റൂമിലായിരുന്നു അദ്ദേഹം തങ്ങിയത്. അടുത്ത മുറികളില്‍ കയറിവന്ന് സാര്‍ വന്ന് കുശലം
പറഞ്ഞതോടെ തലമുറകളുടെ അകലം ഇല്ലാതാകുന്നത് എങ്ങനെ എന്നു ഞങ്ങളറിഞ്ഞു. രാത്രി
ഞങ്ങളോടൊപ്പം അയോധ്യാ ഹോട്ടലില്‍ വന്നു കഞ്ഞികുടിച്ച ഈ മനുഷ്യനാണോ പത്രപ്രവര്‍ത്തന
പഠനരംഗത്തെ എണ്ണപ്പെട്ട ഗുരുനാഥന്‍ എന്നുപോലും സംശയം തോന്നി. ഒന്നില്‍ നിന്ന്
ഒന്ന് എന്നവണ്ണം കൊളുത്തിയിരുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റുകള്‍ അന്തരീക്ഷത്തില്‍
തീര്‍ത്ത പുകപടലത്തിനിടയില്‍ ഇരുന്ന് വേണുസാര്‍ അനുഭവങ്ങളും പത്രപ്രവര്‍ത്തന
രംഗത്തെ കഥകളും പറഞ്ഞു. രാത്രി പതിനൊന്നരയ്ക്കു ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോഴാണ്
അദ്ദേഹം ഉറങ്ങാന്‍ പോയത്. പിറ്റേന്ന് ക്ലാസു കഴിഞ്ഞ് അദ്ദേഹം യാത്ര പറഞ്ഞു
പോയപ്പോള്‍ വലിയ നഷ്ടബോധം തോന്നി. പിന്നെ കുറേ നാളുകള്‍ക്കു ശേഷം രണ്ടു ക്ലാസുകള്‍
കൂടി ഉണ്ടായിരുന്നു. ആ ക്ലാസില്‍ കാണിച്ച രണ്ടു ക്ലിപ്പിങ്ങുകള്‍ എന്‍റെ കയ്യില്‍
കിട്ടിയിരുന്നത് സാറിനു കോഴിക്കോട്ടേക്ക് അയച്ചു കൊടുത്തതാണ് ഞങ്ങള്‍ക്കിടയില്‍
വ്യക്തിപരമായ അടുപ്പമുണ്ടാക്കിയത്. കത്തുകള്‍ക്ക് പോസ്റ്റ് കാര്‍ഡുകളില്‍ ചെറിയ
കുറിപ്പുകളായി സാര്‍ മറുപടികളയച്ചു.
കാര്യവട്ടത്ത് ഞാന്‍ എംസിജെയ്ക്കു ചേര്‍ന്ന കാലത്താണ് വി. പി. രാമചന്ദ്രനും
ടി. വേണുഗോപാലനും തൃശൂര്‍ എക്സ്പ്രസില്‍ യാഥാക്രമം ചീഫ് എഡിറ്ററും എഡിറ്ററുമായി
ചുമതലയേറ്റ വിവരം അറിഞ്ഞത്. ഡോ. സുബ്രഹ്മണ്യം സ്വാമിക്ക് ഇവരെന്തിനു തലവച്ചു എന്ന
സംശയത്തില്‍ ഞാന്‍ വേണുസാറിനൊരു ആശംസാ സന്ദേശം അയച്ചു. (വിപിആറിന് ഒരു ആശംസ
അയയ്ക്കാന്‍ ഇന്നും എനിക്കത്ര ധൈര്യം പോരാ). കാര്‍ഡ് അല്ല രാമലക്ഷ്മണന്മാര്‍
സീതാസമേതം കാട്ടിലേക്കുപോകുന്ന ഒരു ചിത്രം തമ്പാനൂരില്‍ നിന്നു വാങ്ങിയത്. പിന്നില്‍ നില്‍ക്കുന്ന സീതയുടെ പടം
വെട്ടിക്കളഞ്ഞു. പുതിയ ദൗത്യമേല്‍ക്കുന്ന ഗുരുനാഥന്മാര്‍ക്ക് ഭാവുകങ്ങള്‍ എന്നെഴുതിയാണു
വിട്ടത്. ഒരാഴ്ച കഴിഞ്ഞു മറുപടി വന്നു.
ഹരിക്ക്..
ആശംസകള്‍ സസന്തോഷം കൈപ്പറ്റി. നന്ദി.
പക്ഷേ പടത്തില്‍ നിന്നു സീതയെ ക്രോപ് ചെയ്തുകളഞ്ഞത് നന്നായില്ല..
സ്നേഹപൂര്‍വം....വേണു.
റോയിട്ടര്‍ഫൗണ്ടേഷന്‍റെ സ്കോളര്‍ഷിപ്പോടെ 1998-ല്‍ ഓക്സ്ഫഡില്‍ പരിസ്ഥിതി
മാധ്യമപ്രവര്‍ത്തനം പഠിക്കാന്‍ പോയകാലത്ത് ഞാന്‍ അനുരാധ വിറ്റാച്ചി എന്ന സ്ത്രീയെ
പരിചയപ്പെട്ടിരുന്നു. 1958-ല്‍ മലയാള പത്രപ്രവര്‍ത്തകരെ പ്രഫഷനലിസം പഠിപ്പിക്കാന്‍
വന്ന വിഖ്യാത മീഡിയ കണ്‍സല്‍ട്ടന്‍റ് ടാര്‍സി വിറ്റാച്ചിയുടെ മകളായിരുന്നു അനുരാധ.
ലണ്ടനില്‍ വണ്‍വേള്‍ഡ്. ഓര്‍ഗ് എന്ന വെബ് പ്രസ്ഥാനത്തിന്‍റെ നടത്തിപ്പിലായിരുന്നു അവര്‍.
തിരിച്ചുവന്നശേഷം ഒരിക്കല്‍ സാറിനെ കണ്ടപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചു.
വിറ്റാച്ചിയെ ആദരിച്ചിരുന്ന അദ്ദേഹം മകളുടെ വിലാസം ചോദിച്ചു വാങ്ങി. കുറച്ചു
നാളുകള്‍ക്കു ശേഷം ഞാന്‍ അനുരാധയക്ക് ഒരു ഇമെയില്‍ അയച്ചപ്പോള്‍ അതില്‍ വേണുസാര്‍
അഡ്രസ് വാങ്ങിയകാര്യവും സൂചിപ്പിച്ചിച്ചിരുന്നു. അവരുടെ മറുപടി വന്നു. വേണു എന്ന
എഡിറ്റര്‍ കത്തയച്ചിരുന്നതായും അവര്‍ക്കത് എവിടെയോ നഷ്ടപ്പെട്ടതായും
എഴുതിയിരുന്നു. 40 വര്‍ഷം മുന്‍പ് വന്ന കണ്‍സല്‍ട്ടന്‍റിനെ ഇപ്പോഴും ഒര്‍മിക്കുന്ന
വെറ്ററന്‍ ജേണലിസ്റ്റിന് അന്വേഷണങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഈമെയില്‍ അവസാനിച്ചത്.
ഫോണിലൂടെ ഇതു വായിച്ചു കേട്ട സാര്‍
പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു ‘‘അപ്പോ
വിറ്റാച്ചിയുടെ മകള്‍ തനി ബ്രിട്ടീഷുകാരിതന്നെ.. അല്ലേടോ?’’
വല്ലപ്പോലും തമ്മില്‍ കണ്ടു. ആ മനസു നിറയെ എന്നും സ്നേഹമായിരുന്നു. പ്രഫഷനല്‍
അനുഭവങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ തനി വള്ളുവനാടന്‍ ഭഷയില്‍ സാര്‍ പറയുന്നത്
മണിക്കൂറുകള്‍ കേട്ടിരുന്നാലും മടുപ്പ് എന്നൊന്ന് തോന്നുമായിരുന്നില്ല. (അന്തരിച്ച
എന്‍. എന്‍. സത്യവ്രതന്‍ സാര്‍ പഴയ സഹപ്രവര്‍ത്തകന്‍റെ സംഭാഷണത്തെ വിശേഷിപ്പിച്ചിച്ചിരുന്നത്
‘വേണുനാദം’ എന്നായിരുന്നു.)
ടി. വേണുഗോപാലന്‍റെ സവിഷേഷതകള്‍ അക്കമിട്ടു പറയുന്ന ലേഖനങ്ങള്‍ നാളെ
പത്രങ്ങളില്‍ ഉണ്ടാകും. പൊന്നാനിക്കളരിയുടെയും ന്യൂസ് ക്രാഫ്ടിന്‍റെയും
പ്രസ്അക്കാദമിയുടെയും പുസ്തകങ്ങളുടെയുമൊക്കെ വിശദാംശങ്ങള്‍. അവാര്‍ഡുകളുടെ
തിളക്കങ്ങള്‍. പത്രപ്രവര്‍ത്തക യൂണിയനിലെ സംഘാടക മികവിന്‍റെ ചരിത്രങ്ങള്‍. സാഹിത്യ വിമര്‍ശനത്തിലെ കര്‍ക്കശമായ
നിലപാടുകളുടെ കഥകള്‍. അവിടേക്കൊന്നും പോകാന്‍ മനസു തോന്നുന്നില്ല. എനിക്കു വല്ലാത്ത ഒരു ശൂന്യത
തോന്നുന്നു. മാവൂര്‍ റോഡ് ശ്മശാനത്തില്‍ ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ആ ചിത
എരിഞ്ഞടങ്ങും. ബൈബിളില്‍ പറയുംപോലെ ‘നല്ല പോര്‍ പൊരുതി ഓട്ടംതികച്ച’ വന്ദ്യ
ഗുരുനാഥന്‍റെ വിയോഗത്തില്‍ കണ്ണീരൊഴുക്കാന്‍ തോന്നുന്നില്ല. ഇടറിയ
സ്വരത്തോടെയാണെങ്കിലും ഞാനൊന്നു പറഞ്ഞോട്ടെ.... ഗുഡ് ബൈ സര്‍..